Connect with us

Editors Pick

കൊവിഡ് കാലം ഉപയോഗപ്പെടുത്താം

Published

|

Last Updated

ലോകം ഇന്ന് കടന്നുപോകുന്ന അവസ്ഥ ഇതിനു മുമ്പ് നാം അനുഭവിച്ച ഒന്നല്ല. പുതിയ സാഹചര്യം അംഗീകരിക്കാനും അതിനോട് പൊരുത്തപ്പെടാനും നാം വേഗത്തില്‍ തയ്യാറാകേണ്ടതുണ്ട്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് (സാമൂഹിക അകലം) എന്ന പുതിയ പദം കൂടി നാം കേട്ടു. വീടുകളില്‍ തളച്ചിടപ്പെടുകയാണ് നാം. ഈ സാഹചര്യത്തില്‍ നാട്ടില്‍ നടക്കുന്ന വിവരങ്ങള്‍ തേടുക സ്വാഭാവികം. സോഷ്യല്‍ മീഡിയ എന്ന നവമാധ്യമത്തെയാണ് അതിനായി നാം ഉപയോഗിക്കുക. അതിന്റെ അമിത ഉപയോഗം അപകടകരമായ ചില പ്രവണത ഉണ്ടാക്കാനുള്ള സാധ്യത ഉണ്ടെന്നാണ് മനഃശാസ്ത്ര വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

വിവരങ്ങളുടെ അമിതഭാരം

വിവരങ്ങളുടെ അമിതഭാരം നമ്മെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകും. അതിനാല്‍ വിവര ഉപഭോഗം പരിമിതപ്പെടുത്തേണ്ടതുണ്ട്. നിരവധി പേര്‍ ലൈവിലൂടെ വരികയും അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്ത് കൊണ്ടിരിക്കുന്നു. ഇവയെല്ലാം യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടണമെന്നില്ല. മാത്രവുമല്ല ഉത്കണ്ഠയും പരിഭ്രാന്തിയും അനുഭവിക്കുന്നവരില്‍ തെറ്റായ വിവരങ്ങള്‍ എത്തുന്നത് പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കും. വിവരങ്ങളുടെ അമിതഭാരം കുറക്കുക എന്നതാണ് അനുകരണീയം. ഒരുപാട് മെസേജുകള്‍ തുറന്നു വായിക്കുമ്പോഴോ കാണുമ്പോഴോ ആയിരിക്കും നമുക്ക് ആവശ്യമുള്ള ഒന്ന് കിട്ടുക. നല്ല ഒന്നിനു വേണ്ടി അനാവശ്യമായ നൂറുകണക്കിന് മെസേജുകളിലൂടെ കണ്ണോടിക്കുമ്പോള്‍ നഷ്ടമാകുന്നത് വിലപ്പെട്ട സമയം. ഒപ്പം ഇല്ലാതാകുന്നത് ശ്രദ്ധയും ഏകാഗ്രതയും. പകല്‍ പ്രത്യേക സമയങ്ങളില്‍ മാത്രം ഔദ്യോഗിക മാധ്യമങ്ങളില്‍ നിന്ന് വിവര ശേഖരണം നടത്തുക എന്നതാണ് അഭികാമ്യം.

അകലം പാലിച്ച് നില്‍ക്കുന്ന സമയങ്ങളില്‍, അനാരോഗ്യകരമായ പെരുമാറ്റ രീതികളിലേക്ക് വീഴുക എളുപ്പവും സ്വാഭാവികവുമാണ്. അതിനാല്‍, നിങ്ങള്‍ക്കും കുടുംബത്തിനുമായി മികച്ച ഒരു ദിനചര്യ ഉണ്ടാക്കി മികച്ച ഗൃഹാന്തരീക്ഷം സൃഷ്ടിക്കാന്‍ ഈ വേള ഉപയോഗപ്പെടുത്തണം. ദിനചര്യകള്‍ രേഖപ്പെടുത്തി വെക്കുന്നതിന് ഒരു നോട്ട്ബുക്കോ മറ്റോ സൂക്ഷിക്കണം. അവ ദൈനംദിനം അപ്‌ഡേറ്റ് ചെയ്യുന്നത് നമ്മുടെ പ്രവര്‍ത്തനത്തെ മോണിറ്റര്‍ ചെയ്യാന്‍ സാധിക്കും. കുട്ടികളുടെയും സ്ഥിതി വ്യത്യസ്തമല്ല. അവരെയും ഈ രീതിയിലേക്ക് കൊണ്ടുവരണം.
വ്യായാമത്തിനുള്ള പ്രാധാന്യം കുറച്ചുകാണരുത്. വീട്ടില്‍ കഴിയുമ്പോള്‍ നിങ്ങളുടെ ദൈനംദിന വ്യായാമത്തിന്റെ അളവ് കുറയുന്നത് ഒഴിവാക്കാന്‍ ഹോം വര്‍ക്കൗട്ടുകള്‍ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക. കുട്ടികള്‍ക്കും വീട്ടില്‍ ഏതെങ്കിലും തരത്തിലുള്ള വ്യായാമം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. പുസ്തകങ്ങള്‍ വായിക്കാനും കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും ഒരു പുതിയ ഭാഷ പഠിക്കാനും അടുക്കളത്തോട്ടം, പൂന്തോട്ടം തുടങ്ങിയവ നിര്‍മിക്കാനും നിങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച സമയമാണിത്.

പോസിറ്റീവ് മാനസികാവസ്ഥ സൃഷ്ടിക്കുന്നതിനാവശ്യമായ ഏതാനും കാര്യങ്ങള്‍:

വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന വ്യായാമങ്ങളുടെ ആശയങ്ങള്‍ രൂപപ്പെടുത്തി പ്രാവര്‍ത്തികമാക്കുക. മാനസികാസ്വാദനം നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. വീട്ടിലെ ജോലികളില്‍ പരസ്പര സഹകരണം ഉണ്ടാകുക. നല്ല പുസ്തകങ്ങള്‍ വായിക്കുക.

ഒരു പുതിയ ഭക്ഷണ വിഭവം ഉണ്ടാക്കാന്‍ പഠിക്കുക. കുട്ടികള്‍ക്ക് പെയിന്റിംഗ്, ക്രാഫ്റ്റ് തുടങ്ങിയവയില്‍ പ്രോത്സാഹനം നല്‍കി അഭിരുചി വളര്‍ത്തുക. ആവശ്യത്തിന് വെള്ളം കുടിക്കുക. ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണം കഴിക്കുക. സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും ബന്ധം പുലര്‍ത്തുക. പ്രത്യേകിച്ച് കൊവിഡ് രോഗബാധിതരുടെ ബന്ധുക്കളുണ്ടെങ്കില്‍ ആവശ്യമായ മാനസിക പിന്തുണ നല്‍കുക. കുടുംബാംഗങ്ങളോടൊപ്പം കൃത്യമായി പ്രാര്‍ഥനകള്‍ നിര്‍വഹിക്കുക. ആശങ്കയുണ്ടാക്കുന്ന വാര്‍ത്തകള്‍ പരത്താതിരിക്കുക. മുതിര്‍ന്നവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കുക.

Latest