Connect with us

Articles

തുളുനാടിന് തുരങ്കം വെക്കുന്നതാര്?

Published

|

Last Updated

കൊവിഡ് 19 ബാധിച്ച് ഇതുവരെ കേരളത്തില്‍ പൊലിഞ്ഞത് രണ്ട് ജീവനുകളാണ്. എന്നാല്‍ ലോക്ക്ഡൗണ്‍ കാലത്ത് ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത മൂലം കാസര്‍കോട് ജില്ലയില്‍ മാത്രം നഷ്ടമായത് ഏഴ് ജീവനുകളാണ്. കര്‍ണാടക സര്‍ക്കാറിന്റെ മാപ്പര്‍ഹിക്കാത്ത അതിര്‍ത്തിയടക്കല്‍ നടപടിയാണ് മരണങ്ങളുടെ മുഖ്യ കാരണമായി ഗണിക്കപ്പെടുന്നത്. രാജ്യങ്ങളുടെ അതിര്‍ത്തി മാഞ്ഞ് ലോകം തന്നെ ഗ്രാമമായി ചുരുങ്ങുന്ന ആധുനിക കാലത്ത് ഇത്തരത്തിലുള്ള ക്രൂരമായ ചെയ്തി ഒരിക്കലും നീതീകരിക്കാനാകുന്നതല്ല. എന്നാല്‍ പോലും ഈ മരണങ്ങളുടെ പാപക്കറ മുഴുവനും കര്‍ണാടകയുടെ ലേബലില്‍ എഴുതിച്ചേര്‍ത്ത് രാഷ്ട്രീയ നേതൃത്വവും ഉത്തരവാദിത്തപ്പെട്ടവരും സേഫ് സോണിലേക്ക് ചേക്കേറുന്നത് ഒരിക്കലും ഉചിതമല്ല. ഒരു ജനതയുടെ അടിസ്ഥാന ആവശ്യമായ ചികിത്സക്ക് പോലും അയല്‍ സംസ്ഥാനത്തെ ആശ്രയിക്കുന്ന അവസ്ഥയിലേക്ക് ജില്ലയെ തള്ളിവിട്ടതാരെന്ന ചോദ്യം ഉയരുന്നുണ്ട്.

കാസര്‍കോട് സ്വതന്ത്രമായി നടന്നു തുടങ്ങിയിട്ട് മൂന്നര പതിറ്റാണ്ട് പിന്നിട്ടു. എന്നാല്‍ വികസനത്തിന്റെയും പുരോഗതിയുടെയും കാര്യങ്ങളില്‍ ഇന്നും മുട്ടിലിഴയാന്‍ തന്നെയാണ് ജില്ലയുടെ വിധി. ഭരണകൂടങ്ങള്‍ മാറി മാറി വന്നാലും, അവഗണനയുടെ അനുഭവങ്ങള്‍ മാത്രമാണ് ജില്ലക്ക് ഏറ്റു വാങ്ങേണ്ടി വന്നത്. ഒരു സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളായ വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗത സൗകര്യങ്ങള്‍ എന്നിത്യാദി കാര്യങ്ങളില്‍ ജില്ലയുടെ സ്ഥിതി ആശാസ്യകരമല്ല. മികച്ച മാനുഷിക വിഭവങ്ങള്‍ ലഭ്യമായിട്ട് പോലും ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുതകുന്ന സംവിധാനങ്ങള്‍ കാസര്‍കോടിനിന്നും അന്യമാണ്. മാത്രമല്ല, ടൂറിസം, വ്യാവസായിക വികസനം എന്നീ മേഖലകളില്‍ മികച്ച സാധ്യതകളുണ്ടായിട്ട് പോലും ഇന്നും അവഗണനയുടെ മാറാപ്പു പേറാനാണ് ജില്ലയുടെ തലവിധി. സംസ്ഥാനത്തിന്റെ ഭാഗമായി കാസര്‍കോടിനെ പരിഗണിക്കാന്‍ വൈമനസ്യമുള്ളവരാണ് ഒട്ടുമിക്ക രാഷ്ട്രീയ നേതൃത്വവും.
ഒരു സമൂഹത്തിന്റെ പുരോഗതിയെ നിര്‍ണയിക്കുന്നതില്‍ വിദ്യാഭ്യാസം മുഖ്യ പങ്ക് വഹിക്കുന്നുണ്ട്. വിദ്യാഭ്യാസം കൈമുതലുള്ള ജനത ഒരു നാടിന്റെ സമ്പത്താണ്. വിദ്യാഭ്യാസ മേഖലയില്‍ എടുത്തു പറയത്തക്ക രൂപത്തിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജില്ലയില്‍ തുലോം വിരളമാണെന്നതാണ് യാഥാര്‍ഥ്യം. പത്താം തരം കഴിയുന്നതോടെ ഹയര്‍ സെക്കന്‍ഡറി സീറ്റിന് വേണ്ടി നെട്ടോട്ടമോടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. 2019ല്‍ ഹയര്‍ സെക്കന്‍ഡറി പഠനത്തിന് യോഗ്യത നേടിയ 18,541 വിദ്യാര്‍ഥികളില്‍ 4,263 വിദ്യാര്‍ഥികള്‍ സീറ്റില്ലാതെ പുറത്തു നില്‍ക്കേണ്ട അവസ്ഥ. തെക്കന്‍ ജില്ലകളില്‍ കുട്ടികളില്ലാതെ ആയിരത്തോളം സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമ്പോഴാണ് ജില്ലയില്‍ സീറ്റിനായുള്ള ഈ നെട്ടോട്ടം എന്നത് ശ്രദ്ധേയമാണ്. ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങളുടെ കാര്യമായാലും തഥൈവ. വിരലിലെണ്ണാവുന്ന ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളാണ് ജില്ലയിലുള്ളത്. അവിടെത്തന്നെ മതിയായ സൗകര്യങ്ങളോ സംവിധാനങ്ങളോ ലഭ്യവുമല്ല. അതിനാല്‍ തന്നെ ഉന്നത വിദ്യാഭ്യാസത്തിനായി ജില്ലയിലെ വിദ്യാര്‍ഥികള്‍ ഇതര ജില്ലകളെയും സംസ്ഥാനങ്ങളെയും ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. കണ്ണൂര്‍ യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള ചുരുക്കം കോളജുകളില്‍ പോലും മതിയായ അധ്യാപകരില്ല. വിദ്യാഭ്യാസ മേഖലയിലെ ജില്ലയോടുള്ള അവഗണനക്കപവാദമായിട്ടുള്ളത് പെരിയ സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി മാത്രമാണ്. ജില്ലയുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രഭാകരന്‍ കമ്മീഷന്‍ നിര്‍ദേശിച്ച പല പദ്ധതികളും ഇന്നും നടപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല.

മറ്റു ജില്ലകളുടെ വികസനത്തിന് ബലിയാടാകാന്‍ വിധിക്കപ്പെടാനാണ് ഇനിയും ജില്ലയുടെ വിധി.
കര്‍ണാടകയുടെ അതിര്‍ത്തിയടക്കല്‍ മൂലം ഏഴ് ജീവനുകള്‍ അപഹരിക്കപ്പെട്ടതോടെയാണ് ജില്ലയുടെ ആരോഗ്യ രംഗത്തെ ദയനീയാവസ്ഥ സമൂഹം ചര്‍ച്ച ചെയ്തു തുടങ്ങിയത്. എന്‍ഡോസള്‍ഫാന്‍ തീര്‍ത്ത ദുരിതക്കയത്തില്‍ നിന്ന് ഇന്നും ജില്ല കരകയറിയിട്ടില്ല. ആരോഗ്യ മേഖലയില്‍ ജില്ല നേരിട്ടത് ക്രൂരമായ അവഗണനയാണെന്ന് വിശേഷിപ്പിക്കുന്നത് തെറ്റാവില്ല. കാരണം 2013ല്‍ ഒരേ സമയം തറക്കല്ലിട്ട മഞ്ചേരി, പാലക്കാട് മെഡിക്കല്‍ കോളജുകള്‍ പ്രവര്‍ത്തനസജ്ജമായിട്ട് പോലും കാസര്‍കോട് മെഡിക്കല്‍ കോളജ് പ്രവര്‍ത്തനമാരംഭിച്ചിരുന്നില്ല. ശേഷം പ്രഖ്യാപിക്കപ്പെട്ട വയനാട് മെഡിക്കല്‍ കോളജ് അടക്കമുള്ള സ്ഥാപനങ്ങളുടെ നിര്‍മാണം ദ്രുതഗതിയില്‍ മുന്നോട്ട് പോകുമ്പോഴും കാസര്‍കോട് മെഡിക്കല്‍ കോളജിന്റെ നിര്‍മാണം മന്ദഗതിയിലാണ് നീങ്ങിയത്. അവസാനം കൊവിഡ് 19 ബാധ മൂലം ജില്ല രൂക്ഷമായ ആരോഗ്യ പ്രതിസന്ധി നേരിട്ടപ്പോഴാണ് യുദ്ധകാലാടിസ്ഥാനത്തില്‍ സംവിധാനങ്ങളൊരുക്കി മെഡിക്കല്‍ കോളജ് പ്രവര്‍ത്തന സജ്ജമാക്കിയത്. നിലവിലുള്ള ഗവണ്‍മെന്റ് ഹോസ്പിറ്റലുകളിലെ സ്ഥിതി വളരെ പരിതാപകരമാണ്.

അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട ഐസൊലേഷന്‍ വാര്‍ഡില്‍ പൂച്ചയും പാറ്റയും വിഹരിക്കുന്ന കാഴ്ച കഴിഞ്ഞ ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെട്ടു. കേവലം തമാശയോടെ ചിരിച്ച് തള്ളേണ്ട വാര്‍ത്തയാണോ അത്? ഒരിക്കലുമല്ല, ഒരു ജില്ലയിലെ സര്‍ക്കാറിന്റെ കീഴിലുള്ള പ്രധാനപ്പെട്ട ആതുരാലയത്തിന്റെ അവസ്ഥ ഇതാണെങ്കില്‍ ശേഷിക്കുന്നവ ചര്‍ച്ചക്കെടുക്കാതിരിക്കലാണ് നല്ലത്. നിലവില്‍ അത്യാധുനിക സൗകര്യങ്ങളോടെയുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ജില്ലയിലില്ല. അതിനാല്‍ തന്നെ വല്ല അത്യാഹിതവും സംഭവിച്ചാല്‍ വിദഗ്ധ ചികിത്സക്കായി മംഗലാപുരത്തേക്ക് കുതിക്കേണ്ട അപകടകരമായ സാഹചര്യമാണുള്ളത്. അതിര്‍ത്തിയടച്ചത് മൂലമുള്ള മരണങ്ങള്‍, അടിസ്ഥാന ആവശ്യമായ ചികിത്സക്ക് പോലും ഇതര സംസ്ഥാനത്തെ ആശ്രയിച്ച് ഒരു ജനതക്ക് കൂടുതല്‍ കാലമൊന്നും മുന്നോട്ട് പോകാനാകില്ല എന്ന പാഠമാണ് നല്‍കുന്നത്.

വിദ്യാഭ്യാസ, ആരോഗ്യ മേഖലകള്‍ പോലെ തന്നെ അവഗണനയുടെ പര്യായമാണ് ജില്ലയിലെ വാണിജ്യ, വ്യാവസായിക, ടൂറിസം മേഖലകള്‍. ഓരോ കേന്ദ്ര, സംസ്ഥാന ബജറ്റുകളില്‍ കോടികള്‍ വ്യാവസായിക മേഖലകള്‍ക്കായി മാറ്റി വെക്കുമ്പോഴും പദ്ധതികള്‍ പ്രഖ്യാപിക്കുമ്പോഴും കാസര്‍കോടിന് കാര്യമായിട്ടൊന്നും ലഭിക്കാറില്ലെന്നതാണ് വസ്തുത. സ്ഥലപരിമിതി മൂലം പദ്ധതി നിര്‍വഹണത്തിന് ബലപ്രയോഗം നടത്തി ജനങ്ങളെ ഒഴിപ്പിച്ച വാര്‍ത്തകള്‍ മറ്റു ജില്ലകളില്‍ നിന്ന് പലപ്പോഴായി ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത്തരം പരിമിതികളൊന്നുമില്ലാത്ത നിരവധി പ്രദേശങ്ങള്‍ ഉണ്ടായിട്ട് പോലും ജില്ലയിലേക്ക് പദ്ധതികളൊന്നും എത്തിപ്പെടുന്നില്ല. ജില്ലയില്‍ ആരംഭിച്ച പല വ്യവസായ സ്ഥാപനങ്ങളും മതിയായ പരിഗണനയും ഫണ്ട് വകയിരുത്തലും ലഭിക്കാതെ ചക്രശ്വാസം വലിച്ച് കൊണ്ടിരിക്കുകയാണിപ്പോള്‍. ജില്ലയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാവുന്ന ടൂറിസം മേഖല കൃത്യമായി ഉപയോഗപ്പെടുത്താന്‍ സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. കോട്ടകളുടെ നാട് എന്ന വിശേഷണം തന്നെയുണ്ട് ജില്ലക്ക്. എന്നാല്‍ ഇത്തരം പൈതൃക കേന്ദ്രങ്ങള്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം അനുദിനം നശിച്ച് കൊണ്ടിരിക്കുകയാണ്. മലബാറിന്റെ ഊട്ടിയെന്ന വിശേഷണമുള്ള റാണിപുരം വിനോദ സഞ്ചാര കേന്ദ്രമെന്ന നിലക്ക് ഇനിയും വളര്‍ന്നിട്ടില്ല. അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കപ്പെട്ടിട്ടില്ല എന്നതാണ് ശരി. വിനോദ സഞ്ചാരികളെ ആകര്‍ഷിപ്പിക്കും വിധത്തിലുള്ള പദ്ധതികള്‍ ടൂറിസം വകുപ്പ് ആവിഷ്‌കരിക്കാത്തതിനാല്‍ നഷ്ടമാകുന്നത് ഒരു പ്രദേശത്തിന്റെ വികസനമെന്ന സ്വപ്‌നം കൂടിയാണ്.

ബ്യൂറോക്രസിയുടെ കെടുകാര്യസ്ഥതയാണ് ജില്ലയുടെ വികസന മുരടിപ്പിന്റെ മറ്റൊരു കാരണമായി ഗണിക്കപ്പെടുന്നത്. പണിഷ്‌മെന്റ് ട്രാന്‍സ്ഫറുകള്‍ക്കായുള്ള ചവറ്റു കൊട്ടയാണ് ഇന്നും ജില്ല. ചാലക്കുടിയില്‍ യാത്രക്കാരോട് മോശമായി പെരുമാറിയ ഡി വൈ എസ് പിയെയും പ്രളയകാലത്ത് ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെയും പണിഷ്‌മെന്റായി ട്രാന്‍സ്ഫര്‍ ചെയ്യപ്പെട്ടത് ഉദാഹരണങ്ങള്‍ മാത്രം. ക്രിമിനല്‍ സ്വഭാവമുള്ളവരെ നാടുകടത്താനുള്ള ഇടമായി സര്‍ക്കാര്‍ ജില്ലയെ കാണുന്ന കാലത്തോളം വികസനം സ്വപ്‌നം മാത്രമായി ശേഷിക്കും. തിരുവനന്തപുരം- മംഗളൂര്‍ കോറിഡോര്‍ അതിവേഗ റെയില്‍വേ പദ്ധതി പോലും ഇടക്കാലത്ത് കണ്ണൂര് വരെ മാത്രമാക്കി ചുരുക്കാന്‍ ശ്രമങ്ങള്‍ നടന്നു. വിവിധ ആവശ്യങ്ങള്‍ക്കായി ദിനേന ആയിരങ്ങള്‍ എത്തുന്ന ജില്ലയില്‍ ഇന്നും പല ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പനുവദിച്ചിട്ടില്ല. ട്രെയിനിന് സ്‌റ്റോപ്പ് അനുവദിക്കാനായി എം എല്‍ എ ട്രെയിനില്‍ നിന്ന് ചങ്ങല വലിച്ചു പ്രതിഷേധിക്കേണ്ട അവസ്ഥ വരെ ഉണ്ടായി എന്നത് എന്തൊരു പരിതാപകരമാണ്?

വിദേശ മലയാളികളില്‍ വലിയൊരു വിഭാഗം കാസര്‍കോട് സ്വദേശികളാണ്, ഗള്‍ഫ് പണം കൂടുതലായെത്തുന്നതും ജില്ലയിലേക്കാണ്. എന്നിട്ട് പോലും ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ ജില്ലക്ക് കാര്യമാത്രമായ ഉന്നതി പ്രാപിക്കാനായിട്ടില്ല. ഇതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് ജില്ലയെ നിക്ഷേപ സൗഹൃദമാക്കുന്നതിലുള്ള സര്‍ക്കാറിന്റെ പരാജയമാണ്. മംഗളൂരുവിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിച്ചത് ജില്ലയിലെ നിക്ഷേപകരാണ്. മംഗളൂരുവില്‍ സ്ഥിതി ചെയ്യുന്ന ഒട്ടു മിക്ക ഹോസ്പിറ്റലുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉടമകളും ഷെയര്‍ ഹോള്‍ഡേഴ്‌സും ജില്ലയിലെ വ്യവസായികളാണ്. ജില്ലയില്‍ നിന്ന് ശതകോടികളുടെ നിക്ഷേപം കര്‍ണാടകയിലേക്ക് പോകുന്നു. ഇതിന്റെ കാരണമായി മനസ്സിലാക്കപ്പെടുന്നത് കര്‍ണാടകയിലെ നിക്ഷേപ സൗഹൃദാന്തരീക്ഷവും അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയുമാണ്. പുതുതായി ഒരു സ്ഥാപനം ആരംഭിക്കുമ്പോഴേക്കും ചുവപ്പു നാടയുടെ നൂലാമാലയില്‍ കുടുങ്ങി വര്‍ഷങ്ങളായി കാത്തിരിക്കുന്ന പലരും ഇന്ന് ജില്ലയിലുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ നിര്‍മാണത്തിന്റെ 90 ശതമാനം പൂര്‍ത്തിയായിട്ടും അനുമതി ലഭിക്കാത്തതിനാല്‍ ഇന്നും ഭരണകൂടത്തിന്റെ കനിവ് കാത്തിരിപ്പുണ്ട്.
അതിര്‍ത്തിയടച്ച കര്‍ണാടക സര്‍ക്കാറിന്റെ പ്രാകൃത നടപടി വിമര്‍ശിക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷേ, മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും അതിര്‍ത്തിയില്‍ അയൽ സംസ്ഥാനത്തിന്റെ അനുമതിയും കാത്തിരിക്കേണ്ട ഗതികേട് എന്ത് കൊണ്ട് ജില്ലക്ക് സംജാതമായി എന്ന ചോദ്യത്തിനുത്തരം കണ്ടെത്തുകയാണ് വേണ്ടത്. വോട്ട് ബേങ്ക് വര്‍ധിപ്പിക്കാനായി മാത്രം വികസന പ്രഖ്യാപനങ്ങള്‍ നടത്തി ജില്ലയെ വഞ്ചിച്ച നിയമസഭ, പാര്‍ലിമെന്റ് അംഗങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും ആത്മാര്‍ഥത ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.

Latest