Gulf
മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി
മക്ക | കൊവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി മക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. ഇതോടെ ഇനി മുതല്‍ അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ ആര്‍ക്കും മദീനയിലേക്കും മക്കയിലേക്കും പോകാനോ തിരിച്ചുവരാനോ സാധിക്കില്ല.
എന്നാല്‍ ഭക്ഷ്യവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിലക്ക് ബാധകമല്ല. ഇവിടെയുള്ളവര്‍ക്ക് ഭക്ഷ്യ സാധനങ്ങള്‍ വാങ്ങാനും ആശുപത്രികളിലേക്ക് പോകുന്നതിനും രാവിലെ ആറു മുതല്‍ വൈകിട്ട് മൂന്നു മണി വരെ അനുമതി നല്‍കും. ഫാര്‍മസി, ഭക്ഷ്യ വസ്തുവില്‍പന കേന്ദ്രങ്ങള്‍, പെട്രോള്‍ പമ്പുകള്‍, ബാങ്ക് സര്‍വീസുകള്‍ എന്നിവ ഒഴികെ ബാക്കിയുള്ളവ പ്രവര്‍ത്തിക്കരുത്. രാവിലെ ആറു മുതല്‍ വൈകുന്നേരം മൂന്നുവരെ സാധനങ്ങള്‍ വാങ്ങാനോ ആശുപത്രികളിലേക്ക് പോകാനോ വാഹനമുപയോഗിക്കുന്നുവെങ്കില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാള്‍ മാത്രമേ വാഹനത്തില്‍ ഉണ്ടാകാന്‍ പാടുള്ളൂ.
സഊദിയില്‍ ഇന്ന് 165 പേര്‍ക്കു കൂടി കോവിഡ് റിപ്പോര്‍ട്ടു ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 1885 ആയി. ഇന്ന് 5 പേര്‍ മരണപ്പെട്ടു. രാജ്യത്ത് ആകെ 21 മരണം. അതേ സമയം ചികല്‍സയിലുള്ള 328 പേര്‍ രോഗം ഭേദമായി മടങ്ങി.