Covid19
കാലവർഷത്തെ കൊവിഡ് കടുത്ത പ്രതിസന്ധിയാകും
തൃശൂർ | കാലവർഷത്തിന് മുമ്പ് കൊവിഡ് വെല്ലുവിളി മറികടക്കാനായില്ലെങ്കിൽ കേരളം നേരിടേണ്ടിവരിക കടുത്ത പ്രതിസന്ധി. കൊവിഡിനൊപ്പം, കാലാവസ്ഥാ മാറ്റത്തിനിടെ സംസ്ഥാനത്ത് സാധാരണയായി ഉണ്ടാകുന്ന പനിയും മറ്റ് പകർച്ചവ്യാധികളും കുത്തനെ ഉയർന്നാൽ ഇവർക്കാവശ്യമായ ചികിത്സയൊരുക്കുന്നതും നിലവിൽ നടന്നുവരുന്ന കൊവിഡ് വൈറസ് സ്‌ക്രീനിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികളും അവതാളത്തിലാകും.
ലോക്ക്്ഡൗണിന് മുമ്പ് റെയിൽവേ സ്റ്റേഷനുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും വന്നെത്തുന്നവരെ തെർമൽ സ്‌ക്രീനിംഗ് ഉപയോഗിച്ച് ശരീരോത്മാവ് കണ്ടെത്തിയാണ് പ്രാഥമിക പരിശോധനകൾ നടത്തുകയും നിരീക്ഷണത്തിലാക്കുകയും ചെയ്തിരുന്നത്. നിലവിൽ പനിയും ചുമയും തൊണ്ടവേദനയുമുൾപ്പെടെയുള്ള ലക്ഷണങ്ങൾ കണ്ടെത്തിയാൽ ഇവരുടെ സ്രവപരിശോധന നടത്തി കൊവിഡ് ആണോ, അല്ലയോ എന്ന് സ്ഥിരീകരിക്കുകയാണ് ചെയ്തു വന്നിരുന്നത്.
കൊവിഡ് ലക്ഷണവും സാധാരണ വൈറൽ പനിയുടെ ലക്ഷണങ്ങളും സമാനമാണെന്നതിനാൽ ഇവരെ വേർതിരിച്ചറിയാൻ ആരോഗ്യ പ്രവർത്തകർ ഏറെ പ്രയാസപ്പെടേണ്ടിയും വരും. കാലവർഷമെത്തിയാൽ പനി ബാധിതരുടെ എണ്ണം കുത്തനെ ഉയരുമെന്നത് വലിയ വെല്ലുവിളിയാകും.
കഴിഞ്ഞ വർഷം കാലവർഷം തുടങ്ങിയ ജൂൺ- ജൂലൈ മാസങ്ങളിൽ മാത്രം 6.59 ലക്ഷം പനിബാധിതരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മാത്രം ഒ പി കളിൽ ചികിത്സ തേടിയെത്തിയത്. ഈ മാസങ്ങളിൽ 14,098 പേർ അഡ്മിറ്റ് ആയി. എച്ച് വൺ എൻ വൺ ബാധിച്ച് 277 പേരും എലിപ്പനി ബാധിച്ച് 159 പേരും ഡെങ്കിപ്പനിയെ തുടർന്ന് 1,267 പേരുമുൾപ്പെടെയുള്ളവർ വേറെയും. സാധാരണ പനി ബാധിച്ച് ഏഴ് പേരും എച്ച് വൺ എൻ വൺ ബാധിച്ച് 22 പേരും എലിപ്പനി ബാധിച്ച് 12 പേരും ചെള്ള് പനിയെ തുടർന്ന് രണ്ട് പേരും ഡെങ്കിപ്പനിയെ തുടർന്ന് മൂന്ന് പേരും ചിക്കൻ പോക്‌സ് മൂലം ഒരാളുമുൾപ്പെടെ 47 പേരാണ് ഈ രണ്ട് മാസങ്ങളിൽ മാത്രം സംസ്ഥാനത്ത് കഴിഞ്ഞ വർഷം മരിച്ചത്.
എലിപ്പനിയും ഡെങ്കിപ്പനിയുമുൾപ്പെടെയുള്ള കൊതുക്- ജന്തു ജന്യ രോഗ വ്യാപനം ഒരു പരിധിവരെ തടയുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടന്നു വരാറുള്ള മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളിലൂടെയാണ്.
എന്നാൽ കൊവിഡ് മൂലം ഇത്തവണ ഇത്തരം മുന്നൊരുക്കങ്ങൾ അവതാളത്തിലായിരിക്കുകയാണ്. തൃശൂർ ജില്ലയിലുൾപ്പെടെ ഈ മാസത്തിൽ തന്നെ ഡെങ്കിപ്പനിയുൾപ്പെടെയുള്ളവ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതോടെ ആരോഗ്യ വകുപ്പ് അധികൃതർ മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. ഈ വർഷം ഇക്കഴിഞ്ഞ 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 779 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. രണ്ട് പേർ മരിച്ചിരുന്നു.
കൊവിഡ് ബാധിച്ച് ഇക്കാലയളവിൽ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണത്തേക്കാൾ പതിന്മടങ്ങാണ് ഇത്തരം പകർച്ചാവ്യാധികളിലൂടെയുണ്ടാകുന്ന മരണങ്ങളെന്നതാണ് മറ്റൊരു വസ്തുത. ഈ മാസം മരിച്ച രണ്ട് പേരുൾപ്പെടെ സാധാരണ പനി ബാധിച്ച് 15 പേരും ഇക്കഴിഞ്ഞ നാല് മാസത്തിനിടെ മരിച്ചു. എലിപ്പനി ബാധിച്ച് നാല് പേരും എച്ച് വൺ എൻ വൺ ബാധിച്ച് രണ്ട് പേരും ചെള്ള് പനി ബാധിച്ച് മൂന്ന് പേരും മരിച്ചത് വേറെയും. ഇത്തരം അവസ്ഥയിൽ കൊവിഡിനൊപ്പം പ്രാധാന്യത്തോടെ തന്നെ ഇത്തരം പകർച്ചവ്യാധികൾ പ്രതിരോധിക്കേണ്ട അത്യപൂർവ സാഹചര്യമാണ് നിലവിൽ വരികയെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.
ഇതിന് പുറമെ, മെഡിക്കൽ കോളജുകൾ ഉൾപ്പെടെ പല ആശുപത്രികളും കൊവിഡ് ആശുപത്രി മാത്രമാക്കിയതോടെ വർധിച്ചുവരുന്ന രോഗികൾക്ക് ചികിത്സ ലഭിക്കുന്നതിനും പ്രത്യേക പനി വാർഡുകളിൽ പ്രവേശിപ്പിക്കുന്നതിനുമെല്ലാം പ്രയാസമനുഭവപ്പെടാനുമിടയുണ്ട്.