Covid19
സഊദിയില്‍ 186 ഇന്ത്യക്കാര്‍ക്ക് കൊവിഡ്; രണ്ടു മരണം: അംബാസഡര്‍
റിയാദ് | സഊദി അറേബ്യയില്‍ ഇതുവരെ 186 ഇന്ത്യക്കാര്‍ക്ക് കൊവിഡ് ബാധിച്ചതായും രണ്ടു മലയാളികള്‍ മരിച്ചതായും ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് അറിയിച്ചു. സഊദിയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് അംബാസഡര്‍ ഇക്കാര്യം അറിയിച്ചത്. സഊദി ആരോഗ്യ മന്ത്രാലയത്തില്‍ നിന്ന് ഇന്ത്യക്കാരെ സംബന്ധിച്ച് ലഭിച്ച ഔദ്യോഗിക വിവരമാണിത്. റിയാദിലും മദീനയിലുമാണ് മലയാളികളുടെ മരണം. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടമ്മല്‍ പുതിയകത്ത് സഫ്‌വാന്‍ (41) ആണ് റിയാദില്‍ മരിച്ചത്. കണ്ണൂര്‍ പാനൂര്‍ മേലെ പൂക്കോം ഇരഞ്ഞിക്കുളങ്ങര സ്വദേശി പാലക്കണ്ടിയില്‍ ഷെബ്‌നാസ് (29) മദീനയിലും മരിച്ചു.
13 ലക്ഷം മലയാളികളാണ് സഊദിയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയിലുള്ളതെന്ന് അംബാസഡര്‍ ചോദ്യത്തിനുത്തരമായി അറിയിച്ചു. സഊദിയിലെ ഇന്ത്യന്‍ ജനസംഖ്യയുമായി തട്ടിച്ചു നോക്കുമ്പോള്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒട്ടും കൂടുതലല്ല. എങ്കിലും കനത്ത ജാഗ്രതയും കരുതലും തുടരുകയാണ്. ആരോഗ്യ പ്രശ്‌നം നേരിടുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ എംബസിയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തും. വിവിധ ആശുപത്രികളുടെ ആംബുലന്‍സ് സൗകര്യങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തും. കൂടുതല്‍ ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്താന്‍ ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്.
ആവശ്യമുള്ളവര്‍ക്ക് ആരോഗ്യ നിര്‍ദേശങ്ങളും ഓണ്‍ലൈന്‍ കണ്‍സള്‍േട്ടഷനും നല്‍കാന്‍ ഡോക്ടര്‍മാരുടെ സേവനം ഉപയോഗപ്പടുത്തും. സന്നദ്ധരായ ഡോക്ടര്‍മാരുടെ വാട്‌സ്ആപ് ഗ്രൂപ്പുകള്‍ രൂപവത്ക്കരിക്കും. കൊവിഡ് ലക്ഷണങ്ങള്‍ സംശയിക്കുന്നവരെ പാര്‍പ്പിക്കാന്‍ സഊദി അധികൃതരുടെ അനുമതി കിട്ടുന്നതിന് അനുസരിച്ച് എംബസി ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കും. ഓയോ ഹോട്ടല്‍ ഗ്രൂപ്പിന്റെയും സ്വന്തമായി കെട്ടിട സൗകര്യങ്ങളുള്ള ഇന്ത്യന്‍ വ്യവസായികളുടെയും സഹകരണം ഇതിനായി അഭ്യര്‍ഥിച്ചിട്ടുണ്ട്.
ആവശ്യമുള്ള മുഴുവന്‍ ഇന്ത്യക്കാര്‍ക്കും ഭക്ഷണം എത്തിച്ചുകൊടുക്കാന്‍ സൗകര്യമൊരുക്കും. അതിനായി റെസ്‌റ്റോറന്റുകളുടെയും കാറ്ററിംഗ് കമ്പനികളുടെയും സഹകരണം തേടും. ഈ ആവശ്യങ്ങള്‍ക്കെല്ലാമായി ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ട് ഉപയോഗപ്പെടുത്തും. ഇന്ത്യക്കാരെ ഉടന്‍ സഊദിയില്‍ നിന്ന് തിരിച്ചുകൊണ്ടുപോകാനാവില്ല. എന്നാല്‍, വിമാനങ്ങള്‍ ലഭ്യമാകുന്ന ആദ്യ അവസരത്തില്‍ തന്നെ അത്യാവശ്യമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വേണ്ടത് ചെയ്യും.
സഊദിയില്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയും കീഴില്‍ 10 ഇന്ത്യന്‍ സ്‌കൂളുകളാണുള്ളത്. സ്‌കൂള്‍ കെട്ടിടങ്ങളുടെ വാടകയും അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളവും കൊടുക്കാന്‍ കുട്ടികളുടെ ഫീസാണ് പ്രധാന വരുമാന മാര്‍ഗം. അതുകൊണ്ട് തന്നെ ഫീസ് വേണ്ടെന്ന് വെക്കാനാവില്ല. എന്നാല്‍, ഇളവ് നല്‍കുന്നതിനെ കുറിച്ച് സ്‌കൂളുകളുടെ ഹയര്‍ ബോര്‍ഡുമായി കൂടിയാലോചിക്കും.
കൊവിഡ് സാഹചര്യത്തില്‍ എംബസിയില്‍ ഏര്‍പ്പെടുത്തിയ ഹെല്‍പ് ലൈനിലേക്ക് ഇതുവരെ ആയിരത്തോളം വിളികളാണ് വന്നത്. ചൊവ്വാഴ്ച സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകരുമായി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തിയതായും അംബാസഡര്‍ പറഞ്ഞു. എംബസി കമ്മ്യൂണിറ്റി വെല്‍ഫയര്‍ വിംഗിന്റെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സേവനം ഉപയോഗപ്പെടുത്തി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും. സഊദിയില്‍ 26 ലക്ഷം ഇന്ത്യന്‍ പൗരന്മാരാണുള്ളതെന്നും അതില്‍ പകുതിയില്‍ കൂടുതല്‍ മലയാളികളാണെന്നും അംബാസഡര്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താ സമ്മേളനത്തില്‍ എംബസി ഇന്‍ഫര്‍മേഷന്‍ സെക്രട്ടറി അസീം അന്‍വര്‍, കോണ്‍സുലേറ്റ് ഇന്‍ഫര്‍മേഷന്‍ കോണ്‍സല്‍ ഹംന മറിയം എന്നിവരും സംബന്ധിച്ചു.