Connect with us

Articles

അനുഗ്രഹീത രാവിലലിയുക

ശഅ്ബാന്‍ 15ന്റെ രാവാണിന്ന്. അഥവാ നമ്മള്‍ റമസാനിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നുവെന്നര്‍ഥം. പുണ്യങ്ങള്‍ പെയ്തിറങ്ങുന്ന സമയമാണിനിയങ്ങോട്ട്. റജബ് മാസത്തെ നമ്മള്‍ ആവേശത്തേടെ വരവേല്‍ക്കും. എന്നാല്‍ റജബിലെ ആവേശം പതിയെ കെട്ടടങ്ങുകയും റമസാനില്‍ വീണ്ടും അത് തളിര്‍ക്കുകയും ചെയ്യുന്ന രീതിയാണ് പൊതുവെ കണ്ടുവരുന്നത്. റജബിനും റമസാനിനും ഇടയിലുള്ള പവിത്രമായ ശഅ്ബാനിനെ പലപ്പോഴും നമ്മള്‍ മറന്നു കളയുന്നു.

ഉസാമത്ത്ബ്‌നുസെയ്ദ് തങ്ങള്‍ പറയുകയാണ്: ഞാന്‍ നബി(സ)യോട് ചോദിച്ചു: “അല്ലാഹുവിന്റെ റസൂലേ, ശഅ്ബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും (റമസാനൊഴിച്ച്) അങ്ങ് വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ.” അവിടുന്ന് പറഞ്ഞു: “റജബിനും റമസാനിനും ഇടയില്‍ ആളുകള്‍ അശ്രദ്ധരായി വിടുന്ന ഒരു മാസമാണിത്. എന്നാല്‍ ശഅ്ബാന്‍ അല്ലാഹുവിങ്കലേക്ക് കര്‍മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്റെ കര്‍മങ്ങളെ അല്ലാഹുവിങ്കലേക്ക് ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു”.

ശഅ്ബാന്‍ പതിനഞ്ചിന്റെ രാവാണ് ബറാഅത്ത് രാവ്. വിശുദ്ധ ഖുര്‍ആനില്‍ നിന്നും തിരുഹദീസുകളില്‍ നിന്നും ബറാഅത്ത് രാവിന്റെ മഹത്വത്തെ കുറിച്ച് പണ്ഡിത ലോകം വിശ്വാസി സമൂഹത്തിന് ദിശാബോധം നല്‍കിയിട്ടുണ്ട്. വിശുദ്ധ ഖുര്‍ആനിലെ 44ാം ആധ്യായമായ സൂറത്തു ദുഖാനിലെ ഒന്ന് മുതല്‍ നാല് വരെയുള്ള സൂക്തങ്ങളുടെ സാരം ഇങ്ങനെയാണ്: “സത്യാസത്യങ്ങളെ വ്യക്തമായി വേര്‍തിരിക്കുന്ന ഗ്രന്ഥം തന്നെയാണ് സത്യം. അനുഗ്രഹീതമായ ഒരു രാത്രിയില്‍ (ലൈലതുന്‍ മുബാറക) തീര്‍ച്ചയായും നാമത് അവതരിപ്പിച്ചു. നിശ്ചയമായും നാം മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുന്നു. പ്രബലമായ എല്ലാ കാര്യങ്ങളും അതില്‍ (ആ രാത്രിയില്‍) വേര്‍തിരിച്ചെഴുതപ്പെടുന്നു”. വിശുദ്ധ ഖുര്‍ആനിലെ ഈ സൂക്തത്തിലെ ലൈലതുന്‍ മുബാറക കൊണ്ടുള്ള ഉദ്ദേശ്യം ബറാഅത്ത് രാവാണെന്ന് പ്രബലരായ പണ്ഡിതര്‍ ഉദ്ധരിച്ചതായി കാണാം.

ലൈലത്തുന്‍ മുബാറക (അനുഗ്രഹീത രാത്രി), ലൈലതുല്‍ ബറാഅത്ത് (മോചന രാത്രി), ലൈലത്തുർ റഹ്മ (കാരുണ്യം വര്‍ഷിക്കുന്ന രാത്രി), കാര്യങ്ങളെ രേഖപ്പെടുത്തുന്ന രാത്രി തുടങ്ങി വ്യത്യസ്ത പേരുകളില്‍ ഈ രാത്രിയെ പണ്ഡിതര്‍ വിശേഷിപ്പിച്ചിട്ടുണ്ട്.

ബറക്കത്താക്കപ്പെട്ട രാവ് എന്നാണ് ഖുര്‍ആന്‍ ഈ രാവിനെ വിശേഷിപ്പിച്ചത്. അതുകൊണ്ടു തന്നെ ഈ രാവില്‍ ഒട്ടേറെ നന്മകള്‍ വര്‍ധിക്കപ്പെടുമെന്നും അനുഗ്രഹങ്ങള്‍ വര്‍ഷിക്കപ്പെടുമെന്നും ഹദീസുകളില്‍ കാണാം. ഈ രാവിന്റെ മറ്റൊരു പ്രത്യേകതയാണ് കാര്യങ്ങളുടെ തീരുമാനങ്ങള്‍ രേഖപ്പെടുത്തുകയെന്നത്. യുക്തിപൂര്‍ണമായ എല്ലാ കാര്യങ്ങളും അതില്‍ തീരുമാനിക്കപ്പെടുമെന്ന് വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു തന്നെ സ്പഷ്ടമാക്കിയതാണ്.

ശഅ്ബാന്‍ പതിനഞ്ചിന്റെ പകലില്‍ നോമ്പനുഷ്ഠിക്കല്‍ പ്രത്യേകം സുന്നത്തുണ്ടെന്ന് ഇമാം അഹമ്മദുര്‍ റംലിയെപോലുള്ള പണ്ഡിത മഹത്തുക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ചുരുക്കത്തില്‍ റജബിനെ പോലെ തന്നെ ആവേശം ഒട്ടും ചോരാതെ റമസാനിലേക്കെത്താനുള്ള ചവിട്ടു പടിയാണ് ശഅ്ബാന്‍. ഇന്നത്തോടു കൂടി ശഅ്ബാന്‍ പകുതി പിന്നിട്ടു. ആവേശം ചോര്‍ന്ന് പോയിട്ടുണ്ടെങ്കില്‍ പതിന്മടങ്ങ് ഊര്‍ജവുമായി റമസാനിലേക്കെത്താന്‍ ഇനിയുള്ള ദിനരാത്രങ്ങളെ നാം ഉപയോഗിക്കണം.

Latest