Articles
തിരുവാഭരണ വിവാദവും കോടതിയും
വൈക്കം മുഹമ്മദ് ബഷീറിന്റെ ആനവാരി രാമന്‍ നായരും പൊന്‍കുരിശു തോമായും എന്ന പേരില്‍ പ്രസിദ്ധമായൊരു കഥയുണ്ട്. ശബരിമല തിരുവാഭരണ വിവാദവും ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്ത് സംരക്ഷണ നിയമവും ചൂട് പിടിച്ച വിവാദങ്ങള്‍ക്ക് കളമൊരുക്കിയിരിക്കുന്ന ഇന്നത്തെ ഈ സാഹചര്യം ക്രാന്തദര്‍ശിയായ ബഷീര്‍ മുന്‍കൂട്ടി കണ്ടിരിക്കണം. ശബരിമലയെ കേന്ദ്രീകരിച്ച് മറ്റൊരു വിവാദത്തിന് കൂടി സുപ്രീം കോടതി തിരികൊളുത്തിയിരിക്കുന്നു. ശബരിമല അയ്യപ്പന്റെ തിരുവാഭരണം ആര് എവിടെ സൂക്ഷിക്കണം എന്നതിനെ ചൊല്ലിയുള്ള കേസിന്റെ പരിഗണനാ വേളയിലാണ് സുപ്രീം കോടതിയുടെ വിവാദാസ്പദമായ പരാമര്‍ശം. ആഭരണങ്ങള്‍ ദൈവത്തിന്റേതായിരിക്കെ അതെന്തിന് രാജ്യവും രാജാധികാരവും നഷ്ടപ്പെട്ട ഒരു മുന്‍ രാജാവിന്റെ പിന്‍ഗാമികള്‍ സൂക്ഷിക്കണം? ചോദ്യം കേട്ടപാട് സംഘ്പരിവാര്‍ ശക്തികള്‍ ഈശ്വരന്‍ അപകടത്തില്‍ എന്ന മുദ്രാവാക്യവുമായി പോര്‍വിളി തുടങ്ങിക്കഴിഞ്ഞു. ദേവനും ദേവതയും ഒക്കെ എല്ലാവര്‍ക്കും പൊതുവില്‍ അവകാശപ്പെട്ടതായിരിക്കെ പൊതു സ്വത്ത് സര്‍ക്കാര്‍ അധീനതയില്‍ സൂക്ഷിക്കുന്നതായിരിക്കില്ലേ കൂടുതല്‍ സുരക്ഷിതം എന്നാണ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബഞ്ച് ചോദിക്കുന്നത്.
പന്തളം രാജകുടുംബാംഗമായ പി രാമവര്‍മരാജ ഇത് സംബന്ധിച്ചു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രീം കോടതി ഒരു പുതിയ വിവാദത്തിന് വഴി തുറന്നത്. പൊതു സമൂഹത്തിന്റെ ശ്രദ്ധയില്‍ പെടാതെ മറന്നു കിടക്കുന്ന ഇത്തരം ചില വിഷയങ്ങള്‍ പഠന വിഷയമാക്കുന്നതിനവസരം ഒരുക്കുന്ന സവിശേഷ സന്ദര്‍ഭങ്ങളാണ് ഇത്തരം ഹരജികളും അത് സംബന്ധിച്ചു കോടതി വിചാരണകളും. തിരുവാഭരണം കേവലം ആഭരണമല്ല. കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ ഉരുപ്പടികളാണ്. ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് മാത്രമല്ല ക്രിസ്ത്യന്‍ പള്ളികളും ഒരു കാലത്ത് സ്വര്‍ണം, വെള്ളി തുടങ്ങിയ വിലപിടിപ്പുള്ള ലോഹ നിക്ഷേപങ്ങളുടെ ഭണ്ഡാരപ്പുരകളായിരുന്നു. എങ്ങനെ ഇത്രയേറെ സ്വര്‍ണവും വെള്ളിയും ക്ഷേത്രങ്ങളിലും പള്ളികളിലും കുമിഞ്ഞുകൂടി ? ചരിത്രകാരന്മാരുടെ അന്വേഷണ ബുദ്ധി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട വിഷയമാണിത്. പോയ കാലത്ത് പ്രബലമായിരുന്ന ജന്മി നാടുവാഴി വ്യവസ്ഥയില്‍ സാധാരണ ജനങ്ങളെ പലവഴിക്കു കൊള്ളയടിച്ചു ശേഖരിച്ച ഉരുപ്പടികള്‍ സുരക്ഷിതമായി സൂക്ഷിക്കാന്‍ പറ്റിയ ഇടങ്ങളായി ആരാധനാലയങ്ങള്‍ ഉപയോഗിക്കപ്പെട്ടിരുന്നു.
ഏത് വസ്തുവും ദേവന് അല്ലെങ്കില്‍ ദേവതക്ക് സമര്‍പ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അതിന്റെ കസ്റ്റോഡിയൻ ദേവന്റെ രക്ഷിതാവായി സ്വയം അവരോധിക്കപ്പെട്ട രാജാവാണല്ലോ. ഭക്തജനം അവരുടെ അധ്വാന ഫലത്തില്‍ ഒരോഹരി കാലാകാലം, ദേവസ്ഥാനങ്ങളില്‍ എത്തിച്ചുകൊടുത്തിരുന്നു. ഇതിലൂടെ ശിലാവിഗ്രഹങ്ങള്‍ ലോഹവിഗ്രഹങ്ങളായി. ക്ഷേത്രഗോപുരങ്ങളും കൊടിമരങ്ങളും എന്തിന് അങ്ങോട്ടുള്ള നടപ്പാതകള്‍ പോലും സ്വര്‍ണം പൂശപ്പെട്ടു. പള്ളികളില്‍ മരക്കുരിശുകളുടെ സ്ഥാനത്ത് വെള്ളിക്കുരിശുകളും പൊന്‍കുരിശുകളും സ്ഥാനം പിടിച്ചു. ക്രിസ്ത്യന്‍ പള്ളികളില്‍ നിന്ന് കുരിശുകള്‍ കളവ് പോയി. അതോടെ അവശേഷിച്ച പൊന്നിന്‍ കുരിശുകള്‍, പെരുന്നാള്‍ ഘോഷയാത്രകള്‍ക്ക് മാത്രം പുറത്തെടുക്കുകയും ബാക്കി ദിവസങ്ങളില്‍ പള്ളിയധികാരികളുടെ സ്വകാര്യ സ്‌ട്രോംഗ് റൂമുകളില്‍ പൂട്ടി സൂക്ഷിക്കുകയും ചെയ്തു പോന്നു.
അമ്പലങ്ങളിലെ സ്വര്‍ണ വിഗ്രഹങ്ങളും ചിലപ്പോഴൊക്കെ മോഷ്ടാക്കളുടെ കൈകളില്‍ എത്തിച്ചേരുകയും അവ വിദേശത്തേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. ഇതോടെ പള്ളികളുടെയും ക്ഷേത്രങ്ങളുടെയും ഒക്കെ ഭരണാവകാശം ചില കുലീന കുടുംബങ്ങളുടെ കുത്തകാവകാശമായി. പല കുടുംബങ്ങളും ഇതുവഴി സമ്പന്നരായി മാറി. തലേവര്‍ഷം നിക്ഷേപിച്ച അതേ ഉരുപ്പടികള്‍ തന്നെയാണ് പിറ്റേ വര്‍ഷം പുറത്തെടുത്തു പ്രദര്‍ശിപ്പിക്കുന്നതെന്ന കാര്യത്തില്‍ സാമാന്യജനം സംശയാലുക്കളായി മാറി. തിരുവിതാംകൂര്‍ കൊട്ടാരത്തിലും പന്തളം കൊട്ടാരത്തിലും ഒക്കെ ഇങ്ങനെ സൂക്ഷിക്കപ്പെട്ട സ്വര്‍ണ നിക്ഷേപങ്ങള്‍ കൊട്ടാരത്തിന്റെയും രാജകുടുംബാംഗങ്ങളുടെയും ഐശ്വര്യ, സുഖ, സമ്പത്‌സമൃദ്ധിക്കു കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ പൊതു സമൂഹത്തിന് അവകാശപ്പെട്ട സ്വത്തുവകകള്‍ അതമ്പലത്തിന്റേതായാലും പള്ളിയുടേതായാലും പൊതു സമൂഹത്തിന്റെ മുമ്പില്‍ കണക്കു ബോധിപ്പിക്കാന്‍ ബാധ്യസ്ഥമായ ഏജന്‍സികള്‍ തന്നെ സൂക്ഷിക്കേണ്ടതുണ്ടെന്ന സന്ദേശമാണ് ശബരിമല തിരുവാഭരണ വിഷയത്തില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണം.
നിലവില്‍ ഹൈന്ദവ, ഇസ്‌ലാം മതങ്ങള്‍ക്ക് അവയുടെ സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ വ്യക്തമായ നിയമങ്ങളോട് കൂടിയ ദേവസ്വം ബോര്‍ഡ്, വഖ്ഫ് ബോര്‍ഡ് തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രണത്തിന് വിധേയമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുണ്ട്. ബ്രിട്ടീഷ് ഭരണാധികാരികളുടെ വാത്സല്യ ഭാജനങ്ങളായിരുന്ന ക്രിസ്തുമത സ്ഥാപനങ്ങള്‍ക്കു മാത്രമാണ് ഇത്തരം യാതൊരു നിയന്ത്രണങ്ങളും ഇല്ലാത്തത്. പുരോഹിത വാഴ്ച അവിടെ കൊടികുത്തി വാഴുകയാണ്. സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ആര്‍ക്കും ആരോടും ഒരുത്തരവാദിത്വവും ഇല്ലാത്ത അവസ്ഥ. ക്രൈസ്തവ മാതാപിതാക്കളുടെ മക്കളായി പിറന്ന ഏതൊരു വ്യക്തിയുടെയും അവകാശമായ മാമോദീസാതൊട്ടി മുതല്‍ സെമിത്തേരി വരെയുള്ള സര്‍വമാന സഭാ സ്വത്തുക്കളും കൈയടക്കി വെക്കുന്നതു സംബന്ധിച്ച് ഒരു വിഭാഗം മറ്റൊരു വിഭാഗത്തിന് എതിരെ നടത്തുന്ന അവകാശ തര്‍ക്കങ്ങളാണ് ഓര്‍ത്തഡോക്‌സ്-യാക്കോബായ തര്‍ക്കത്തിന്റെ അടിസ്ഥാന വിഷയമെങ്കില്‍, സീറോ മലബാര്‍സഭയിലെ തര്‍ക്കം- സഭാവക സ്വത്തുക്കള്‍ യഥേഷ്ടം വില്‍ക്കുന്നതിനും വാങ്ങുന്നതിനുമുള്ള മഹാപുരോഹിതന്മാരുടെ അവകാശത്തെച്ചൊല്ലിയാണ്. ലത്തീന്‍ കത്തോലിക്കാ സഭയും ഒട്ടും പിന്നിലല്ല. താരതമ്യേന കൂടുതല്‍ ദരിദ്ര ജനവിഭാഗങ്ങളാണ് ആ സഭയിലെ അംഗങ്ങള്‍. അവരെ ചൂഷണം ചെയ്യാനും കബളിപ്പിക്കാനും വളരെ എളുപ്പമാണ്.
മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിത പാര്‍പ്പിടം നിര്‍മിച്ചു നല്‍കാനെന്ന പേരില്‍ ഏക്കര്‍ കണക്കിന് തീരപ്രദേശം കൈയേറി മൂന്ന് സെന്റ് വീതം ഗുണഭോക്താക്കള്‍ക്ക് വീതിച്ചു നല്‍കി അവരില്‍ നിന്ന് ഓരോ ലക്ഷം രൂപ പ്രതിഫലം പറ്റി, തങ്ങള്‍ക്കൊരവകാശവും ഇല്ലാത്ത ഭൂമിയുടെ വില്‍പ്പന നടത്തിയതായി രേഖകളുണ്ടാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ കബളിപ്പിച്ച വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തു വന്നത്. ഇതേ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് സര്‍ക്കാര്‍ തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് പാര്‍പ്പിട നിര്‍മാണത്തിന് കൊടുക്കാന്‍ നടത്തിയ നീക്കത്തെ, വെള്ളക്കെട്ടു നിറഞ്ഞ ഈ ഭൂമി വാസയോഗ്യമല്ലെന്ന് പറഞ്ഞ് തുടക്കത്തിലേ തടസ്സപ്പെടുത്തിയ അതേപള്ളിയധികാരികള്‍ തന്നെയാണ് ഇപ്പോള്‍ ഈ പണി പറ്റിച്ചിരിക്കുന്നതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ വെളിപ്പെടുത്തുന്നു. എങ്ങനെയുണ്ട് കാര്യങ്ങള്‍? ജസ്റ്റിസ്സ് വി ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ നിയമ പരിഷ്‌കാര കമ്മീഷന്‍ തയ്യാറാക്കി സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച കരട് ചര്‍ച്ച് ആക്ട് (ക്രൈസ്തവ സഭാവക സ്വത്തുക്കളുടെ നടത്തിപ്പു സംബന്ധിച്ച നിയമം) സര്‍ക്കാര്‍ ചര്‍ച്ചചെയ്തു പാസ്സാക്കി നടപ്പില്‍ വരുത്തണമെന്ന് ഒരു വിഭാഗം ക്രൈസ്തവ വിശ്വാസികള്‍ മുറവിളി കൂട്ടുന്നത് ഈ പശ്ചാത്തലത്തിലാണ്. ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരു പറഞ്ഞ്, കലോചിത പരിഷ്‌കരണത്തിനെതിരെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രതിലോമശക്തികള്‍ക്ക് ജനാധിപത്യവും നിയമവാഴ്ചയും നിലനില്‍ക്കുന്ന സമൂഹത്തില്‍ കാര്യമായ പ്രസക്തിയൊന്നും ഇല്ലെന്നതിന്റെ സൂചന കൂടിയാണ് ഇപ്പോള്‍ ഉയര്‍ന്ന് വന്നിരിക്കുന്ന വിവാദങ്ങള്‍.
തിരുവാഭരണ സൂക്ഷിപ്പിനെ സംബന്ധിച്ച് പന്തളം കൊട്ടാരത്തിനുള്ളില്‍ നിന്ന് തന്നെ ഉയര്‍ന്നുവന്ന അഭിപ്രായവ്യത്യാസങ്ങളും അതിനോടുള്ള സുപ്രീം കോടതിയുടെ പ്രതികരണവും, തിളച്ച വെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളത്തില്‍ ചാടിയാലും പേടിക്കും എന്ന് പറയുന്നതുപോലെ ആയിട്ടുണ്ട്. ഈ വിഷയത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ശബരിമല സ്ത്രീപ്രവേശനം പോലുള്ള മറ്റൊരു പുലിവാല്‍ പിടിക്കുമോ എന്നാണ് ഇപ്പോള്‍ ദേവസ്വം മന്ത്രിയും ദേവസ്വം ബോര്‍ഡും ആശങ്കപ്പെടുന്നത്. കാര്യങ്ങള്‍ ആ വഴിക്ക് തിരിച്ചു വിടാനുള്ള നീക്കങ്ങള്‍ സംഘ്പരിവാര്‍, പന്തളം കൊട്ടാരം കൂട്ടുകെട്ടുകള്‍ ഒന്നു ചേര്‍ന്ന് തുടങ്ങിക്കഴിഞ്ഞു.
കെ സി വര്‍ഗ്ഗീസ്
9447500628