Connect with us

Articles

താക്കീതാണ് മഹാമാരികള്‍

Published

|

Last Updated

മനുഷ്യര്‍ എത്രമാത്രം ദുര്‍ബലരാണെന്ന് ഒരിക്കല്‍കൂടി ബോധ്യപ്പെടുത്തിക്കൊണ്ട് കൊറോണ വൈറസ് അതിന്റെ സംഹാരതാണ്ഡവം തുടരുകയാണ്. ശാസ്ത്രം പുരോഗതിയുടെ ഉത്തുംഗതയിലേക്ക് കുതിക്കുകയാണെന്നത് ശരിയാണ്. എന്നാല്‍ എല്ലാം മനുഷ്യ യുക്തിയുടെയും ശക്തിയുടെയും നിയന്ത്രണത്തിലാണെന്ന ചിന്ത അതിരുവിട്ട അഹങ്കാരമാണ്. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാനാകാത്ത ഈ കൊറോണ വൈറസ് എങ്ങനെ ഉത്ഭവിച്ചു എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്. അമേരിക്കയാണ് കൊറോണ വൈറസിനെ വ്യാപാര നഗരമായ വുഹാനിലെത്തിച്ചതെന്ന് ചൈന പറയുമ്പോള്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് “ചൈനീസ് വൈറസ്” എന്ന് വിളിച്ചാണ് ഈ ആരോപണത്തോട് പ്രതികരിക്കുന്നത്. ഈ മാരക വൈറസിനെ നേരിടാനുള്ള മരുന്ന് എന്താണെന്നതിനെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുകയാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍.

150ലേറെ രാഷ്ട്രങ്ങളില്‍ കൊവിഡ് 19 രോഗമെത്തിക്കഴിഞ്ഞു. പത്ത് ലക്ഷത്തോളം ആളുകളെ രോഗം ബാധിച്ചു. 48,000ത്തോളം പേരെ രോഗം ഇതുവരെ ഇല്ലാതാക്കി. കോടിക്കണക്കിന് ജനങ്ങളെ വീട്ടുതടങ്കലിലാക്കി. ഓഫീസുകളും കച്ചവട സ്ഥാപനങ്ങളും അടപ്പിച്ചു. വിമാനങ്ങളും മറ്റു പാസഞ്ചര്‍ വാഹനങ്ങളും നിശ്ചലമായി. ഈ നില തുടര്‍ന്നാല്‍ എത്ര കാലം മനുഷ്യര്‍ക്ക് പിടിച്ചു നില്‍ക്കാനാകും? ഇവിടെ ചില ആത്മീയ ചിന്തകള്‍ പ്രസക്തമാകുന്നില്ലേ.

മഹാമാരികളും പകര്‍ച്ച വ്യാധികളും പ്രത്യക്ഷപ്പെടുന്നതിന് പിന്നില്‍ ദൈവികമായ ചില തട്ടിയുണര്‍ത്തലുകളുണ്ടെന്നു വേണം നാം മനസ്സിലാക്കാന്‍. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍ നിന്ന് ഇമാം ഇബ്‌നുമാജ റിപ്പോര്‍ട്ട് ചെയ്യുന്ന സുദീര്‍ഘമായ ഒരു ഹദീസില്‍ നബി(സ) പറയുന്നു: ഒരു ജനതയില്‍ വ്യഭിചാരം വ്യാപകമാകുകയും അത് പരസ്യമായി തന്നെ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ പ്ലേഗ് രോഗവും അവരുടെ മുന്‍ഗാമികളില്‍ കണ്ടിട്ടില്ലാത്ത പകര്‍ച്ച വ്യാധികളും പടര്‍ന്നുപിടിക്കുക തന്നെ ചെയ്യും(ഇബ്‌നുമാജ, 4019). വ്യാപാര സമ്മേളനങ്ങളും കായിക മാമാങ്കങ്ങളുമെല്ലാം അനാശാസ്യ മേളകളായി മാറുന്ന പുതിയ കാലത്ത് നിശാ ക്ലബ്ബുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമെല്ലാം നടമാടുന്നത് മൃഗങ്ങളെ പോലും നാണിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളാണ്.
മനുഷ്യന് അല്ലാഹു വിശേഷ ബുദ്ധി നല്‍കി ആദരിച്ചിട്ടുണ്ട്. പ്രവാചകന്‍മാരെ നിയോഗിച്ച് ധര്‍മവും മൂല്യബോധവും പകര്‍ന്നു നല്‍കിയിട്ടുമുണ്ട്. പരിധിവിട്ട് അമാന്യമായ ജീവിതം നയിച്ച എല്ലാവരെയും അല്ലാഹു പാഠം പഠിപ്പിച്ചിട്ടുണ്ടെന്നതാണ് സത്യം. ഇതുസംബന്ധമായ ധാരാളം സംഭവങ്ങള്‍ വിശുദ്ധ ഖുര്‍ആനുള്‍പ്പെടെയുള്ളവയില്‍ രേഖപ്പെടുത്തിയത് കാണാം. സ്വവര്‍ഗ രതി എല്ലാ സീമകളും ലംഘിച്ച് നിറഞ്ഞാടിയപ്പോഴാണ് ലൂത്വ് നബി(അ)യുടെ ജനതയെ അവരുടെ താമസസ്ഥലം കീഴ്‌മേല്‍ മറിച്ചിട്ട് നശിപ്പിച്ചു കളഞ്ഞത്. സ്വദൂം എന്ന സ്ഥലത്ത് ഇന്നും അതൊരു ദൃഷ്ടാന്തമായി നിലകൊള്ളുന്നതായി ഖുര്‍ആന്‍ സൂചിപ്പിക്കുന്നു.

മനുഷ്യന് ആദരവിന്റെ ഭാഗമായി അല്ലാഹു നല്‍കിയ പല കാര്യങ്ങളും ഖുര്‍ആന്‍ എടുത്തു പറയുന്നുണ്ട്. അതില്‍ ഒരു സൂക്തത്തില്‍ പ്രത്യേകം പരാമര്‍ശിച്ച രണ്ട് കാര്യങ്ങള്‍, കരയിലും കടലിലും യാത്രാ സ്വാതന്ത്ര്യവും സൗകര്യവും നല്‍കിയെന്നതും ഭക്ഷണമായി മേല്‍ത്തരം സാധനങ്ങള്‍ നിശ്ചയിച്ചു എന്നതുമാണ്.

മനുഷ്യര്‍ ഈ ബഹുമാനത്തെയും ആദരവിനെയും അവഹേളിക്കും വിധമാണ് പെരുമാറുന്നത്. ചത്തതും ചീഞ്ഞതും എലിയും വണ്ടും പാമ്പും തേളും മുതലയും ചീങ്കണ്ണിയുമെല്ലാം പച്ചക്കും വേവിച്ചും ചില രാജ്യക്കാര്‍ അകത്താക്കുമ്പോള്‍, കട്ടതും കവര്‍ന്നതും അനാഥകളുടേതും പൊതു സ്വത്തും തുടങ്ങി അന്യരുടെ പച്ചമാംസം വരെ മറ്റു രാഷ്ട്രങ്ങളിലുള്ളവരും കഴിക്കുന്നു. മനുഷ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്തേണ്ട യാത്രാ സൗകര്യങ്ങള്‍ വഴിവിട്ട ലൈംഗിക ടൂറിസത്തിനും മറ്റു അനാവശ്യങ്ങള്‍ക്കും വേണ്ടിയാണ് മനുഷ്യരിന്ന് ഉപയോഗിക്കുന്നത്.

ഇപ്പോള്‍ ഭക്ഷണത്തിന്റെ വില എല്ലാവരും അറിഞ്ഞു. ഭക്ഷണപ്പൊതി കാത്ത് തടങ്കലില്‍ കഴിയുന്ന ജനലക്ഷങ്ങള്‍ ആഹാരത്തിന്റെ വിലയെ കുറിച്ച് ചിന്തിക്കുകയാണിന്ന്. ഒരു സ്ഥലത്തേക്കും സഞ്ചാരമില്ല. ആവശ്യത്തിനുമില്ല അനാവശ്യത്തിനുമില്ല. ഈ അനുഗ്രഹങ്ങളില്‍ ചെറിയ രീതിയില്‍ അല്ലാഹുവിന്റെ പരീക്ഷണം വരികയാണോ. “”അതെന്ത് കൊണ്ടെന്നാല്‍ ഒരു ജനതയുടെ സ്ഥിതിയില്‍ അവര്‍ തന്നെ മാറ്റം വരുത്തുന്നത് വരെ അവര്‍ക്ക് അല്ലാഹു ചെയ്തു കൊടുത്ത അനുഗ്രഹങ്ങള്‍ അവന്‍ മാറ്റം വരുത്തുന്നതല്ല””(സൂറഃ അല്‍അംഫാല്‍ 53). നമ്മുടെ ധിക്കാരങ്ങളാണ് ഈ സൗകര്യങ്ങളെല്ലാം തടയപ്പെടുന്നതിന് കാരണമെന്നര്‍ഥം.

പകര്‍ച്ച വ്യാധി ഉള്‍പ്പെടെയുള്ള പരീക്ഷണങ്ങള്‍ ഇറങ്ങുമ്പോള്‍ അതിന്റെ കെടുതികള്‍ ശുദ്ധഗതിക്കാരായ നല്ല മനുഷ്യരും പല രീതിയില്‍ അനുഭവിക്കേണ്ടി വരുമെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. “”വമ്പിച്ച പരീക്ഷണത്തെ നിങ്ങള്‍ ഭയക്കുക. നിങ്ങളില്‍ അക്രമം പ്രവര്‍ത്തിച്ചവരെ മാത്രമല്ല അത് ബാധിക്കുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുക”” (സൂറഃ അല്‍അംഫാല്‍ 25). ഇത്തരം പരീക്ഷണങ്ങളില്‍ അകപ്പെടുന്ന നിരപരാധികള്‍ക്ക് ഇതിന് പകരം പരലോകത്ത് വന്‍ പ്രതിഫലം ലഭിക്കുമെന്ന് വിശുദ്ധ ഖുര്‍ആനും തിരുവചനങ്ങളും വിശദീകരിച്ചിട്ടുണ്ട്.
ഹിജ്‌റ എട്ടാം വര്‍ഷം ശാമിലുണ്ടായ ത്വാഊന്‍ എന്ന പകര്‍ച്ച വ്യാധിയില്‍ അനേകം പ്രവാചക ശിഷ്യന്‍മാര്‍ മരണമടഞ്ഞിട്ടുണ്ട്. നബി(സ)യുടെ ഏറ്റവും പ്രിയപ്പെട്ട സഹപ്രവര്‍ത്തകനും യമനിലേക്ക് പ്രബോധനത്തിനയച്ച പ്രമുഖനുമായിരുന്ന മുആദ്ബ്‌നു ജബല്‍(റ), മുസ്‌ലിം സൈന്യാധിപനായിരുന്ന അബൂ ഉബൈദത്ത്(റ) തുടങ്ങിയവരെല്ലാം ഈ മഹാമാരിയില്‍ അകപ്പെട്ട് മരണം വരിച്ചവരാണ്.

അതിനാല്‍ എനിക്കിത് ബാധിക്കില്ലെന്ന് കരുതി ആരും നിര്‍ഭയരായി കഴിയേണ്ടതില്ല. അത്തരക്കാരോടാണ് വിശുദ്ധ ഖുര്‍ആനിന്റെ ഈ ചോദ്യം. “”തങ്ങള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ രാത്രി നമ്മുടെ പരീക്ഷണം വരുന്നതിനെ കുറിച്ച് ആ നാട്ടുകാര്‍ നിര്‍ഭയരായിരുന്നുവോ? അല്ലെങ്കില്‍ പകല്‍ സമയത്ത് കളിച്ചു കൊണ്ടിരിക്കുമ്പോള്‍ നമ്മുടെ പരീക്ഷണം വന്നെത്തുന്നതിനെ കുറിച്ച് അവര്‍ നിര്‍ഭയരാണോ?”” (സൂറഃ അല്‍അഅ്‌റാഫ് 97-98).
ഇത്തരം പരീക്ഷണങ്ങള്‍ വരുമ്പോള്‍ നാം സ്വീകരിക്കേണ്ട ഭൗതികവും ആത്മീയവുമായ പ്രതിരോധത്തെ സംബന്ധിച്ച് വിശുദ്ധ ഖുര്‍ആനും പ്രവാചകന്‍(സ)യും നമുക്ക് മാര്‍ഗദര്‍ശനം നല്‍കുന്നുണ്ട്.

നാം ഏര്‍പ്പെട്ട തിന്മകള്‍ നിര്‍ത്തിവെച്ച് സത്കര്‍മങ്ങളില്‍ വ്യാപൃതരാകുക എന്നതാണ് ഒരു പരിഹാരം. സ്രഷ്ടാവിനെ മറന്ന് പണവും സുഖങ്ങളും മതിമറന്ന് ആസ്വദിച്ചപ്പോള്‍ നാം പലതും മറന്നുപോയി. പാവപ്പെട്ടവന്റെ വിശപ്പ്, ചികിത്സ, കിടപ്പാടം ഒന്നും നമുക്ക് പ്രശ്‌നമായിരുന്നില്ല. നമ്മുടെ സുഖത്തിനും സമ്പത്ത് വികസിപ്പിക്കുന്നതിനും തടസ്സമായതെല്ലാം തട്ടിമാറ്റി മുന്നോട്ടു പോകുകയായിരുന്നു നാം. ധര്‍മാശുപത്രികള്‍ അവസാനിപ്പിച്ച് സ്വകാര്യവത്കരണം പ്രോത്സാഹിപ്പിച്ചവര്‍ ഇന്ന് കൊറോണയെ നേരിടാനാകാതെ പകച്ചു നില്‍ക്കുകയാണ്. കഷ്ടപ്പെടുന്നവന് വേണ്ടി, പട്ടിണിക്കാരന് വേണ്ടി വല്ലതും ചെയ്യുക. മുതലാളിത്ത ശക്തികള്‍ക്ക് വേണ്ടിയുള്ള പാദസേവ മാത്രമാകാതെ സേവന പ്രവര്‍ത്തനങ്ങളിലേക്ക് തിരിച്ചുവരിക. “”നന്മ ചെയ്യുന്നവരായിരിക്കെ ഒരു നാട്ടുകാരെ അന്യായമായി നശിപ്പിക്കുന്ന പതിവ് താങ്കളുടെ രക്ഷിതാവിനില്ല തന്നെ””(സൂറഃ ഹൂദ് 117).
അല്ലാഹുവിനോട് മാപ്പിരക്കുക എന്നതാണ് മറ്റൊരു ആത്മീയ പരിഹാരം. ചെയ്തു കൂട്ടിയ തിന്മകളെ ഓര്‍ത്ത് ഖേദപൂര്‍വം അതിലേക്ക് മടങ്ങുകയില്ലെന്ന ചിന്തയോടെ അല്ലാഹുവിനോട് മാപ്പ് ചോദിക്കുക. “”അവര്‍ മാപ്പ് ചോദിക്കുന്നവരായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുകയില്ല””(സൂറഃ അന്‍ഫാല്‍ 33).
പകര്‍ച്ച വ്യാധികള്‍ക്കെതിരെ സ്വീകരിക്കേണ്ട ഭൗതിക പ്രതിരോധത്തെ സംബന്ധിച്ച് നബി(സ) വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അബ്ദുര്‍റഹ്മാനുബ്‌നു ഔഫ്(റ)നെ തൊട്ട് നിവേദനം. നബി(സ) പറഞ്ഞു: ഒരു നാട്ടില്‍ പകര്‍ച്ച വ്യാധി ഉണ്ടെന്ന് കേട്ടാല്‍ നിങ്ങള്‍ അങ്ങോട്ട് യാത്ര ചെയ്യരുത്. നിങ്ങളുടെ നാട്ടില്‍ അതുണ്ടായാല്‍ നിങ്ങള്‍ ആ നാടുവിട്ട് ഓടിപ്പോകുകയും ചെയ്യരുത്(മുസ്്ലിം)
കൊറോണ പ്രത്യക്ഷപ്പെട്ട സമയത്തു തന്നെ ഈ നിര്‍ദേശം ലോക രാജ്യങ്ങള്‍ക്ക് പാലിക്കാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഒരുപക്ഷേ ഈ അവസ്ഥ വന്നുപെടുമായിരുന്നില്ല. വ്യാപാര നഗരമായ വുഹാനില്‍ കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടതിന് ശേഷം അവിടെ നിന്ന് മറ്റു രാജ്യക്കാരെല്ലാം രക്ഷപ്പെട്ട് ഓടാന്‍ ശ്രമിച്ചതാണ് ഈ രോഗം ലോകം മുഴുവന്‍ പടരാന്‍ കാരണമായത്. വുഹാന്‍ സിറ്റി ചൈനയുടെ വികസിത മുഖമാണ്. വികസിത രാജ്യങ്ങള്‍ക്ക് പോലും സ്വപ്‌നം കാണാനാകാത്ത സൗകര്യങ്ങളും അലങ്കാരങ്ങളുമുള്ള ഈ വ്യാപാര നഗരം ലോകത്തിന്റെ ഒരു കൊച്ചു പതിപ്പാണത്രെ.

ഏറ്റവുമധികം ആളുകള്‍ ലോകം ചുറ്റിക്കറങ്ങാന്‍ പോകുന്നത് അമേരിക്കയില്‍ നിന്നാണ്. ഇവരെല്ലാം കൊവിഡ് 19 വ്യാപിച്ച സാഹചര്യത്തില്‍ മടങ്ങിയെത്തിയതാണ് അമേരിക്ക ഈ വൈറസ് ബാധയില്‍ മറ്റു രാജ്യങ്ങളെ മറികടക്കാനുള്ള കാരണമെന്ന് വരുമ്പോള്‍ പ്രവാചകരുടെ ഉപദേശം കൂടുതല്‍ പ്രസക്തമാകുകയാണ്. നൂറ്റാണ്ടുകള്‍ 14 പിന്നിട്ടിട്ടും ഈ നിര്‍ദേശത്തിനപ്പുറം ഒരു വരി പോലും മുന്നോട്ടു വെക്കാന്‍ ലോകാരോഗ്യ സംഘടനക്ക് പോലും കഴിഞ്ഞിട്ടില്ല എന്നത് പ്രവാചക സന്ദേശത്തിന്റെ കാലിക പ്രസക്തിയാണ് വിളിച്ചോതുന്നത്.

ശുചിത്വ പാലനമാണ് പ്രതിരോധത്തിന്റെ മറ്റൊരു മാര്‍ഗമായി നിര്‍ദേശിക്കപ്പെടുന്നത്. മനുഷ്യ ശരീരത്തില്‍ ഏറ്റവുമധികം സക്രിയമായ അവയവം നമ്മുടെ കൈകളാണ്. ശരിക്കും പറഞ്ഞാല്‍ ഉറങ്ങാതെ പണിയെടുക്കുന്നുണ്ട് രണ്ട് കൈകളും. നാമുറങ്ങുമ്പോള്‍ തലയില്‍ പേനരിച്ചാലും പുറത്ത് മൂട്ട കടിച്ചാലും കൊതുക് ശല്യപ്പെടുത്തിയാലും നമ്മെ അറിയിക്കാതെ തന്നെ കൈകള്‍ അവരെ കൈകാര്യം ചെയ്യും. എവിടെ ചൊറിച്ചില്‍ അനുഭവപ്പെട്ടാലും കൈകള്‍ അവിടെയും ഓടിയെത്തും. അതുകൊണ്ട് തന്നെ ഉറങ്ങി ഉണരുമ്പോഴേക്ക് കൈകളില്‍ പലതരം മാലിന്യങ്ങളും അള്ളിപ്പിടിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് നബി(സ) പറഞ്ഞത്, നിങ്ങള്‍ ഉറക്കില്‍ നിന്നുണര്‍ന്നാല്‍ മൂന്ന് തവണ രണ്ട് മുന്‍ കൈകളും കഴുകാതെ ആ കൈകള്‍ ഒരു പാത്രത്തിലും ഇടരുത്. നിങ്ങളുടെ കൈകള്‍ എവിടെയായിരുന്നു രാപാര്‍ത്തത് എന്ന് നിങ്ങള്‍ക്കറിയില്ല.

ഉണര്‍ന്നാല്‍ ആദ്യം ചെയ്യേണ്ട പ്രവൃത്തി മൂന്ന് തവണ കൈ കഴുകലാണ്. അതിന് മുമ്പ് ബ്രഷ് എടുത്ത് പല്ലുകള്‍ തേക്കരുത്. മാവു കുഴക്കരുത്. മറ്റൊന്നും ചെയ്യരുത്. ഇനി മൂക്ക് പിഴിയുന്നതും ശൗച്യം ചെയ്യുന്നതും വസ്ത്രമലക്കുന്നതും മറ്റു ജോലികള്‍ ചെയ്യുന്നതുമെല്ലാം ഇതേ കൈകള്‍ കൊണ്ടാണ്. ഇവ തന്നെയാണ് ഒരാളെ സ്വീകരിക്കാന്‍ നാം നീട്ടിക്കൊടുക്കുന്നത്. ഭക്ഷണം കഴിക്കുന്നതും സാധനങ്ങള്‍ വാങ്ങുന്നതും കൊടുക്കുന്നതുമൊക്കെ ഈ കരങ്ങളാണ്. രോഗം പകരുന്നതില്‍ ഇത്ര കാരണമാകുന്ന മറ്റൊരു അവയവമില്ലാത്തതു കൊണ്ട് തന്നെയാണ് സാംക്രമിക രോഗങ്ങളെ തടയാനുള്ള ഏറ്റവും നല്ല പ്രതിരോധമായി കൈ കഴുകുക എന്ന കാര്യം ഉണര്‍ത്തുന്നത്. കൈകളുടെ അകവും പുറവും തേച്ചുരച്ച് കഴുകാനും വിരലുകളുടെ കെണുപ്പുകളിലുള്ള ചുരുളുകള്‍ പ്രത്യേകം ശ്രദ്ധിച്ചു കഴുകാനും നബി(സ) നിര്‍ദേശിച്ചതായി കാണാം. നിസ്‌കാരത്തിന് വേണ്ടി അഞ്ച് തവണ അവയവ സ്‌നാനം ചെയ്യുന്ന ഒരു വിശ്വാസി മുപ്പത് തവണ കൈ കഴുകുന്നുണ്ട്. ഈ സംസ്‌കാരം എത്രമാത്രം ആരോഗ്യകരമാണെന്ന് പറയേണ്ടതില്ല.

കൈകളെ പോലെ തന്നെ പ്രാധാന്യമുള്ളതാണ് വായയും മൂക്കും. പുതിയ വൈറസിന്റെ ഒളിത്താവളങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണവ. വുളൂഇന്റെ ഭാഗമായി മാത്രം ഒരു ദിവസം 15 തവണ വായ വൃത്തിയാക്കണം. പുറമെ നാസാദ്വാരത്തിലേക്ക് വെള്ളം കയറ്റി ചീറ്റിയുള്ള ജലനേതിക്രിയ ദിവസവും പതിനഞ്ച് തവണ ചെയ്യാന്‍ നബി(സ) കല്‍പ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ തുമ്മുന്ന സമയത്തും കോട്ടുവായിടുമ്പോഴും കൈപുറം കൊണ്ട് വായ പൊത്തിപ്പിടിക്കണമെന്നും നബി(സ) നിര്‍ദേശിച്ചത് കാണാം.
ചുരുക്കത്തില്‍ ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന ശുചിത്വ പാലനം മതപരമായുള്ള ബാധ്യത കൂടിയാണെന്ന് മനസ്സിലാക്കി, നിശ്ചിത ദിവസങ്ങള്‍ വരെ നമ്മുടെയും സമൂഹത്തിന്റെയും ആരോഗ്യ സുരക്ഷയോര്‍ത്ത്, ആത്മീയവും ഭൗതികവുമായ പ്രതിരോധങ്ങള്‍ സ്വീകരിച്ചു കൊണ്ട് ഈ ദുരിതത്തില്‍ നിന്ന് കരകയറാന്‍ നമുക്ക് കൂട്ടായ ശ്രമങ്ങള്‍ നടത്താം.

---- facebook comment plugin here -----

Latest