Connect with us

Kerala

ഓർമയാകുന്നത് വികസന നായകനായ വിജയണ്ണൻ

Published

|

Last Updated

എൻ വിജയൻപിള്ള എം എൽ എയുടെ ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കുന്നു

കൊല്ലം | വിജയൻപിള്ളയോടുള്ള നാടിന്റെ മുഴുവൻ സ്നേഹവും വിജയണ്ണൻ എന്ന ആ വിളിയിൽ ആവാഹിച്ചിരുന്നു. പഞ്ചായത്തംഗത്തിൽ തുടങ്ങി എം എൽ എ വരെ ആയെങ്കിലും നാട്ടുകാർ പഴയ വിളി മാറ്റിയില്ല. ഈ വിലാസത്തിൽ പ്രതിഫലിച്ച സ്വാതന്ത്ര്യം അണ്ണന്റെയും നാട്ടുകാരുടെയും ബന്ധത്തിന്റെ മാറ്റുകൂട്ടി. നാടിന്റെ സമഗ്ര വികസനവും ജനങ്ങളുടെ ക്ഷേമവും മാത്രമായിരുന്നു വിജയൻപിള്ള എം എൽ എയുടെ മനസ്സിനൊപ്പം സഞ്ചരിച്ചത്. അവസാനം പങ്കെടുത്ത നീണ്ടകരയിലെ പൊതുചടങ്ങ് ഇതിന്റെ നേർസാക്ഷ്യമാണ്.

വെല്ലൂർ മെഡിക്കൽ കോളജിൽ അർബുദം സ്ഥിരീകരിച്ചശേഷം ഈ വർഷം ജനുവരി 21നാണ് ചെന്നൈയിലെ റിലേ ആശുപത്രിയിൽ ചികിത്സ തുടങ്ങിയത്. 10 ദിവസം ഇടവിട്ട് അഞ്ചുഘട്ടമായി കീമോ നടത്താനാണ് നിശ്ചയിച്ചത്. ആദ്യ കീമോക്ക് മുമ്പ് ഫെബ്രുവരി രണ്ടിന് നാട്ടിൽ പോകണമെന്ന് ആഗ്രഹമറിയിച്ചു. സ്വപ്ന പദ്ധതിയായ നീണ്ടകര ഫൗണ്ടേഷനിലെ താലുക്കാശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന് തന്റെ സാന്നിധ്യമുണ്ടാകണമെന്നായിരുന്നു ആഗ്രഹം.
ഡോക്ടർമാർ വിലക്കിയിട്ടും തീരുമാനം മാറ്റിയില്ല. മന്ത്രി കെ കെ ശൈലജയാണ് തറക്കല്ലിടൽ നിർവഹിച്ചത്. അപകടകരമായ അവസ്ഥയിൽ ഇത്രയും ദൂരം സഞ്ചരിച്ച് എത്തിയത് മന്ത്രിയെയും അത്ഭുതപ്പെടുത്തി. 20 മിനിറ്റെടുത്ത് വൈകാരികമായി എം എൽ എ പ്രസംഗിച്ചു. നാടിന്റെ വികസന സ്വപ്നങ്ങളും വ്യക്തിപരമായ പ്രയാസങ്ങളും സ്വന്തം നാട്ടുകാരുമായി പങ്കുവച്ചു. നാട്ടുകാരെ ഒന്നടങ്കം കണ്ണീരണിയിച്ചാണ് പ്രസംഗം അവസാനിപ്പിച്ചത്. വൈകിട്ട് തിരിച്ച് ചെന്നൈക്ക് മടങ്ങിയശേഷം അന്ത്യം വരെ ആശുപത്രിയിൽ നിന്നിറങ്ങിയില്ല.

ആഹാരപ്രിയനാണെന്ന കാര്യം ആകാരത്തിൽ അറിയിച്ചിരുന്ന വിജയൻപിള്ള ഒപ്പമുള്ളവരെയും ഇഷ്ടഭക്ഷണത്തിന് നിർബന്ധിക്കുമായിരുന്നു. വാടക പ്രശ്നം മൂലം ചവറയിൽ അനുവദിച്ച ഗ്രാമന്യായാലയം മുടങ്ങുമെന്നായപ്പോൾ വാടക സ്വയം നൽകാൻ എം എൽ എ തയാറായി. എം എൽ എ ഓഫീസിലെത്തുന്ന ആവശ്യക്കാർക്ക് സ്വന്തം ചെലവിൽ ഭക്ഷണം നൽകുകയും അപേക്ഷാ ഫോറങ്ങളുടെ പകർപ്പ് എടുത്ത് നൽകുകയും ചെയ്തു. ഓഫീസ് പ്രവർത്തനം പൂർണമായും ഓൺലൈനാക്കി. എം എൽ എക്ക് അനുവദിച്ച സ്റ്റാഫിനെക്കൂടാതെ പൊതുജനങ്ങൾക്ക് അവരുടെ ആവശ്യങ്ങളിൽ ഒരു കാലതാമസവും ഉണ്ടാകാതിരിക്കാൻ രണ്ട് പേരെ സ്വന്തം ചെലവിൽ നിയമിച്ചു. മണ്ഡലത്തിലെ എല്ലാവരുമായും ഒരുപേലെ ഇടപഴകിയ വിജയൻപിള്ള അവരുടെ വീടുകളിലെ നിത്യസന്ദർശകനുമായിരുന്നു. ദുഃഖത്തിലും സന്തോഷത്തിലും ഏത് സമയവും ഓടിയെത്തുന്ന ജനകീയത ആരെയും അത്ഭുതപ്പെടുത്തി.

പിതാവായ മെമ്പർ നാരായണപിള്ള മെമ്മോറിയൽ ട്രസ്റ്റിന്റെ പേരിൽ പ്രവൃത്തിക്കുന്ന കരുനാഗപ്പള്ളി വിജയ ഹോട്ടൽ, ശാസ്താംകോട്ട വിജയ കാസ്റ്റിൽ, ചവറ വിജയ പാലസ്, ചവറ എം എസ് എൻ കോളജ്, എം ബി എ കോളജ് എന്നിവയുടെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് വിജയൻ പിള്ള. ചവറക്ക് വിജയൻ പിള്ളയുടെ വിയോഗത്തോടെ നഷ്ടമായത് നിറഞ്ഞ ചിരിയോടെ രാഷ്ട്രീയത്തെ വ്യവസായമായി കാണാത്ത ചവറക്കാരുടെ വിജയണ്ണനെയാണ്.

ayoobcnan@gmail.com

Latest