Connect with us

Vazhivilakk

വിവേകത്തെ വികാരത്തിന് വിൽക്കരുത്

Published

|

Last Updated

ഇയ്യടുത്താണ് സംഭവം. അതായത്, ആൾകൂട്ടക്കൊലക്കെതിരെ പ്രധാനമന്ത്രിക്ക് ഒപ്പിട്ട് കത്തയച്ചവർക്കെതിരെ വിധിവന്ന വാർത്തവായിച്ചുകൊണ്ടിരിക്കെ, ബിരുദധാരിയായ സുഹൃത്തുണ്ട് ഫോണിൽ വിളിക്കുന്നു. മടുത്തു എന്ന്! മഹല്ലിൽ ഇമാമായുള്ള ജോലി ഇനി വേണ്ടെന്ന്! ഹക്കീം അസ്ഹരിയുമായി ബന്ധപ്പെടുത്തി ഉത്തരേന്ത്യയിലെവിടെയെങ്കിലും വല്ല ഫീൽഡ് ദഅ്‌വക്കുമുള്ള അവസരം തരപ്പെടുത്തിക്കൊടുക്കുമോ എന്ന്!
അദ്ദേഹത്തിന്റെ ആവശ്യം നിറവേറ്റാൻ ശ്രമിച്ചുനോക്കാമെന്നുണ്ട്. പക്ഷേ, “മടുത്തു” എന്നതിന്റെ വിശദീകരണം എനിക്ക് കിട്ടണമായിരുന്നു. ആൾ തൃശൂർ ജില്ലയിൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള ഒരു ദരിദ്ര മഹല്ലിലാണ് ജോലി ചെയ്യുന്നത്. അവിടുത്തെ ക്രിസ്ത്യൻ സുഹൃത്തുക്കൾ അമേരിക്ക, കാനഡ, ആസ്‌ത്രേലിയ എന്നിവിടങ്ങളിൽ മുന്തിയ ജോലി ചെയ്യുന്നവരാണ്. നാട്ടിലുള്ളവർക്കും തന്നെ ഉന്നത സർക്കാർ- സർക്കാറേതര വകുപ്പുകളിൽ ഉദ്യോഗമുണ്ട്. അതുമല്ലാത്തവർക്ക് ഏക്കറ് കണക്കിന് കർഷകനിലവുമുണ്ട്.
അവിടുത്തുകാരായ മാപ്പിളമാർ തനി മിസ്‌ക്കീൻമാരാണ്. അധിക പേരും അച്ചായന്മാരുടെ തോട്ടങ്ങളിൽ ജോലി ചെയ്യുന്നവരാണ്. കുറച്ച് ഗൾഫുകാർ ഉണ്ട.് അവരുടെ മക്കൾ സെന്റ് ഫ്രാൻസിസ് സ്‌കൂളിലാണ് പഠിക്കുന്നത്. അവിടെ മഹല്ല് കമ്മിറ്റിക്കോ, മഹല്ല് ഖത്വീബിനോ ഒരു ഹോൾഡുമില്ല. സകലം പള്ളീലച്ചന്റെ പിടിയിലാണ്. അതിന് കാരണവുമുണ്ട്. വീട് മേയൽ, പെൺമക്കളുടെ കല്ല്യാണം, ചികിത്സ തുടങ്ങിയ കഠിനമായ ആവശ്യങ്ങളുമായി പാവങ്ങൾ പള്ളിയെ സമീപിച്ചാൽ ഒന്നും ചെയ്തുകൊടുക്കാനില്ല എന്ന് മാത്രമല്ല, ആ നിലക്കുള്ള ഒരു ചിന്തയോ ആസൂത്രണമോ മഹല്ല് കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഇല്ല. ഞാൻ കുറേ ശ്രമിച്ചുനോക്കി. അതിന്റെ ഭാഗമായി ഏതാനും കുട്ടികളുടെ സുന്നത്തുകല്ല്യാണം കഴിക്കാനായി. പിന്നെ സ്‌കൂൾ തുറക്കാൻ നേരത്ത് കുറച്ച് കുട്ടികൾക്ക് ബുക്കും ബാഗും കൊടുക്കാനും കഴിഞ്ഞു. അതിനപ്പുറം ഭാരിച്ച പദ്ധതികളൊന്നും നടപ്പാക്കാനാകുന്നില്ല.
അതേസമയം അപേക്ഷയുമായി ചർച്ചിൽ ചെന്നാൽ യാതൊരു ചുവപ്പുനാടയുമില്ലാതെ വേഗം കാര്യം നേടാനാകുന്നു. ഇപ്പോൾ അവരൊരു പരിപാടി തുടങ്ങിയിട്ടുണ്ട്. ചർച്ചിനോട് സകലം ചേർന്ന് 25 മുറികളുള്ള അപ്പാർട്ട്‌മെന്റുകൾ ഉണ്ടാക്കിയിട്ടുണ്ട്. രണ്ട് റൂം, സിറ്റൗട്ട്, കിച്ചൺ, ബാത്ത് റൂം. വീടില്ലാത്തവർക്ക് വന്ന് നോമിനൽ വാടകക്ക് താമസിക്കാം. മാസത്തിൽ വെറും നൂറ്റി ഇരുപത്തഞ്ച് രൂപാ കൊടുത്താൽ മതി. ഞായറാഴ്ചകളിൽ പള്ളിയിൽ നടക്കുന്ന പ്രത്യേക പ്രസംഗങ്ങൾക്ക് പോകാം, പോകണം. അതിലിപ്പോൾ 13 മുസ്‌ലിം കുടുബങ്ങളും ആറ് ഹിന്ദുക്കളുമാണ് താമസിക്കുന്നനത്. ആറെണ്ണം ഒഴിഞ്ഞുകിടക്കുന്നു.
ഇത് കേട്ടിട്ട് എനിക്ക് കയ്ച്ചു. അറിയാതെ ഇറക്കിവിട്ട ദഹിക്കാത്ത ആഹാരം പോലെ മനസുള്ളിൽ കിടന്ന് അത് അജീർണം പിടിച്ചു. പുറത്തേക്ക് പുളിന്തികട്ടായി നാറ്റുവായ വന്നു. കുറേ ആലോചിച്ച ശേഷം ഞാൻ മിസ്ബാഹിയോട് എന്തായാലും നേരിട്ടൊന്ന് കാണണമെന്ന് പറഞ്ഞു. ചിത്താരി ഉസ്താദിന്റെ ആണ്ടിന്റെ ദിവസം ആൾ അൽ മഖറിലെത്തി. ഞാൻ വീട്ടിലേക്ക് വിളിച്ച് പച്ചക്കായയും മപച്ചീനിയും മൂരിക്കൊട്ടിട്ട് കുഴച്ച് വെച്ചത് കട്ടൻ സഹിതം കൊടുത്ത് സത്കരിച്ചു. അദ്ദേഹവുമായി ചില ഐഡിയകൾ ഷെയർ ചെയ്തു. ഒരു കാരണാവശാലും നീ അവിടം വിടരുതെന്നും അല്ലാഹുവിന്റെ വജ്ഹ് മാത്രം ഉന്നമാക്കി ഈ പത്ത് പദ്ധതികൾ അവിടെ നടപ്പാക്കണമെന്നും കെഞ്ചിപ്പറഞ്ഞു.
സന്തോഷം! ഏതാനും മാസങ്ങൾക്ക് ശേഷം അദ്ദേഹം സുവിശേഷങ്ങളുമായി എന്നെ വിളിച്ചു. പാവങ്ങൾക്ക് പലിശയില്ലാ ലോൺ നൽകി കുടിൽ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതുവഴി അവരുടെ കഴുത്തിൽ പല്ലാഴ്ത്തിയ പരാശ്രയത്തിന്റെ നുകം പറിച്ചെറിയാനായി പോൽ. മറ്റൊരു ദിവസം അയാൾ സ്വയം നടപ്പാക്കിയ ഒരു പദ്ധതിയെക്കുറിച്ച് വിശദമായി സംസാരിക്കുന്നതിനിടെ ഫോണിൽ മറ്റൊരു അറിയാത്ത നമ്പർ ചൊറിഞ്ഞു ചൊറിഞ്ഞു കളിച്ചു. തിരിച്ചു വിളിച്ചു നോക്കുമ്പോൾ സഅദിയ്യയിൽ നിന്നാണ്. മുത്തുനബിയുടെ സാമൂഹികജീവിതത്തെ പറ്റി ലേഖനമെഴുതണമെന്ന്! പിന്നെ എഴുതണ്ടേ! ഒരു കോപ്പി മിസ്ബാഹിക്ക് മോട്ടിവേഷനായി അയച്ചുകൊടുക്കുകയും ചെയ്യാം.

…ലേഖനം തുടങ്ങുന്നു…
നാൽപ്പതാം വയസ്സിൽ നുബുവ്വത്ത് വന്നണയുന്നതിന് മുമ്പേ ജനസേവനം ശീലമാക്കിയ ആരമ്പപ്പൂവായ അശ്‌റഫുൽ ഖൽഖിനെ അനുധാവനം ചെയ്യാത്തത് കൊണ്ടല്ലേ, ദരിദ്രരായ ആ മഹല്ല് നിവാസികൾ അച്ചായനെയും തേടി ചർച്ച് കേറേണ്ടി വന്നത് എന്നതായിരുന്നു ആദ്യം വന്ന ചിന്ത. കൂട്ടത്തിൽപ്പെട്ട തരക്കേടില്ലാത്ത ഒരാളെ പിടിച്ച് പെട്ടെന്ന് നബിയാക്കിയതല്ലല്ലോ. ചിലരുടെ അവതരണങ്ങളിൽ അങ്ങനെയൊരു പ്രശ്‌നം കാണുന്നുണ്ട്. അല്ലാഹു കാലേക്കൂട്ടി ഒരുക്കിത്തയ്യാറാക്കിയ ഒളിയായിരുന്നല്ലോ മുത്തുനബി. അതുകൊണ്ട്, ഒരു ശരീഅത്ത് നിലവിൽ വന്ന് ഇന്നതൊക്കെ നല്ലതാണ്, ഇന്നതൊക്കെ തിയ്യതാണ് എന്ന നിയമം വരുന്നതിന് മുമ്പു തന്നെ സർവാംഗീകൃതമായ സാമൂഹിക നന്മകളുടെ സഫല വൃക്ഷമായി തീർന്നിരുന്നു മുത്തുനബി (സ). അതെങ്ങനെ മനസ്സിലായി. നോക്കൂ പ്രിയപത്‌നി ഖദീജ ബീവിയുടെ സാക്ഷ്യം. സന്ദർഭം എല്ലാവർക്കും അറിയുന്നതാണ്.

പുറത്ത് വാതിലിൽ മുട്ട്. ഇതാര്? മുത്തുറസൂൽ വരാറായിട്ടില്ലല്ലോ. ഇപ്പോൾ കുറച്ചായി അങ്ങനെയാണ്. ഉൾവലിവ് തുടങ്ങിയിട്ട് ലേശമായി. ഏകാന്തത വല്ലാതെ ഇഷ്ടപ്പെടുന്നു. എവിടെയും മടുപ്പിക്കുന്ന ഒച്ചപ്പാടാണ്. ആയതുകൊണ്ടാണ് ആരാരുമില്ലാത്ത മലമുകളിലേക്ക് പോയത്. പോരാഞ്ഞിട്ട് ഗുഹക്കുള്ളിലേക്ക് വലിഞ്ഞിറങ്ങിയത്. മൊത്തത്തിൽ പുറത്ത് ആധിയുടെ പുതപ്പുണ്ടെങ്കിലും മഹതിയുടെ ഉള്ളാലുള്ളിൽ ആമോദത്തിന്റെ നക്ഷത്രവിത്ത് മുളച്ചിട്ടുണ്ട്. വറഖത്തുബ്‌നു നൗഫലിൽ നിന്നടക്കം ചില സുവിശേഷ രശ്മികൾ വന്നതല്ലേ.
വാതിൽ തുറന്നു. അബുൽ ഖാസിം. അകത്തു കടന്നു. നടന്നതൊക്കെ വിവരിച്ചു. മലക്ക് വന്ന് ആശ്ലേഷിച്ചത്, വായിക്കാൻ പറഞ്ഞത്, അറിയില്ലെന്ന് വിതുമ്പിയത്, ഓതിക്കൊടുത്തത്. ഉള്ളിലെ നക്ഷത്രം സൂര്യനായി പഴുത്തു പൊന്നിച്ചു. എന്നിട്ട് പറയുകയാണ്. സന്തോഷിക്കൂ പ്രിയനേ അല്ലാഹു ഒരിക്കലും അങ്ങയെ സങ്കടത്തിലാക്കില്ല. അങ്ങ് സത്യം പറയുന്നോരല്ലേ. അപരരുടെ ഭാരം വഹിക്കുന്നോരല്ലേ. തൊഴിൽ രഹിതന് ജോലി കൊടുക്കുന്നോരല്ലേ. അതിഥികളെ ആദരിക്കുന്നോരല്ലേ. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സത്യത്തിന്റെ പക്ഷം നിൽക്കുന്നോരല്ലേ. അരുത്, അങ്ങ് ഭയക്കരുത്.

നോക്കിയാട്ടേ! എന്തെല്ലാം സംഗതികളാണ് ആറ്റലോരെപറ്റി മഹതി ഓർത്തെടുത്തത്. ശരീഅ: നടപ്പിലായോ? എവിടെ? വഹ്‌യ് ഇറങ്ങുന്നതല്ലേ ഉള്ളൂ. കൊള്ളയും കൊലയും ചതിയും ചൂതാട്ടവും കള്ളും പെണ്ണും കുപ്പച്ചീര പോലെ പടർന്നു കാടായ ഒരു കാല സന്ധിയിലായിരുന്നു, മുത്തുനബി (സ)യുടെ സാമൂഹ്യ സേവനം. വഹ്‌യോട് കൂടി പിന്നീടത് ആറ്റലോരുടെ മിഷനായി മാറി. അവിടന്ന് പറഞ്ഞു. വിധവകൾക്കും ഗതിയില്ലാത്തവർക്കും വേണ്ടി പ്രവർത്തിക്കുന്നവൻ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്. യോദ്ധാവിന്റെ പണി പൂവൻ പഴം തോലുരിഞ്ഞ് തിന്നും പോലെ സുഖദമല്ലല്ലോ. മറിച്ച് ചങ്ക് തെറിക്കുന്ന കേസല്ലേ.
കേട്ടതായിരിക്കാം, ആ ഖുദ്‌സിയ്യായ ഹദീസ്. ആഖിറത്തിൽ അല്ലാഹുവാണ് നമ്മോട് ചോദിക്കുക. എനിക്ക് വിശന്നല്ലോ. ഞാൻ നിന്നോട് ഭക്ഷണം ചോദിച്ചല്ലോ? നീ എന്നിട്ടത് തന്നില്ലല്ലോ? ഇതെന്ത് ചോദ്യമാ പടച്ചോനേ! നീ അഖിലാണ്ഡ കോടികളുടെ ഉടയോനല്ലേ? ഞാൻ നിനക്ക് ആഹാരം തരികയോ? നല്ല കഥ! എന്റെ ഇന്നാലിന്നൊരു ദാസൻ ആഹാരം കിട്ടാതെ വലഞ്ഞു കിടപ്പുണ്ടായിരുന്നു. നീ അവൻ പക്ഷം ചെല്ലുകയായിരുന്നെങ്കിൽ അവിടെ എന്നെ കാണാമായിരുന്നു. ഇതേ ചോദ്യോത്തരങ്ങൾ പാനീയത്തിന്റെ കാര്യത്തിലും ഉടയാടയുടെ കാര്യത്തിലും വന്നതായി തുടർഭാഗത്ത് വായിക്കാവുന്നതാണ്.

മറ്റൊരിക്കൽ മുത്തുറസൂൽ അരുളുകയുണ്ടായി. തന്റെ സഹോദരന്റെ എന്തെങ്കിലും ക്ലേശം ഈ ലോകത്ത് വെച്ച് നീക്കിക്കൊടുത്താൽ നാളെ പരലോകത്ത് അല്ലാഹു അയാളുടെ ക്ലേശങ്ങൾ നീക്കിക്കൊടുക്കും.
ഞാനൊന്നും കണ്ടില്ലേ, കേട്ടില്ലേ എന്ന് പറഞ്ഞ് സ്വാർഥതയുടെ വാൽമീകത്തിലൊളിക്കാൻ എളുപ്പമാണ്. എന്നാൽ, സമൂഹത്തിൽ അലിഞ്ഞ് ജീവിക്കുന്ന ഒരാൾക്ക് തന്റെ മുന്നിൽ കാണുന്ന മാനവിക യാതനകളെ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. വരും വരായ്കളെ ഒട്ടും കൂസാതെ പൊതുജനത്തിന് വേണ്ടി ചാടിയിറങ്ങിയ അനവധി സംഭവങ്ങൾ മുത്തു നബിയുടെ ജീവിതത്തിൽ കാണാനാകും.
അറേബ്യയിലെ ചട്ടമ്പിയായിരുന്നല്ലോ അബുജഹ്ൽ. ഒരിക്കൽ ആശാൻ ചന്തയിൽ ചെന്നു. തുടിപ്പൻ ഒട്ടകത്തെ കണ്ടു. കൊതി പിടിച്ചു. ഇബ്‌നുൽ ഗൗസിന്റേതായിരുന്നു, ചരക്ക്. കച്ചവടമാക്കി. പിന്നെ കണ്ടത് തനി മാടമ്പിത്തരമായിരുന്നു. അതിനെയും തെളിച്ച് ഒരറ്റപ്പോക്ക്, പണം കൊടുക്കാതെ.

ആ പാവം ആകെ വലഞ്ഞു. പലരോടും ആവലാതി പറഞ്ഞു നോക്കി. നോ, രക്ഷ! “ആ മുഹമ്മദിനോട് ചെന്ന് പറ, വാങ്ങിച്ചു തരും” ചിലർ പരിഹസിച്ചു. പക്ഷേ, അത് കേട്ട് അദ്ദേഹം ആറ്റലോരെ സമീപിച്ചു. വിഷയം ബോധിച്ച മുത്തുനബി ആ സാധുവിനെയും കൂട്ടി നേരെ അബൂ ജഹ്‌ലിന്റെ വീടുപിടിച്ചു. സൗമ്യമായേ മുത്തുനബി സംസാരിക്കൂ. പക്ഷെ, “കൊടുക്കെടാ ഇവന്റെ പണം” എന്ന ഒരാക്രോശമായി ആ പോത്തന് അത് തോന്നിക്കാണണം. നൊടിയിട കൊണ്ട് പൂച്ചയായി പതം വന്ന ആ പുലി ഒരു കുഞ്ഞിനെ പോലെ അകത്തുപോയി പണവുമായി വന്നു. സന്തോഷത്തോടെ പണവുമായി കഅ്ബയിലേക്ക് കുതിച്ച ആ പാവം തന്നെ പരിഹസിച്ചയച്ച ഏമാൻമാരോട് കാര്യം വിവരിച്ചു. കണ്ണുതള്ളിപ്പോയി ആ ഏഭ്യൻമാർ.

സമൂഹവുമായി ഇടപെട്ട് ജീവിക്കുമ്പോൾ നമ്മൾ വല്ലാതെ മെരുങ്ങേണ്ടതുണ്ട്. ആളുകൾ പലതരക്കാരുണ്ട് ചൂടന്മാർ, തണുപ്പൻമാർ, ചതിയന്മാർ, കുശുമ്പൻമാർ, ക്രൂരൻമാർ, പൊട്ടന്മാാർ…. ഓരോരുത്തരുടേയും അവസ്ഥ മനസ്സിലാക്കി യഥോചിതം പെരുമാറാനാകുക എന്നതാണ് വിജയിച്ച വ്യക്തിയുടെ സവിശേഷത. ആ അർഥത്തിൽ മുത്തുനബി സമാനതകളില്ലാത്ത വ്യക്തിത്വം ആയിരുന്നു എന്ന് പറഞ്ഞ് നിർത്തിയാൽ പോരാ കാരണം, നമ്മളൊക്കെ ആളുകളെ കണ്ട് പെരുമാറുന്നത് ആത്യന്തികമായി നമ്മുടെ നന്മക്ക് വേണ്ടിയാണ്. അതേ സമയം ആറ്റലോരുടെ പെരുമാറ്റം എന്ന് പറയുന്നത് അവരുടെ ആത്യന്തിക വിജയത്തിന് വേണ്ടിയാണ്! അതുകൊണ്ടാണ് ശത്രു പരാജയപ്പെടുമെന്നറിയുമ്പോൾ ആ കണ്ഠം പിടപിടക്കുന്നത്. തന്നെ കല്ലെറിഞ്ഞും കൂക്കിവിളിച്ചും അപമാനിച്ച് വിട്ടവർക്കും ഗുണപരമായി പ്രാർഥിച്ചത്. പള്ളിയിൽ വന്ന് പാത്തി തുടങ്ങിയ ബദൂവിയൻ സഹോദരനെ സഹചർ വിരട്ടിയാട്ടിയപ്പോൾ “വിടൂ അയാൾ അത് പൂർത്തിയാക്കട്ടെ” എന്ന് പറഞ്ഞ് ആ കുഗ്രാമവാസിയെ മുത്തു നബി പരിചരിച്ചത്.

നമുക്ക് അതിലൊക്കെ വലിയ പാഠങ്ങളുണ്ട്. ആരെങ്കിലും പള്ളിയിലോ പള്ളിക്ക് പുറത്തോ വിവരക്കുറവ് കൊണ്ട് വല്ല അവിവേകവും കാണിക്കുമ്പോഴേക്കും സെക്രട്ടറിയുടേയും മുദരിസിന്റെയും എന്നല്ല ഖാളിയുടെ അടക്കം ശൗര്യം കാണിച്ച് പൊട്ടിത്തെറിക്കാനാണ് നമുക്ക് ആവേശം. തികട്ടിത്തള്ളി വരുന്ന വൈകാരികാവേശങ്ങളെ അടക്കിനിർത്തണമെന്നത് മാതൃകയുണ്ട് മുത്ത് നബിയിൽ. നോക്കൂ ഹുദൈബിയ്യ സന്ധിയിലെ ഇലാസ്തികത. മറുപക്ഷത്തിന്റെ നിബന്ധനകൾ കേട്ടിട്ട് ഉമർ ഖത്താബിന്റെ കണ്ഠഞരമ്പുകൾ വലിഞ്ഞുമുറുകി. തനി തോന്നിവാസം, തുളമ്പുന്ന സുഹൈലിന്റെ വാദങ്ങൾ കേട്ടാൽ മോന്തയിൽ നിന്ന് കയ്യെടുക്കില്ല. പക്ഷെ, അതൊന്നുമല്ല രസം. ഇതെല്ലാകേട്ടിട്ടും പ്രഷർകൂടാതെ, മുഖം ചുവക്കാതെ, കണ്ണ് തിളക്കാതെ മുത്തുനബി കൂളായി എല്ലാത്തിലും യെസ്സ് പറയുന്നു. ഉമറെന്നോർ പൊട്ടിത്തെറിച്ചു. അപ്പോഴും ത്വാഹാ റസൂൽ ശാന്തസുന്ദരമായി ഒഴുകി. കാലമൊട്ടുകഴിഞ്ഞപ്പോൾ ലോകത്തിന് തിരിഞ്ഞു, അന്നേരം വിവേകത്തെ വികാരത്തിന് വിൽക്കാതിരുന്നത് മഹാമാഹാത്മ്യമായിരുന്നെന്ന്.

Latest