Connect with us

Articles

മടിക്കുത്തഴിഞ്ഞ് മുതലാളിത്തം

Published

|

Last Updated

കൊറോണ വൈറസിന്റെ വ്യാപനം മുതലാളിത്തത്തിന്റെ എല്ലാ വൈരുധ്യങ്ങളെയും തുറന്നുകാട്ടുകയാണ്. സോഷ്യലൈസ് ചെയ്യപ്പെട്ടതോ മനുഷ്യസ്പര്‍ശമുള്ളതോ ആയ ഒരു വ്യവസ്ഥിതിക്ക് മാത്രമേ ഇത്തരം ഘട്ടങ്ങളെ സമചിത്തതയോടെയും മാനവീയമായും കൈകാര്യം ചെയ്യാനാകുകയുള്ളൂവെന്ന് ഈ കൊറോണക്കാലം ലോകത്തെ പഠിപ്പിക്കുന്നു.
സാമൂഹിക പ്രതിബദ്ധതയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ കരുതലും കരുത്തും. ഭരണകൂടത്തിനും പൊതുജനത്തിനും അത്തരമൊരു കരുതല്‍ നഷ്ടപ്പെട്ടാല്‍ വലിയ അപകടമായിരിക്കും സംഭവിക്കുക. മുതലാളിത്ത രാഷ്ട്രങ്ങളിലെ ജനത അനുഭവിച്ചു കൊണ്ടിരിക്കുന്നത് സാമൂഹിക ബോധത്തിന്റെയും പ്രതിബദ്ധതയുടെയും അഭാവമാണ്. അമേരിക്ക കൊറോണക്കു മുമ്പില്‍ പരാജയം സമ്മതിച്ചതിന് പിന്നില്‍ പല കാരണങ്ങളുമുണ്ടാകാം. ഏറ്റവും പ്രധാനപ്പെട്ടത് മുതലാളിത്തത്തിന്റെ സാമൂഹിക വ്യവസ്ഥിതിയുടെ പ്രശ്‌നമാണ്. കമ്പോളത്തിലെ ലാഭമാണ് അവരെ മുന്നോട്ടു നയിക്കുന്നത്. പൗരന്റെ ആരോഗ്യ സംരക്ഷണം സര്‍ക്കാറിന്റെ ഉത്തരവാദിത്വമായി കാണുന്ന ഭരണകൂടമായി ഇപ്പോഴും വികസിത രാഷ്ട്രങ്ങള്‍ക്ക് മാറാന്‍ കഴിയുന്നില്ല.

അമേരിക്കയില്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായത് ജീവശാസ്ത്രപരമായ കാരണങ്ങള്‍ കൊണ്ടല്ല, സാമൂഹികമായ കാരണങ്ങളാലാണ്. അസുഖം അനുഭവപ്പെട്ടു തുടങ്ങുമ്പോള്‍ വീട്ടില്‍ നില്‍ക്കാന്‍ നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരുടെ മുന്നറിയിപ്പുകളെ വര്‍ക്കിംഗ് ക്ലാസ് അവഗണിച്ചത് എത്ര ലാഘവത്തോടെയായിരുന്നു. ന്യൂയോര്‍ക്ക് സിറ്റി മേയറടക്കമുള്ളവര്‍ തിരക്കേറിയ സബ്‌വേ കാറുകള്‍ ഒഴിവാക്കാനും കഴിയുന്നവര്‍ വീട്ടില്‍ നിന്ന് ജോലി ചെയ്യാനും നിര്‍ദേശിച്ചിരുന്നെങ്കിലും പലരും പൊതുഗതാഗത സംവിധാനം മാത്രം ആശ്രയിച്ചു. വീട്ടില്‍ നില്‍ക്കാനോ സാധ്യമായ ജോലികള്‍ ചെയ്യാനോ വര്‍ക്കിംഗ് ക്ലാസിന് കഴിയാതെ പോകുന്നതിന് പിന്നില്‍ ഭീകരമായ സാമ്പത്തിക കാരണങ്ങളുമുണ്ട്. 1,000 ഡോളര്‍ പോലും സമ്പാദ്യമായി ഇല്ലാത്ത 58 ശതമാനം അമേരിക്കക്കാരുണ്ട്. ചികിത്സ സൗജന്യമല്ലാത്തതിനാല്‍ ഭീമമായ മെഡിക്കല്‍ ചെലവുകള്‍ അവരുടെ ജീവിതക്രമത്തെ ബാധിക്കുന്നു.
പൊതു ഗതാഗതം ആശ്രയിക്കാതിരിക്കലോ വീട്ടില്‍ തങ്ങുന്നതോ അതുകൊണ്ടുതന്നെ അവരെ സംബന്ധിച്ചിടത്തോളം ഒരു ഓപ്ഷനേ അല്ല. അസുഖം വരുമ്പോള്‍ കൂടുതല്‍ ആളുകളും ഡോക്ടറെ കാണുന്നത് തന്നെ ഉപേക്ഷിക്കുകയാണ് പതിവ്. ഈ കാരണത്താല്‍ തന്നെ 25 ശതമാനം അമേരിക്കക്കാര്‍ക്കോ അല്ലെങ്കില്‍ കുടുംബാംഗങ്ങള്‍ക്കോ വൈദ്യചികിത്സ വൈകിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2019 മെയ് മാസത്തില്‍, അമേരിക്കന്‍ ക്യാന്‍സര്‍ സൊസൈറ്റി വെളിപ്പെടുത്തിയ ഒരു കാര്യം 56 ശതമാനം മുതിര്‍ന്നവരും മെഡിക്കല്‍ കാരണങ്ങളാലുള്ള സാമ്പത്തിക പരാധീനതയില്‍ ബുദ്ധിമുട്ടുന്നുണ്ടെന്നാണ്. അമേരിക്കയിലെ ദാരിദ്ര്യത്തിന്റെ ഒന്നാം കാരണം മെഡിക്കല്‍ കടമാണ്. കൊവിഡ് 19 വ്യാപിക്കുമ്പോള്‍ മുതലാളിത്തത്തിന്റെ അസമത്വം അമേരിക്കക്കാരെ കൂടുതല്‍ അപകടത്തിലാക്കുന്നുവെന്ന് ചുരുക്കം.

മിഥ്യാഭിമാനത്തില്‍ അധിഷ്ഠിതമായ ദേശീയതയാണ് അമേരിക്കന്‍ സമൂഹത്തിന്റേത്. വ്യവസ്ഥിതിയെ അന്ധമായി വിശ്വസിക്കുക മാത്രമാണ് അവര്‍ ചെയ്ത തെറ്റ്. ആ വ്യവസ്ഥിതി പക്ഷേ, വ്യാജവും കൊള്ളയുമായിരുന്നുവെന്ന് അമേരിക്കക്കാര്‍ ഇപ്പോഴെങ്കിലും തിരിച്ചറിയുന്നുണ്ടാകണം. ചൈനയില്‍ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ വളരെ ലാഘവത്തോടെ നോക്കിക്കാണുകയും സുസജ്ജരാണെന്ന് വീമ്പു പറയുകയും ചെയ്തവരാണ് ട്രംപമേരിക്ക. പൊതുജനാരോഗ്യം ശക്തിപ്പെടുത്താനുള്ള ഒരു ശ്രമവും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. അവരാദ്യം പുറപ്പെട്ടത് കൊറോണക്കുള്ള വാക്‌സിന്‍ കണ്ടെത്താനായിരുന്നു. ഭാവിയില്‍ ഈ മരുന്നിനുണ്ടാകുന്ന വിപണി മൂല്യമാണ് മുതലാളിത്തം സ്വപ്‌നം കണ്ടത്. ഇതുപോലുള്ള പകര്‍ച്ചവ്യാധികളെ സോഷ്യലിസം അഭിമുഖീകരിച്ച രീതി മാനവകുലത്തിന്റെ മുന്നോട്ടുള്ള ഗമനത്തില്‍ പ്രധാനമാണ്.
സോഷ്യലിസത്തിന്റെ കേന്ദ്രവശം ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ആസൂത്രിത സമ്പദ്‌വ്യവസ്ഥയാണ്. പണമടക്കാനുള്ള കഴിവിനുപകരം എല്ലാ വിഭവങ്ങളും ആവശ്യാനുസരണം അനുവദിക്കുന്ന ഒരു സമ്പദ്‌വ്യവസ്ഥ. ആവശ്യം ജനാധിപത്യപരമായി തീരുമാനിക്കുന്നത് നിര്‍മാതാക്കളും ഉപഭോക്താക്കളുമാണ്. തൊഴിലാളികളുടെ നിയന്ത്രണത്തിലുള്ള ഉത്പാദന മാര്‍ഗങ്ങളിലൂടെ, അടിയന്തര സാഹചര്യങ്ങളില്‍ ഈ ഉത്പന്നങ്ങളുടെ ഉത്പാദനം വേഗത്തില്‍ വര്‍ധിപ്പിക്കാന്‍ കഴിയും. കൊറോണ വൈറസ് പോലുള്ള ആഗോള പകര്‍ച്ചവ്യാധികളില്‍ നിന്ന് മുക്തി നേടാന്‍ ഇത് പ്രധാനമാണ്.

അമേരിക്കയില്‍ നിലവില്‍ ഒന്നിലധികം കമ്പനികള്‍ കൊവിഡ് 19 ചികിത്സിക്കാനോ തടയാനോ കഴിയുമോയെന്നറിയാന്‍ പരീക്ഷണങ്ങളിലാണ്. എങ്കില്‍ പോലും എഫ് ഡി എ (സെന്റര്‍ ഫോര്‍ ബയോളജിക്‌സ് ഇവാലുവേഷന്‍ ആന്‍ഡ് റിസര്‍ച്ച്) യുടെ ഡയറക്ടര്‍ പീറ്റര്‍ മാര്‍ക്‌സിന്റെ അഭിപ്രായത്തില്‍ ഈ വാക്‌സിന്‍ ഏതാനും മാസത്തേക്ക് മനുഷ്യരില്‍ പരീക്ഷിക്കാന്‍ കഴിയില്ല എന്നാണ്. ആരോഗ്യമനുഷ്യ സേവന സെക്രട്ടറി അലക്‌സ് അസര്‍ “ഞങ്ങള്‍ക്ക് അതിന്റെ വില നിയന്ത്രിക്കാന്‍ കഴിയില്ല, കാരണം ഞങ്ങള്‍ക്ക് നിക്ഷേപം നടത്താന്‍ സ്വകാര്യമേഖല ആവശ്യമാണ്” എന്നാണ് ഈ പ്രതിസന്ധി ഘട്ടത്തില്‍ പോലും പറഞ്ഞത്. വലിയൊരു മഹാമാരിയുടെ ദുരന്തമുഖത്ത് മുതലാളിത്ത മണിമാളികകളില്‍ നിന്ന് വരുന്ന പ്രസ്താവന എത്രമേല്‍ വിരോധാഭാസമാണ്. ഗിലിയാഡ് സയന്‍സസ്, മോഡേണ തെറാപ്പ്യൂട്ടിക്‌സ്, ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ തുടങ്ങിയ കമ്പനികളെല്ലാം പരീക്ഷണങ്ങളില്‍ സജീവമാണ്.
സോഷ്യലിസത്തിന് കീഴില്‍, ആരോഗ്യസംരക്ഷണ വ്യവസായം ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ജീവനക്കാര്‍, രോഗികള്‍ എന്നിവര്‍ ജനാധിപത്യപരമായി ക്രമീകരിക്കുന്നു.

ആശുപത്രികള്‍, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍, ഉപകരണ നിര്‍മാണ സ്ഥാപനങ്ങള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ എന്നിവയില്‍ സമ്പന്ന മുതലാളിമാര്‍ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന നടപ്പുസംവിധാനത്തില്‍ നിന്ന് ഇത് തികച്ചും വ്യത്യസ്തമായിരിക്കും. കൊവിഡ് 19 പോലോത്ത ദുരന്തമുഖങ്ങളില്‍ സോഷ്യലിസ്റ്റ് സാമ്പത്തിക ക്രമത്തില്‍, ആരോഗ്യ സംരക്ഷണം ഒരു മനുഷ്യാവകാശമായിരിക്കും. പണം സമ്പാദിക്കാനുള്ള ഒരു മാര്‍ഗമല്ലെന്ന് സാരം. സാമ്പത്തികഭാരം ഭയക്കാതെ ഓരോ വ്യക്തിക്കും പരിശോധനയും ചികിത്സയും നേടാന്‍ ഇത് അനുവദിക്കും.
ആരോഗ്യ പരിരക്ഷ എന്നതുകൊണ്ട് വിവക്ഷിക്കപ്പെടുന്ന സങ്കല്‍പ്പം തന്നെ വിപുലീകരിക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ മൊത്തത്തിലുള്ള ജീവിത സാഹചര്യവും സാമൂഹിക അന്തരീക്ഷവും അവരുടെ ആരോഗ്യത്തെ അഭിസംബോധന ചെയ്യുന്നതില്‍ പ്രധാന പങ്കുവഹിക്കും.

ഇതിനര്‍ഥം സോഷ്യലിസത്തിന് കീഴിലുള്ള ആരോഗ്യ സംവിധാനം കാലാവസ്ഥാ തകര്‍ച്ച പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരമാണെന്നല്ല. പുതിയ വൈറസായ കൊറോണ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. അതേസമയം, മള്‍ട്ടിനാഷനല്‍ കമ്പനികളില്‍ നിന്നും സൈനിക വ്യവസായ ശാലകളില്‍ നിന്നും ഉയരുന്ന ആഗോള താപനില ഭാവിയില്‍ പുതിയ രോഗത്തിന്റെയും വൈറസുകളുടെയും ഉത്ഭവത്തിനു കാരണമാകും. ഹ്രസ്വമായ ശൈത്യകാലം, ജലചക്രങ്ങളിലെ മാറ്റങ്ങള്‍, മനുഷ്യരുമായി ചുറ്റിപ്പറ്റിയുള്ള വന്യജീവികളുടെ സഹവാസം എന്നിവയെല്ലാം പുതിയ രോഗബാധയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

മുതലാളിത്തമാണ് പകര്‍ച്ചവ്യാധികളും മഹാമാരികളില്‍ പലതും സൃഷ്ടിച്ചത്. അതേസമയം മുതലാളിത്ത പരിഹാരങ്ങളാണെങ്കില്‍ അപര്യാപ്തവും പ്രതിസന്ധി രൂക്ഷമാക്കുന്നതുമാണ്. ഫലം കൂടുതല്‍ രോഗവും അതിലേറെ മരണവും. കൊറോണ വൈറസിന്റെ തുടര്‍ച്ചയായ വ്യാപനത്തിന് മുതലാളിത്തം ഒരു ഇന്‍കുബേറ്ററാണ്. പകര്‍ച്ചവ്യാധികളെ അഭിസംബോധന ചെയ്യുന്നതില്‍ ഈ സംവിധാനത്തിന് കീഴിലുള്ള ആരോഗ്യസംരക്ഷണ സംവിധാനം എല്ലായ്‌പ്പോഴും അപര്യാപ്തമാണ്. ആരോഗ്യത്തെയും ക്ഷേമത്തെയും കുറിച്ച് കൂടുതല്‍ സാമൂഹിക വിശകലനത്തിലേക്ക് നാം നീങ്ങണം എന്ന വസ്തുത കൊറോണ വൈറസ് മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ സന്ദേശമാണ്. നാമെല്ലാവരും പരസ്പരം, പ്രകൃതിയുമായി, നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആ ബന്ധങ്ങളെ അടിസ്ഥാനമാക്കി സോഷ്യലിസം സമൂഹത്തെ പുനഃക്രമീകരിക്കും.

Latest