Articles
കൈവിടരുത് സാമൂഹിക പ്രതിബദ്ധത
തലക്കടിയേറ്റാല്‍ മാത്രം മേല്‍പ്പോട്ടു നോക്കുന്ന ചില ജന്തുക്കള്‍ ഉണ്ട്. അതവരുടെ കുറ്റമല്ല. അവരുടെ തല ആ രീതിയിലാണ് സംവിധാനപ്പെടുത്തിയിരിക്കുക. പക്ഷിമൃഗാതികളുടെയെല്ലാം കണ്ണുകള്‍ വശങ്ങളിലേക്കു മാത്രം നോക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവയാണ്. അവക്കു മേല്‍പ്പോട്ടു നോക്കാനോ നേരെ നോക്കാനോ ഉള്ള ശേഷിയില്ല. എന്നാല്‍ മനുഷ്യന്റെ കണ്ണുകള്‍ക്കു നേരെ നോക്കാനും ആവശ്യാനുസരണം മേല്‍പ്പോട്ടും കീഴ്‌പ്പോട്ടും വശങ്ങളിലേക്കും നോക്കാനും ഉള്ള കഴിവുണ്ട്. പക്ഷേ, അവന്‍ ആ കഴിവ് വേണ്ടതരത്തില്‍ പ്രയോജനപ്പെടുത്താറില്ലെന്നതാണ് വാസ്തവം. ഇടക്കിടെ മനുഷ്യനെ ഞെട്ടിച്ചുകൊണ്ട് കൊറോണ പോലുള്ള പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മാത്രമാണ് മനുഷ്യന്‍ അവന്റെ മേല്‍പ്പറഞ്ഞ രീതിയിലുള്ള കഴിവുകള്‍ പ്രയോജനപ്പെടുത്തുവാനുള്ള സാധ്യതകള്‍ ആരാഞ്ഞു തുടങ്ങുന്നത്. കൊറോണക്കാലത്തെ കേരളം പല കാര്യങ്ങളിലും ഭാവിയിലേക്ക് ചില നല്ല മാതൃകകള്‍ സൃഷ്ടിച്ചിരിക്കുന്നു എന്നത് കാണാതിരുന്നുകൂടാ.
പകര്‍ച്ചവ്യാധികള്‍ക്കു മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. പക്ഷേ, അവയുടെ കാരണങ്ങള്‍ കണ്ടെത്തിത്തുടങ്ങിയതും പരിഹാരം തേടിത്തുടങ്ങിയതും സമീപ കാലത്തു മാത്രമാണ്. അതിസൂക്ഷ്മവും ലളിത ഘടനയോടു കൂടിയതുമായ വൈറസുകള്‍ പ്രകൃതിയിലെ വളരെ അപകടകാരികളായ പ്രതിഭാസങ്ങളാണ്. ജന്തുക്കള്‍, സസ്യങ്ങള്‍, വിവിധ തരം ബാക്ടീരിയകള്‍ എന്നിവയുടെ ജീവകോശങ്ങളില്‍ മാത്രമാണ് ഇവക്കു നിലനിൽപ്പ് സാധ്യമാകുക. പനി, ബാഹ്യസ്രവണങ്ങള്‍, പ്രതിരോധ ശേഷി ഒറ്റയടിക്കു കുറച്ചുകളയല്‍ ഇവയൊക്കെയാണ് വൈറസുകള്‍ അവയുടെ ആതിഥേയ ജന്തുക്കളില്‍ ഉണ്ടാക്കുന്ന പ്രതികരണം. വൈറസ്, അത് ബാധിച്ച ജന്തുക്കളില്‍ നിന്ന് അവയുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മനുഷ്യരിലേക്കും അവരുമായി അടുത്തിടപെടുന്ന മറ്റുള്ളവരിലേക്കും അതിവേഗം പടരുന്നു. മനുഷ്യരുടെ ഏറ്റവും വലിയ ശത്രുക്കളാണ് അവ. രാജ്യങ്ങള്‍ എത്ര വലിയ യുദ്ധ പ്രതിരോധ തന്ത്രങ്ങള്‍ അവലംബിച്ചാലും ആയുധപ്പുരകള്‍ അത്യന്താധുനിക യുദ്ധോപകരണങ്ങള്‍ കൊണ്ട് നിറച്ചാലും വൈറസുകള്‍ എന്ന ആ മുഖ്യ ശത്രുക്കള്‍ക്കു മുമ്പില്‍ മുട്ടുമടക്കുകയല്ലാതെ മറ്റു പോംവഴികളൊന്നുമില്ല. ആധുനിക യുദ്ധോപകരണം എന്ന നിലയില്‍ വൈറസുകളെ പരീക്ഷണ ശാലകളില്‍ സൃഷ്ടിച്ച് ശത്രുരാജ്യങ്ങളെ വരുതിക്കു നിര്‍ത്താമെന്ന വ്യാമോഹം ഇന്നും ചില വന്‍ശക്തി രാജ്യങ്ങള്‍ വെച്ചുപുലര്‍ത്തുന്നുണ്ട്. ഇരുവശത്തും മൂര്‍ച്ചയുള്ള ഈ ആയുധം ആദ്യം മുറിവേല്‍പ്പിക്കുക അത് നിര്‍മിച്ച രാജ്യങ്ങളെ തന്നെയായിരിക്കും എന്ന സന്ദേശം കൂടി രാജ്യാതിര്‍ത്തികളെ മറികടന്ന് ദുരന്തം വിതക്കുന്ന ഇപ്പോഴത്തെ ഈ കൊറോണ മഹാമാരി മനുഷ്യരാശിക്കു നല്‍കുന്നുണ്ട്. മനുഷ്യരില്‍ അതി സാധാരണയായിക്കാണുന്ന രോഗങ്ങള്‍ക്ക് ചികിത്സയും പ്രതിരോധങ്ങളും ഉള്ളപ്പോള്‍ തന്നെ, ഇത്തരം വൈറസുകളെ നേരിടാന്‍ വേണ്ട സന്നാഹങ്ങളൊന്നും ഫലപ്രദമായി ആവിഷ്‌കരിച്ച് നടപ്പില്‍ വരുത്താന്‍ ഇനിയും ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല.
ഇത്തരം ഘട്ടങ്ങളില്‍ ഭരണകൂട സ്ഥാപനങ്ങളേക്കാളധികം ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നത് വ്യക്തികളാണ്. ഓരോ വ്യക്തിയും തങ്ങളനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ക്ക് മറ്റു വ്യക്തികളോടു കടപ്പെട്ടിരിക്കുന്നു എന്ന തിരിച്ചറിവില്‍ നിന്ന് രൂപപ്പെടുത്തേണ്ടതാണ് സാമൂഹിക പ്രതിബദ്ധത. ഇതിന്റെ അഭാവമാണ് ചിലപ്പോഴെങ്കിലും ഇത്തരം പ്രശ്‌നങ്ങള്‍ വഷളാക്കുന്നത്. ആര്‍ക്കെന്തു സംഭവിച്ചാലും താന്‍ മുന്‍കൂട്ടി നിശ്ചയിച്ച കാര്യങ്ങള്‍ അതേപടി നടപ്പിലാക്കും എന്ന ചില സഞ്ചാരികളുടെ വാശി നമ്മള്‍ കണ്ടു. ഇറ്റലിയില്‍ നിന്ന് മടങ്ങിവന്ന രണ്ട് പത്തനംതിട്ടക്കാര്‍ വിമാനത്താവളത്തിലെ പരിശോധകരുടെ കണ്ണുവെട്ടിച്ച് നാട്ടിലെത്തി ബന്ധുക്കളെ സന്ദര്‍ശിച്ചും കല്യാണം കൂടിയും ശവസംസ്‌കാര ചടങ്ങുകളില്‍ സാന്നിധ്യമറിയിച്ചും പാഞ്ഞുനടന്നതിന്റെ അനന്തരഫലം വല്ലാതങ്ങു വലുതായി. ഇത്തരം ചിലര്‍ ഈ പരിപാടി ആവര്‍ത്തിച്ചു. ഇത്തരക്കാര്‍ക്ക് വികസിത, അവികസിത നാടുകള്‍ തമ്മിലുള്ള വ്യത്യാസങ്ങളെ കുറിച്ചൊന്നും ബോധം കാണുന്നില്ല. കൊവിഡ് 19 വ്യാപനം തടയാനുള്ള തീവ്ര ശ്രമങ്ങളെ നിഷ്ഫലമാക്കിക്കൊണ്ട് ചിലര്‍ നടത്തിയ പരാക്രമങ്ങള്‍ ഒഴിവാക്കിയിരുന്നെങ്കില്‍ ഒരു പക്ഷേ, കൊറോണ വൈറസ് കേരളത്തെ കലുഷമാക്കുമായിരുന്നില്ലല്ലോ എന്ന നിര്‍ദോഷമായ ചോദ്യം ചിലരെങ്കിലും ഉന്നയിക്കുന്നത് കേട്ടു. ദുരിതങ്ങള്‍ വരാനുള്ളത് വഴിയില്‍ തങ്ങുകയില്ലെന്ന പ്രമാണപ്രകാരം അത് വരികയും പോകുകയും ചെയ്‌തേക്കാം. നമ്മള്‍ അന്യരുടെ ദുരിതങ്ങള്‍ക്കു കാരണക്കാരാകാതെ ജാഗ്രത പുലര്‍ത്തുക എന്നതാണ് പ്രധാനം. വണ്ടേ, നീയും തുലയുന്നു വിളക്കും കെടുത്തുന്നു എന്ന ആക്ഷേപം ആര്‍ക്കും നമുക്കെതിരെ ഉന്നയിക്കാന്‍ അവസരം നല്‍കരുത്. ഒരുപക്ഷേ, ഈ കൊറോണ കാലത്തെ കേരളം പുതിയ തലമുറക്കായി കരുതിവെച്ചിരിക്കുന്ന പാഠം അതായിരിക്കാം.
അയല്‍ക്കാരന്റെ പുരക്ക് തീ പിടിക്കുമ്പോള്‍ അത് കെടുത്താന്‍ എന്ന ഭാവത്തില്‍ അയാളുടെ പറമ്പിലെ വാഴ വെട്ടി തീ അണക്കല്‍ നാടകം കളിക്കുന്നവരെക്കുറിച്ച് മുതിര്‍ന്ന തലമുറയില്‍പ്പെട്ടവര്‍ പറയുന്നതു കേട്ടിട്ടുണ്ട്. രാഷ്ട്രീയാഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവെച്ച് ഇതിനെ ഒരു വോട്ടുബേങ്ക് വിഷയമാക്കാതെ ഭരണകൂടത്തോട് സർവാത്മനാ സഹകരിക്കുകയാണ് ഔചിത്യ ബോധമുള്ള ഒരു പ്രതിപക്ഷം ചെയ്യേണ്ടത്. വൈകിയ വേളയിലെങ്കിലും അവരതിന് തയ്യാറായി എന്നത് ആശ്വാസകരം തന്നെ.
മേല്‍പ്പോട്ടോ വശങ്ങളിലേക്കൊ നോക്കാതെ സ്വന്തം ശരീരവും മനസ്സും ആകെക്കൂടി മൊബൈല്‍ ഫോണ്‍ എന്ന ഒരു ഉപകരണത്തിലേക്കു പറിച്ചുനട്ട് ഊണിലും ഉറക്കിലും അതില്‍ കുത്തിക്കളിക്കുന്ന കുറെ സൈബര്‍ ജീവികളുണ്ട് നമ്മുടെ നാട്ടില്‍. അവര്‍ ഒരു ഫോണില്‍ നിന്ന് മറ്റൊരു ഫോണിലേക്കു പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകളും വര്‍ഗീയ രാഷ്ട്രീയ പക്ഷഭേദ ചിന്തകളും മറ്റേതൊരു വൈറസുകളേക്കാളും അധികം അപകടകാരികളാണ്. കൊറോണ വൈറസിനെ ശാസ്ത്രം നേരിട്ടുകൊള്ളും. ഈ സൈബര്‍ വൈറസുകളെ നിയമം തന്നെ നേരിടേണ്ടിവരും. എന്തിനെയും ഏതിനെയും സ്വന്തം മഞ്ഞപ്പിത്തം ബാധിച്ച കണ്ണുകള്‍ കൊണ്ടു മാത്രം നോക്കിക്കാണുന്ന ഒരുതരം മയക്കുമരുന്നാത്മീയത എന്ന ഗുരുതര രോഗം ബാധിച്ച വേറൊരു കൂട്ടരുണ്ട്. അവരുടെ ദുര്‍ഗന്ധം പ്രസരിപ്പിക്കുന്ന പ്രചാരണങ്ങള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണം അവഗണിക്കാവുന്നതല്ല. തലയില്‍ ഭൂലോക മണ്ടത്തരങ്ങളും കൈയില്‍ വേദപുസ്തകവും പൊക്കിപ്പിടിച്ചാണിവരുടെ അഭ്യാസം. ദൈവത്തിന്റെ തീ സ്വര്‍ഗത്തില്‍ നിന്ന് പുറപ്പെട്ടിരിക്കുന്നു. അത് സകലതിനെയും ചുട്ടുചാമ്പലാക്കും. അതൊഴിവാക്കണമെങ്കില്‍ വരൂ, ഞങ്ങളോടൊപ്പം കൂടൂ, രക്ഷ ഉറപ്പ്… ഇവര്‍ സ്വന്തം മനസ്സിലെ അറിവുകേടുകള്‍ വാരിവലിച്ചു പുറത്തിടുകയാണ്.
വേറൊരു കൂട്ടര്‍, വല്ലാത്ത രോഗത്തിനില്ലാത്ത മരുന്നെന്ന നിലയില്‍ ചില സൂത്രവാക്യങ്ങള്‍ തട്ടിവിടുന്നു. ആറ്റുകാല്‍ പൊങ്കാലയടുപ്പിലെ തീ എരിഞ്ഞു തുടങ്ങുമ്പോള്‍ സകല വൈറസുകളും ചത്തൊടുങ്ങുമത്രെ. നാടുനീളെ പൊങ്കാല അടുപ്പുകള്‍ ആളിക്കത്തിക്കലാണ്, അല്ലാതെ ശാസ്ത്രീയ പരിഹാരം തേടലല്ല കൊറോണ വൈറസിനെ നേരിടാനുള്ള മാര്‍ഗം പോലും. പറയുന്നതാരാണ്, ഒരു പഴയ ഐ പി എസ് ഓഫീസര്‍. ഇപ്പോള്‍ സംഘ്പരിവാറിന്റെ മുഖ്യ വക്താവ്. ശബരിമലയില്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ പ്രവേശിച്ചതിനുള്ള അയ്യപ്പ കോപമാണ് കൊറോണ എന്ന് സമൂഹത്തില്‍ ഒരുകൂട്ടം ഹിന്ദുത്വ വാദികള്‍ പ്രചരിപ്പിക്കുന്നു. ഉത്തരേന്ത്യയിലെ ഹിന്ദു മഹാസഭക്കാരും വെറുതെയിരിക്കുന്നില്ല. ഏത് മാരകമായ വൈറസിനെയും പ്രതിരോധിക്കാന്‍ പ്രാപ്തിയുള്ള ഗോമൂത്ര സദ്യ നാടാകെ നടത്തും പോലും. തലസ്ഥാനത്തെ മന്ദിര്‍ മാര്‍ഗിലുള്ള അഖില്‍ ഭാരത് ഹിന്ദു മഹാസഭയുടെ ഓഫീസില്‍ പ്രഥമ ഗോമൂത്ര സത്കാരം നടത്തി മാതൃക കാണിച്ച് ഹിന്ദു മഹാസഭാ അധ്യക്ഷന്‍ സ്വാമി ചക്രപാണി മഹാരാജന്റെ പ്രഖ്യാപനം. 200ഓളം പേരാണ് ഈ പശുമൂത്ര പാനോത്സവത്തില്‍ പങ്കാളികളായതെന്ന് വിവിധ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. ഈ പോക്കുപോയാല്‍ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്കു പ്രതീക്ഷക്കു വകയുണ്ട്. പശുവിന്റെ പാലിനേക്കാള്‍ വില മൂത്രത്തിനു ലഭിക്കുന്ന ഒരു കാലം വന്നുകൂടായ്കയില്ല. ഇത്തരം വാര്‍ത്തകളെ അഭിമുഖീകരിക്കുന്ന ഏതൊരു സത്യവിശ്വാസിയും അവരറിയാതെ പ്രാര്‍ഥിച്ചു പോകും, ദൈവമേ, കൊറോണ വൈറസിനെ ഞങ്ങള്‍ എങ്ങനെയും നേരിട്ടോളാം. ഇത്തരം മുറിവൈദ്യന്മാരില്‍ നിന്ന് അങ്ങു തന്നെ ഞങ്ങളെ രക്ഷിച്ചാലും.
സ്വന്തം ജീവരക്ഷയെ കരുതി കേരളം ഇപ്പോള്‍ കൊറോണ വൈറസിനെതിരെ പുലര്‍ത്തുന്ന ഈ ജാഗ്രത ഭാവിയിലേക്കൊരു ചൂണ്ടുപലകയാണ്. യാതൊരു വൈറസ് ഭീഷണിയും ഇല്ലാത്ത കാലത്തും ഈ ജാഗ്രത തുടരാവുന്നതാണ്. ഉദാഹരണത്തിന് ഒരു പെണ്ണും ചെറുക്കനും ഒരുമിച്ചുറങ്ങാന്‍ പോകുന്നതിനുള്ള സാമൂഹിക അംഗീകാരമാണല്ലോ വിവാഹാഘോഷങ്ങള്‍. അതിന് ഇത്രമേല്‍ ആര്‍ഭാടങ്ങള്‍ വേണ്ടതുണ്ടോ? ഇത്രയേറെ ആള്‍ക്കൂട്ടത്തിന്റെ ഒത്തുചേരലുകള്‍ ആവശ്യമുണ്ടോ? വിവാഹം വ്യക്തികളുടെ ഒരു സ്വകാര്യ ആവശ്യമാണ്. അതിന് സാമൂഹികമായ അംഗീകാരം നേടുന്നതിനുള്ള നിയമ നടപടികളും ഉണ്ട്. അത് ഉറപ്പുവരുത്തുക എന്നതിനപ്പുറം ക്ഷണിക്കുന്നവര്‍ക്കും ക്ഷണിക്കപ്പെടുന്നവര്‍ക്കും ഒരുപോലെ കഷ്ടപ്പാടുകള്‍ മാത്രം ഉണ്ടാകുന്ന ഓഡിറ്റോറിയം കൂട്ടായ്മകളും ഭക്ഷണ മാമാങ്കവും വിവാഹത്തോട് ബന്ധപ്പെട്ട് വേണ്ടെന്നു വെക്കുന്നതായിരിക്കില്ലേ ഉചിതം. ഇതിനായി ചെലവഴിക്കുന്ന പണം വധൂവരന്മാരുടെ ഭാവി ജീവിതം കൂടുതല്‍ സുഖകരമാക്കാന്‍ കഴിയുന്ന തരത്തില്‍ മാറ്റിവെക്കുന്നത് കൊണ്ട് എന്താണപകടം?
അതുപോലെ പള്ളിപ്പെരുന്നാളുകളും ക്ഷേത്രോത്സവങ്ങളും കുറെക്കൂടി ലളിതമാക്കിക്കൂടേ? ഇത്തരം ഒത്തുചേരലുകള്‍ അനിവാര്യമാകുന്ന ഭൗതിക സാഹചര്യം നമ്മള്‍ നയിച്ചുകൊണ്ടിരിക്കുന്ന യാന്ത്രിക ജീവിതത്തിന്റെ സൃഷ്ടികളാണ്. ബന്ധുമിത്രാദികള്‍ ഏറ്റവും ചുരുങ്ങിയത് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും സ്വാഭാവികമായി ഒത്തുചേരുന്നതും പരസ്പരം സ്‌നേഹാഭിവാദ്യങ്ങളര്‍പ്പിക്കുന്നതും ക്ഷേമാന്വേഷങ്ങള്‍ നടത്തുന്നതുമൊക്കെ കേരളീയ ജീവിതത്തിന്റെ ഭാഗമായിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. നോമ്പുവീടലുകള്‍, പള്ളിപ്പെരുന്നാളുകള്‍, ക്ഷേത്രോത്സവങ്ങള്‍ ഇവയൊക്കെ കേവലം മതപരമായ ചടങ്ങുകള്‍ക്കപ്പുറം ഊഷ്മളമായ സ്‌നേഹ ബന്ധങ്ങളുടെ പുതുക്കലുകള്‍ ആയിരുന്നു. അത്തരം സ്വാഭാവിക ആഘോഷങ്ങള്‍ ജീവിതത്തില്‍ നിന്ന് പടിയിറങ്ങി പോകുകയും കൃത്രിമമായ പൊങ്ങച്ച പ്രകടനങ്ങള്‍ തത്്സ്ഥാനത്ത് തലപൊക്കുകയും ചെയ്തു.
കേരളത്തിന്റെ മതാത്മക ജീവിതത്തെയും ഇപ്പോഴത്തെ വൈറസ് ഭീതി വല്ലാതെ അലട്ടി ത്തുടങ്ങിയിരിക്കുന്നു. പള്ളികളിലെ പ്രാര്‍ഥന, കുര്‍ബാനാനുഭവം, പരസ്പരമുള്ള ഹസ്തദാനം, സമൂഹസദ്യ എല്ലാറ്റിനും വിരാമം കുറിക്കപ്പെട്ടിരിക്കുന്നു. വളരെയേറെ അര്‍ഥസമ്പന്നമായ അനുഷ്ഠാനങ്ങളായിരുന്നു ഇവയെല്ലാം. അന്യന്റെ ആവശ്യം എന്റേതിനേക്കാള്‍ പ്രധാനം ആണെന്ന ധാരണ വ്യക്തികളുടെ ബോധമനസ്സില്‍ ഉറപ്പിച്ചു നിര്‍ത്താന്‍ സഹായകമായിരുന്നു ഇത്തരം ചടങ്ങുകള്‍. എന്നാല്‍ അനുഷ്ഠാനങ്ങള്‍ക്ക് അവയുടെ യഥാര്‍ഥ അര്‍ഥം നഷ്ടമായോ? അതിനു ലഭിച്ച തിരിച്ചടി കൂടിയാണോ ഇപ്പോഴത്തെ ഈ ഉള്‍വലിയല്‍?
എന്തായാലും പ്രതിസന്ധികളെ നേരിട്ടേ മതിയാകൂ. തല തോടിനുള്ളിലേക്കു വലിച്ച് സ്വന്തം പുറം തോടിനുള്ളില്‍ അഭയം നേടാന്‍ മനുഷ്യന്‍ വെറും ഒരു ആമയല്ലല്ലോ. ആമകള്‍ക്ക് ഒരേ സമയം കരയിലും കടലിലും ദീര്‍ഘകാലം ജീവിക്കാന്‍ കഴിയും. നമുക്ക് ജീവിതം വിധിച്ചിട്ടുള്ളത് കരയില്‍ മാത്രമാണ്. ഇവിടെ നമുക്ക് തല പുറത്തെടുത്ത് ഉയര്‍ത്തിപ്പിടിച്ച്, ഉയരത്തിലേക്കും അതേസമയം വശങ്ങളിലേക്കും കൂടി നോക്കേണ്ടതുണ്ട്. നമ്മള്‍ കാരണമായി മറ്റുള്ളവരാരും പ്രതിസന്ധിയിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്.