Articles
ശ്യാമമാധവം: സാഹിത്യത്തിനും കൂച്ചുവിലങ്ങോ?
സംഘ്പരിവാര്‍ ആരാധനാലയങ്ങളെയും ഇതര മതസ്ഥരെയും മാത്രമല്ല സാഹിത്യത്തെയും വേട്ടയാടി തുടങ്ങിയിരിക്കുന്നു. കലയും സാഹിത്യവും എന്നും ഫാസിസ്റ്റുകള്‍ക്കൊരു പേടി സ്വപ്‌നമായിരുന്നല്ലോ. ഒരു തല മുറിച്ചു മാറ്റിയാല്‍ തത്സ്ഥാനത്ത് നൂറ് തലകള്‍ പ്രത്യക്ഷപ്പെടുന്ന ഗ്രീക്കു പുരാണത്തിലെ ഹൈഡ്രാ എന്ന വിചിത്ര സര്‍പ്പത്തിന്റെ സ്വഭാവമാണ് സാഹിത്യത്തിന്. ഇതറിയാത്ത അല്‍പ്പ ബുദ്ധികള്‍ അധികാര കസേരക്കു ചുറ്റും സ്തുതി പാഠകരായി ചുറ്റിക്കറങ്ങുമ്പോള്‍ ഇതും ഇതിലപ്പുറവും സംഭവിക്കും. കവി പ്രഭാവര്‍മയുടെ “ശ്യാമമാധവം” എന്ന കാവ്യത്തിന് ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹിന്ദു ഐക്യവേദിയുടെ പ്രവര്‍ത്തകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതിയാകട്ടെ കൂടുതല്‍ വിചാരണക്കോ പരിശോധനകള്‍ക്കോ ഒന്നും മിനക്കെടാതെ ഹരജി ഫയല്‍ ചെയ്തപ്പോള്‍ തന്നെ ഫെബ്രുവരി 28ന് ഗുരുവായൂര് വെച്ച് നല്‍കാന്‍ തീരുമാനിച്ചിരുന്ന അവാര്‍ഡ്ദാന പരിപാടി സ്റ്റേ ചെയ്ത് ഉത്തരവ് നല്‍കുകയും ചെയ്തു. കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന നിലയിലാണ് ചിലപ്പോഴെങ്കിലും നമ്മുടെ ചില കോടതികളുടെ പെരുമാറ്റം. പൂച്ചക്കെന്താണ് പൊന്നുരുക്കുന്നിടത്ത് കാര്യം എന്നൊന്നും ചോദിക്കുന്നില്ല. എങ്കിലും ചോദിച്ചു പോകുന്നു. കവിതയും സാഹിത്യവും ഒക്കെ ആയി കോടതികള്‍ക്ക് എന്തുബന്ധം? കവികളാരും നിയമ വിദഗ്ധരല്ലാത്തതു പോലെ വക്കീലും ജഡ്ജിയും ഒന്നും കാവ്യ മീമാംസകരും അല്ല.
മനുഷ്യരെ മാത്രമല്ല, ദൈവങ്ങളെയും ക്ഷേത്രങ്ങളെയുമെല്ലാം തങ്ങളുടെ വരുതിക്ക് നിര്‍ത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമികള്‍, സര്‍വകലാശാലകള്‍, വിവിധ ദേവസ്വം ബോര്‍ഡുകള്‍ ഇവയെയെല്ലാം ആര്‍ എസ് എസിന്റെ പാചകപ്പുരയില്‍ തയ്യാറാക്കി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന നൂതന ഹിന്ദുത്വ അജന്‍ഡക്കനുസരിച്ച് പരുവപ്പെടുത്താനാണ് പുറപ്പാട്. പുരാതന ഗ്രീസില്‍ നിന്ന് തിരോഭവിച്ച് പ്രൊക്രാസ്റ്റസ എന്ന രാക്ഷസനും അയാളുടെ കട്ടിലും ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് ഇന്ത്യയിലാണ്. എല്ലാവരെയും തുല്യരാക്കുക എന്നതായിരുന്നു പ്രൊക്രാസ്റ്റസിന്റെ ഉദ്ദേശ്യം. അതിനായി വഴിയെ പോകുന്ന സകലരെയും പിടിച്ചു തന്റെ കട്ടിലില്‍ കിടത്തുന്നു. ഓരോ മനുഷ്യന്റെയും ശരീര ഭാഗങ്ങള്‍ കട്ടിലിന് പാകമാകുന്ന തരത്തില്‍ ഒന്നുകില്‍ വലിച്ചു നീട്ടും. അല്ലെങ്കില്‍ മുറിച്ചു മാറ്റും. കട്ടിലില്‍ കിടന്നു വേദനിച്ചു പുളയുന്ന മനുഷ്യര്‍ പ്രൊക്രസ്റ്റസിന് നല്ലൊരു കാഴ്ചയായിരുന്നു. ഹിന്ദു ഐക്യവേദിയുടെ സാഹിത്യ സങ്കല്‍പ്പവും ഇങ്ങനെ ഒക്കെ തന്നെയാണ്. ഹിന്ദു പശ്ചാത്തലമുള്ള ഗുരുവായൂര്‍ ദേവസ്വവും ജ്ഞാനപ്പാന എഴുതിയ പൂന്താനവുമൊക്കെ തങ്ങളുടെ സ്വന്തമാണ്. അവരുടെ പേരിലുള്ള അവാര്‍ഡുകള്‍ തങ്ങള്‍ നിര്‍ദേശിക്കുന്നവര്‍ക്കു നല്‍കിയാല്‍ മതി. സവര്‍ണ ഹിന്ദുത്വവാദികള്‍ക്കായി കരുതി വെച്ചിരിക്കുന്ന ഇത്തരം ബഹുമതികളും അംഗീകാരവും ഒന്നും പന്തിഭോജനത്തില്‍ ഒപ്പം ഇരിക്കാന്‍ അര്‍ഹതയില്ലാത്ത, അവര്‍ണപക്ഷ കവികള്‍ക്ക് നല്‍കേണ്ടതില്ലെന്ന് സാരം. പ്രഭാവര്‍മ പേരുകൊണ്ട് വര്‍മയാണെങ്കിലും, കര്‍മം കൊണ്ട് അധകൃതപക്ഷ വാദിയായിപ്പോയി. എന്തുചെയ്യാം. എത്രയോ വര്‍മമാരും ശര്‍മമാരും നമ്പൂതിരിപ്പാടുമാരും അവരുടെ തലക്കുള്ളിലെ വെളിച്ചം നിമിത്തം ആകാം ഹൈന്ദവ ദേവീ ദേവന്മാരെയും അവര്‍ പ്രതിനിധാനം ചെയ്യുന്ന ആധ്യാത്മിക ദര്‍ശനങ്ങളെയും സങ്കുചിതമായ സാമുദായിക ചിട്ടവട്ടങ്ങളില്‍ നിന്ന് മോചിപ്പിച്ച് സാര്‍വ ലൗകീകവും സാര്‍വകാലികവുമായ ജീവിത മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ദാര്‍ശനികമായ ഉള്‍ക്കാഴ്ചയോടെ ചിത്രീകരിച്ചിരിക്കുന്നു. ആശാനും വള്ളത്തോളും ഉള്ളൂരും മാത്രമല്ല ചങ്ങമ്പുഴയും വയലാറും ഒക്കെ ഇപ്രകാരം ചെയ്തിട്ടുള്ളവരാണ്. അപ്പോഴൊന്നും, പൊട്ടി ഒലിക്കാത്ത ഈ മൂലക്കുരു ഇപ്പോള്‍ മാത്രം എന്തുകൊണ്ട് പൊട്ടി ഒലിക്കുന്നു? അതെ ഇപ്പോഴാണ് ഇതിനൊക്കെയുള്ള സമയം. പാഠപുസ്തകങ്ങള്‍ തിരുത്തുക, ചരിത്രം വളച്ചൊടിക്കുക ഇതെല്ലാം ഇപ്പോഴല്ലെങ്കില്‍ പിന്നെ എപ്പോള്‍? ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി എന്തിന് ആത്മഹത്യ ചെയ്തു എന്നതു പോലുള്ള ചോദ്യങ്ങള്‍ പരീക്ഷാ ചോദ്യക്കടലാസില്‍ ഉള്‍ക്കൊള്ളിക്കാനുള്ള ധൈര്യം ചില വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ അധ്യാപകര്‍ പ്രകടിപ്പിച്ചിരിക്കുന്നു. പിന്നെയാണോ അവര്‍ക്കീ കൊച്ചു കേരളത്തിലെ ഒരു പ്രഭാവര്‍മ!
വിവാദ വിഷയമായ ശ്യാമമാധവം മുമ്പേ തന്നെ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ഒരു കൃതിയാണ്. ഒരു സാഹിത്യകൃതി മഹത്വവത്കരിക്കപ്പെടുന്നത് പുരസ്‌കാരങ്ങളെയോ തിരസ്‌കാരങ്ങളെയോ മുന്‍നിര്‍ത്തിയല്ല, അതിന്റെ ഉള്ളടക്കത്തിന്റെ സവിശേഷത കൊണ്ടാണ്. പുരസ്‌കാരങ്ങള്‍ ഈ സവിശേഷതയെ സഹൃദയ ശ്രദ്ധയില്‍പ്പെടുത്താന്‍ സഹായകമായ ഉപാധികള്‍ മാത്രമാണ്. ശ്യാമമാധവത്തിലെ മുഖ്യകഥാപാത്രം ശ്രീകൃഷ്ണനാണ്. ശ്രീകൃഷ്ണന്‍ ഹിന്ദു പുരാണങ്ങളിലെ സങ്കല്‍പ്പം അനുസരിച്ചുള്ള ഒരു ഈശ്വരാവതാരമാണ്. അവതാര പുരുഷന്മാരെയെല്ലാം ആരാധനാ മൂര്‍ത്തികളായി കണ്ട് അവരുടെ വിഗ്രഹങ്ങള്‍ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ച് അവയെ പൂജിച്ച് ഈശ്വരാനുഗ്രഹം പ്രാപിക്കുക എന്നത് ബഹുവിധമായ ഹൈന്ദവ ചിന്താധാരകളില്‍ ഒന്നുമാത്രമാണ്. മനുഷ്യരില്‍ നിന്ന് ബഹുദൂരത്ത് വര്‍ത്തിക്കുന്ന പരമോന്നത ദൈവത്തെ, ഭൂമിയിലെ മനുഷ്യരുമായി സംയോജിപ്പിക്കുന്നതിന് പ്രതിഭയും പ്രവാചകത്വവും ഒത്തിണങ്ങിയ കവിഭാവന സൃഷ്ടിച്ച കഥാപാത്രങ്ങളാണ് അവതാര പുരുഷന്മാര്‍ എന്ന കാഴ്ചപ്പാട് പുലര്‍ത്തുന്നവരാണ് ഹൈന്ദവ ആധ്യാത്മിക ധാരയിലെ ഒട്ടേറെ മഹാത്മാക്കള്‍.
പ്രഭാവര്‍മ മാത്രമല്ല ടാഗോര്‍ മുതല്‍ എം ടി വാസുദേവന്‍ നായര്‍ വരെ എത്രയോ എഴുത്തുകാര്‍ ശ്രീരാമനെയും ശ്രീകൃഷ്ണനെയും ദിവ്യപുരുഷന്മാരെന്ന നിലയില്‍ മാത്രം കാണാതെ, മനുഷ്യ മാതൃകകളെന്ന നിലയില്‍ ചിത്രീകരിച്ചിരിക്കുന്നു. ദൈവമോ ദൈവത്തിന്റെ ചെയ്തികളോ ഒന്നുമല്ല മനുഷ്യനും അവന്റെ ചെയ്തികളുമാണ് ലോകത്തെവിടെയും സാഹിത്യത്തിന് വിഷയമായിട്ടുള്ളത്. മഹാകവി കാളിദാസനെപ്പോലുള്ളവര്‍ ഇക്കാലത്ത് ജീവിച്ചിരിക്കാത്തത് എത്രയോ നന്നായി. അല്ലെങ്കില്‍ ഈ സംഘ്പരിവാറുകാര്‍ അദ്ദേഹത്തെ ഭൂമുഖത്ത് വെച്ചേക്കുമായിരുന്നില്ല. പ്രപഞ്ച പിതാവെന്ന് ഹിന്ദു വിശ്വാസ പ്രകാരം സങ്കല്‍പ്പിക്കപ്പെടുന്ന സാക്ഷാല്‍ പരമേശ്വരനെപ്പോലും ഒരു യഥാര്‍ഥ മനുഷ്യനായിട്ടാണ് കാളിദാസന്‍ കുമാരസംഭവം എന്ന വിശ്വോത്തര കാവ്യത്തില്‍ സങ്കല്‍പ്പിച്ചിരിക്കുന്നത്. ആ കാവ്യത്തിന്റെ എട്ടാം സര്‍ഗം പൂര്‍ണമായും ശിവ-പാര്‍വതിമാരുടെ സംഭോഗ ലീലകളുടെ പച്ചയായ വിവരണമാണ്. എ ആര്‍ രാജരാജവര്‍മ ഇതത്രയും ശുദ്ധമായ മലയാള ഭാഷയില്‍ വിവര്‍ത്തനം ചെയ്തു നമുക്ക് തന്നിട്ടുണ്ട്. അപ്രകാരം ചെയ്തതിന്റെ പേരില്‍ എ ആര്‍ തമ്പുരാനും അതു വായിക്കുകയും പഠിക്കുകയും ചെയ്തതിന്റെ പേരില്‍ ഒരു ഹിന്ദുവിനും അവരുടെ ശിവ-പാര്‍വതി ഭക്തിക്കു യാതൊരിടിവും സംഭവിച്ചതായി കേട്ടിട്ടില്ല.
ശ്രീകൃഷ്ണന്‍ അഞ്ച് ജ്യേഷ്ഠാനുജന്മാര്‍ക്ക് ഒരേ സമയം ഭാര്യയായിരുന്ന പാഞ്ചാലിയുമായി ജാരബന്ധം പുലര്‍ത്തിയിരുന്നതായി പ്രഭാവര്‍മയുടെ ശ്യാമമാധവത്തില്‍ പരാമര്‍ശം ഉണ്ടെന്നതാണ് ശ്യാമമാധവത്തിനെതിരെ സംഘികള്‍ ഉന്നയിക്കുന്ന ഒരാരോപണം. “അരസികേഷു ശിരസ്സികവിത്വ നിവേദനം ശിരസ്സി നാ മാലിഖ മാലിഖ” എന്ന് പണ്ടൊരു കവി ഭഗവാനോട് പ്രാര്‍ഥിച്ചില്ലേ. അതു തന്നെയാണ് ഇത്തരം തരം താണ ആരോപണങ്ങള്‍ക്കുള്ള മറുപടി. ഇവര്‍ ജ്ഞാനപീഠ ജേതാവായ മഹാനായ എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം വായിച്ചിട്ടുള്ളതായി കരുതാന്‍ പ്രയാസം. ശ്രീകൃഷ്ണനും പാഞ്ചാലിയും തമ്മിലുള്ള ഇത്തരം ഒരു ബന്ധത്തെ കൃത്യമായി ധ്വനിപ്പിക്കുന്നത് ഈ നോവലിലാണ്. സരസ്വതിയുടെ നഗ്നചിത്രം വരച്ച എം എഫ് ഹുസൈനെതിരെ മുഴക്കിയ ഗോഗ്വാ വിളികളൊന്നും ആരും എം ടിക്കെതിരെ മുഴക്കുകയുണ്ടായില്ല. ഭാഗ്യം! ദൈവത്തിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭിന്നിപ്പിച്ച് എങ്ങനെയും അവര്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുക എന്ന ഒരേ ഒരു ലക്ഷ്യം മാത്രം കൈമുതലായി കൊണ്ടു നടക്കുന്ന ക്ഷുദ്ര ശക്തികള്‍ക്ക് കവിതയും കഥയും ഒന്നും മനസ്സിലായി എന്നു വരില്ല.
പുരാണങ്ങളും പുരാവൃത്തങ്ങളും അടിസ്ഥാനമാക്കി സമകാലിക ജീവിതാവസ്ഥകളെ വിശദീകരിക്കുന്നതിനുള്ള സ്വാതന്ത്ര്യം സാഹിത്യകാരന്മാര്‍ക്കു നിഷേധിക്കുന്നത് ഫാസിസമാണ്. ഇത് രാഷ്ട്ര ശരീരത്തില്‍ പിടിമുറുക്കി തുടങ്ങുന്നതിന്റെ ലക്ഷണമാണ് ഇത്തരം ഒച്ചപ്പാടുകള്‍. ഇതിനൊക്കെ ലോക ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതുകൊണ്ടായിരിക്കുമല്ലോ കാളിദാസന്‍ തന്റെ മാളവികാഗ്നിമിത്രത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ എഴുതിയത്
പുരാണമിത്യോവ ന സാധുസര്‍വം
നചാപി കാവ്യം നവ മിത്യ വദ്യം
സന്തഃപരീക്ഷന്യ തരദ് ഭജന്തേ
മൂഢഃ പരപ്രത്യനേയ ബുദ്ധീഃ
പുരാണ പരാമര്‍ശം ഉള്ളതുകൊണ്ടു മാത്രം എല്ലാം നല്ലതായി കൊള്ളണമെന്നില്ല. പുതിയതായതു കൊണ്ട് കാവ്യം മോശമാകണമെന്നുമില്ല. വിവേകികള്‍ പരിശോധിച്ച് നല്ലത് തിരഞ്ഞെടുക്കുന്നു. മൂഢന്മാര്‍ മറ്റുള്ളവര്‍ പറയുന്നത് വിശ്വസിക്കുന്നു.
കെ സി വര്‍ഗ്ഗീസ്
9447500628