Travelogue
തെറിക്കാട് എന്ന ചുവന്ന ഭൂമിക
അത്ഭുതങ്ങൾ ഒളിപ്പിച്ചുവെക്കുന്ന മരുഭൂമികൾ പലപ്പോഴും നമ്മിൽ കൗതുകം ജനിപ്പിക്കുമെന്നതിൽ സംശയമില്ല. നിഗൂഢതകളുടെ പര്യായമെന്നോണം ഒത്തിരി കാഴ്ചകൾ ഒളിപ്പിച്ചുവെക്കുന്ന ഒരു മരുഭൂമി തേടിയുള്ള അലച്ചിലിനൊടുവിലാണ് സഹ യാത്രികനായ റഹീമുമൊത്തുള്ള യാത്ര തമിഴന്റെ ചുവന്ന ഭൂമികയായ “തേറി കുടിയിരുപ്പ് അഥവാ തെറിക്കാട് ” എന്ന സ്ഥലത്ത് എത്തിപ്പെടുന്നത്. തമിഴ്‌നാട്ടിലെ തീരദേശ റൂട്ടായ തൃച്ചെന്തൂരിനും തൂത്തുകുടിക്കും അടുത്ത് തേറി കുടിയിരുപ്പ് എന്ന സ്ഥലം ഉണ്ട്. ഗൂഗിൾ മാപ്പിൽ സെർച്ച് ചെയ്തു കഴിഞ്ഞാൽ തെറിക്കാട് എന്നേ കാണാനാകൂ.
തൃച്ചെന്തൂരിൽ നിന്നും കായാമൊഴി പോകുന്ന ബസിൽ കയറി തേറി കുടിയിരുപ്പ് സ്റ്റോപ്പിൽ ഇറങ്ങി രണ്ട് കിലോമീറ്ററിലധികം ദൂരം നടന്നുവേണം ഇവിടേക്കെത്താൻ. പോകുന്ന വഴിയെല്ലാം ചുവന്നു തുടുത്തിരിക്കുന്ന മണൽത്തരികൾ എങ്ങും കണ്ടു തുടങ്ങും…
പ്രകൃതിയുടെ മായാലോകം
തൃച്ചെന്തൂരിൽ നിന്നും 15 കിലോമീറ്റർ ദൂരത്തായി 12000 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ കൊച്ചു മരുഭൂമി, സമുദ്രനിരപ്പിൽ നിന്നും വെറും 15 മീറ്റർ മാത്രം ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ 25 മീറ്റർ ഉയരത്തിൽ വരെ ഇവിടെ കാറ്റുകൊണ്ട് മണൽ കൂനകൾ സൃഷ്ടിക്കാറുണ്ട്,
ഇടക്ക് വീശുന്ന കാറ്റിനനുസരിച്ച് ഈ കൂനകളുടെ ഉയരവും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. കാറ്റുകൊണ്ട് മണൽ കൂനകൾ സൃഷ്ടിക്കാതിരിക്കാൻ വേണ്ടിയാണെന്ന് തോന്നുന്നു പ്രകൃതി ഒരുക്കിയ ഈ മായാ ലോകത്തിൽ ഒട്ടനേകം സസ്യലതാദികൾ തഴച്ചു വളരുന്നത്.
വ്യത്യസ്തതയുടെ ഭൂമികയിൽ ഇടക്ക് പച്ചപ്പ് കലർത്തി പടർന്നു പന്തലിച്ച കശുമാവും, പുളിയും. തല ഉയർത്തി നിൽക്കുന്ന കരിമ്പനയും യൂക്കാലിയുമെല്ലാം വ്യത്യസ്ത മരുക്കാഴ്ച്ചയേകുന്നത്. ചെറിയ മുൾച്ചെടികളും കുറ്റിച്ചെടികളും അങ്ങിങ്ങായി ഇടവിട്ട് കിടക്കുന്ന ഈ ചുവന്ന ഭൂമികയിൽ ഒട്ടകത്തെ നമുക്ക് കാണാൻ കഴിയില്ല. പകരം വിവിധങ്ങളായ പക്ഷികളും ചിത്രശലഭങ്ങളും, ആട്ടിൻപറ്റവും മയിലുകളുമെല്ലാം വിരഹിക്കുന്ന ഇവിടത്തെ മണ്ണ് സുന്ദരമാണ്. നേർത്തതും എന്നാൽ ചവിട്ടിയാൽ താഴ്ന്നുപോകുന്ന രീതിയിലുള്ള മണൽ തരികളുമല്ല.
ചുവന്നുതുടുത്ത മരുഭൂമി
ചുവന്ന് തുടുത്ത് നീണ്ടു നിവർന്നു കിടക്കുന്ന തെറിക്കാടിൽ ഇൽമനൈറ്റ്, ഗാർനെറ്റ് ഹേമറ്റെറ്റ്, ഇവയാൽ സമൃദ്ധമായ മൃദുവായ ചുവന്ന മണ്ണാണ് എവിടെയും കാണാനിടയാവുക. ഹേമറ്റെറ്റാണ് അത്ഭുതകരമായ ചുവപ്പ് നിറം ഈ മണ്ണിന് ചാർത്തുന്നത്. കാഴ്ചയിൽ ഇവിടുത്തെ മണ്ണിൻ വരൾച്ച തോന്നിപ്പിക്കുമെങ്കിലും മൂന്നടിക്ക് താഴെ ഈർപ്പം നിലനിൽക്കുന്നുണ്ടുതാനും. മരുഭൂമിയാണെങ്കിലും മെയ് മുതൽ സെപ്തംബർ വരെയുള്ള തെക്കു പടിഞ്ഞാറൻ മൺസൂണിലൂടെ നല്ല മഴ ലഭിക്കുന്ന ഒരു സ്ഥലം കൂടിയാണ്. തെക്കൻ മൺസൂൺ കഴിഞ്ഞാൽ ജനുവരി മുതലുള്ള മാസങ്ങൾ ചൂട് കൂടിത്തുടങ്ങും. പകൽ നല്ല ചൂടുണ്ടെങ്കിലും രാത്രിയിൽ പൊതുവെ അത്രകണ്ട് ചൂട് അനുഭവപ്പെടാറില്ല. വരൾച്ച ബാധിക്കാത്ത ഒട്ടനേകം സസ്യലതാദികളും, പക്ഷികളും ചെറിയ ഇനം ഉരഗങ്ങളും അദിവസിക്കുന്ന തെറിക്കാടെന്ന് വിളിക്കുന്ന ചുവന്നു തുടുത്ത മരുഭൂമി നമ്മുടെ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന വിവരം എത്ര പേർക്ക് അറിയാം? ഒരുപക്ഷേ സിനിമയിലൂടെയെല്ലാം നമ്മൾ ഈ സ്ഥലം കണ്ടുകാണും.
ഒത്തിരി തമിഴ് സിനിമകൾ ചിത്രീകരിച്ചിട്ടുള്ള ഇടമാണിത്. വിശാൽ അഭിനയിച്ച “താമരഭരണി” എന്ന സിനിമയും, സൂര്യ അഭിനയിച്ച “സിങ്കം” എന്ന സിനിമയും, ജീവ അഭിനയിച്ച “കോ” സിനിമയും, അങ്ങനെ പേരറിയുന്നതും അറിയാത്തതുമായ ഒത്തിരി ചിത്രങ്ങൾക്ക് വേദിയായിട്ടുണ്ട് തെറിക്കാടെന്ന ഈ ചുവന്ന ഭൂമിക. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ് തന്നെ ഈ സ്ഥലത്തിന് തേറി കുടിയിരുപ്പ് എന്ന പേര് വന്നിട്ടുണ്ടത്രെ. പേരിന്റെ കാര്യകാരണങ്ങൾ ഇവിടുത്തെ പഴമക്കാർക്ക് പോലും അറിയില്ലെന്ന് തോന്നുന്നു. എന്നിരുന്നാലും ഇവിടുത്തെ ഒരു കോവിൽ വളരെ പ്രസിദ്ധമാണ്. ദിനംപ്രതി തീർഥാടകർ സന്ദർശിച്ചുപോകുന്ന ശ്രീ കറുപ്പവേൽ അയ്യനാർ കോവിൽ. ഡിസംബർ മാസം അവസാനം കോവിൽ തിരുവിഴ ആരംഭിക്കും അതോടെ ഒത്തിരി തീർഥാടകർ ഇവിടേക്ക് ഒഴുകിയെത്തും. ശ്രീ കറുപ്പവേൽ അയ്യനാർ കോവിൽ മാത്രമല്ല ഇതേ റൂട്ടിൽ ഏകദേശം അഞ്ചോളം ക്ഷേത്രങ്ങൾ വേറെയും കാണാൻ കഴിയും. ഇന്ന് തീർഥാടകരെ പോലെ വിത്യസ്ത കാഴ്ചകൾ നുകരുന്ന സഞ്ചാരികളും ഇതു വഴി കടന്നുവരുന്നുണ്ട്. വിവിധ സീസണുകളിൽ കാറ്റും മഴയും ഇവിടുത്തെ കാഴ്ചകളേയും അനുവഭവങ്ങളേയും വ്യത്യസ്തമാക്കിത്തീർക്കുന്നുണ്ടെങ്കിലും കരിമ്പനകളുടെ നാട്ടിൽ നോക്കത്താ ദൂരത്തായ് ചുമന്നു കിടക്കുന്ന ഈ പുതുമോടി പുതു വഴികൾ തേടുന്നവരുടെ കാഴ്ചകളിൽ വർണം വിരിയിച്ചിറക്കുമെന്നതിൽ സംശയമില്ല.
ഇങ്ങോട്ട് പോകാം
തൂത്തുകുടിയിൽ നിന്നും തേറി കുടിയിരുപ്പിലേക്ക് 42 കി.മീ ദൂരം. തൃച്ചെന്ദൂരിൽ നിന്നും ഒരു മണിക്കൂർ ഇടവിട്ട് കായാമൊഴിലേക്ക് ബസ് ലഭ്യമാണ്.
അബു വി കെ
abuvk55@gmail.com