Connect with us

Articles

ലക്ഷ്യം മൂര്‍ത്തമായ സാമ്പത്തിക സമാഹരണം

Published

|

Last Updated

സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ മൂര്‍ത്തമായ സാമ്പത്തിക സമാഹരണ ലക്ഷ്യങ്ങളാണ് ബജറ്റ് മുന്നോട്ടു വെക്കുന്നത്. കേന്ദ്രം എത്ര ഞെരുക്കാന്‍ ശ്രമിച്ചാലും നമുക്ക് പിടിച്ചു നില്‍ക്കാനാകുമെന്ന ആത്മവിശ്വാസമാണ് ബജറ്റ് കേരളത്തിലെ ജനങ്ങള്‍ക്ക് നല്‍കുന്നത്.
2019-20 കേരളത്തിന് ഏറ്റവും പ്രതികൂലമായ വര്‍ഷമായിരുന്നു. വരുമാനം പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല. കേന്ദ്ര വിഹിതവും വലിയ തോതില്‍ കുറഞ്ഞു. ക്രമീകരിക്കാനാകാത്ത വിഭവ വിടവാണ് അനുഭവപ്പെട്ടത്.

വലിയ ഞെരുക്കം അനുഭവപ്പെട്ടിട്ടും ചെലവ് ചുരുക്കാന്‍ തയ്യാറായില്ല. അടുത്ത വര്‍ഷവും ചെലവ് ചുരുക്കില്ല. റവന്യൂ ചെലവിനൊപ്പം മൂലധന ചെലവും ഗണ്യമായി ഉയര്‍ത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. കേന്ദ്രീകൃതമായ പശ്ചാത്തല സൗകര്യ വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും ചരിത്രത്തിലില്ലാത്ത മുന്‍ഗണനയാണ് സംസ്ഥാനത്ത് ലഭിക്കുന്നത്. ഇത് ഉപയോഗപ്പെടുത്തി ആധുനിക തൊഴില്‍ സൗകര്യം സൃഷ്ടിക്കാനുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. ആയിരം പേരില്‍ ഒരാള്‍ക്ക് കാര്‍ഷികേതര തൊഴില്‍ അവസരം സൃഷ്ടിക്കുന്ന പദ്ധതി വലിയ മാറ്റം സൃഷ്ടിക്കും.
വലിയ കമ്പനികള്‍ക്കൊപ്പം ചെറു കമ്പനികള്‍ക്കും വ്യവസായ മേഖലയിലേക്ക് കടന്നു വരാനുള്ള അവസരം ബജറ്റ് തുറന്നു നല്‍കുന്നു. ഇതുപോലെയൊരു വ്യവസായ പ്രോത്സാഹന ബജറ്റ് മുമ്പുണ്ടായിട്ടില്ല. സംസ്ഥാനത്തിന് ആവശ്യമായ വൈദ്യുതിയുടെ സുഗമമായ പ്രസരണം ഉറപ്പാക്കുന്നു. എല്ലാ ട്രാന്‍സ്‌ഫോര്‍മറുകളും നവീകരിക്കപ്പെടും. ഇരട്ട ലൈന്‍ ഉറപ്പാകും. ഒപ്പം പശ്ചാത്തല സൗകര്യവും വന്‍തോതില്‍ വികസിക്കുന്നു. ഇതെല്ലാം വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് സഹായിക്കും. ഇതിനായുള്ള വ്യക്തമായ ദിശാ സൂചകങ്ങളാണ് ബജറ്റ് മുന്നോട്ടുവെക്കുന്നത്.
ഭൂമി വില ഉയരുന്നതിനനുസരിച്ചുള്ള ന്യായവില വര്‍ധന ന്യായമാണ്. ഇത് വരുമാനദായകവുമാണ്. നികുതി കുടിശ്ശിക തര്‍ക്കം അനന്തമായി നീട്ടാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. നേരത്തേ പ്രഖ്യാപിച്ച തീര്‍പ്പാക്കല്‍ പദ്ധതിയില്‍ പലിശയും പിഴപ്പലിശയും സഹിതം ഒടുക്കണമായിരുന്നു. ഇതിലെല്ലാം ഇളവ് നല്‍കുകയാണ്. ഇത് ബജറ്റിന്റെ വലിയ സന്ദേശമാണ്.

Latest