Eduline
കാര്‍ഷിക, അനുബന്ധ കോഴ്‌സുകളില്‍ ബിരുദ, ബിരുദാനന്തര, ഗവേഷണ പഠനം
രാജ്യത്തെ കാര്‍ഷിക സര്‍വകലാശാലകളില്‍ കാര്‍ഷിക, കാര്‍ഷിക അനുബന്ധ ബിരുദ, ബിരുദാനന്തര, ഗവേഷണ കോഴ്‌സുകളിലെ അഖിലേന്ത്യാ ക്വാട്ട പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ് പരീ-ക്ഷാ ചുമതല. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് കൗണ്‍സില്‍ (ഐ സി എ ആര്‍) എ ഐ ഇ ഇ എ (ബിരുദം), ഐ സി എ ആര്‍, എ ഐ ഇ ഇ എ (ബിരുദാനന്തര ബിരുദം), ഐ സി എ ആര്‍, എ ഐ ഇ ഇ എ, ജെ ആര്‍ എഫ്, എസ് ആര്‍ എഫ് (ഗവേഷണം) പരീക്ഷകള്‍ക്കാണ് അപേക്ഷ ക്ഷണിച്ചത്. കേരളത്തില്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാല, വയനാട് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് എന്നിവിടങ്ങളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനവും ഐ സി എ ആര്‍, എ ഐ ഇ ഇ എ പരീക്ഷയെ അടിസ്ഥാനമാക്കിയാണ്.
ഐ സി എ ആര്‍,
എ ഐ ഇ ഇ എ (ബിരുദം)
രാജ്യത്തെ 42 കാര്‍ഷിക, അനുബന്ധ സര്‍വകലാശാലകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വോട്ട സീറ്റുകളിലാണ് പ്രവേശനം. ബി എസ് സി അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, കമ്യൂണിറ്റി സയന്‍സ്, സെറികള്‍ച്ചര്‍, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ് (ബി എഫ് എസ് സി), ബിടെക് അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിംഗ്, ഡെയ്‌റി ടെക്‌നോളജി, ബയോടെക്‌നോളജി, ഫുഡ് ടെക്‌നോളജി, ബാച്ചിലര്‍ ഓഫ് ഫുഡ് ന്യൂട്രീഷ്യന്‍ തുടങ്ങിയ കോഴ്‌സുകളുണ്ട്. അപേക്ഷിക്കുന്ന കോഴ്‌സനുസരിച്ച് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ്, അഗ്രികള്‍ച്ചര്‍ എന്നിവയില്‍ മൂന്ന് വിഷയങ്ങള്‍ പഠിച്ച് പ്ലസ്ടു പാസായിരിക്കണം. അല്ലെങ്കില്‍ അവസാനവര്‍ഷ പരീക്ഷ എഴുതുന്നവരായിരിക്കണം. കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് വേണം. എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗത്തിന് 40 ശതമാനം മാര്‍ക്ക് മതി.
[irp]
അപേക്ഷയും ഫീസ് നിരക്കും
മാര്‍ച്ച് 31ന് വൈകുന്നേരം അഞ്ചുവരെ അപേക്ഷിക്കാം. ഈ സമയത്തിനകംതന്നെ അപേക്ഷാ ഫീസും ഒടുക്കണം. ജനറല്‍ വിഭാഗത്തില്‍ 750 രൂപയും എസ് സി, എസ് ടി, ഭിന്നശേഷി, ട്രന്‍സ് ജന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 375 രൂപയുമാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റുതിരുത്താന്‍ ഏപ്രില്‍ 25 മുതല്‍ മെയ് രണ്ടുവരെ അവസരം ലഭിക്കും. അഡ്മിറ്റ് കാര്‍ഡ് മെയ് അഞ്ചിന് ലഭിക്കും. ജൂണ്‍ ഒന്നിനാണ് രണ്ടര മണിക്കൂര്‍ പരീക്ഷ. ജൂണ്‍ 15ന് ഫലം പ്രസിദ്ധീകരിക്കും.
ഐ സി എ ആര്‍, എ ഐ ഇ ഇ എ (ബിരുദാനന്തര ബിരുദം)
രാജ്യത്തെ കാര്‍ഷിക, അനുബന്ധ സര്‍വകലാശാലകളിലെ 25 ശതമാനം അഖിലേന്ത്യ ക്വോട്ട സീറ്റുകളിലേക്കും ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാഷണല്‍ ഡെയ്‌റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷന്‍ എന്നിവിടങ്ങളിലെ മുഴുവന്‍ പി ജി സീറ്റുകളിലേക്കുമാണ് പ്രവേശനം. യോഗ്യതാ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. മാര്‍ച്ച് 31 വരെയാണ് അപേക്ഷാ സമയം. ഫീസും ഈ സമയത്തിനകം ഒടുക്കണം. ജനറൽ വിഭാഗത്തിന് 1100 രൂപയും സംവരണ വിഭാഗങ്ങള്‍ക്ക് 550 രൂപയുമാണ് അപേക്ഷാ ഫീസ്. അഡ്മിറ്റ് കാര്‍ഡ് മെയ് എട്ടിന് ലഭിക്കും. ജൂണ്‍ ഒന്നിന് പകല്‍ 2.30 മുതല്‍ 4.30വരെയാണ് പരീക്ഷ. ജൂണ്‍ 15ന് ഫലമറിയാം.
ഗവേഷണ വിഭാഗം
കാര്‍ഷിക അനുബന്ധ സര്‍വകലാശാലകളിലെ 25 ശതമാനം ക്വോട്ട സീറ്റുകളിലേക്കും അഖിലേന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ മുഴുവന്‍ സീറ്റുകളിലേക്കും ജെ ആര്‍ എഫ, എസ് ആര്‍ എഫ് ഗവേഷണ പ്രവേശനത്തിനും മുകളില്‍ സൂചിപ്പിച്ച തീയതികളില്‍ തന്നെ അപേക്ഷിക്കണം. 73 വിഷയത്തിലാണ് പ്രവേശന പരീക്ഷ. അപേക്ഷാ ഫീസ് ജനറല്‍വിഭാഗത്തില്‍ 1800 രൂപയും സംവരണ വിഭാഗങ്ങള്‍ക്ക് 900 രൂപയുമാണ്. രണ്ട്മണിക്കൂര്‍ പരീക്ഷ ജൂണ്‍ ഒന്നിന് നടക്കും. മൂന്ന് വിഭാഗത്തിലെയും പ്രവേശനത്തിന് യോഗ്യത, പരീക്ഷാ കേന്ദ്രങ്ങള്‍, സിലബസ്, ഓണ്‍ലൈന്‍ അപേക്ഷയുടെ വിവിധ ഘട്ടങ്ങള്‍ എന്നിവ വെവ്വേറെ ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിനുകളായി https://icar.nta.nic.in  ഞായറാഴ്ച പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വെബ്‌സൈറ്റിലൂടെതന്നെ ഓണ്‍ലൈന്‍ അപേക്ഷയും സമര്‍പ്പിക്കണം.