National
ഗഗൻയാൻ യാത്രികർക്കുള്ള പരിശീലനം റഷ്യയിൽ തുടങ്ങി; പരിശീലനം ഇന്ത്യയിലും
ബെംഗളൂരു | മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ദൗത്യമായ ഗഗൻയാനിലെ യാത്രികർക്കുള്ള പരിശീലനം റഷ്യയിലെ യൂറിഗഗാറിൻ റിസർച്ച് ആൻഡ് ടെസ്റ്റ് കോസ്‌മോനോട്ട് ട്രെയിനിംഗ് കേന്ദ്രത്തിൽ തുടങ്ങി. വ്യോമസേനയിൽ നിന്നുള്ള നാല് പൈലറ്റുമാർക്കാണ് പരിശീലനം. 12 മാസത്തെ പരിശീലനമാണ് മോസ്‌കോയിലെ കേന്ദ്രത്തിൽ നൽകുന്നത്. പരിശീലനം പൂർത്തിയാക്കിയ മൂന്ന് ബഹിരാകാശ യാത്രികരുമായി 2022ൽ ഗഗൻയാൻ ദൗത്യം നടത്താനാണ് ഐ എസ് ആർ ഒ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. റഷ്യയിലെ പൊതുമേഖലാ സ്ഥാപനമായ ഗ്ലവ്‌കോസ്‌മോസുമായുണ്ടാക്കിയ ധാരണ പ്രകാരം മെഡിക്കൽ പരിശോധനക്ക് ശേഷം പരിശീലനം ആരംഭിച്ചു. ഇന്ത്യയിലും ഇവർക്ക് പരിശീലനം നൽകും. 10,000 കോടിയാണ് ഗഗൻയാൻ ദൗത്യത്തിന്റെ ചെലവ്.
ദൗത്യത്തിന് മുന്നോടിയായി ഇന്ത്യ അയക്കുന്ന ആളില്ലാ വിമാനത്തിൽ യാത്ര ചെയ്യുന്ന റോബോട്ടിന്റെ ചിത്രം സമീപനാളിൽ ഐ എസ് ആർ ഒ പുറത്തുവിട്ടിരുന്നു. റോബോട്ടിന് വ്യോമമിത്ര എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
ഗഗൻയാനിൽ ആദ്യ ബഹിരാകാശ സഞ്ചാരികളാകുന്ന മൂന്ന് പേർക്കൊപ്പം നാലാമത്തെ അംഗം എന്ന പദവിയോടെയായിരിക്കും വ്യോമമിത്രയുടെ യാത്ര. ആളില്ലാ വിമാനത്തിൽ തന്നെയാകും റോബോട്ടിനെയും അയക്കുക. ഗഗൻയാൻ പദ്ധതിക്ക് മുന്നോടിയായി മനുഷ്യരില്ലാത്ത് രണ്ട് പേടകങ്ങളാണ് ബഹിരാകാശത്ത് എത്തിക്കുക. രണ്ട് ആളില്ലാ വിമാനങ്ങളാണ് ഇന്ത്യ അയക്കുന്നത്. ആദ്യത്തേത് ഈ വർഷം ഡിസംബറിലും രണ്ടാമത്തേത് അടുത്ത വർഷം ജൂണിലും.
ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷനും ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡും റഷ്യയുടെ ഫെഡറൽ സ്‌പേസ് ഏജൻസിയായ റോസ്‌കോസ്‌മോസ് സ്റ്റേറ്റ് കോർപറേഷൻ ഫോർ സ്‌പേസ് ആക്ടിവിറ്റീസും ഒരുമിച്ചാണ് ഗഗൻയാൻ പദ്ധതിക്ക് വേണ്ടി പ്രവർത്തിക്കുന്നത്. ജി എസ് എൽ വി മാർക്ക് മൂന്ന് റോക്കറ്റിലാണ് യാത്രികരെ എത്തിക്കുന്നത്. ഏഴ് ദിവസം ബഹിരാകാശത്ത് യാത്രികർ തങ്ങും.
ദൗത്യം വിജയകരമായാൽ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. അമേരിക്ക, ചൈന, റഷ്യ എന്നിവയാണ് ഈ നേട്ടം കൈവരിച്ച രാജ്യങ്ങൾ. മലയാളിയായ ഡോ. എസ് ഉണ്ണികൃഷ്ണൻ നായർക്കാണ് ദൗത്യത്തിന്റെ മുഖ്യചുമതല. ബഹിരാകാശത്ത് സ്ഥിരമായി മനുഷ്യസാന്നിധ്യം ഉറപ്പാക്കാനായി പുതിയ സ്‌പേസ് സ്റ്റേഷൻ നിർമിക്കാനുള്ള സാധ്യതകൾക്ക് ഗഗൻയാൻ ദൗത്യം വഴിയൊരുക്കുമെന്നാണ് ഐ എസ് ആർ ഒയുടെ കണക്കുകൂട്ടൽ.