Connect with us

Articles

വര്‍ഗീയതക്കെതിരെ കെജ്‌രിവാള്‍ മാത്രം

Published

|

Last Updated

സംഘ്പരിവാര്‍ അഴിച്ചുവിട്ട ഹിന്ദുത്വ വര്‍ഗീയതക്കെതിരെ പോരാടാന്‍ ഇന്ത്യയില്‍ ഒരേയൊരാള്‍ മാത്രം- സാക്ഷാല്‍ അരവിന്ദ് കെജ്‌രിവാള്‍. നരേന്ദ്ര മോദിയും അമിത് ഷായും ആവനാഴിയിലെ ആയുധങ്ങളൊക്കെയും എടുത്തുപയോഗിച്ചിട്ടും കെജ്‌രിവാളിനെ തളക്കാനായില്ല. ഒരു വശത്ത് കോണ്‍ഗ്രസിനെ തവിടു പൊടിയാക്കിയും മറുവശത്ത് ബി ജെ പിയെ നിലംപരിശാക്കിയും കെജ്‌രിവാള്‍ ഡല്‍ഹിയില്‍ വെന്നിക്കൊടി പാറിക്കുകയായിരുന്നു.
ഡല്‍ഹിക്ക് പ്രത്യേകതകളേറെയുണ്ട്. ഇന്ത്യാ മഹാരാജ്യത്തിന്റെ തലസ്ഥാന നഗരിയെന്നതിനപ്പുറത്ത് ഡല്‍ഹിക്ക് സവിശേഷതകള്‍ ഏറെയുണ്ട്. ഇന്ത്യയുടെ ഒരു പരിഛേദമാണ് ഡല്‍ഹി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പലതരം ആളുകള്‍ ഇവിടെ താമസിക്കുന്നു. ഉദ്യോഗസ്ഥര്‍ മാത്രമല്ല, വിവിധ തരം ജോലിക്കാരും ഭാഗ്യം തേടിയെത്തിയവരുമൊക്കെയുണ്ട് ഇക്കൂട്ടത്തില്‍. ഡല്‍ഹി ഒരു മിനി ഇന്ത്യയാണ്. അത് ഡല്‍ഹി മഹാ നഗരത്തിന്റെ ഒരു വലിയ പ്രത്യേകതയാണ്.

ഈ ജനക്കൂട്ടത്തെയാണ് കെജ്‌രിവാള്‍ രണ്ടാം തവണയും വിശ്വാസത്തിലെടുത്തിരിക്കുന്നത്. സാമ്പ്രദായികമായി ഒരു രാഷ്ട്രീയ പ്രവര്‍ത്തകനല്ല അദ്ദേഹം. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയപ്പോള്‍ അത് ഏത് വഴിയിലൂടെ പോകണമെന്ന കാര്യത്തില്‍ കെജ്‌രിവാളിന് സ്വന്തമായ ഒരു കാഴ്ചപ്പാടുണ്ടായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പതിവ് വഴികളിലൂടെയായിരുന്നില്ല ആ യാത്ര. പക്ഷേ, അതിവേഗം ജനങ്ങളുടെ വിശ്വാസമാര്‍ജിക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ജനങ്ങള്‍ ആ വാക്കുകള്‍ കേട്ടു. അത് വിശ്വസിച്ചു. അഞ്ച് കൊല്ലം മുമ്പ് മൃഗീയ ഭൂരിപക്ഷത്തോടെ ജനങ്ങള്‍ കെജ്‌രിവാളിനെ അധികാരത്തിലെത്തിച്ചു. 15 വര്‍ഷം ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസ് അന്നേ തറപറ്റി. രാജ്യവും ശക്തിയും സൈന്യവും സ്വന്തം കൈ പിടിയില്‍ തന്നെ എന്നുറപ്പിച്ച് മുന്നേറിയ ബി ജെ പിയെയും സംഘ്പരിവാറിനെയും തളച്ച് കെജ്‌രിവാള്‍ തേരോട്ടം നടത്തി.
അഞ്ച് വര്‍ഷം കൊണ്ട് കെജ്‌രിവാള്‍ ഏറെ വളര്‍ന്നു. ഡല്‍ഹിയില്‍ ഒരു മികച്ച ഭരണാധികാരിയായാണ് അദ്ദേഹം വളര്‍ന്നത്. ഉദ്യോഗസ്ഥ പദവിയില്‍ നിന്ന് രാഷ്ട്രീയത്തിലേക്കെടുത്തു ചാടി അധികാരത്തിലെത്തിയ കെജ് രിവാള്‍ പുതിയ സ്ഥാനത്തിന് യോജിച്ച തരത്തില്‍ സ്വയം മാറുകയായിരുന്നു. ഭരണത്തിന്റെ അലകും പിടിയും മാറ്റി. അഴിമതിക്കാരെ അകറ്റി നിര്‍ത്തി. വന്‍ തുകയുടെ കരാറുകളില്‍ നിന്ന് അഴിമതി തുടച്ചുനീക്കി. അങ്ങനെയായപ്പോള്‍ സര്‍ക്കാറിന്റെ കൈയില്‍ കൂടുതല്‍ പണമെത്തി. ആ പണം ജനങ്ങളുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ വിനിയോഗിച്ചു. വെള്ളത്തിനും വൈദ്യുതിക്കുമൊക്കെ സൗജന്യങ്ങള്‍ പ്രഖ്യാപിച്ചു. സ്ത്രീകള്‍ക്ക് ഡല്‍ഹിയിലുടനീളം ബസ് യാത്ര സൗജന്യമാക്കിയ കെജ്‌രിവാളിനെ ജനങ്ങള്‍ സ്‌നേഹിച്ചു. ഇതാ പുതിയൊരു നേതാവെന്ന് അവര്‍ ആര്‍ത്തുവിളിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പഴഞ്ചന്‍ രീതികളില്‍ നിന്നും ശൈലികളില്‍ നിന്നും വേറിട്ടുനിന്ന കെജ്‌രിവാള്‍ രാഷ്ട്രീയത്തില്‍ പുതിയൊരു അധ്യായം എഴുതുകയായിരുന്നു. ജനങ്ങള്‍ ഇത് കണ്ട് നിന്നു. ഇങ്ങനെയുള്ള നേതാവിനെയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന് അവര്‍ തീരുമാനിച്ചുറപ്പിച്ചു. ഇതാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ കാണുന്ന വെള്ളിവെളിച്ചം.

ബി ജെ പി നേതാക്കളുടെയൊക്കെയും തിരഞ്ഞെടുപ്പ് പ്രചാരണം അക്രമോത്സുകമാണ്. ആക്രോശങ്ങളും വെല്ലുവിളികളും ഭീഷണികളുമൊക്കെയാണ് എപ്പോഴും ആ പ്രചാരണത്തിന്റെ മുഖമുദ്ര. പ്രധാനമന്ത്രിക്കും അമിത് ഷാക്കും മറ്റു ബി ജെ പി നേതാക്കള്‍ക്കുമെല്ലാം ഒരേ ശബ്ദം. ഒരേ മുഖം. ആക്രോശത്തിന്റെയും ഭീഷണികളുടെയും വര്‍ഗീയതയുടെയും മുഖം.
അവിടെയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ വേറിട്ടൊരു മുഖം കാണുന്നത്. പുതിയൊരു ശബ്ദം കേള്‍ക്കുന്നത്. ഒരു പുതുതലമുറ നേതാവിന്റെ മുഖമായിരുന്നു അത്, ശബ്ദമായിരുന്നു അത്. വെല്ലുവിളികളില്ല. ആക്രോശങ്ങളും ഭീഷണികളുമില്ല. വികസനത്തിന്റെയും വളര്‍ച്ചയുടെയും മാത്രം ശബ്ദമായിരുന്നു അത്. ജനങ്ങളുടെ അഭിവൃദ്ധിയും നാടിന്റെ സമൃദ്ധിയും മാത്രമായിരുന്നു കെജ്‌രിവാൡന്റെ അജന്‍ഡ. അതില്‍ അദ്ദേഹം ഒന്നും കലര്‍ത്തിയില്ല. കാപട്യമേതുമില്ലാതെ അദ്ദേഹം ജനങ്ങളുമായി സംവദിച്ചു. അദ്ദേഹത്തിന്റെ വാക്കില്‍ വര്‍ഗീയതയും വിദ്വേഷവും കാലുഷ്യവുമില്ലായിരുന്നു. കെജ്‌രിവാളിന്റെ വാക്കുകള്‍ സംഗീതം പോലെ ജനങ്ങള്‍ ആസ്വദിച്ചു.

ജനങ്ങള്‍ ഒരിക്കല്‍ കൂടി അധികാരം കെജ്‌രിവാളിന്റെ കൈകളില്‍ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നു. ഇത് അവരുടെ സ്‌നേഹത്തിന്റെയും പ്രതീക്ഷയുടെയും വികസന സ്വപ്‌നത്തിന്റെയും സമര്‍പ്പണം തന്നെയാണ്.

പാക്കിസ്ഥാനെന്നും ഭീകരതയെന്നും മുസ്‌ലിം വര്‍ഗീയതയെന്നുമൊക്കെ നാഴികക്ക് നാല്‍പ്പത് വട്ടം പ്രസംഗിക്കുന്ന ബി ജെ പി നേതാക്കള്‍ക്ക് മനസ്സിലാകാത്ത ഭാഷയാണത്. അതിനപ്പുറത്ത് ജനങ്ങള്‍ക്ക് എന്ത് വേണമെന്ന് കെജ്‌രിവാളിനറിയാമെന്ന കാര്യവും നിലനില്‍ക്കുന്നു. വര്‍ഷങ്ങളായി ബി ജെ പിക്ക് ഹിന്ദുത്വം എന്ന ഒരേയൊരു അജന്‍ഡ മാത്രമാണ് മുന്നില്‍ വെക്കാനുള്ളത്. ഈ അജന്‍ഡകളുമായി എത്രകാലം മുന്നോട്ടു പോകാനാകുമെന്ന കാര്യം ബി ജെ പിക്ക് മുമ്പിലുണ്ട്. ജനായത്ത ഭരണത്തില്‍ നാടിന്റെ സമൃദ്ധി ഉറപ്പാക്കേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളാണ്. അവര്‍ ഭരണത്തിലൂടെ നിര്‍വഹിക്കേണ്ടത് ജനങ്ങളുടെ പുരോഗതിക്ക് ആവശ്യമായ കാര്യങ്ങളാണ്. ഇവിടെയാണ് ഡല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയ വിധിയെഴുത്തിന്റെ പ്രസക്തി തെളിയുന്നത്. ഒരു വശത്ത് ബി ജെ പി നേതാക്കള്‍ ഉന്നയിച്ച വര്‍ഗീയതയിലൂന്നിയ അക്രമണോത്സുകമായ പ്രചാരണം, മറുവശത്ത് അഞ്ച് വര്‍ഷം തന്റെ ഭരണം കാഴ്ചവെച്ച നേട്ടങ്ങളിലേക്ക് വിരല്‍ ചൂണ്ടി കെജ്‌രിവാള്‍ നടത്തിയ പ്രചാരണം. അവിടെ അക്രമത്തിനാഹ്വാനമില്ല. ജനങ്ങളെ വിഭജിക്കുന്ന തന്ത്രങ്ങളില്ല. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഗോഗ്വോ വിളികളില്ല. ജനങ്ങള്‍ രണ്ട് കൈയും നീട്ടി ഒരിക്കല്‍ കൂടി കെജ്‌രിവാളിനെ സ്വീകരിച്ചു. ഇത് കോണ്‍ഗ്രസിന് മാത്രമല്ല, ഇന്ത്യയില്‍ ബി ജെ പിക്കെതിരെ നില്‍ക്കുന്ന പാര്‍ട്ടികള്‍ക്കൊക്കെയും നല്‍കുന്ന വലിയ സന്ദേശമാണ്.

Latest