Connect with us

Articles

പാന്‍ഡമിക്കും ആരാധനകളിലെ ഇളവും

Published

|

Last Updated

കൊറോണ വൈറസ് പരത്തുന്ന കൊവിഡ് 19 രോഗം ലോകത്തോടൊപ്പം നമ്മുടെ രാജ്യത്തെയും ബാധിച്ചിരിക്കുകയാണ്. കശ്മീര്‍ മുതല്‍ കേരളം വരെ ഇതിന്റെ പിടിയിലമരുന്ന കാഴ്ച ഭീതിദമാണ്. അതീവ ജാഗ്രത എന്ന വാക്ക് കൊണ്ട് സൂചിപ്പിക്കാനാകാത്ത തരത്തിലുള്ള ശ്രദ്ധയും അച്ചടക്കവും അനുസരണയും പ്രകടിപ്പിക്കേണ്ട സന്ദര്‍ഭമാണിത്. സ്വരക്ഷയും സമൂഹത്തിന്റെ സുരക്ഷയും അല്ലാഹുവിന്റെ നിയന്ത്രണത്തിലും പിന്നെ നമ്മുടെ ജാഗ്രതയിലുമാണ്.

വൈറസ് ബാധ അതിന്റെ മൂന്നാം ഘട്ടത്തിലേക്ക് നീങ്ങുന്ന ലക്ഷണമാണ് കാണിക്കുന്നത്. നേരത്തേയുള്ള രണ്ട് ഘട്ടങ്ങളിലും മാര്‍ഗദര്‍ശനം നല്‍കപ്പെട്ടതു പോലെ രോഗബാധിതര്‍ ഇടപഴകിയ സ്ഥലങ്ങള്‍, ആളുകള്‍, മാളുകള്‍, വാഹനങ്ങള്‍, ഹോട്ടലുകള്‍ തുടങ്ങിയവ കണ്ടെത്തി അവര്‍ യാത്ര ചെയ്ത റൂട്ട് മാപ്പ് കണ്ടെത്തി ഐസൊലേഷന്‍ ചെയ്യിപ്പിക്കുക എന്നത് ഇനി സാധ്യമല്ല.

വൈറസ് പടരാനുള്ള എല്ലാ പഴുതുകളും സാധ്യമായ വിധത്തിലെല്ലാം അടക്കുക എന്ന ഒരേയൊരു മാര്‍ഗം മാത്രമാണ് നമുക്ക് മുമ്പിലുള്ളത്. ഈ ഘട്ടത്തില്‍ മനുഷ്യ വര്‍ഗത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ഭരണകൂടം നിര്‍ദേശിക്കുന്ന എല്ലാ പെരുമാറ്റച്ചട്ടങ്ങളും നിയന്ത്രണങ്ങളും അനുസരിക്കുകയെന്നത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം മതപരമായ ബാധ്യത കൂടിയാണ്.
ആര്‍ക്കാണ് വൈറസ് ബാധയേറ്റത് എന്ന് പറയാനാകാത്ത അവസ്ഥയാണുള്ളത്. അതിനാല്‍ എല്ലാവരും സ്വന്തം വീടുകളില്‍ കഴിയുക എന്നത് മാത്രമാണ് നമുക്ക് സ്വീകരിക്കാന്‍ പറ്റിയ ഏറ്റവും നല്ല പ്രതിരോധം. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ കേരളത്തിലെ ഏഴ് ജില്ലകളടക്കം 75 ജില്ലകളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1897ലെ ഈ നിയമപ്രകാരം രാജ്യത്ത് കടുത്ത സാമൂഹിക നിയന്ത്രണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഈ മാസം 31 വരെ കേരളത്തില്‍ പൊതുഗതാഗതം നിരോധിച്ചതും സ്‌കൂളുകള്‍, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി കോടതികളടക്കമുള്ള ജനങ്ങള്‍ സംഘം ചേരാന്‍ സാധ്യതയുള്ള എല്ലാ സംവിധാനങ്ങളും അടച്ചിടാന്‍ തീരുമാനിച്ചത്. മസ്ജിദുകളിലും മറ്റു ആരാധനാലയങ്ങളിലും നടക്കുന്ന സംഘടിതമായ ആരാധനാ മുറകളും ഉത്സവങ്ങളുമെല്ലാം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടതും ഇതിന്റെ ഭാഗം തന്നെയാണ്.

ഓരോ പ്രദേശത്തും ആവശ്യാനുസരണം ജമാഅത്ത് നിസ്‌കാരം നടത്തുകയെന്നത് ഇസ്‌ലാമിക ശരീഅത്തനുസരിച്ച് വിശ്വാസികളുടെ ഒരു സാമൂഹിക ബാധ്യതയാണ്. പൊതുവായ കാരണങ്ങളാലും വ്യക്തിപരമായ കാരണങ്ങളാലും ജുമുഅ, ജമാഅത്തുകളില്‍ പങ്കെടുക്കാതിരിക്കാന്‍ ഇളവുകളുണ്ടെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. നല്ല മഴയോ അല്ലെങ്കില്‍ കഠിനമായ തണുപ്പോ ചൂടോ ഉണ്ടായാല്‍ പോലും ജമാഅത്ത് നിസ്‌കാരം ഉപേക്ഷിക്കാവുന്നതാണ്. ഉള്ളി പോലുള്ളവ ഭക്ഷിച്ച കാരണത്താല്‍ വായക്ക് ദുര്‍ഗന്ധമുണ്ടെങ്കില്‍ അത്തരക്കാര്‍ മറ്റുള്ളവര്‍ക്ക് പ്രയാസം സൃഷ്ടിക്കുമെന്നത് കൊണ്ട് പള്ളിയില്‍ വരാന്‍ പാടില്ലെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്. എങ്കില്‍ മാരകമായ കൊറോണ വൈറസ് പോലുള്ളവ മറ്റുള്ളവരിലേക്ക് പകരുന്ന സാഹചര്യത്തില്‍ അത്തരക്കാര്‍ വീട്ടിലിരിക്കണമെന്ന നിര്‍ദേശം നിര്‍ബന്ധമായും പാലിക്കണമെന്നു തന്നെയാണ് മതനിയമം.

പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ പാലിക്കല്‍ നിര്‍ബന്ധമാണെന്ന വസ്തുത ഇമാം ഇബ്‌നു ഹജര്‍(റ)തന്റെ ഫതാവല്‍ കുബ്‌റയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധ സാമൂഹിക വ്യാപനത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ ആരാണ് രോഗം ബാധിച്ചവര്‍, ബാധിക്കാത്തവര്‍ എന്ന് തിരിച്ചറിയാനാകാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ ഒത്തു ചേരുന്ന ജുമുഅയും ജമാഅത്തും ഒഴിവാക്കണമെന്ന നിര്‍ദേശം നിര്‍ബന്ധമായും നാം പാലിക്കേണ്ടതുണ്ട്.

ആരോഗ്യത്തിനും ജീവനും ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം നിസ്‌കരിക്കുന്നവരോട് പ്രത്യേകം പറയേണ്ടതില്ല. നിസ്‌കാരത്തിന് വേണ്ടിയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വുളൂ അഥവാ അംഗസ്‌നാനം. വുളൂഇന്റെ ആദ്യത്തെ പ്രവൃത്തി മുന്‍ കൈകള്‍ പരസ്പരം തേച്ചുരച്ച് കഴുകലാണ്. ഒരു വുളൂഇല്‍ മാത്രം ആറ് തവണ വിശ്വാസികള്‍ മുന്‍ കൈകള്‍ കഴുകുന്നുണ്ട്. ദിവസം അഞ്ച് തവണ നിസ്‌കരിക്കുകയും അതിന് വേണ്ടി വുളൂ നിര്‍വഹിക്കുകയും ചെയ്യുന്ന മുസ്്ലിം 30 തവണയാണ് ഈ വിധത്തില്‍ അവന്റെ കൈകള്‍ ശുദ്ധീകരിക്കുന്നത്.

അഞ്ച് സമയങ്ങളിലായുള്ള നിര്‍ബന്ധ നിസ്‌കാരം പതിനേഴ് റകഅതുകളാണ്. ഓരോ റകഅതിലും രണ്ട് സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തത്തില്‍ ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു. പുറമെ സുബ്ഹി നിസ്‌കാരത്തിലെ ഖുനൂത്തിലും പ്രാര്‍ഥിക്കുന്നതോടെ ഫര്‍ള് നിസ്‌കാരം മാത്രം നിര്‍വഹിക്കുന്നവര്‍ ദിവസം 18 തവണയെങ്കിലും ആരോഗ്യത്തിന് വേണ്ടി പ്രാര്‍ഥിക്കുന്നു. ഈ ബോധമുള്ള വിശ്വാസി സ്വന്തം ആരോഗ്യമോ മറ്റുള്ളവരുടെ ആരോഗ്യമോ നശിപ്പിക്കുന്ന വിധത്തിലുള്ള ഒരു നിസ്‌കാരത്തിനും മുതിരുകയില്ല.

“”നിങ്ങള്‍ സ്വയം നാശത്തിലേക്ക് എടുത്ത് ചാടരുത്”” എന്ന ഖുര്‍ആന്‍ സന്ദേശം നമ്മുടെ മുമ്പിലുണ്ട്. അതോടൊപ്പം, “”അകാരണമായി ഒരു ശരീരത്തെ വധിച്ചവന്‍ മാനവ സമൂഹത്തെയാകെ വധിച്ചവനെ പോലെയാണെന്നും അതേസമയം, ഒരാളുടെ ജീവന്‍ രക്ഷിച്ചവന്‍ മാനവ കുലത്തിന്റെ മുഴുവന്‍ ജീവന്‍ രക്ഷിച്ചവനെ പോലെയാണെന്നും”” വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ജനപങ്കാളിത്തമുള്ള ജുമുഅയും ജമാഅത്തും മറ്റു സംഘടിത സദസ്സുകളും മാറ്റിവെച്ച് സ്വരക്ഷക്കും സമൂഹത്തിന്റെ സുരക്ഷക്കും വേണ്ടി സഹകരിക്കുന്നതിലായിരിക്കും അല്ലാഹുവിന്റെ തൃപ്തിയും പൊരുത്തവും ലഭിക്കുക എന്ന് മനസ്സിലാക്കണം.

ചെയ്യാവുന്ന കാര്യങ്ങള്‍

ജുമുഅയും ജമാഅത്തും ഇസ്‌ലാമിന്റെ ശിആര്‍ (അടയാളം) പ്രകടിപ്പിക്കാന്‍ കൂടിയുള്ളതാണ്. അതിനാല്‍ മസ്ജിദുകളില്‍ താമസിക്കുന്ന ഇമാം, മുഅദ്ദിന്‍, ക്ലീനിംഗ് തൊഴിലാളി എന്നിവരുണ്ടെങ്കില്‍ സമയമാകുമ്പോള്‍ ബാങ്ക് വിളിച്ച് അവര്‍ ജമാഅത്ത് നിലനിര്‍ത്തുക. ഇവര്‍ക്കും പള്ളിയില്‍ താമസിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടായാല്‍ (ഭക്ഷണം പോലുള്ളവ ലഭിക്കാത്ത സാഹചര്യം) തൊട്ടടുത്ത താമസക്കാരായ രണ്ട് പേര്‍ക്ക് ഇത് നിര്‍വഹിക്കാവുന്നതേയുള്ളൂ. ജമാഅത്തിന് വേണ്ടി സംഘം ചേരുന്ന സാഹചര്യം നിലവില്‍ ഉണ്ടാകാന്‍ പാടില്ല. മൂത്രപ്പുരയും ഒരു ടാപ്പും മാത്രം അനുവദിച്ച് ബാക്കി സൗകര്യങ്ങള്‍ റദ്ദ് ചെയ്യുന്നതായിരിക്കും നല്ലത്. ഒറ്റപ്പെട്ടുവരുന്ന ആളുകള്‍ക്ക് പുറം പള്ളികളില്‍ വെച്ച് ഈ സൗകര്യം ഉപയോഗപ്പെടുത്തി നിസ്‌കരിക്കാം. പൊതുവായ മുസ്വല്ലകളോ കാര്‍പ്പറ്റുകളോ ഉപയോഗിക്കാതിരിക്കാം. അതാണ് സുരക്ഷയും ആരോഗ്യകരവും.
ബുദ്ധിയും പ്രായപൂര്‍ത്തിയുമെത്തിയ മുഴുവന്‍ പുരുഷന്‍മാര്‍ക്കും വൈയക്തിക ബാധ്യതയുള്ളതാണ് ജുമുഅ നിസ്‌കാരം. അപകടകരമായ ഈ സാഹചര്യത്തില്‍ അതുപേക്ഷിക്കുന്നത് മതവിരുദ്ധമാകുകയില്ല. ഇനി ശിആര്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി നാലോ അതില്‍ കുറച്ചോ ആളുകള്‍ പങ്കെടുത്തു കൊണ്ടുള്ള ജുമുഅ നടത്തി ഇസ്‌ലാമിന്റെ ശിആര്‍ കാത്തുസൂക്ഷിക്കാന്‍ പറ്റുമോ എന്ന് പറയേണ്ടത് നമ്മുടെ പണ്ഡിത നേതൃത്വമാണ്. വെള്ളിയാഴ്ചക്ക് മുമ്പായി അതില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. “”സാധ്യമാകും വിധം അല്ലാഹുവിന്റെ വിധിവിലക്കുകള്‍ നടപ്പാക്കുക”” എന്ന വിശുദ്ധ ഖുര്‍ആനിന്റെ കല്‍പ്പന നമുക്ക് മുമ്പിലുണ്ടല്ലോ.
അങ്ങനെ അനുവദിക്കപ്പെടുകയാണെങ്കില്‍ പങ്കെടുക്കുന്ന ആ നാല് പേര്‍ ആ നാട്ടുകാര്‍ മാത്രമായിരിക്കാന്‍ ശ്രദ്ധിക്കണം. അതാരൊക്കെ ആകണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഖതീബിനും പ്രസിഡന്റിനും നല്‍കാവുന്നതാണ്. മറ്റുള്ളവരെല്ലാം അവരുടെ തീരുമാനം പാലിച്ചിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ.

അവിവേകം ആവര്‍ത്തിക്കരുത്

വിദേശയാത്ര കഴിഞ്ഞെത്തിയവരും കൊവിഡ് 19 സംശയിക്കപ്പെടുന്നവരുമായ ചിലര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതിന് പകരം നാട്ടിലിറങ്ങി വിലസി നടക്കുന്നതിന്റെ ദുരിതം പേറേണ്ടി വന്നത് നിരപരാധികളായ ആയിരങ്ങളാണ്. അത് ഇനിയും ആവര്‍ത്തിക്കാന്‍ ഇടവരരുത്.
പകര്‍ച്ച വ്യാധി പൊട്ടിപ്പുറപ്പെടുമ്പോള്‍ അതുണ്ടായ നാട്ടിലുള്ളവര്‍ മറ്റു രാജ്യങ്ങളിലേക്കും, രോഗമില്ലാത്ത രാജ്യത്തുള്ളവര്‍ അതുണ്ടായ നാട്ടിലേക്കും യാത്ര പോകരുത് എന്ന തിരുനബി(സ)യുടെ നിര്‍ദേശം തുടക്കത്തിലേ നമുക്ക് പാലിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ സാംക്രമിക രോഗം ഇന്ന് ഇത്ര പടര്‍ന്നു പിടിക്കുമായിരുന്നില്ല. രോഗബാധിതരെ അവരുള്ള നാടുകളില്‍ വെച്ച് ചികിത്സിക്കുന്നതിനുള്ള സാഹചര്യമൊരുക്കുകയായിരുന്നു വേണ്ടിയിരുന്നത്. കേരളത്തില്‍ നൂറോളം പേര്‍ കൊവിഡ് 19 ബാധിതരായി റിപ്പോര്‍ട്ട് വന്നപ്പോള്‍ അവരില്‍ 95 ശതമാനവും വിദേശത്ത് നിന്ന് വന്നവരാണ്. എന്നാല്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ് മറ്റു രോഗബാധിതരും നിരീക്ഷണത്തില്‍ കഴിയുന്ന ആയിരങ്ങളും വീട്ടുതടങ്കലിലാക്കപ്പെട്ട പതിനായിരങ്ങളും.

ഇത്തരം പകര്‍ച്ച വ്യാധികള്‍ പൊട്ടിപ്പുറപ്പെടുമ്പോള്‍ ഒന്നോ രണ്ടോ ആഴ്ച യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയാല്‍ ചെറിയ ഒരു പ്രയാസം കൊണ്ട് വലിയ വിപത്തിനെ നേരിടാന്‍ സാധിച്ചേക്കാം. ആധുനിക കാലഘട്ടത്തില്‍ ആഗോളതലത്തില്‍ ഇത്തരമൊരു നടപടി സ്വീകരിക്കുക എന്നത് അസാധ്യമൊന്നുമല്ല. ലോകാരോഗ്യ സംഘടനയുടെയും മറ്റും ശ്രദ്ധയില്‍ കൊണ്ടുവന്ന് അവരുടെ നേതൃത്വത്തില്‍ നടപ്പാക്കാവുന്നതേയുള്ളൂ.
അതുപോലെ രോഗബാധിതരെ ഒരു കാരണവശാലും ഒറ്റപ്പെടുത്തുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. സമൂഹം അവരോടൊപ്പമുണ്ടെന്ന കരുതലും പിന്തുണയുമാണ് അവര്‍ക്ക് ആരോഗ്യം വീണ്ടെടുക്കാന്‍ കരുത്തു പകരേണ്ടത്. ഈ സാഹചര്യത്തിലാണ് സമസ്ത കേരള സുന്നി യുവജന സംഘം കൊവിഡ് 19 ബാധിതരെയും രോഗഭീതി കാരണം പട്ടിണി കിടക്കേണ്ടി വരുന്നവരെയും സഹായിക്കാന്‍ വിപുലമായ പദ്ധതികളോടെ ഹെൽപ് ലൈന്‍ ആരംഭിച്ചിരിക്കുന്നത്. സംഘടനയുടെ സാന്ത്വനം വളണ്ടിയര്‍മാരുടെ സേവനവും ലഭ്യമാക്കുന്നുണ്ട്. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കില്‍ പട്ടിണി കിടക്കേണ്ടി വരുന്ന അനവധി കുടുംബങ്ങള്‍ നമുക്കിടയിലുണ്ട്. അവരെ സഹായിക്കാനുള്ള ഈ സദുദ്യമത്തോട് എല്ലാ സുമനസ്സുകളുടെയും സഹകരണമുണ്ടാകണമെന്ന് കൂടി അഭ്യര്‍ഥിക്കട്ടെ.