Vazhivilakk
ശരണ്യേ! നിനക്കെങ്ങനെ സാധിച്ചു?
കുഴക്കുന്ന ഒരു ചോദ്യം ചോദിച്ചുകൊണ്ടാകാം തുടക്കം. നിങ്ങളുടെ ജീവിതത്തിൽ ഏറ്റവും സന്തോഷമുണ്ടായ സന്ദർഭമേത്? നാളിന്നോളമുള്ള ജീവിതത്തിൽ നിങ്ങൾ ഏറ്റവും ദുഃഖിച്ച അവസരമേത്? നിങ്ങൾ നിങ്ങളുടെതായ ഉത്തരങ്ങളിലേക്ക് ആഴത്തിൽ കൂപ്പുകുത്തുന്നതിനിടെ കൗതുകകരമെന്ന് തോന്നുന്ന ഒരു ഉത്തരം ഞാൻ പറയാം. നാളത്തേതെന്തെന്നും എങ്ങനെയെന്നും പറയാനാകില്ല. നാളിന്നുവരെയുള്ള ജീവിതത്തിൽ ഞാനേറ്റവും ദുഃഖിച്ചത് ഏതു ദിവസമാണോ അതെ ദിവസം തന്നെ ആയിരുന്നു ഏറ്റവും സന്തോഷിച്ചതും. ഏറ്റവും സന്തോഷവും ഏറ്റവും ദുഃഖവും ഒരു ദിവസം? അതെ, പറയാം.
ഉമ്മയോട് കൂടെ പെരുന്നാളാഘോഷിച്ച് ഇന്നലെയിങ്ങ് വന്നതെയുള്ളൂ. ഇന്ന് ഫോൺ വരുന്നു, ഉമ്മക്ക് എന്തോ പറ്റിയെന്ന്. പത്ത് നാൽപ്പത് കിലോമീറ്റർ കത്തിച്ചോടിച്ച് കിതച്ചെത്തുമ്പോൾ ഉമ്മ കണ്ണുപൂട്ടി ബോധമറ്റ് കിടക്കുന്നു. അന്നു തന്നെ ആശുപത്രി ഒന്നല്ല, രണ്ടെണ്ണം മാറ്റി; തീവ്രപരിചരണത്തിന്റെ ശീതകാരാഗൃഹത്തിൽ വായിലും മൂക്കിലും ശരീരത്തിലാകമാനം വയറും പൈപ്പും ട്യൂബുകളുമായി പ്രതികരിക്കാതെ കിടക്കുന്ന ഉമ്മയെ കണ്ട് കരള് കരിഞ്ഞു. മൂന്നാം ദിവസമാണ് എന്തെങ്കിലും പറയാനാകുക എന്നാണ് ഡോക്ടർ പറഞ്ഞത്. കനൽക്കട്ട ഈമ്പിക്കുടിച്ച് പതിനായിരം കോടി മൈക്രോ സെക്കൻഡുകൾ തള്ളിനീക്കി ആ ദിവസം പുലർന്നു. അവരൊന്നും പറയുന്നില്ല. ഇടക്ക് ഞാനൊന്ന് പുറത്തിറങ്ങിയിരുന്നു. അപ്പോഴുണ്ട് ഇത്താത്ത ഫോണിൽ വിളിക്കുന്നു, “നീ ഏട്യാ ഉള്ളത് ? ഓടി വാ! ഡോക്ടർ അർജന്റായി വിളിക്കുന്നുണ്ട”്. എനിക്കാകെ തണുത്തു കയറി. “വിളിച്ചപ്പോൾ ഞാൻ പോയി. ആണുങ്ങൾ വേണമെന്നാ പറഞ്ഞേ. നീ വേഗം ചെന്നുനോക്ക്”. എന്റെ രക്തത്തിൽ തീ കലർന്നു. ഞാനെന്റെ കാതുകളെ ലോഹപ്പെടുത്തി ഐ സി യുവിന്റെ അഗ്നിമുറിയിലേക്ക് വിറച്ചുനടന്നു.
[irp]
ഡോക്ടർ പറയുകയാണ്, “പേഷ്യന്റിന്റെ ഹാർട്ട് ബീറ്റ് ഡൗൺ ആകുന്നുണ്ട്, വെന്റിലേറ്റർ ഘടിപ്പിക്കണം. സമ്മതം തരണം. അൽപ്പം സീരിയസ്സാണ്.” എനിക്ക് അപകടകരമായ ഒരു അറിവ് കിട്ടി. ഞങ്ങളെ ആറ് മക്കളെ നൊന്തുപെറ്റ് ജീവിതത്തിൽ ഒട്ടനവധി കഷ്ടപ്പാടുകൾ സഹിച്ചിറക്കി ഇപ്പോൾ ഞങ്ങൾക്കും ഞങ്ങളുടെ മക്കൾക്കും വേണ്ടി മാത്രമായി ജീവിക്കുന്ന, നെഞ്ചിൽ എപ്പോളും ഹൂ, എന്റെ മക്കൾ എന്ന തീയാളിച്ച് ജീവിക്കുന്ന ഉമ്മ ഇതാ വിടപറയുകയാണ്. ബന്ധുമിത്രാദികളയെല്ലാം ഹോസ്പിറ്റലിലേക്ക് വിളിച്ചു വരുത്തി. ഞാൻ ഐ സി യുവിലേക്ക് പാളിച്ചെന്ന് നോക്കുമ്പോഴുണ്ട് അണയുന്ന ജീവനാളത്തെ പൊത്തിപ്പിടിക്കാനായി ഡോക്ടർമാരും നഴ്‌സുമാരും വെപ്രാളപ്പെട്ട് പരക്കം പായുന്നു. എന്റെ ആത്മാവിന്റെ കോശങ്ങളിലൂടെ പതിനായിരം ആംബുലൻസുകൾ സൈറൺ മുഴക്കി ഓടി. എന്റെ കൺപോളകൾക്ക് കീഴെ കണ്ണുനീരിന്റെ പതിനാല് കടലുകൾ ഘനീഭവിച്ച് കിടന്നു. നാലുനാൾ മുമ്പുവരെ എന്നോട് എന്തെല്ലാമോ മിണ്ടിപറഞ്ഞ, എനിക്കായി ഏത്രയോ രാത്രികളിൽ ഉറക്കമിളച്ച, പനി പിടിച്ചു കിടന്ന എന്നെ പാതിരാക്ക് തോളിലിട്ട് ആശുപത്രിയിലേക്ക് വേച്ചോടിയ, എന്റെ വേരും ചില്ലയും, എന്റെ ഇലയും കായും എല്ലാം പടർന്നു കയറിയ എന്റെ ഉമ്മ എന്നോടൊന്നും മിണ്ടാതെ കിടക്കുന്നു. ഏതു സമയത്തും ഉള്ളുപൊള്ളിക്കുന്ന ഒരു വാർത്ത കേൾക്കാൻ വിധിക്കപ്പെട്ടുകൊണ്ടുള്ള ആ കാത്തിരിപ്പിനെക്കാൾ സങ്കടകരമായി ഇനി വേറെന്തുണ്ടാകാനാണ്. ഞാനന്ന് സന്ധ്യക്കു മുമ്പായി അധോവഴികളിലൂടെ ചേമ്പറിൽ എത്തിച്ചേരുകയും ഉപായവർത്തമാനങ്ങളിലൂടെയും മാസ്മരിക ഭാവത്തിലൂടെയും ഡോക്ടറുടെ ഹൃദയവാതിൽ തള്ളിത്തുറക്കുകയും ചെയ്തു. പെയ്യാൻ കാത്തിരിക്കുന്ന പേമാരിയേയും കണ്ണിലേറ്റിക്കൊണ്ട് നിന്ന എന്നോട് ഡോക്ടർ ഉള്ളുതുറന്ന് സംസാരിച്ചു. ഇല്ല, പ്രശ്‌നം ഇല്ല. അത്യാസന്നനില തരണം ചെയ്തിട്ടുണ്ട്. ഇപ്പോൾ നല്ല റെസ്‌പോൺസ് കിട്ടുന്നുണ്ട്. രണ്ടാഴ്ച കൊണ്ട് നോർമലാകും. ഇരുട്ട് കട്ടകുത്തിയ എന്റെ ഹൃദയത്തിൽ ആയിരം സ്വർണസൂര്യൻമാർ ഒന്നിച്ചു ചിരിച്ചു. അതിനേക്കാൾ സന്തോഷകരമായി ഇനിയെന്തു കേൾക്കാനാണ്.
ഉമ്മ ജീവിച്ചിരിക്കുന്നവരേ! ഉറപ്പ്, ഉള്ളപ്പോൾ അവരുടെ വില നമുക്കറിയില്ല. നമുക്കവരെ ഉള്ളിന്റെ ഉള്ളിന്റെ ഉള്ളിൽ പെരിത്തിഷ്ടമായിരിക്കുമെങ്കിലും നമ്മുടെ പുറം പ്രകടനങ്ങളിൽ ആ ഇഷ്ടത്തിന്റെ നനവ് പടർന്നിരിക്കണമെന്നില്ല. ചിലപ്പോൾ ആട്ടായും, തുപ്പായും, പുച്ഛമായും, പരിഹാസമായും അത് രൂപമാറ്റം വന്നെന്ന് വരാം. ഉറപ്പ്, ആരുടെ കുടൽകുഴമ്പാണോ പത്ത് മാസം നാം ഊറ്റികുടിച്ചത്, ആരുടെ സ്തനാമൃതമാണോ രണ്ട് കൊല്ലം നാം ചപ്പിക്കുടിച്ചത്, ആരുടെ ഉറക്കും, കിടപ്പുമാണോ കാലങ്ങളോളം നാം ചോർത്തിയെടുത്തത്.. അങ്ങനെയുള്ള ഒരു പച്ച പാവം- നമ്മുടെ ഉമ്മ ഇതാ എന്നെന്നേക്കുമായി നമ്മോട് വിട പറയുന്നു. ഏന്നൊരു ഘട്ടം വന്നാൽ അപ്പോൾ അറിയാം നിങ്ങൾ അനുഭവിക്കാൻ പോകുന്ന ആഘാതത്തിന്റെ ആഴം.
[irp]
ഡോക്ടർ പറഞ്ഞതിലുപരിയായി ചുരുങ്ങിയ നാളുകൾ കൊണ്ട് ഉമ്മ ഐ സി യു വിട്ട് റൂമിലെത്തി. ബോധം തെളിഞ്ഞ് സംസാരിക്കാറായപ്പോൾ കൂടിനിന്ന മക്കളോട് ഉമ്മ ആദ്യം ചോദിച്ചത് “നിങ്ങളൊക്കെ വല്ലതും കഴിച്ചോ മക്കളെ” എന്നാണ്. അതാണ് മക്കളേ ഉമ്മ!
ചെറുപ്പത്തിൽ നാട് വിട്ട് കാലങ്ങൾക്കുശേഷം ഒരു നട്ടപ്പാതിരക്ക് വീട്ടിൽ തിരിച്ചു വരുമ്പോൾ പുറത്ത് ചോറുവിളമ്പി വിളക്കുകത്തിച്ചു കാത്തിരിക്കുന്ന ഉമ്മയുടെ കഥ പറയുന്നുണ്ട് ബഷീർ. ഇയ്യിടെ ഒരു വീഡിയോ ക്ലിപ്പ് കണ്ട് കണ്ണു നനഞ്ഞുപോയി. പെരുന്നാൾ ദിവസം പ്രവാസി സുഹൃത്ത് വീട്ടിലേക്ക് ഫോൺ വിളിക്കുന്നു. പെങ്ങൻമാരും, മരുമക്കളും ഫോണിൽ സദ്യസത്കാരങ്ങളുടെ കളറുതേച്ച ഗോസിപ്പുകൾ അടിച്ചുവിടുന്നു. അത്യാവശ്യം കൊടുത്തയക്കേണ്ട ഗൾഫ് സാമാനങ്ങളുടെ പട്ടിക നിരത്തുന്നു. ഒടുക്കം ഫോൺ കൈയിൽ കിട്ടിയ ഉമ്മ “നീ വല്ലതും കഴിച്ചോ മോനേ” എന്ന് ചോദിച്ച് കൊണ്ട് തൊണ്ട ഇടറുന്നു. “നീയില്ലാതെ എന്ത് പെരുന്നാൾ മോനേ..എന്ത് സന്തോഷം മോനേ..” എന്ന് ചോദിച്ച് വിങ്ങിപ്പൊട്ടുന്നു. ഇതാണ് മക്കളെ ഉമ്മ.
മറ്റൊരു വീഡിയോ മനുഷ്യന്റേതല്ല, മാനിന്റേതായിരുന്നു. അമ്മമാനും കുഞ്ഞിമാനും പുഴക്കു കുറുകെ നീന്തുകയാണ്. പെട്ടെന്ന്, അമ്മമാനിന്റെ മുഖം വെപ്രാളത്താൽ വെന്തുകറുത്തു. അകലേക്കാണത് നോക്കുന്നത്. ആസകലം ആധി. അത് കാണുകയാണ്, മുന്നേ നീന്തുന്ന മോളെ ലക്ഷ്യമാക്കി ഒരു മുതല ഹിംസതൃഷ്ണയോടെ ചീറിയടുക്കുന്നത്. ഏതാനും മിനുട്ടുകൾക്കകം എന്റെ മാണിക്യക്കണ്ടം ആ മുതലവായിൽ പൊട്ടിയരയും. ഇതാ.. അതിങ്ങടുത്തെത്തിപ്പോയി. ഇനി മാർഗം ഒന്നേയുള്ളൂ…എന്റെ പൊന്നുങ്കുടത്തിന് വേണ്ടി ഞാൻ എന്നെ മുതലച്ചാർക്ക് ബലിനൽകുക. ഹൊ! കണ്ടുനിൽക്കാൻ കഴിയില്ല പിന്നത്തെ ദൃശ്യം. അത് നേരെ മരണത്തിന്റെ വായിലേക്ക് ഇളകിനീന്തുകയാണ്, മുതലക്കും കുഞ്ഞിനും മധ്യത്തിലായി. ആ അമ്മയെ ആഘോഷത്തോടെ ആ മുതല കടിച്ചൊടിച്ച് വെള്ളത്തിലേക്ക് മുങ്ങുന്നു. കുഞ്ഞിമാൻ ഒരുവിധം നീന്തി കരപ്രാപിക്കുന്നു.
ശരണ്യേ! ചോദിച്ചുപോവുകയാണ്, നിനക്കെങ്ങനെ സാധിച്ചു, നിന്റെ മാറിലൂറിയ മുലപ്പാലൂട്ടിക്കൊണ്ട് നിന്റെ പൊന്നോമനയെ ആ കരിങ്കൽ കൂട്ടത്തിലേക്കെറിയാൻ? വേദനയോടെ അമ്മേ… അമ്മേ… അമ്മേ…എന്ന് വാപുളത്തിക്കരഞ്ഞ് നിന്റെ കൈകളിലേക്ക് കുഞ്ഞിക്കാലുകളുമായി വീണ്ടും പാഞ്ഞെത്തിയ ആ പൈതലിനെ പിന്നെയും ആ പാറക്കൂട്ടത്തിലേക്ക് ആഞ്ഞെറിയാൻ നിനക്കെങ്ങനെ മനസ്സുവന്നു. മോനെ മാത്രമല്ല, മാതൃത്വം എന്ന പരിശുദ്ധ സ്ഫടികത്തെ കൂടിയാണ് നീ എറിഞ്ഞു പൊട്ടിച്ചത്?
ഡോ.ഫൈസൽ അഹ്സനി ഉളിയിൽ
faisaluliyil@gmail.com