Connect with us

Covid19

കൊറോണ: ഭീതിയിൽ ഐ ടി നഗരം; വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം

Published

|

Last Updated

ബെംഗളൂരു | നഗരത്തിലെ ഐ ടി കമ്പനിയിൽ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശിക്ക് കൊറോണ സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതാ നടപടികളുമായി ഐ ടി കമ്പനികൾ. വൈറസ് ബാധിതരുടെ എണ്ണം ഉയർന്നതോടെ ബെംഗളൂരു ഉൾപ്പെടെ രാജ്യത്തെ വിവിധ ഐ ടി കമ്പനികൾ രോഗ പ്രതിരോധ പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ്. ബെംഗളൂരുവിലെ ഭൂരിഭാഗം ഐ ടി കമ്പനികളും ജീവനക്കാർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തിക്കഴിഞ്ഞു. വീട്ടിലിരുന്നു ജോലി ചെയ്താൽ മതിയെന്നാണ് കമ്പനി അധികൃതരുടെ നിർദേശം. ഉപഭോക്താക്കളുമായുള്ള മീറ്റിംഗുകളും പരിശീലന പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. ജലദോഷം പോലുള്ള രോഗ ലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഉടൻ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടാനും മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കാനും നിർദേശിച്ചു. ബെംഗളൂരുവിലെ എല്ലാ ഐ ടി കമ്പനികളും ജീവനക്കാരെ ഡെപ്യൂട്ടേഷനിൽ വിദേശത്തേക്ക് അയക്കുന്നത് നിർത്തിവെച്ചിട്ടുണ്ട്. ഈ രീതി ഇന്ത്യയിലെ മറ്റു ഐ ടി കമ്പനികളും പിന്തുടരുകയാണ്.

ഫെബ്രുവരി 20ന് ദുബൈയിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവാവ് ബെംഗളൂരു ഓഫീസിൽ ജോലി ചെയ്ത ശേഷം 22നാണ് ഹൈദരാബാദിലേക്ക് മടങ്ങിയത്. ദുബൈയിൽ ഹോങ്കോംഗ് സ്വദേശികൾക്കൊപ്പം ജോലി ചെയ്തിരുന്ന സമയത്താണ് 24കാരനായ യുവാവിന് വൈറസ് ബാധയേറ്റതെന്നാണ് സംശയം. ഇയാൾക്കൊപ്പം ബെംഗളൂരുവിൽ താമസിച്ചയാളെ രോഗ ലക്ഷണങ്ങൾ കാണിച്ചതിനെ തുടർന്ന് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. രോഗം സ്ഥിരീകരിച്ച യുവാവിനൊപ്പം ബെംഗളൂരുവിൽ താമസിച്ചവരോടും ജോലി ചെയ്തവരോടും രണ്ടാഴ്ചത്തേക്ക് മറ്റുള്ളവരുമായി ഇടപഴകാതെ കഴിയാൻ ആവശ്യപ്പെട്ടതായി കർണാടക അഡീഷനൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ പറഞ്ഞു.

വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇറാൻ, ദുബൈ എന്നിവിടങ്ങളിൽ നിന്നെത്തിയ രോഗ ലക്ഷണങ്ങളുള്ള ഏഴ് പേർ പ്രത്യേക നിരീക്ഷണത്തിലാണ്. നഗരത്തിലോടുന്ന ബി എം ടി സി ബസുകളെ രോഗാണുവിമുക്തമാക്കുന്നതിന് ആവശ്യമായ ശുചീകരണം ഉറപ്പാക്കാൻ ജീവനക്കാർക്ക് മാർഗ നിർദേശം നൽകി സർക്കുലർ പുറത്തിറക്കി.
സംസ്ഥാനത്തെ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ എന്നിവ വഴി വിദേശത്ത് നിന്നെത്തിയ യാത്രക്കാരുടെ രക്ത പരിശോധന ഇന്നലെയും നടന്നു. ഇതിനകം 39,391 വിദേശ യാത്രക്കാരെ പരിശോധിച്ചു. വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മുൻകരുതൽ നടപടികൾ ഊർജിതമാക്കി. കൊവിഡ് ബാധിത രാജ്യങ്ങളിൽ നിന്നെത്തിയ 468 യാത്രക്കാരിൽ 284 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. ഒരാൾ ആശുപത്രിയിലാണ്.