Articles
പ്രവാസിയോളം ആകുലതകള്‍ ആര്‍ക്കുണ്ട്?
നാടും കുടുംബവും ഉപേക്ഷിച്ചതിന്റെ വേദനയും അവരുടെ സുരക്ഷയെ കുറിച്ചുള്ള ഉത്കണ്ഠയും ഓരോ പ്രവാസിയുടെയും എല്ലാ കാലത്തെയും വിചാരങ്ങളാണ്. ഒറ്റപ്പെടലിന്റെ വിഹ്വലതയില്‍ ദുരിതപര്‍വങ്ങള്‍ മറികടക്കേണ്ടി വരുമ്പോഴും ഈ കരുതലിന് അവന്‍ ഭംഗം വരുത്താറില്ല. കൊറോണ കാലം പക്ഷേ, അവന്‍ കരുതല്‍ നല്‍കേണ്ടവനും നാട്ടുകാരും കൂടെപ്പിറപ്പുകളും അത് ഏറ്റുവാങ്ങേണ്ടവരും അല്ല എന്നതാണ് സ്ഥിതി.
പ്രവാസി വികാരങ്ങളെ ഈ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോഴാണ് അതിന്റെ തീവ്രത ബോധ്യപ്പെടുക. കൊവിഡ് 19 അവനെക്കൂടി നേരിട്ട് ബാധിച്ചിരിക്കുന്നു. അവന്റെ ജീവിത മാര്‍ഗത്തെ തൊട്ടിരിക്കുന്നു. ഭാവിയെ കുറിച്ച് ഒന്നും പറയാനാകാത്ത സ്ഥിതി എത്തിപ്പെട്ടിരിക്കുന്നു. അല്ല, ലോകമൊന്നാകെ പടര്‍ന്ന മഹാമാരിയില്‍ പ്രവാസിയോളം ആകുലതകള്‍ മറ്റാര്‍ക്കുമുണ്ടാകാനിടയില്ല.
നിലവില്‍ സാമൂഹിക വ്യാപനം തുടരുന്ന കൊവിഡ് 19 ഒരു ആഗോള ആരോഗ്യ പ്രശ്‌നം എന്നതോടൊപ്പം ഒരു ലോക സാമ്പത്തിക പ്രത്യാഘാതം കൂടിയാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖല ഉള്‍പ്പെടെ, ഉത്പാദനം, വ്യവസായം, വിദ്യാഭ്യാസം, വാണിജ്യം, ചില്ലറ വില്‍പ്പന, ഗതാഗതം തുടങ്ങി മനുഷ്യ വ്യവഹാരത്തിനാവശ്യമായ ചെറുതും വലുതുമായ എല്ലാ മേഖലകളെയും കൊവിഡ് സ്തംഭിപ്പിച്ചിരിക്കുകയാണ്. ശമ്പളത്തിലും ആരോഗ്യത്തിലും ആരംഭിക്കുന്ന ദൗര്‍ലഭ്യം പതിയെ പടര്‍ന്ന് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നതില്‍ തര്‍ക്കമില്ല. പ്രവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങളോടൊപ്പം ഈ കാഴ്ചപ്പാടിലൂടെ സമീപിക്കുമ്പോള്‍ മാത്രമാണ് ഈ പ്രതിസന്ധിയെ യഥാര്‍ഥത്തില്‍ മറികടക്കാനാകുക.
ഒരു ആഗോള ആരോഗ്യ അടിയന്തരാവസ്ഥയില്‍ ജനങ്ങളുടെ ജീവന് വില കല്‍പ്പിക്കുകയും മുന്‍കരുതല്‍ നടപടികള്‍ക്കും പ്രതിരോധങ്ങള്‍ക്കും പ്രാധാന്യം നല്‍കി പ്രാവര്‍ത്തികമാക്കുകയുമാണ് ചെയ്യുക. അതാണ് ചെയ്യേണ്ടതും. അവിടെ ഇത്തരം നടപടികള്‍ താത്കാലികമായോ സ്ഥായിയായോ സാമ്പത്തിക ഘടനയെയും വിനിയോഗത്തെയും എങ്ങനെ ബാധിക്കുമെന്നത് പ്രധാനമല്ല. പക്ഷേ, ജനങ്ങളുടെ ജീവിതത്തിന് സ്വസ്ഥതയും സുസ്ഥിതിയും ഉണ്ടാകാന്‍ സാമ്പത്തികം അനിവാര്യമാണ് എന്നതാണ് ഈ സമയത്തെ സാമ്പത്തിക ചിന്തയെ പ്രസക്തമാക്കുന്നത്.
അതോടൊപ്പം ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളിലും പ്രവാസിയുടെ അനുഭവം കടുത്തതാകും. ഒരു വിമുഖ മനോഭാവമാണ് പ്രധാനമായും കൊറോണ സാമൂഹികമായി വ്യക്തിയില്‍ ഉത്പാദിപ്പിക്കുന്നത്. സമൂഹ വ്യവസ്ഥിതിയില്‍ അനിവാര്യമായും വേണ്ട സര്‍ക്കാര്‍ സേവനങ്ങള്‍ നിലക്കുകയോ രോഗപ്രതിരോധ നടപടികളില്‍ മാത്രമായി കേന്ദ്രീകരിക്കുകയോ ചെയ്യുന്നു. സ്ഥാപനങ്ങളും സ്‌കൂളുകളും നിര്‍ത്തിവെക്കുന്നു. രാജ്യാന്തര യാത്രകള്‍ റദ്ദ് ചെയ്യപ്പെടുന്നു. വ്യക്തികള്‍ തമ്മില്‍ കലരുന്ന എല്ലാ തരം വ്യവഹാരങ്ങളും നിയന്ത്രിക്കപ്പെടുന്നു. ഇവിടെ ഒറ്റപ്പെട്ടവന്‍ വീണ്ടും ഒറ്റപ്പെടുന്നു എന്ന അവസ്ഥയാണ് സംജാതമാകുന്നത്.
കൊറോണ ഉണ്ടാക്കുന്ന സാമൂഹിക പ്രശ്‌നങ്ങളുടെ ആഴവും വലുതാണ്. എല്ലാം നിലക്കുമ്പോള്‍ പാഴാകുന്ന മനുഷ്യ വിഭവങ്ങള്‍ ഇനി എത്രത്തോളം വീണ്ടെടുക്കാന്‍ കഴിയുമെന്നത് കണ്ടറിയേണ്ടതുണ്ട്. സ്‌കൂളുകള്‍ അടക്കുന്നതോടെ സംവിധാനിക്കുന്ന വിദൂര ഡിജിറ്റല്‍ ബദലുകള്‍ ഏതുതരം വിദ്യാര്‍ഥികളില്‍ എന്നതും ഏതു വരെ എന്നതും പ്രസക്തമാണ്. കൃത്യമായ അടിസ്ഥാന പ്രവര്‍ത്തനങ്ങളോ ശില്‍പ്പശാലകളോ നടക്കാതെയുള്ള രീതി മാറ്റത്തിന്റെ തത്കാല ഇഫക്ട് പുതുമയും കൗതുകവും മാത്രമാകും സമ്മാനിക്കുക. ദീര്‍ഘകാലത്തെ ഫലത്തിന് കാത്തുനില്‍ക്കാതെ ഒരുവേള പഴയ രീതിയിലേക്ക് തിരികെ പോകുകയും ചെയ്യും.
കൊറോണ ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ അവധി വെട്ടിച്ചുരുക്കി പ്രവാസികള്‍ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങേണ്ടി വന്നു. അവധിക്ക് പോകേണ്ടവരുടേത് താളം തെറ്റി. ജോലി നഷ്ടപ്പെടുമോ എന്ന ഭീതി ഇപ്പോഴും മാറിയിട്ടില്ല. കാലാവധി കഴിഞ്ഞ സന്ദര്‍ശന, തൊഴില്‍, വിനോദ വിസകള്‍ ഉള്‍പ്പെടെയുള്ളവ നീട്ടി നല്‍കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രഖ്യാപിച്ച നടപടിക്രമങ്ങളില്‍ എന്തെല്ലാം സാങ്കേതികതകള്‍ ശേഷിക്കുന്നുവെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അപമാനവും രോഗ ബാധിതരോടുള്ള സ്വാഭാവിക അകല്‍ച്ചയും ഏത് മഹാമാരി പിടികൂടിയവരും നേരിടുന്ന കാതലായ പ്രശ്‌നങ്ങളില്‍ ഒന്നാണ്. ഈ വികാരമാണ് ഡോക്ടറെയും ഐ എ എസ് ഓഫീസറെയും ഐസൊലേഷന്‍ വാര്‍ഡില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങളെ മറികടന്ന് ഓടിപ്പോകാന്‍ പ്രേരിപ്പിക്കുന്ന ഘടകം. ഇതോടു കൂടി പരിഭ്രമവും മാനസിക പിരിമുറുക്കവും കൂടി ചേരുമ്പോള്‍ കൊവിഡ് 19ന്റെ പ്രത്യാഘാതം വിവരണാതീതമാകുന്നു.
ഔദ്യോഗിക വിദ്യാഭ്യാസവും പദവികളും ഉള്ളവരെ സംബന്ധിച്ച് തന്നെ ഇതാണ് അവസ്ഥയെങ്കില്‍ ഒരു പ്രവാസിയുടെ മാനസികാവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ. സാമൂഹിക യാഥാര്‍ഥ്യങ്ങളെ മനസ്സിലാക്കിയും അവസ്ഥകളോട് പൊരുത്തപ്പെട്ടും കഴിയാന്‍ ഓരോ ഗള്‍ഫ് പ്രവാസിയും അവന്റെ അനുഭവങ്ങളില്‍ നിന്ന് പഠിച്ചിട്ടുണ്ടെങ്കില്‍ തന്നെ, നാടിനെയും കുടുംബത്തെയും കുറിച്ചുള്ള കരുതലിനു മുമ്പില്‍ എല്ലാം മറക്കുകയാണ്.
ഒരു പ്രത്യേക സാമൂഹിക ജീവിതം നയിക്കേണ്ടി വരുന്ന പ്രവാസി വ്യക്തിപരമായി നേരിടുന്ന കുറെയധികം കാര്യങ്ങളുണ്ട്. കൊവിഡ് എന്ന് കേട്ടപാടെ മാസ്‌ക് അന്വേഷിച്ച് ഇറങ്ങിയവരും ശരിയായ വിവരങ്ങള്‍ ലഭിക്കുന്നതിന് മുമ്പേ ചികിത്സാ മുറകള്‍ ആരംഭിക്കുകയും ചെയ്തവര്‍ക്കിടയില്‍ അവന്‍ പലപ്പോഴും നിസ്സഹായനാകുന്നു. ഇത് അനാവശ്യമായ ഭീതിയില്‍ നിന്ന് ഉടലെടുക്കുന്നതാണ് എന്ന് അറിഞ്ഞ് കൊണ്ട് തന്നെ, പിന്നെ ഉറക്കം കുറയലായി, ചിന്തയായി, മൗനമായി.. അങ്ങനെ ആവലാതിയും അമിതോത്കണ്ഠയും വെച്ചുപുലര്‍ത്തി പരിസരത്ത് എവിടെയെങ്കിലും ഒഴിഞ്ഞ് പോകുമായിരുന്ന രോഗത്തിന് വേഗത്തില്‍ വന്ന് കേറാന്‍ പാകത്തില്‍ മനസ്സും ശരീരവും ആകുന്നു എന്നതാണ് വാസ്തവം.
ഇവിടെയും തീരുന്നില്ല സംഘര്‍ഷം. പ്രവാസികളോട് ഭരണ കര്‍ത്താക്കളുടെ സമീപനവും ചര്‍ച്ചാ വിഷയമാണ്. വിദേശത്തുള്ളവര്‍ക്ക് മടങ്ങി വരാന്‍ വൈദ്യപരിശോധനാ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നത്. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രമേയം പാസ്സാക്കിയിരുന്നു. അതിന്റെ രാഷ്ട്രീയം എന്ത് തന്നെ ആയാലും ഒരു നാടിന്റെ സാമ്പത്തിക സുസ്ഥിരതയില്‍ ആണിക്കല്ലായി വര്‍ത്തിക്കുന്ന വിഭാഗത്തോടുള്ള അധികാരികളുടെ മനോഭാവവും രാജ്യം ജനതയോട് വെച്ചു പുലര്‍ത്തുന്ന നിരുത്തരവാദ സമീപനവുമാണ് അത് വ്യക്തമാക്കിയത്. ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഉള്‍പ്പെടെ പൗരന്മാരോട് മാത്രമല്ല, പ്രവാസികളോടും രാജ്യത്തേക്ക് നിരുപാധികം തിരിച്ചെത്താന്‍ നിശ്ചിത സമയം അനുവദിച്ച് അവ ഇന്ത്യക്കാര്‍ വരെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് ഇതെന്ന് ഓര്‍ക്കുമ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലാകുക. പ്രഖ്യാപിത അവധി കഴിഞ്ഞും തിരിച്ചു വരാന്‍ കഴിയാത്തവര്‍ക്ക് വീണ്ടും വിസാ കാലാവധി ഉള്‍പ്പെടെയുള്ള സാങ്കേതികതകള്‍ മറികടക്കാനുള്ള ഇളവുകള്‍ പ്രാവര്‍ത്തികമാക്കിയാണ് പ്രത്യേകിച്ചും അറബ് രാജ്യങ്ങള്‍ പ്രവാസികളോട് കൂടെ നില്‍ക്കുന്നത്. അതേസമയം, കൊറോണ പടരാതിരിക്കാന്‍ ശ്രമിക്കുന്നതിനു പകരം ചട്ടങ്ങളുടെ കാഠിന്യംകൂട്ടുന്ന നടപടി ക്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത് ഉത്കണ്ഠ വര്‍ധിപ്പിക്കുകയാണ് ചെയ്തത്.
സാമ്പത്തിക പ്രത്യാഘാതങ്ങള്‍ കുറഞ്ഞ രീതിയിലുള്ള മുന്‍കരുതല്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുക എന്നത് വളരെ പ്രധാനമാണ്. നാളെയും ജീവിക്കണം എന്നത് കൊണ്ടാണല്ലോ കൊറോണക്കെതിരെയുള്ള ജാഗ്രത എല്ലാ നിലക്കും ശക്തമാക്കുന്നത്. അതിന് ആരോഗ്യം മാത്രം വീണ്ടെടുത്താല്‍ മതിയാകില്ല. സാമ്പത്തിക സുരക്ഷിതത്വത്തെ നിലനിര്‍ത്തുക കൂടി വേണ്ടതുണ്ട്.
ഓരോ വ്യക്തികളിലും ഇടപെട്ട് സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാനുള്ള പിന്തുടര്‍ച്ചകളും വ്യായാമങ്ങളും തുടരപ്പെടുന്ന രീതിയില്‍ അടിത്തട്ടിലുള്ളവരെ കൂടി ഗൗരവ സ്വഭാവത്തിലേക്ക് കൊണ്ടുവരാനുള്ള ബോധവത്കരണം ശക്തിപ്പെടുത്താം. കൊറോണാനന്തര പ്രത്യാഘാതങ്ങളെയും അനന്തര ഫലങ്ങളെയും കുറിച്ച് നിരന്തരം പഠനം നടത്തുകയും റാന്റം സര്‍വേകളിലൂടെ അതിന്റെ യാഥാര്‍ഥ്യം തെളിയിച്ച് സമൂഹത്തെ പാകപ്പെടുത്തുകയും വേണം. ഒരു ദീര്‍ഘകാല വികസനം മുരടിപ്പിക്കുമെന്നതാണ് ഈ പകര്‍ച്ച വ്യാധിയുടെ ഏറ്റവും അടുത്ത ഫലം എന്ന തിരിച്ചറിവില്‍ വ്യക്തിയും വ്യവസ്ഥിതികളും കാര്യങ്ങള്‍ നീക്കണം.
അനുമാനങ്ങളും കേട്ടുകേള്‍വികളും ആദ്യം എത്തുക പ്രവാസികള്‍ക്കിടയിലാണ്. ഒരു ലോഡ് വിവരങ്ങള്‍ക്ക് നടുവിലാണ് ജനങ്ങള്‍. സോഷ്യല്‍ മീഡിയയും സര്‍ക്കാറും ആരോഗ്യ പ്രവര്‍ത്തകരും നല്‍കുന്ന ഇത്തരം പൊതു വിവരങ്ങളില്‍ ഏതു സ്വീകരിക്കണമെന്നറിയാതെ കുഴങ്ങുന്നുണ്ട് സാധാരണക്കാര്‍. ഇതും ഒരു തരം മാനസിക പ്രശ്‌നത്തിന് ഇടയാക്കുന്നുണ്ടെന്നതാണ് വാസ്തവം.
ലുഖ്മാന്‍ വിളത്തൂര്‍
luqmanvilathur@gmail.com