Connect with us

Cover Story

വേൾഡ് ഗ്രാൻഡ് ഫാദർ ഫ്രം പാട്ടാഴി

Published

|

Last Updated

പത്തനാപുരം എം എൽ എ. കെ ബി ഗണേഷ്കുമാറിന്റെ നേതൃത്വത്തിൽ കേശവൻ നായരെ ആദരിച്ചപ്പോൾ

പട്ടാഴി എന്ന നാട് കേശവൻ നായരുടെ പേരിൽ ഇന്ന് നാടാകെ അറിയുകയാണ്. ഔദ്യോഗികമായ രേഖയില്ലെങ്കിലും 119 വയസ്സുള്ള ജി കേശവൻ നായർ എന്ന ലോകത്തിലെ തന്നെ പ്രായമേറിയ വ്യക്തിയുടെ നാടായി പട്ടാഴി മാറി. ഗിന്നസ് ബുക്കിലെ നിലവിലെ റെക്കോർഡ് ജപ്പാൻകാരിയായ 117 വയസ്സുള്ള താനെ ടനാകക്കാണ്. 112 വയസ്സും 346 ദിവസവും പിന്നിട്ട ജപ്പാനിലെ ചിറ്റേസു വതനബേ ആണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ പുരുഷനെന്ന ഗിന്നസ് റെക്കോർഡിനുടമ. നമ്മുടെ കൊല്ലത്ത് പട്ടാഴിക്കാരുടെ തമ്പുരാനും ആശാനുമൊക്കെയായ അഞ്ച് തലമുറകളുടെ നാവിൽ അക്ഷരമധുരം പുരട്ടിയ 119 പിന്നിട്ട കേശവൻ നായർ പ്രായത്തിൽ ഗിന്നസ് ബുക്കിന്റെ ഭാഗമായില്ലെങ്കിലും നാട്ടിലെ താരമാണ്.

“അപ്പുപ്പന് എത്ര വയസ്സായി?” 119. ഉത്തരം കൃത്യമാണ്. എന്താ തെളിവെന്നു ചോദിച്ചാൽ “എന്റെ വയസ്സ് നിനക്കാണോ അറിയാ”മെന്ന നോട്ടത്തോടെ ഒന്ന് മൂളും. ആശാന്റെ വയസ്സിന് തെളിവായി സ്‌കൂൾ രേഖകളുൾപ്പെടെ ഒന്നും തന്നെയില്ല. എന്നാൽ, ആധാർ രേഖപ്രകാരം 1901 ജനുവരി ഒന്നാണ് ജനനം കുറിച്ചിരിക്കുന്നത്. അതേസമയം, നമ്മുടെ ഭരണകൂടം കേശവൻ നായരുടെ ഗിന്നസ് ബുക്ക് പ്രവേശനത്തിലുള്ള നടപടികൾ മുന്നോട്ട് നീക്കി ആയൂരാരോഗ്യ നേട്ടത്തിൽ കേരളത്തിന്റെ പേര് ലോകത്തിന് മുന്നിലെത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അടുത്തിടെ അറിഞ്ഞ പ്രായത്തിന്റെ റെക്കോർഡ് നേട്ടം ആശാനും ആസ്വദിക്കുന്നുണ്ട്. സ്വീകരണവും ആദരിക്കൽ പരിപാടിയുമൊക്കെയായി വീട്ടിലും ആളുകളുടെയും പഴയ ശിഷ്യന്മാരുടെയും തിരക്കാണ്. പട്ടാഴി താഴത്ത് വടക്ക് നാരായണ സദനത്തിൽ മകൾ ശാന്തമ്മയോടൊപ്പം താമസിക്കുന്ന കേശവൻ നായരെ കാണാൻ പല നാടുകളിൽ നിന്നും ആൾക്കാരെത്തുന്നുണ്ട്. വീട്ടിലെത്തുന്നവരെ കവിത ചൊല്ലിയും സംസ്‌കൃത ശ്ലോകം പാടിയും രസിപ്പിക്കുകയാണ് ഇപ്പോഴത്തെ പതിവ്.

പ്രായമാകാത്ത ഓർമകൾ

ആശാന്റെ ഓർമകളിൽ പല കാര്യങ്ങളും മിന്നി മായും. പഴയ കാലം മനസ്സിൽ കടന്നു വരുമ്പോൾ കേശവൻ നായർ ഊർജസ്വലനാകും. ദശാബ്ദങ്ങളുടെ പിന്നിലേക്ക് പോകുന്ന കാര്യങ്ങൾ പലതും വ്യക്തതയോടെ പറയുമ്പോൾ ഇന്നലെ നടന്ന കാര്യങ്ങൾ കേശവൻ നായർ മറക്കുമെന്ന് മകൾ ശാന്തമ്മയുടെ പരിഭവം. അഞ്ച് മക്കളായിരുന്നു കേശവൻ നായർക്ക്. ഭാര്യ പാറുകുട്ടിഅമ്മ ഇരുപത് വർഷം മുമ്പ് 89ാം വയസിൽ മരിച്ചു. അഞ്ച് മക്കളിൽ മൂത്ത മകൻ വാസുദേവൻ നായർ മരണമടഞ്ഞു. രണ്ടാമത്തെ മകൻ രാമചന്ദ്രന് 87 വയസ്സായി. മൂന്നാമത്തെ മകൾ എഴുപത് വയസ്സുകാരിയായ മകൾ ശാന്തമ്മയോടൊപ്പം സുഖമായി കഴിയുകയാണ് കേശവൻ നായർ. ശാന്തമ്മ കല്ല്യാണം കഴിച്ചിട്ടില്ല. അച്ഛനെ നോക്കാനായി കൂടിയപ്പോൾ മറന്ന് പോയെന്ന് മറുപടി. എന്നാൽ, അവൾക്ക് ഭർത്താവ് വേണ്ടെന്ന് പറയുമ്പോൾ നമ്മളെന്ത് ചെയ്യാനാണെന്നാണ് കേശവൻ നായർ വിശദീകരിക്കുന്നത്. മറ്റൊരു മകളായ ശാരദ വീടിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ശാരദയാണ് കേൾവിക്കുറവുള്ള ശാന്തമ്മക്കും ആശാനും പ്രധാന സഹായം. ഗോപാലകൃഷ്ണ പിള്ള മറ്റൊരു മകൻ.

[irp]

ആലപ്പുഴ ജില്ലയിലെ മാന്നാറിൽ ഗോപിനാഥൻ നായരുടെയും പാർവതിയമ്മയുടെയും മകനായി ജനിച്ച കേശവൻ നായർ കൈതവടക്ക് ചെട്ടിക്കുളങ്ങര വിദ്യാലയ ഭോഷിണിയിൽ ഒമ്പതാംക്ലാസ് വരെ പഠിച്ചിട്ടുണ്ട്. കവി കൊട്ടാരത്തിൽ ശങ്കുണ്ണി തന്റെ അധ്യാപകനായിരുന്നു. കുട്ടികാലത്ത് കവിതകളോട് താത്പര്യമായിരുന്നു. പിന്നെ ദയാനന്ദസരസ്വതി സ്ഥാപിച്ച സ്‌കൂളിൽപ്പോയി രഘുവംശവും അഷ്ടാംഗഹൃദയവും പഠിച്ചു. പാറുക്കുട്ടിയമ്മയെ വിവാഹം കഴിച്ച ശേഷമാണ് പട്ടാഴിയിലെത്തിയത്. വർഷങ്ങൾക്ക് മുമ്പ് പട്ടാഴിയിലെത്തുമ്പോൾ ഏനാത്ത് മുതൽ മൃഗങ്ങൾ വിഹരിച്ച കാടായിരുന്നു. ഇപ്പോൾ താമസിക്കുന്ന സ്ഥലമടക്കം കാട് വെട്ടിത്തെളിച്ചും കൃഷി ചെയ്തും കേശവൻ നായർ സമ്പാദിച്ചതാണ്. എട്ടേക്കറോളം ഉണ്ടായിരുന്ന സ്ഥലം മക്കൾക്കൊക്കെയായി വീതിച്ചു. ഓർമകളുടെ ഭാണ്ഡക്കെട്ടുകൾ പലതും അഴിച്ചുവെക്കുമ്പോൾ കേശവൻ നായർക്ക് മുറിയാതെ ഒഴുക്കോടെ ചൊല്ലാനാകുന്നത് കവിതകളും സംസ്‌കൃത ശ്ലോകങ്ങളുമാണ്. അതിന് അദ്ദേഹത്തിന് മറവിയുടെ ഭാരമില്ല. ഭാര്യയും മകനും മരിച്ച വർഷമോ രാവിലെ എന്ത് കഴിച്ചെന്നോ ചിലപ്പോൾ ഓർത്തെടുക്കില്ല. എന്നാൽ, പഠിച്ചിട്ട് നൂറ്റാണ്ട് പിന്നിട്ട കവിതകളും ശ്ലോകങ്ങളും കൃത്യമായി പാടാൻ ആശാനാകും. അയ്യപ്പ ഭക്തനായ നായർ ഇടക്കിടക്ക് അയ്യപ്പ നാമം ഉരുവിടും. അതേസമയം, ശബരിമലയിൽ എത്ര തവണ പോയിട്ടുണ്ടെന്ന് ചോദിച്ചാൽ തിരക്കിനിടക്ക് ഇത് വരെ പോയിട്ടില്ലായെന്ന മറുപടി. അതെ…….. ശരിയാണ് അച്ഛൻ ഇത് വരെ ശബരിമലയിൽ പോയിട്ടില്ലെന്ന് ശാന്തമ്മയുടെ ഉറപ്പിക്കലും.

ഗാന്ധിജിയെയും ഇന്ധിരാ ഗാന്ധിയെയും വെടിവെച്ചു കൊന്നതാണെന്ന് ഇപ്പോഴും ഓർമയുണ്ട്. കൂടെ നടന്നവർ തന്നെയല്ലേ ചെയ്തതെന്നും നമ്മളോട് ചോദ്യം. ചെങ്ങന്നൂരിലെത്തിയപ്പോൾ ഗാന്ധിജിയെ നേരിട്ട് കണ്ടിട്ടുണ്ട്.
കോൺഗ്രസിനായി ഇത് വരെ വോട്ട് ചെയ്തിട്ടുള്ള ആശാന് പക്ഷേ ഒന്നിനോടും പ്രത്യേക മമതയില്ല. കോൺഗ്രസുകാരനുമല്ല. ആര് നല്ലത് ചെയ്യുന്നോ അവർക്കൊപ്പം നിൽക്കാനാണ് ഇഷ്ടം. നായനാരെയും വി എസ് അച്യുതാന്ദനെയും ഒത്തിരി ഇഷ്ടമാണ്. നായനാർ നാല് പ്രാവശ്യം കേരളം ഭരിച്ചതും ഓർത്തെടുത്ത് പറഞ്ഞു. അച്യുതാനന്ദൻ ഇവിടെ വന്ന് നിന്നാൽ വോട്ട് കൊടുക്കും. എന്നാൽ, കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലായി വോട്ട് ചെയ്യാൻ പോകുന്നില്ല. കണ്ണിന് കാഴ്ചയില്ലാത്തതിനാൽ വോട്ട് മറ്റൊരാളുടെ സഹായത്താൽ കുത്തുന്നതിനോട് കേശവൻ നായർക്ക് താത്പര്യവുമില്ല. തിക്കുറുശ്ശി നായകനായ ജീവിത നൗക തിയറ്ററിൽ പോയി കണ്ടിട്ടുണ്ട്. അറിയാവുന്ന സിനിമാക്കാരിൽ പ്രിയപ്പെട്ടവനും തിക്കുറുശ്ശി തന്നെ.

പട്ടം താണുപിള്ളയെ നേരിൽ കണ്ടപ്പോൾ

പണ്ട് കാലത്ത് തമ്പാനൂരിൽ പോയപ്പോൾ പട്ടം താണുപിള്ളയെ കാണാൻ പറ്റിയ രസകരമായ സംഭവവും ആശാൻ വിവരിച്ചു. പട്ടാളത്തിൽ ആളെയെടുക്കുന്നുണ്ടെന്ന് അറിഞ്ഞാണ് തമ്പാനൂർക്ക് വണ്ടി കയറിയത്. എന്നാൽ, അവിടെ നിരയിൽ നിന്നപ്പോഴാണ് കൂട്ടത്തിലുള്ളവരുടെ സംഭാഷണം ശ്രദ്ധിച്ചത്. കൊല്ലാൻ കൊണ്ട് പോകുകയാണെന്നും ഇനി തിരിച്ച് വരവുണ്ടാകുമില്ലെന്നും കേട്ട ആശാൻ മതിൽ ചാടി രക്ഷപ്പെടുകയായിരുന്നു. മതിൽ ചാടി വീണത് പട്ടം താണുപിള്ള സംസാരിക്കുന്ന സ്‌റ്റേജിന് പിന്നിലായിരുന്നു. കാലിന് ഒടിവ് പറ്റിയ കേശവൻ നായരെ ആരൊക്കെയോ ചേർന്ന് നാട്ടിലെത്തിക്കുകയായിരുന്നു.

കേശവൻ നായർ വീട്ടിൽ നടത്തുമായിരുന്ന എഴുത്തിനിരുത്തിയവരിൽ പ്രമുഖരടക്കം നിരവധി പേരുണ്ട്. ഇതുവരെ എത്ര കുഞ്ഞുങ്ങളെ എഴുത്തിനിരുത്തിക്കാണുമെന്ന് ജി കേശവൻ നായരെന്ന ആശാനോട് ചോദിച്ചാൽ കണക്കൊന്നുമില്ലായെന്ന മറുപടി. നിലത്തെഴുത്താശാനായിരുന്നു കേശവൻനായർ. വിദ്യാരംഭത്തിനും വിവാഹത്തിനുമെല്ലാം ആശാനിൽ നിന്ന് അക്ഷരം പഠിച്ചവരുടെ അനന്തര തലമുറ കസവുമുണ്ടും ദക്ഷിണയും നൽകാൻ വരും. അമ്മാവൻ വൈദ്യകലാനിധിയായിരുന്നു. അദ്ദേഹമാണ് സംസ്‌കൃതം പഠിപ്പിച്ചത്. ഓരോ വിജയദശമിയും ആശാന് അവസാനിക്കാത്ത ഓർമകളുടേതു കൂടിയാണ്. കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നപ്പോൾ വിജയദശമി ദിവസം രാവിലെ കുഞ്ഞുങ്ങളെയും കൊണ്ട് അച്ഛനമ്മമാരുടെ തിരക്കായിരിക്കും. ആശാൻ വിരൽ പിടിച്ച് ആദ്യാക്ഷരമെഴുതിച്ചവരിൽ പലരും ഇന്ന് സർക്കാർ ഉദ്യോഗങ്ങളിൽ നിന്നു വിരമിച്ചു. സർവീസിൽ തുടരുന്നവരും വിദേശങ്ങളിൽ ജോലി കിട്ടിയവരും രാഷ്ട്രീയ നേതാക്കളുമൊക്കെയുണ്ട് കൂട്ടത്തിൽ. പലരെയും ഓർമ കാണില്ല. വീട്ടുപേര് പറയുമ്പോൾ ചിലരെ മനസ്സിലാകും. മക്കളെയും പേരക്കുട്ടികളെയും ആശാൻ തന്നെ എഴുത്തിനിരുത്തണമെന്ന് അവർക്കു നിർബന്ധം.

ഭക്ഷണത്തിൽ വിട്ടുവീഴ്ചയില്ല

കാഴ്ചക്ക് കുറവുള്ളത് മാറ്റി നിർത്തിയാൽ വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. പണ്ട് കഴിച്ച കലർപ്പില്ലാത്ത ഭക്ഷണം, ഇതല്ലാതെ ആരോഗ്യ രഹസ്യമൊന്നുമില്ല. ഇപ്പോഴും മീനും കറികളും കൂട്ടി ഊണ് നിർബന്ധമാണ്. സമയം കൃതൃത പാലിക്കുന്നതിനാൽ നേരം വൈകിയാൽ വഴക്കാണെന്ന് മകൾ ശാന്തമ്മ. പുലർച്ചെ അഞ്ചിന് ഉണരും. പ്രഭാത കൃത്യങ്ങൾക്ക് ശേഷം ശ്ലോകങ്ങൾ ആലപിക്കും. ആ ശീലത്തിന് മാറ്റമില്ല. മാസത്തിലൊരിക്കൽ ഹെൽത്ത് സെന്ററിൽ നിന്ന് ഡോക്ടറുടെ പരിശോധന മാത്രമാണ് ആകെയുള്ള ചികിത്സ. ആശുപത്രി വാസവും മരുന്ന് കഴിപ്പുമൊന്നും കേശവൻ നായരുടെ ജീവിതത്തിൽ പതിവില്ല. സംസാരിക്കുമ്പോൾ ചെറിയ വിറയലും കാഴ്ചയിലെ പ്രശ്‌നവും കേശവൻ നായർക്ക് ഭീഷണിയാവുന്നില്ല. ഉൾക്കാഴ്ചയോടെ കാര്യങ്ങൾ ചെയ്ത് കേശവൻ നായർ മറ്റുള്ളവരുടെ ജോലിഭാരം കുറക്കുന്നു. പ്രായാധിക്യത്തിന്റെ ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് രാത്രി മാത്രമുളളതാണ് നിലവിലെ ആരോഗ്യ പ്രശ്‌നം. കർഷക പെൻഷൻ ഇപ്പോഴും കിട്ടുന്നുണ്ട്. പുതിയ കാലത്ത് കുടിപ്പള്ളിക്കൂടവും ആശാനുമൊന്നും ഇല്ലെങ്കിലും നാട്ടുകാർക്ക് ജി കേശവൻ നായർ ഇപ്പോഴും ആശാൻ തന്നെ. കാഴ്ചക്കുറവും അൽപ്പം കേൾവിക്കുറവും ഉണ്ടെന്നതൊഴിച്ചാൽ നൂറ്റാണ്ട് പിന്നിട്ട ഓർമകളുടെ മധുരം ഇപ്പോഴും നിറയെയാണ്.

എസ് അയ്യൂബ് 
ayoobcnan@gmail.com

ayoobcnan@gmail.com