Malappuram
മറിയക്കുട്ടി പറയുന്നു... കൊവിഡ് ബാധിതയാണെന്നറിഞ്ഞത് രോഗം ഭേദമായതിന് ശേഷം
മലപ്പുറം | “പനിയും ചുമയും മാറിയാല്‍ ഉമ്മാക്ക് വീട്ടില്‍ പോകാം”. ജില്ലയിലെ ആദ്യ കൊവിഡ് ബാധ സ്ഥിരീകരിച്ച് ഭേദമായ വണ്ടൂര്‍ വാണിയമ്പലം സ്വദേശി മറിയക്കുട്ടി(50)യെ പരിശോധിക്കാന്‍ വരുമ്പേള്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഇടക്കിടെ പറഞ്ഞിരുന്ന വാക്കുകളാണിത്. ഇവരുടെ സാന്ത്വനമാണ് തനിക്ക് ശാന്തിയും സമാധാനവും നല്‍കിയത്. തന്നെ കൊറോണ കീഴടക്കിയെന്നറിഞ്ഞത് രോഗം ദേദമായി വീട്ടില്‍ എത്തിയതിന് ശേഷമാണ്. ഇതാണ് മന:സംഘര്‍ഷമില്ലാതെ മഹാമാരിയെ നേരിടാന്‍ കഴിഞ്ഞതെന്നും അവര്‍ പറയുന്നു.
ആദ്യം കരുതിയത് അലര്‍ജിയെന്ന്
കഴിഞ്ഞ മാസം ഒമ്പതിനാണ് ഉംറ കഴിഞ്ഞ് നാട്ടില്‍ തിരിച്ചെത്തിയത്. ചുമയും ജലദോഷമുണ്ടായിരുന്നു. ദീര്‍ഘ യാത്ര ചെയ്തതിനാല്‍ അലര്‍ജി പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. പിറ്റേ ദിവസം വാണിയമ്പലത്തെ സ്വകാര്യ ക്ലിനിക്കില്‍ കാണിച്ചു. രണ്ട് ദിവസത്തെ മരുന്ന് നല്‍കി. തുടര്‍ന്ന് പനി മാറാത്തതിനാല്‍ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പോയി. അഞ്ച് ദിവസത്തെ മരുന്ന് നല്‍കി. പനി കൂടിയതിനാല്‍ കഴിഞ്ഞ മാസം 16ന് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് പോകുകയായിരുന്നു.
ഉംറക്ക് കൂടെ ഉണ്ടായിരുന്ന സഹോദരി ഹഫ്സത്തിനെയും എന്റെ കൂടെ മെഡിക്കല്‍ കോളജില്‍ ഐസ്വലേഷനിലേക്ക് മാറ്റി. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞ് രക്ത പരിശോധനയില്‍ എന്റേത് പോസിറ്റീവും അനിയത്തിയുടേത് നെഗറ്റീവമായി. എനിക്ക് പനി കൂടുതലുള്ളതിനാലാണ് പ്രത്യേക മുറിയിലേക്ക് മാറ്റുന്നതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
വിവരമില്ലായ്മ ഗുണം ചെയ്തു
കൊവിഡിനെക്കുറിച്ചുള്ള വിവരമില്ലായ്മ കാരണം എനിക്ക് മാനസിക സംഘര്‍ഷമുണ്ടായില്ല. വിദേശ യാത്രാ ക്ഷീണമുള്ളതിനാല്‍ കുറച്ച് കാലം വിശ്രമിക്കണമെന്നും പെട്ടെന്ന് തന്നെ തിരിച്ച് പോകാമെന്നും ഡോക്ടര്‍മാര്‍ ആശ്വാസപ്പെടുത്തി.
ഒറ്റക്ക് റൂമിലിരിക്കുമ്പോഴും എപ്പോഴും നഴ്‌സുമാരെ കാണാമായിരുന്നു. എന്ത് ആവശ്യമുണ്ടെങ്കിലും അവര്‍ ഓടിവരും. കൃത്യസമയത്ത് മരുന്ന് അവര്‍ നല്‍കും. 21 ദിവസമാണ് ആ ഒറ്റമുറിയില്‍ കിടന്നത്. നിസ്‌കാരമെല്ലാം റൂമില്‍ നിന്ന് നിര്‍വഹിച്ചു. സ്വലാത്ത് മാല കൈവശമുണ്ടായതിനാല്‍ എപ്പോഴും ദിക്‌റ് ചൊല്ലിക്കൊണ്ടിരുന്നു.
21 ദിവസം കഴിഞ്ഞതിന് ശേഷമാണ് ഫലം നെഗറ്റീവായത്. പിന്നീട് മൂന്ന് ദിവസം വാര്‍ഡിലേക്ക് മാറ്റി.
ഇപ്പോള്‍ ചെറുകോട് മേലെണ്ണത്ത് താമസിക്കുന്ന മകള്‍ ജസീല – മരുമകന്‍ ഫൈസല്‍ എന്നിവരുടെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് മറിയക്കുട്ടി.