Connect with us

Articles

പ്രവാസികളെ ലോക്കിലിടണോ?

Published

|

Last Updated

ദുബൈയില്‍ നിന്ന് ഇന്നലെ ലഭിച്ചത് ആശ്വാസ വിവരങ്ങളാണ്. അവിടെ അണുബാധ സംശയിക്കുന്നവരെയും രോഗലക്ഷണമുള്ളവരെയും പരിശോധിക്കുന്നതിന് സര്‍ക്കാര്‍ അതിവേഗ നടപടികള്‍ സ്വീകരിക്കുന്നു. ഫലം പോസിറ്റീവാകുന്നവരെ പരമാവധി വേഗം ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കു മാറ്റുന്നു. മാസ്‌കും ഗ്ലൗസും സാനിറ്റൈസറും ഉപയോഗിക്കാന്‍ ഉണര്‍ത്തുന്നു. പക്ഷേ, ദുബൈയിലെ നായിഫ് പ്രദേശം കണ്ടിട്ടുണ്ടോ.

തൊട്ടുരുമ്മി നില്‍ക്കുന്ന കെട്ടിടങ്ങളില്‍ ലോക രാജ്യങ്ങളിലെ മനുഷ്യര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണത്. താഴത്തെ നിലകളില്‍ കടകളും മുകളിലേതില്‍ നിറയെ മനുഷ്യരും. രണ്ട് കെട്ടിടങ്ങള്‍ക്കിടയിലെ ഇടവഴികളിലൂടെ ഒരു മീറ്റര്‍ അകലം പാലിച്ചു നടക്കുക പ്രയാസം. ഇപ്രകാരം ഒരു കിലോമീറ്ററിനുള്ളില്‍ പതിനായിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നായിഫ് ഒരു പ്രതീകമാണ്. ഏറിയും കുറഞ്ഞും ആളുകള്‍ വസിക്കുന്ന ഇടങ്ങള്‍ യു എ ഇയിലും സഊദി ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും നിരവധിയുണ്ട്. ഈ പ്രദേശങ്ങളില്‍ നിന്നാണ് കരളലിയിക്കുന്ന വര്‍ത്തമാനങ്ങള്‍ കേള്‍ക്കുന്നത്. പോലീസും ആരോഗ്യവകുപ്പും അതിവേഗ സേവനങ്ങള്‍ നല്‍കുമ്പോഴും പോസിറ്റീവ് ഫലം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവര്‍ രണ്ടും മൂന്നും ദിവസമായി മുറിയില്‍ തുടരുന്ന സ്ഥിതി ഇന്നലെയുമുണ്ട്. ആവര്‍ത്തിച്ചു വിളിക്കുന്നവര്‍ക്ക് നാളെ വരാം എന്ന മറുപടി. രോഗം ബാധിച്ചവരെപ്പോലെ തന്നെ പേടിച്ചരണ്ട് കൂടെക്കഴിയുന്നവരുടെയും നെഞ്ചിടിക്കുന്നു.
നാട്ടില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അസുഖമുണ്ടെന്നു കേട്ടാല്‍ തന്നെ പ്രവാസികള്‍ക്ക് ഭീതിയാണ്. അപ്പോഴാണ് താമസിക്കുന്ന കെട്ടിടത്തിലും സ്വന്തം റൂമിലും വരെ കൊവിഡ് രോഗികള്‍ ഉണ്ടാകുന്നത്. നടുക്കുന്ന ഈ യാഥാര്‍ഥ്യത്തിനു മുന്നില്‍ മലയാളി പ്രവാസികള്‍ ഉറക്കെ കരയാന്‍ പോലും സാധിക്കാതെ വിറങ്ങലിച്ചാണ് ജീവിക്കുന്നത്. ചിലര്‍ മനസ്സ് തകര്‍ന്ന് നിലവിട്ടുപോകുന്നു. നിസ്സഹായതയുടെ രോദനങ്ങളാണ് ഗള്‍ഫ് മലയാളികളില്‍നിന്ന് നാം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേട്ടുകൊണ്ടിരിക്കുന്നത്. നിലവിളികളും നൈരാശ്യങ്ങളും ചീത്ത പറച്ചിലുകളുമുണ്ടതില്‍.

യാഥാര്‍ഥ്യങ്ങള്‍ അറിയാത്തവരല്ല പ്രവാസികള്‍. തങ്ങള്‍ തൊഴില്‍ അതിഥികളായെത്തിയ രാജ്യം അവര്‍ക്കു മേല്‍ കാട്ടുന്ന കരുതലിനെക്കുറിച്ചു ബോധ്യമില്ലാത്തവരോ പരിമിതികള്‍ മനസ്സിലാകാത്തവരോ അല്ല. എന്നാലും തങ്ങള്‍ക്കും ഒരു നാടുണ്ടല്ലോ, അവിടെ തങ്ങള്‍ തിരഞ്ഞെടുത്ത പ്രതിനിധികളും മന്ത്രിമാരുമുണ്ടല്ലോ, മുഖ്യമന്ത്രിയും പ്രധാനമന്ത്രിയുമുണ്ടല്ലോ, കൊട്ടിയടക്കപ്പെട്ട ലോകത്തും സ്വന്തം പൗരന്‍മാര്‍ക്കു വേണ്ടി പറക്കുന്ന വിമാനങ്ങളുണ്ടല്ലോ എന്നവര്‍ ചിന്തിക്കുന്നു. എന്നിട്ടും ഞങ്ങള്‍ പ്രവാസികളോടെന്താണ് ഇങ്ങനെ അവഗണനയെന്ന് അവര്‍ ആലോചിക്കുന്നു. കൊവിഡ് പോസിറ്റീവുകള്‍ക്കു നടുവില്‍, ജോലിയില്ലാതെ, കഴിക്കാന്‍ ഭക്ഷണമില്ലാതെ ജീവിക്കേണ്ടി വന്നതിന്റെ ആധിയിലേക്ക് ആശ്വാസങ്ങളൊഴുകിയെത്തുന്നതിനു പകരം അവഗണനയോ എന്ന ഈ ആന്തലാണ് പ്രവാസികളെ കഴിഞ്ഞ ദിവസങ്ങളില്‍ തീ തീറ്റിച്ചത്. അവരെ കനലുകളാക്കി മാറ്റിയത്.
കൊവിഡ് കാലത്ത് കാസര്‍കോട് ജില്ല നമ്മള്‍ മലയാളികളുടെ ചര്‍ച്ചകളില്‍ നിറഞ്ഞല്ലോ. അവിടെ ആശുപത്രികളും ഡോക്ടര്‍മാരും മറ്റു ജില്ലകളിലെ ശരാശരിയേക്കാള്‍ എത്രയോ കുറവാണെന്നു ബോധ്യമായല്ലോ. ചില വിവരങ്ങള്‍ കേട്ട് കാസര്‍കോട് കേരളത്തിലെ ഒരു ജില്ലയോ എന്ന് നാം മൂക്കത്തു വിരല്‍വെച്ചു. അവിടെ രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ നേരിടാന്‍ സര്‍ക്കാര്‍ അടിയന്തരമായി ശ്രദ്ധിച്ചു. മുഖ്യമന്ത്രി കാസര്‍കോട് അടിവരയിട്ടു പറഞ്ഞു. എന്നാല്‍ കാസര്‍കോട്ടെ ജനസംഖ്യ ഏകദേശം 14 ലക്ഷമാണ്. വിദേശ നാടുകളില്‍ ജീവിക്കുന്ന പ്രവാസികള്‍ എത്രയെന്നോ, ഏതാണ്ട് 35 ലക്ഷം. ഇവരില്‍ 85 ശതമാനത്തോളവും ഗള്‍ഫ് നാടുകളിലാണ്. കേരളത്തിനു വെളിയില്‍ വിവിധ ഇന്ത്യന്‍ നഗരങ്ങളില്‍ വസിക്കുന്നവരും യൂറോപ്പ്, ആഫ്രിക്ക, അമേരിക്കന്‍ രാജ്യങ്ങളില്‍ വസിക്കുന്നവരുടേതുമായ 2018ലെ മൈഗ്രേഷന്‍ സര്‍വേ കണക്കാണിത്. വിസിറ്റ്, ഫാമിലി വിസകളില്‍ പോയവരും ഔദ്യോഗിക കണക്കുകളില്‍ വരാത്തവരുമായി പിന്നെയും കാണും ലക്ഷങ്ങള്‍. നമുക്ക് രാഷ്ട്രീയ സൗകര്യത്തിനു വേണ്ടി ഇങ്ങനെയൊരു തീര്‍പ്പിലെത്താം. സംസ്ഥാനത്തെ രണ്ട് ജില്ലകളുടേതിനു തുല്യമായത്രയും മലയാളികള്‍ മറുനാട്ടിലുണ്ട്. മറ്റൊരര്‍ഥത്തില്‍ ശരാശരി 20 നിയമസഭാ മണ്ഡലങ്ങളിലെയോ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെയോ വോട്ടര്‍മാരുടെ അത്രയും ആളുകള്‍. നമ്മുടെ രാഷ്ട്രീയ മണ്ഡലം ഇത്തരം ആള്‍ക്കണക്കുകള്‍ ശ്രദ്ധിക്കണം. വാര്‍ഡ് മെമ്പര്‍മാരും പഞ്ചായത്ത് പ്രസിഡന്റുമാരും ഓരോ വാര്‍ഡിലും എത്ര പ്രവാസികളുണ്ടെന്ന് കണക്കെടുക്കണം, എന്നിട്ട് പാര്‍ട്ടിക്ക് റിപ്പോര്‍ട്ടു കൊടുക്കണം. അപ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ കുറച്ചു വെളിച്ചം പരക്കും.

ഇപ്പോള്‍ പ്രവാസികള്‍ നേരിടുന്നത് മറ്റൊരു പൗരത്വ പ്രശ്നമാണ്. പൗരന്‍മാര്‍ക്കുമേല്‍ രാഷ്ട്രം പുലര്‍ത്തേണ്ട കരുതലിന്റെ പ്രശ്നമാണ്. തൊഴില്‍ അഭയം നല്‍കിയ രാജ്യം ഒരുക്കുന്ന സൗകര്യം എത്ര മികച്ചതായാലും ഇല്ലെങ്കിലും നയതന്ത്രങ്ങളുടെ ന്യായങ്ങള്‍ നിരത്തി മിണ്ടാതിരിക്കാനാകില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ നിരുത്തരവാദിത്വത്തിന്റെ വൃത്തികേടാണ് പ്രവാസികള്‍ക്കു മേല്‍ പുലര്‍ത്തുന്നത്. അതിന്റെ അംശമാണ് കേന്ദ്ര സഹമന്ത്രി മുരളീധരന്‍ പുറന്തള്ളുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങിയതു മുതല്‍ കേന്ദ്ര സര്‍ക്കാറും ഓരോ രാജ്യത്തും പ്രവര്‍ത്തിക്കുന്ന നയതന്ത്ര കാര്യാലയങ്ങളും സ്വീകരിച്ചുവന്ന നിലപാടുകള്‍ മാത്രം മതി, മോദി സര്‍ക്കാര്‍ കാട്ടിയ കുറ്റം ദൃശ്യമാകാന്‍. രോഗബാധിതര്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും ഇന്ത്യക്കാരില്‍ ചിലര്‍ മരണത്തിനു കീഴടങ്ങുമ്പോഴും നമ്മുടെ എംബസി, കോണ്‍സുലേറ്റ് അധികൃതരുടെ കൈവശം പൗരന്‍മാര്‍ നേരിടുന്ന കൊവിഡ് ഭീഷണിയുടെ വിവരങ്ങളില്ല. ഡിപ്ലോമാറ്റിക് മിഷനുകള്‍ ഏതെങ്കിലും രാജ്യത്ത് ഫലപ്രദമായി ഇടപെട്ടു പ്രവര്‍ത്തിച്ചതായി വാര്‍ത്തകളില്ല. ഓരോ രാജ്യത്തെയും ഇന്ത്യന്‍ സന്നദ്ധ സംഘടനകളെയും പൊതുപ്രവര്‍ത്തകരെയും വിളിച്ചുകൂട്ടി നിര്‍വഹിക്കാവുന്ന ആശ്വാസ പ്രവര്‍ത്തനങ്ങളുടെ മാതൃകകളൊന്നും മോദിയുടെ ഉദ്യോഗസ്ഥര്‍ നിര്‍വഹിച്ചില്ല. അതുകൊണ്ടാണ് കൊവിഡ് ഭീതിയുടെ നീരാളിപ്പിടിത്തത്തില്‍പ്പെട്ട് പ്രവാസികള്‍ നിലവിളിക്കുന്നതിനിടയിലും കേരളമുള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് മാസ്‌കുകളും മറ്റു രക്ഷാ ഉപകരണങ്ങളും കയറ്റി അയക്കാന്‍ പ്രവാസി പ്രമുഖര്‍ സന്നദ്ധമായത്. അവരുടെ സേവനവും സംഭാവനകളും പ്രവാസികള്‍ക്കിടയില്‍ തന്നെ ചെലവഴിക്കപ്പെടേണ്ടതായിരുന്നു എന്ന് ഇപ്പോഴെങ്കിലും നമുക്ക് നല്ലവണ്ണം ബോധ്യപ്പെടുന്നുണ്ട്.

കേന്ദ്ര സര്‍ക്കാറിനെ മറികടന്ന് സംസ്ഥാനങ്ങള്‍ക്ക് ഒന്നും ചെയ്യാനാകാത്തതാണ് നമ്മുടെ ഫെഡറല്‍, അന്താരാഷ്ട്ര നയതന്ത്ര ഘടന. എങ്കില്‍ പോലും ഷാര്‍ജ ഭരണാധികാരി കേരളത്തില്‍ വരികയും മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന പ്രകാരം തടവുകാരെ വിട്ടയക്കുകയും കേരളത്തില്‍ ഡ്രൈവിംഗ് പരിശീലനത്തിന് അവസരമൊരുക്കുകയുമൊക്കെ ചെയ്ത യാഥാര്‍ഥ്യങ്ങള്‍ മുന്നിലുണ്ട്. അതുകൊണ്ടു തന്നെയാണ് പ്രവാസി പ്രശ്നങ്ങളിലെ വിമര്‍ശനമുന സംസ്ഥാനത്തേക്കും സര്‍ക്കാറിലേക്കും തിരിയുന്നതും. പ്രവാസികള്‍ക്കു വേണ്ടി പ്രവാസ ലോകത്തുനിന്നും നാനാ ഭാഗത്തു നിന്നും ഒച്ചകള്‍ ഉയര്‍ന്നപ്പോഴാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത്. യു എ ഇയിലെയും കുവൈത്തിലെയും എംബസികളുമായി ബന്ധപ്പെട്ടുവെന്ന് എഫ് ബി പോസ്റ്റിട്ടത്. പ്രവാസികളുടെ ബഹളത്തിന്റെ ഊക്കില്‍ നിന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരുന്ന ഇരുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഫോണ്‍ ചെയ്തതും ദൃശ്യങ്ങളെടുത്ത് പോസ്റ്റിട്ടതും. പക്ഷേ, നമ്മുടെ സംസ്ഥാനത്തെ പാര്‍ലിമെന്റംഗങ്ങള്‍ക്ക് കൂട്ടുത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ പ്രവാസ ലോകത്തു നിന്ന് ഇനി എന്ത് വാര്‍ത്തയാണാവോ അവര്‍ കാത്തിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെയും യു എന്നിന്റെയുമൊക്കെ നിര്‍ദേശങ്ങളും രാജ്യവും സംസ്ഥാനവും സ്വീകരിച്ച കൊവിഡ് പ്രതിരോധ പ്രോട്ടോകോളുകളും സുരക്ഷാ നടപടികളുമൊന്നും ഉള്‍ക്കൊള്ളാവുന്ന മാനസികാവസ്ഥയിലല്ല പ്രവാസികള്‍ ഇപ്പോള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടിലേക്കു കൊണ്ടുപോകൂ എന്ന അഭ്യര്‍ഥനകളോട് ഫലപ്രദമായ ആശ്വാസ നടപടികളാണ് സര്‍ക്കാറുകളും സന്നദ്ധ പ്രവര്‍ത്തകരും മുന്നോട്ടുവെക്കേണ്ടത്.

പ്രവാസികള്‍ക്കു വേണ്ടി നാട്ടിലും സന്നദ്ധ സേവനത്തിന്റെയും സഹകരണത്തിന്റെയും വാതിലുകള്‍ തുറന്നുവെക്കണം. ഗള്‍ഫ് നാടുകളില്‍ ജീവിക്കുന്ന ഓരോ ഇന്ത്യക്കാരനും സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തണം. ഈ ലക്ഷ്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് വിദഗ്ധാഭിപ്രായങ്ങള്‍ അനുസരിച്ച് പദ്ധതി തയ്യാറാക്കണം. ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ കേരള സര്‍ക്കാറിന്റെ പങ്കാളിത്തം മറ്റേതു സംസ്ഥാനത്തേക്കാളും പ്രധാനമാണ്. ദുരഭിമാനം വെടിഞ്ഞ് കേരളത്തെയും കേരളീയരെയും ചേര്‍ത്തു നിര്‍ത്താന്‍ ബി ജെ പി സര്‍ക്കാര്‍ തയ്യാറാകണം. വിദഗ്ധ സംഘം യഥാര്‍ഥ സ്ഥിതിഗതികള്‍ വിലയിരുത്തി മുന്‍ഗണനകള്‍ നിശ്ചയിക്കണം. താമസയിടങ്ങളില്‍ സുരക്ഷിതത്വവും ഭക്ഷണവും ലഭ്യമാക്കണം. ക്വാറന്റൈന്‍, ഐസൊലേഷന്‍, ചികിത്സ, പരിശോധനാ സൗകര്യങ്ങള്‍ ഓരോരുത്തര്‍ക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പു വരുത്തണം. മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ ഉപകരണങ്ങള്‍ ലഭ്യമാക്കണം. പ്രവാസികള്‍ക്ക് മാനസികബലവും ആശ്വാസവും പകരുന്നതിനുള്ള ഫലപ്രദമായ പ്രവര്‍ത്തനങ്ങളും ഉറപ്പു വരുത്തേണ്ടതുണ്ട്. ശേഷം പ്രവാസികളെ നാട്ടിലേക്കു കൊണ്ടുവരുന്നതിന്റെ സാധ്യതകള്‍ ആലോചിക്കണം. ഓരോ ആളും നാട്ടിലെത്തുന്നതു വരെയുള്ള അവരുടെ സുരക്ഷ അതിപ്രധാനമാണ്. ഇന്ത്യന്‍ സ്‌കൂളുകളില്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ സജ്ജമാക്കണമെന്ന ആവശ്യം ഡോ. ശശി തരൂര്‍ എം പി കേന്ദ്ര സര്‍ക്കാറിനോടും ഡിപ്ലോമാറ്റിക് മിഷനുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപോലുള്ള പ്രായോഗികമായ ആശയങ്ങള്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ദ്രുതഗതിയില്‍ ഉണ്ടാകണം.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ രാജ്യത്തെയും വിവിധ പ്രവിശ്യകളില്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍, ലോക കേരളസഭ അംഗങ്ങള്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍, സാംസ്‌കാരിക- കാരുണ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി ദൗത്യസംഘത്തെ നിയോഗിക്കണം. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് നടപടിക്രമങ്ങള്‍ പാലിച്ചു പ്രവര്‍ത്തിക്കുന്നതാകണം ദൗത്യസംഘങ്ങള്‍. രാഷ്ട്രീയ, സംഘടനാ മേല്‍ക്കോയ്മകള്‍ പ്രകടിപ്പിക്കാനുള്ള അവസരമായി ഈ സാഹചര്യം ഉപയോഗിച്ചുകൂടാ. നിലവില്‍ സന്നദ്ധ സംഘടനകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമില്ലാത്തത് പ്രവര്‍ത്തനങ്ങളുടെ ഫലം നഷ്ടപ്പെടുത്തുന്ന സ്ഥിതിയുണ്ട്.
അന്താരാഷ്ട്ര ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിദഗ്ധരുടെ ഉപദേശങ്ങള്‍ തേടി ശാസ്ത്രീയ സ്വഭാവത്തിലുള്ള അടിയന്തര ഇടപെടല്‍ നടത്തിയില്ലെങ്കില്‍ കേരളത്തിനും ഇന്ത്യക്കും വലിയ ദുരന്താവസ്ഥ അഭിമുഖീകരിക്കേണ്ടി വരുമെന്നാണ് പ്രവാസ ലോകത്തു നിന്ന് ലഭിക്കുന്ന വിവരങ്ങള്‍. നടപടികള്‍ ഫലപ്രദവും യാഥാര്‍ഥ്യ ബോധത്തോടെയുമല്ലെങ്കില്‍ എല്ലാം നിഷ്ഫലമായി മാറും.

കേരളത്തിന്റെ ധനമന്ത്രിക്ക് നിര്‍വഹിക്കാവുന്ന ഒരു കര്‍മമുണ്ട്, നമ്മുടെ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദന വരുമാനവുമായി തട്ടിച്ചു നോക്കുമ്പോള്‍ പ്രവാസി മലയാളികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ കണക്ക് ഇപ്പോള്‍ പറയണം. അത് 30 ശതമാനത്തിനും മീതെയാണെന്ന് ഊന്നിയൂന്നി പറയണം. പ്രവാസികള്‍ ക്വാറന്റൈനിലാണ്. അഥവാ നമ്മുടെ മൂലധനത്തിന്റെ നട്ടെല്ലിനു വാതം പിടിക്കുകയാണ്. പണം മാത്രമല്ല, സംസ്‌കാരവും വിദ്യാഭ്യാസവും വികസനവുമുള്‍പ്പെടെയുള്ള കേരളത്തിന്റെ സകല പുരോഗതിയുടെയും ആണി വേരാണ് തളരുന്നത്. തടുക്കാനായില്ലെങ്കില്‍, ഈ പണം കായ്ക്കുന്ന മരം കടപുഴകി വീഴും. ഒന്നേ പറയാനുള്ളൂ, എന്നാല്‍ നമ്മള്‍ തീര്‍ന്നു.

Latest