Thrissur
അനാഥനാക്കപ്പെട്ട മഹാമാരിക്കാലം ഓർത്തെടുത്ത് മൊയ്തീൻ
തൃശൂർ | കൊവിഡ് 19 ബാധയെ തുടർന്ന് നാട് മുഴുവൻ നടുക്കത്തോടെ നീങ്ങുമ്പോൾ നൂറ്റാണ്ട് മുമ്പ് സമാനമാം വിധം മനുഷ്യജീവനുകൾ കൊന്നൊടുക്കിയ വസൂരിയെന്ന മഹാമാരിയെ അതിജീവിച്ചതിന്റെ ഓർമകൾ പങ്കുവെക്കുകയാണ് തൃശൂർ ചെറുതുരുത്തി പള്ളം സ്വദേശി കൈപ്പഞ്ചേരി മൊയ്തീൻ. വയസ്സ് തെളിയിക്കാൻ കൃത്യമായ രേഖകളില്ലെങ്കിലും നൂറ് പിന്നിട്ടെന്ന് കരുതുന്ന മൊയ്തീന്റെ മുഖത്തിപ്പോഴും മായാതെ കിടപ്പുണ്ട് വസൂരിയുടെ വേദനിപ്പിക്കുന്ന വടുക്കൾ. കൗമാരകാലത്ത് തന്നെ വലത് കണ്ണിന്റെ കാഴ്ച കവർന്നെടുത്ത് തന്നെ അനാഥനാക്കിപ്പോയ വസൂരിയെന്ന വിപത്തിനെ ഓർക്കുമ്പോഴിപ്പോഴും മൊയ്തീന്റെ കണ്ണ് നിറയും.
“15-16 വയസ്സ് പ്രായമായിരുന്നു അന്ന്. നാട്ടിൽ വസൂരി വന്ന് ആളുകൾ മരിച്ച് കൊണ്ടിരിക്കുന്ന കാലം. ഇടിത്തീയായി മൊയ്തീന്റെ വീട്ടിലും വസൂരിയെത്തി. ആദ്യം പിടിപെട്ടത് ഉപ്പ മൊയ്തുവിനാണ്. അസുഖം മൂർച്ഛിച്ച് ഉപ്പ മരിച്ചതിന് പിന്നാലെ തനിക്കും സഹോദരൻ മുഹമ്മദിനും വസൂരി പിടിപെട്ടു. അസുഖം പിടിപെടാത്ത ഉമ്മയെ വീട്ടിൽ നിന്ന് മാറ്റാൻ ബന്ധുക്കളും നാട്ടുകാരും കിണഞ്ഞ് ശ്രമിച്ചെങ്കിലും മക്കളെ തനിച്ചാക്കി മാറി താമസിക്കാൻ അവർ തയ്യാറായില്ല.
ഇതിനിടെ അസുഖം പിടിപെട്ട് ഉമ്മ കൺമറഞ്ഞു. ഇളയ സഹോദരനും താനും മാത്രമായി. മുഖത്തും ശരീരത്തിലുമെല്ലാം പുളകങ്ങൾ പൊന്തി പഴുത്ത് പൊട്ടുകയും ഈച്ചകൾ വന്നും പുഴുവരിച്ചുമുള്ള വ്രണങ്ങളുമായി മരണത്തെ കാത്തു കിടക്കുന്ന അവസ്ഥ. പരിചരിക്കാൻ നിർത്തിയവർ രോഗികൾ മലമൂത്ര വിസർജനം നടത്തിയാൽ ശുചീകരിക്കാനുള്ള പ്രയാസം കുറക്കാൻ വെള്ളവും ഭക്ഷണവും ജീവൻ നിലനിർത്താൻ മാത്രമുള്ളതേ തരൂ എന്നതിനാൽ വേദനക്കൊപ്പം പട്ടിണിയും.
വിശപ്പും ദാഹവും സഹിച്ച് കിടക്കുന്നതിനിടയിൽ തന്റെ വലത് കണ്ണ് പൊട്ടി. തനിക്കൊപ്പം രോഗശയ്യയിൽ കിടന്ന ഇളയ സഹോദരൻ മരണനേരത്ത് ഒരിറ്റ് വെള്ളത്തിനായി ദാഹിച്ച് കരഞ്ഞപ്പോൾ കൊടുക്കാൻ പോലും ഒരുതുള്ളി വെള്ളമില്ലായിരുന്നു. ഇന്നത്തെ പോലെ റോഡിലിറങ്ങാൻ ആളുകൾ ഭയപ്പെട്ടിരുന്നില്ലെങ്കിലും വസൂരി ബാധിച്ചവരുടെ വീടുകളിൽ പോകാനും അടുത്ത് ചെല്ലാനും ഭയമാണ്. വീടുകളിൽ ആരെങ്കിലും രോഗ ബാധിതനായാൽ അയാളെ മാത്രം വീട്ടിൽ നിർത്തി മറ്റുള്ളവരെല്ലാം ഒഴിഞ്ഞ് പോകും. രോഗിയെ പരിചരിക്കാനോ, ഭക്ഷണം നൽകാനോ വീട്ടുകാർ തയ്യാറായാൽ പോലും ബന്ധുക്കളും നാട്ടുകാരും വിലക്കും.
ഭക്ഷണവും വെള്ളവുമൊക്കെ ബന്ധുക്കളോ നാട്ടുകാരോ കൊണ്ടു വന്നാൽ വീടിന്റെ മുറ്റത്ത് വെച്ച് മാറി നിൽക്കും.
ഭക്ഷണമെത്തിയെന്ന് തിരിച്ചറിയാൻ വാതിലിന് കല്ലെടുത്തെറിയും. രോഗിയെ കാണുന്നതും യാത്ര പറയുന്നത് പോലും ഭയം. യാത്ര പറഞ്ഞാൽ രോഗം കൂടെ പോകുമെന്നുള്ള അന്ത വിശ്വാസം കൂട്ടിനുണ്ടായിരുന്നു. മരുന്നൊന്നും അന്ന് ഇല്ലായിരുന്നു. ചികിത്സിക്കാൻ വരുന്ന വൈദ്യരുടെ നിർദേശപ്രകാരം മുറിവുകളിൽ ഈച്ച വരാതിരിക്കാൻ പച്ചിലകൾ ഉണക്കിപ്പൊടിച്ചിടും.
അസുഖം ഭേദമാകില്ലെന്ന് പരിചാരകർക്ക് തോന്നിയാൽ ഭക്ഷണവും വെള്ളവും നൽകാതെയും കാലിനടിയിൽ വെള്ളം നനച്ചും മരണം ഒരുക്കും. ഇളയ സഹോദരനും മരിച്ച ശേഷം അസുഖം മാറാതെ കിടന്ന തനിക്ക് പരിചാരിക മരണമൊരുക്കി കിടത്തിയതറിഞ്ഞ് ഓടിയെത്തിയ മറ്റൊരു ബന്ധുവാണ് കഞ്ഞി കോരി തന്ന് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത്. മരിച്ചവരെ ഖബറടക്കം നടത്താൻ പോലും ആളുകൾക്ക് ഭയമായിരുന്നു. രോഗം ബാധിച്ചവർക്ക് പിന്നീട് രോഗം വരാനിടയില്ലെന്ന ധാരണ നിലനിന്നിരുന്നതിനാൽ രോഗം ഭേദമായവരാണ് മയ്യിത്ത് കൊണ്ട് പോകാനും ഖബറടക്കത്തിനുമെല്ലാം നിന്നിരുന്നത്.
അസുഖം ഭേദമായ ശേഷം വസൂരി ബാധിച്ച് മരിച്ച ഒട്ടേറെ പേരുടെ ഖബറടക്ക ചടങ്ങുകളിൽ പങ്കെടുത്തത് മൊയ്തീൻ ഓർത്തെടുക്കുന്നു. ഇപ്പോഴും വസൂരി നഷ്ടപ്പെടുത്തിയ പിതാവിന്റെയും ഇളയ സഹോദരന്റെയും ഓർമക്കായി തന്റെ നാല് മക്കളിൽ രണ്ട് ആൺകുട്ടികൾക്ക് മൊയ്തുവെന്നും മുഹമ്മദെന്നും പേര് നൽകി.
ആദ്യ ഭാര്യ അപകടത്തിൽ മരിച്ച് രണ്ടാം വിവാഹം കഴിച്ചെങ്കിലും അവരും മൂന്ന് വർഷം മുമ്പ് മരിച്ചതോടെ തനിച്ചായ മൊയ്തീൻ മകനും പേരമകനും അവരുടെ മക്കളുമെല്ലാമായി മൂന്ന് തലമുറകൾക്കൊപ്പം ഇപ്പോൾ കൊവിഡ്-19 എന്ന മറ്റൊരു മഹാമാരിക്കാലത്ത് വസൂരിയുടെ ജീവിക്കുന്ന രക്തസാക്ഷിയായി കഴിയുകയാണ്.