Connect with us

Articles

എത്രനാള്‍ പുഴയൊഴുകും?

Published

|

Last Updated

കേരളം വീണ്ടും കൊടും വരള്‍ച്ചയുടെ പിടിയിലമരുകയാണ്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള പുഴകളും കിണറുകളും തോടുകളും ചാലുകളും മറ്റു ജലാശയങ്ങളും വറ്റിവരണ്ടു കൊണ്ടിരിക്കുന്നു. കേരളത്തിലെ ജലസമൃദ്ധിക്ക് ആധാരമായി വര്‍ത്തിക്കുന്ന 44 നദികളും നാശോന്‍മുഖമാണ്. അനിയന്ത്രിതമായ മണലെടുപ്പും മാലിന്യ നിക്ഷേപവും കാരണം നദികളുടെ പ്രകൃതിദത്തമായ സൗന്ദര്യവും അസ്തിത്വവും അപകടത്തിലായിരിക്കുന്നു.
ജലസ്രോതസ്സുകളില്‍ 75 ശതമാനവും മലിനമാണെന്നാണ് അടുത്തിടെ ഇതുസംബന്ധിച്ച് നടത്തിയ പഠനം തെളിയിക്കുന്നത്. വരള്‍ച്ച ഭീകരരൂപം പൂണ്ട് നില്‍ക്കുന്ന കാലത്ത് മലിനജലം കുടിക്കാന്‍ നമ്മളെല്ലാം നിര്‍ബന്ധിതരാകുന്നു. പ്രകൃതിയുടെ പൈതൃക സ്വത്തായ ജലസ്രോതസ്സുകളെ നിരാകരിച്ച് കൃത്രിമ മാര്‍ഗത്തിലൂടെയുള്ള ജലവിനിയോഗം ഒരു സംസ്‌കാരവും ശീലവുമായി മാറിയതോടെ ശുദ്ധമായ ജലം വേണ്ടത്ര ലഭ്യമാകാത്ത സാഹചര്യവും ഉടലെടുക്കുകയായിരുന്നു.
കുഴല്‍ക്കിണറുകളും പൈപ്പുകളും വഴിയുള്ള ജല ഉപയോഗം സമ്പന്ന- മധ്യവര്‍ഗ കുടുംബങ്ങള്‍ ആഢ്യത്വത്തിന്റെ അടയാളമാക്കി മാറ്റിയതോടെ കിണറുകള്‍ക്കും കുളങ്ങള്‍ക്കും പറമ്പുകളില്‍ സ്ഥാനമില്ലാതായി. അവയൊക്കെയും മണ്ണിട്ട് നികത്തുന്നതിലായിരുന്നു ആധുനിക മനുഷ്യര്‍ക്ക് താത്പര്യം. അതോടെ ശുദ്ധമായ ജീവജലമാണ് ജീവജാലങ്ങള്‍ക്കൊക്കെയും അന്യമാക്കപ്പെട്ടത്. നീരൊഴുക്കിന്റെ കാര്യത്തില്‍ പ്രകൃതിയുടെ അളവറ്റ അനുഗ്രഹം ലഭിച്ച നമ്മുടെ നാട്ടില്‍ ആര്‍ത്തിപൂണ്ട മനുഷ്യരുടെ പ്രകൃതി ധ്വംസനം മാറ്റമില്ലാതെ തുടരുമ്പോള്‍ ഈ ക്രൂരവിനോദത്തില്‍ ഹൃദയം വിങ്ങുന്ന ഏതൊരാളുടെയും മനസ്സില്‍ ഉയരുന്ന ചോദ്യമുണ്ട്.

ഇവിടെയിനി എത്രനാള്‍ പുഴയൊഴുകും. ഒ എന്‍ വി കുറുപ്പിന്റെ ഭൂമിക്കൊരു ചരമഗീതം എന്ന കവിതയില്‍ ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ച് ഉയരുന്ന ആശങ്ക പോലെ അടുത്ത തലമുറക്ക് കേരളത്തില്‍ പേരിനെങ്കിലും ഒരു പുഴ കാണാനുള്ള ഭാഗ്യമുണ്ടാകുമോയെന്നതിനെക്കുറിച്ച് ആകുലപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കാരണം അത്രക്കും ദയനീയവും പരിതാപകരവുമാണ് ഇവിടുത്തെ പുഴകളുടെ അവസ്ഥയെന്ന് പറയാതിരിക്കാന്‍ നിര്‍വാഹമില്ല.
പെരിയാര്‍, ഭാരതപ്പുഴ, പമ്പ, ചാലിയാര്‍, അച്ചന്‍കോവിലാര്‍, ചന്ദ്രഗിരിപ്പുഴ തുടങ്ങി വലിയ നദികള്‍ പോലും ചൂഷണത്തിനിരയായി ഊര്‍ധശ്വാസം വലിച്ചുകൊണ്ടിരിക്കുന്നു. നാളുകള്‍ കടന്നു ചെല്ലുന്തോറും ചോരയും നീരും വറ്റിയ എല്ലുന്തിയ ശരീരം പോലെ ശോഷിച്ച് കിടപ്പു രോഗികളായി മാറിക്കൊണ്ടിരിക്കുന്നു പുഴകള്‍.
പുഴകള്‍ പ്രയാണം തുടരുന്ന വഴികളിലെല്ലാം ക്രൂരമായി വേട്ടയാടപ്പെടുകയാണ്. കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന അനധികൃത മണലെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ പെരുകുകയാണ്. അനധികൃത കടവുകളുണ്ടാക്കി രാത്രിയും പകലും ഇടതടവില്ലാതെ മണല്‍ ഖനനം നടത്തുന്നതു കാരണം പുഴകളില്‍ അപകടത്തുരുത്തുകള്‍ രൂപപ്പെടുന്നു. മഴക്കാലത്ത് ഈ മണല്‍ക്കുഴികള്‍ ജലനിരപ്പിനടിയിലാകുമ്പോള്‍ പുഴയിലൂടെ യാത്ര ചെയ്യുന്നവര്‍ അപകടത്തില്‍പെടുന്നു.

പുഴയില്‍ നീരൊഴുക്ക് കുറയാനും വേനലിന് കാഠിന്യം കൂടുന്നതിനു മുമ്പ് തന്നെ വറ്റിവരളാനും നിയമ വിരുദ്ധമായ മണല്‍ ഖനനം കാരണമാകുന്നുണ്ട്. പുഴമണല്‍ കടത്തിനെ കവര്‍ച്ചയുടെ വകുപ്പില്‍പ്പെടുത്തി കര്‍ശനമായ നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ഇത്തരം കേസുകള്‍ കൂടുന്നതല്ലാതെ കുറയുന്ന ലക്ഷണം കാണുന്നില്ല. മുമ്പ് ഇത്തരം കേസുകളില്‍ പിഴ രണ്ടായിരവും മൂവായിരവും ആയിരുന്നെങ്കില്‍ ഇപ്പോള്‍ കോടതികളുടെ പിഴശിക്ഷ പത്തായിരത്തിനും മുകളിലേക്ക് കടന്നിരിക്കുകയാണ്. എന്നാല്‍ പോലീസിലെയും റവന്യൂ വിഭാഗത്തിലെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ പുഴമണല്‍ ഖനനവും കടത്തും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു. നീരൊഴുക്കുകള്‍ തടഞ്ഞും ഗതിമാറ്റിയുമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലം പ്രളയമായും വരള്‍ച്ചയായും മനുഷ്യരെ ബാധിച്ചിരിക്കുകയാണ്. എന്നാല്‍ ഒരു അനുഭവവും നമുക്ക് പാഠമാകുന്നില്ലെന്നതാണ് ഖേദകരം.
പുഴകളുടെ നാശത്തിന് മറ്റൊരു പ്രധാന കാരണം തീരദേശ നിയമങ്ങള്‍ ലംഘിച്ചു കൊണ്ടുള്ള വ്യാപകമായ കൈയേറ്റങ്ങളാണ്. പുഴയോരങ്ങള്‍ മണ്ണിട്ട് നികത്തി വന്‍കിട റിസോര്‍ട്ടുകള്‍ പോലും നിര്‍മിച്ചിട്ടുണ്ടെന്നും ഭാവിയില്‍ ഇത്തരത്തിലുള്ള കൈയേറ്റങ്ങള്‍ ഗുരുതരമായ പാരിസ്ഥിതിക ആഘാതങ്ങള്‍ക്ക് ഇടവരുത്തുമെന്നും ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കുന്നു. കുളിക്കാനും അലക്കാനും മാത്രമല്ല കുടിക്കാന്‍ പോലും പുഴവെള്ളത്തെ ആശ്രയിക്കുന്ന കാലഘട്ടം കൂടിയാണിത്. കിണറുകളും കുഴല്‍ക്കിണറുകളും മറ്റ് ജലസ്രോതസ്സുകളും വറ്റുമ്പോള്‍ പുഴവെള്ളം ശുദ്ധീകരിച്ച് സംഭരണികളിലാക്കി പൈപ്പുകളിലൂടെ ആയിരക്കണക്കിന് കുടുംബങ്ങളുടെ വീടുകളില്‍ വിതരണത്തിനെത്തിക്കുന്നു. വരള്‍ച്ച രൂക്ഷമാകുന്ന സന്ദര്‍ഭങ്ങളില്‍ ഈ പദ്ധതിയാണ് ദാഹമകറ്റാനും മറ്റ് പ്രാഥമിക- ദൈനംദിന ആവശ്യങ്ങള്‍ക്കും ജനങ്ങള്‍ക്ക് ഒരുപരിധിവരെയെങ്കിലും ഉപകരിക്കുന്നത്.

എന്നാല്‍ പുഴവെള്ളം മലിനമാക്കുന്നതില്‍ പരിസ്ഥിതി വിരുദ്ധരെല്ലാം മത്സരിക്കുകയാണ്. അറവുശാലകളില്‍ നിന്ന് കൊണ്ടുവരുന്ന മൃഗാവശിഷ്ടങ്ങളും കോഴിമാലിന്യങ്ങളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പുഴകളില്‍ തള്ളുന്നവരെ സാമൂഹിക ദ്രോഹികള്‍ എന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാകില്ല. ഇതിനു പുറമെ ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നും വിവാഹവീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമൊക്കെ കൊണ്ടുവരുന്ന സകല മാലിന്യങ്ങളും സൗകര്യമായി തള്ളാനുള്ള ഇടങ്ങളായി പുഴകളെയാണ് പലരും കാണുന്നത്. ഇത് നമ്മള്‍ നമ്മോടു തന്നെ ചെയ്യുന്ന കൊടിയ ദ്രോഹമാണെന്ന് മനസ്സിലാക്കണം.
വിദേശ രാജ്യങ്ങളില്‍ അവിടുത്തെ പുഴകളും തടാകങ്ങളും മറ്റ് ജലാശയങ്ങളും എത്ര വൃത്തിയായാണ് സംരക്ഷിക്കുന്നതെന്നതിനെക്കുറിച്ച് അത്തരം രാജ്യങ്ങളില്‍ യാത്ര ചെയ്ത മലയാളികള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സംരക്ഷണത്തിന്റെ സകല സൗഭാഗ്യങ്ങളും അനുഭവിക്കുന്ന ആ ജലസമ്പത്തുകള്‍ തിരിച്ച് അവിടുത്തെ മനുഷ്യ ജീവിതത്തെയും അവരുടെ ആരോഗ്യത്തെയും ഉത്തേജിപ്പിക്കുന്ന ഐശ്വര്യദായകമായ മധുവാഹിനികളായി മാറുന്നു. വായുവും വെള്ളവും ഭക്ഷണവും ശുദ്ധവും അണുവിമുക്തവുമാകണമെന്ന വിദേശികളുടെ തിരിച്ചറിവാണ് ഇതിന് അടിസ്ഥാനം. കടലും പുഴയുമൊക്കെ വൃത്തിഹീനമായാലും നമ്മുടെ വീടിന്റെ അകവും പുറവും തൊടിയും മാത്രം ശുചിയായാല്‍ മതിയെന്ന സ്വാര്‍ഥ ചിന്തയാണ് കേരളത്തിലെ ഓരോ വ്യക്തിയെയും കുടുംബത്തെയും നയിക്കുന്നത്. എന്നാല്‍ പൊതുവായ പ്രകൃതിദത്ത നീരുറവകളും ജലാശയങ്ങളും അശുദ്ധമായാല്‍ അത് മൊത്തം ജനസമൂഹത്തിന്റെ ആരോഗ്യത്തെയും ജീവനെയും പ്രതികൂലമായി ബാധിക്കുന്ന വിപത്തായി മാറുമെന്നതിനെക്കുറിച്ച് ഒരു ധാരണയും നമ്മള്‍ക്കില്ല. പ്രകൃതിയും പരിസ്ഥിതിയും മാലിന്യമുക്തവും ചൂഷണവിമുക്തവും ആയാല്‍ മാത്രമേ നല്ല വെള്ളവും ശുദ്ധമായ വായുവും ഗുണകരമായ ഭക്ഷണവും സുഖദായകമായ കാലാവസ്ഥയും നമുക്ക് ലഭിക്കുകയുള്ളൂ. ഇതൊന്നുമില്ലെങ്കില്‍ എത്ര നിലയില്‍ മാളിക പണിതാലും സ്വസ്ഥമായ ജീവിതം നയിക്കാനാകില്ല.

നമ്മുടെ നാട്ടിലെ ജലസമ്പത്തുകളുടെ സുരക്ഷക്ക് വേണ്ടി നിയമം കര്‍ശനമായി നടപ്പാക്കുന്നതോടൊപ്പം അതിന്റെ പ്രസക്തിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാവശ്യമായ സാമൂഹിക ഇടപെടലും അനിവാര്യമാണ്. വിദ്യാര്‍ഥികളുടെ പഠന യാത്രകളില്‍ നമ്മുടെ നാട്ടിലെ പുഴകളുടെ അവസ്ഥകളെക്കുറിച്ച് മനസ്സിലാക്കാനുള്ള അവസരങ്ങള്‍ കൂടി ഒരുക്കിക്കൊടുക്കണം.
പരിസ്ഥിതി ചൂഷണത്തിനെതിരെ പ്രതിരോധം തീര്‍ക്കുന്ന ഒരുതലമുറ വാര്‍ത്തെടുക്കപ്പെടേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതുപോലെ സാമൂഹിക സംഘടനകളുടെയും പരിസ്ഥിതി സംഘടനകളുടെയും കൂടുതല്‍ ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങള്‍ ഈ വിഷയത്തിലുണ്ടാകണം.

---- facebook comment plugin here -----

Latest