Articles
അസം: വേട്ട രണ്ടാം ഘട്ടത്തിലേക്ക്
വിട്ടൊഴിയാത്ത ഭീതിയുടെ നിഴലിലാണ് ഇപ്പോഴും അസമിലെ മുസ്‌ലിം ജനത. വിവേചന ദേശീയതയുടെ മറ്റൊരു പതിപ്പുകൂടി അസമില്‍ പ്രകാശനം ചെയ്യപ്പെടാന്‍ പോകുന്നുവെന്നാണ് അധികാര കേന്ദ്രങ്ങളില്‍ നിന്ന് പുറത്തു വരുന്ന സംസാരങ്ങള്‍. ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കി അതിന്റെ പട്ടിക പ്രസിദ്ധീകരിച്ചെങ്കിലും വംശീയ ദേശീയത ഉയര്‍ത്തുന്ന ഭരണകൂടത്തിന് മുസ്‌ലിം വിവേചനത്തിന്റെ കാര്യത്തില്‍ തൃപ്തി വരാത്തതു കൊണ്ട് ഇനിയും കൂടുതല്‍ മുസ്‌ലിംകളെ അവകാശങ്ങളില്ലാത്ത പൗരന്‍മാരാക്കാനുള്ള പുതിയ പദ്ധതികള്‍ അണിയറയില്‍ ആസൂത്രണം ചെയ്തു കൊണ്ടിരിക്കുകയാണ്. അസമില്‍ 1951ന് മുമ്പുള്ള താമസ രേഖകള്‍ ഹാജരാക്കുന്നവര്‍ക്ക് മാത്രം പൗരനെന്ന നിലയിലുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ശിപാര്‍ശ ചെയ്യുന്ന ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഉന്നതതല സമിതി റിപ്പോര്‍ട്ടാണ് ഏറ്റവും ഒടുവില്‍ അസമിനെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാറിന് കൈമാറുകയും ചെയ്തിട്ടുണ്ട്. ഗുവാഹത്തി ഹൈക്കോടതി മുന്‍ ജഡ്ജി ബി കെ ശര്‍മയുടെ അധ്യക്ഷതയിലുള്ള സമിതിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്.
ഇത്തരമൊരു നടപടിയിലേക്ക് പോകുന്നുവെന്ന് കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ബി ജെ പി തന്നെ ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറാണെന്നാണ് അമിത് ഷായുടെ ആഭ്യന്തര മന്ത്രാലയം പറയുന്നത്. പൗരത്വ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ 1951 അടിസ്ഥാനമാക്കേണ്ടതില്ലെന്നും പകരം ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് അസമിലേക്കും വ്യാപിപ്പിച്ചാല്‍ മതിയെന്നുമുള്ള നിലപാട് കേന്ദ്ര സര്‍ക്കാറിലെ ഒരു വിഭാഗത്തിനുണ്ടെന്നതുകൊണ്ടാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണം വരാത്തതെന്നും വാര്‍ത്തകളുണ്ട്.
എങ്ങനെയായിരുന്നാലും ശിപാര്‍ശ നിയമമായി മാറിയാല്‍ പ്രതിസന്ധി അനുഭവിക്കാന്‍ പോകുന്നത് മുസ്‌ലിംകള്‍ മാത്രമായിരിക്കും. പൗരത്വ ഭേദഗതിയുടെ ബലത്തില്‍ ഇവിടെ ജീവിക്കുന്ന മറ്റെല്ലാ മത വിഭാഗങ്ങളും പൗരന്മാരായി തീരുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ മുസ്‌ലിംകള്‍ക്ക് പൗരത്വം ലഭിക്കുന്നതിനുള്ള അടിസ്ഥാന വര്‍ഷം 1951 എന്നും ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള മറ്റുവിഭാഗങ്ങള്‍ക്ക് 2014 എന്നുമായി തീരും.
[irp]
അസമില്‍ ദേശീയ പൗരത്വ പട്ടിക തയ്യാറാക്കിയത്, 1971 മാര്‍ച്ച് 24ന് മുമ്പ് അസമില്‍ ഉണ്ടായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകളുടെയും, രേഖയുള്ളവരുടെ പിന്‍മുറക്കാര്‍ എന്നതിന്റെയും അടിസ്ഥാനത്തിലായിരുന്നു. ഇതിനു പകരമായിട്ടാണ് 1951 എന്ന പുതിയ വര്‍ഷം രൂപമെടുത്തുവന്നിട്ടുള്ളത്. 1971 മാര്‍ച്ച് 24 അടിസ്ഥാനമാക്കി നടത്തിയ കണക്കെടുപ്പില്‍ 19 ലക്ഷത്തിലധികം പേരാണ് പട്ടികക്ക് പുറത്തേക്ക് പോയത്. ഇവരില്‍ 12 ലക്ഷം ഹിന്ദു വിഭാഗങ്ങളായിരുന്നു. പുറമേ, ഒരു ലക്ഷം ഗൂർഖകളും ആറ് ലക്ഷം മുസ്‌ലിംകളുമായിരുന്നു ഉള്‍പ്പെട്ടിരുന്നത്. എന്നാല്‍ അടിസ്ഥാന വര്‍ഷം 1951 എന്ന ശിപാര്‍ശ കൊണ്ടുവരികയാണെങ്കില്‍ ദേശീയ പൗരത്വ പട്ടികയിലെ എണ്ണം കുറയുകയും പുറത്താക്കപ്പെടുന്നവരുടെ പട്ടിക നീളുകയും ചെയ്യും. അതേസമയം, മുസ്‌ലിംകള്‍ അല്ലാത്ത എല്ലാ വിഭാഗങ്ങള്‍ക്കും പൗരത്വം ലഭിക്കുന്നതിന് പൗരത്വ നിയമ ഭേദഗതി മുന്‍നിര്‍ത്തി ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പുതിയ ലിങ്കുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമെന്നുറപ്പാണ്.
അസമിലെ ഗോത്ര മുസ്‌ലിംകളെ കണ്ടെത്തുന്നതിന് കേന്ദ്രം പ്രഖ്യാപിച്ച പുതിയ സര്‍വേ ജസ്റ്റിസ് ബി കെ ശര്‍മ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് വായിക്കപ്പെടുന്നത്. അസമിലെ ഗോത്ര വര്‍ഗങ്ങളെ കണ്ടെത്താനെന്ന പേരില്‍ വ്യാപകമായ രീതിയില്‍ അസമില്‍ സര്‍വേ നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. അസമില്‍ അസമീസ് ഭാഷ സംസാരിക്കുന്ന മുസ്‌ലിംകളെയും ബംഗാളി സംസാരിക്കുന്ന മുസ്‌ലിംകളെയും വേര്‍തിരിക്കുന്നതിനുള്ള പദ്ധതിയാണ് സര്‍വേയെന്ന ആക്ഷേപം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. സര്‍വേ പൂര്‍ത്തിയാകുന്നതോടെ വംശ ശുദ്ധരായ മുസ്‌ലിംകളെയും അശുദ്ധ മുസ് ലിംകളെയും വേര്‍തിരിക്കപ്പെടും. അസമിലെ 3.12 കോടി ജനങ്ങളില്‍ 34 ശതമാനമാണ് മുസ്‌ലിംകള്‍. ഇതില്‍ നാല് ശതമാനം മാത്രമാണ് ഗോറിയ, മോറിയ, ദേശി, ജോലാഹ് എന്നീ ഗോത്ര വിഭാഗത്തില്‍ പെടുന്നവര്‍. ഇവര്‍ അസമീസ് ഭാഷയാണ് സംസാരിക്കുന്നത്. ഇവര്‍ക്കു പുറത്തുള്ള ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്‌ലിംകള്‍ ഇന്ത്യക്കാരല്ലെന്നും ഇവരെ പുറത്താക്കണമെന്നുമാണ് ബി ജെ പി വാദിക്കുന്നത്.
സ്വാതന്ത്ര്യത്തിനു മുമ്പേ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭരിക്കുന്ന കാലത്ത് തന്നെ, ഇപ്പോള്‍ ബംഗ്ലാദേശ് ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളില്‍ നിന്ന് അസമിലേക്ക് കുടിയേറ്റം നടന്നിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിര്‍ദേശ പ്രകാരം തേയില തോട്ടത്തില്‍ ജോലി ചെയ്യാനെത്തിയവരായിരുന്നു ഇവര്‍. ബംഗാളികള്‍ക്ക് സമ്പന്നമായൊരു സംസ്‌കാരം നിലനിന്നിരുന്നതിനാല്‍ ഈ ജനത ബംഗാളി ഭാഷ തന്നെ സംസാരിച്ചു കൊണ്ടേയിരുന്നു. എന്നാല്‍, ഇതേ മാതൃകയില്‍ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നിര്‍ദേശ പ്രകാരം മറ്റു പ്രദേശങ്ങളില്‍ നിന്ന് കുടിയേറ്റം നടത്തിയവരാണ് അസമീസ് എന്നു വിളിക്കപ്പെടുന്ന വിഭാഗങ്ങളും. എന്നാല്‍ ബി ജെ പിക്ക് ഹിന്ദുക്കള്‍ മാത്രം മതിയെന്നും അസം സ്റ്റുഡന്റ്‌സ് യൂനിയന് അസമീസ് ഭാഷ സംസാരിക്കുന്നവര്‍ എന്നു പറയപ്പെടുന്നവര്‍ മാത്രം മതിയെന്നും വാദിക്കുന്നു.
സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പൗരത്വ പട്ടികക്ക് നേതൃത്വം നല്‍കിയ എന്‍ ആര്‍ സി കോ-ഓഡിനേറ്റര്‍ പ്രതീക് ഹജേലക്കെതിരെ തുടരുന്ന വേട്ട ബി ജെ പിയുടെ ഹിന്ദുത്വ വികാരത്തില്‍ നിന്നാണ്. അസം പൗരത്വ പട്ടിക പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെ മധ്യപ്രദേശ് കേഡറിലേക്കു തന്നെ പ്രതീക് ഹജേലയെ തിരിച്ചയച്ചിരുന്നു. അസം പൗരത്വ പട്ടികയില്‍ ബി ജെ പി ഉദ്ദേശിച്ച വഴിയിലൂടെ പ്രതീക് ഹജേല സഞ്ചരിച്ചിരുന്നില്ല എന്നതായിരുന്നു പ്രശ്‌നം. ഇപ്പോള്‍ ഹജേലക്കെതിരെ അഞ്ച് എഫ് ഐ ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസുകളില്‍ ഹജേലയെ കുടുക്കാനുള്ള ശ്രമം തുടരുകയാണ്. കഴിഞ്ഞ സെപ്തംബറിലാണ് പൗരത്വ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് ഹജേലക്കെതിരായ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. നവംബറില്‍ അസം പബ്ലിക് വര്‍ക് ഫണ്ട് തിരിമറി ആരോപിച്ച് മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. 19 എഫ് ഐ ആറുകള്‍ കൂടി ഹജേലക്കെതിരെ രജിസ്റ്റര്‍ ചെയ്യുമെന്നാണ് അസം പബ്ലിക് വര്‍ക് പ്രസിഡന്റ് അഭിജിത്ത് വര്‍മ അറിയിക്കുന്നത്. ഹിന്ദുത്വ അജന്‍ഡകള്‍ക്കൊത്ത് അസമില്‍ മുസ്‌ലിം വേട്ട തുടരുന്നുവെന്നും അത് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്നുമാണ് മനസ്സിലാക്കുന്നത്.
പൗരത്വ ഭേദഗതി നിയമം വഴി രാജ്യത്തു കുടിയേറിയ മുസ്‌ലിംകളല്ലാത്ത എല്ലാ വിഭാഗങ്ങള്‍ക്കും പൗരത്വം ലഭിക്കുകയും 1951ലെ രേഖകള്‍ ഹജരാക്കാന്‍ കഴിയാത്ത മുസ്‌ലിംകള്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലേക്ക് ആനയിക്കപ്പെടുകയും ചെയ്യും. ഇനി ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് സംവിധാനം വ്യാപകമാക്കാനാണ് ശ്രമമെങ്കില്‍ ഒന്നുകില്‍ അസം രണ്ടായി വിഭജിക്കപ്പെടും, അല്ലെങ്കില്‍ പൗരത്വ നിയമം വഴി പട്ടികയിലേക്കു കുടിയേറുന്നവര്‍ക്ക് മറ്റു സംസ്ഥാനങ്ങളില്‍ പുനരധിവാസം നല്‍കും. അപ്പോഴും മുസ്‌ലിംകള്‍ മാത്രമായിരിക്കും ജര്‍മന്‍ നാസിസ്റ്റ് കാലത്തെ മാതൃകയില്‍ കെട്ടിപ്പൊക്കിയ തടങ്കല്‍ പാളയങ്ങളിലേക്ക് ആനയിക്കപ്പെടുക.