Connect with us

Ongoing News

ഹൃദയത്തിനും വേണം നനച്ചുകുളി

Published

|

Last Updated

നന്മയുടെ കൊയ്ത്തുകാലമാണ് പരിശുദ്ധ റമസാന്‍. സ്രഷ്ടാവിന്റെ കരുണയും സ്‌നേഹവും വര്‍ഷിക്കുന്ന മാസം. കഴിഞ്ഞ കാലത്തെ തിന്മകളില്‍ നിന്നെല്ലാം ഹൃദയം സംശുദ്ധമാക്കി പാരത്രിക വിജയത്തിനൊരുങ്ങാനുള്ള സുവര്‍ണാവസരമാണിത്. ഭൗതികമായ ശരീര ശുദ്ധിയെക്കാള്‍ പ്രധാനമാണ് ഹൃദയത്തിന്റെ വിശുദ്ധി. തിരുനബി(സ) അരുളി: അല്ലാഹു നോക്കുന്നത് നിങ്ങളുടെ ശരീരങ്ങളിലേക്കോ ബാഹ്യ രൂപങ്ങളിലേക്കോ അല്ല. പ്രത്യുത, നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്.
തിന്മകളെ നീക്കം ചെയ്ത് സത്കര്‍മങ്ങള്‍ കൊണ്ട് ഹൃദയം നിറച്ചവര്‍ക്കാണ് വിജയം. ഒരു വ്യക്തിയെ കുറിച്ച് നല്ലവനെന്ന് വിശേഷിപ്പിക്കുന്നത് അവന്റെ ഹൃദയം നന്നാകുമ്പോഴാണ്. പരാജയപ്പെടുന്നത് ഹൃദയം ദുഷിക്കുമ്പോഴും. റസൂല്‍(സ) പറഞ്ഞു: ശരീരത്തില്‍ ഒരു മാംസക്കഷ്ണമുണ്ട്. അത് നന്നായാല്‍ ശരീരം മുഴുവന്‍ നന്നായി. കേടായാല്‍ ശരീരം മുഴുവന്‍ മലിനമായി. അറിയുക, ഹൃദയമാണത്.

വിശ്വാസത്തിന്റെ സമ്പൂര്‍ണത കൈവരിക്കാന്‍ മൂന്നു കാര്യങ്ങള്‍ അനിവാര്യമാണ്. ഒന്ന്: ശരിയായ വിശ്വാസം, രണ്ട്: നല്ല പെരുമാറ്റം, മൂന്ന്: സംശുദ്ധമായ ഹൃദയം. (ബൈളാവി)
ഓരോ പാപങ്ങളും ഹൃദയത്തില്‍ ഓരോ കറുത്ത പാടുകള്‍ വീഴ്ത്തുന്നു. തിന്മയില്‍ നിമഗ്‌നനാകുന്നവരുടെ ഹൃദയങ്ങള്‍ കരിമ്പാറ പോലെ ഉറച്ച് നന്മയുടെ നനവിറങ്ങാതെയാകുന്നു. അല്ലാഹുവിന്റെ എണ്ണമറ്റ ദൃഷ്ടാന്തങ്ങളില്‍ നിന്ന് പാഠം പഠിക്കാത്തവരെ ഹൃദയം ഉറച്ചു പോയവര്‍ എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്.

തന്റെ സഹോദരന് അല്ലാഹുവില്‍ നിന്ന് ഒരു അനുഗ്രഹം കിട്ടുമ്പോള്‍ അതില്‍ സന്തോഷം പ്രകടിപ്പിക്കുന്നതിന് പകരം അസൂയപ്പെടുകയാണ് പലരും. മറുമരുന്നില്ലാത്ത ഹൃദയ രോഗമാണ് അസൂയ. തീ വിറകു തിന്നുന്നതു പോലെ അസൂയ സത്കര്‍മങ്ങളെ തിന്നു തീര്‍ക്കുമെന്നാണ് തിരുവചനം.
ഒരാളോടും വെറുപ്പില്ലാത്ത ഹൃദയമാണ് നമുക്ക് വേണ്ടത്. നബി(സ്വ) ഒരിക്കല്‍ ഒരാളെ കുറിച്ച് സ്വര്‍ഗാവകാശിയാണെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ കര്‍മങ്ങള്‍ നിരീക്ഷിക്കാന്‍ അബ്ദുല്ലാഹിബ്‌നു അംറ്(റ) തീരുമാനിച്ചു. സാധാരണയില്‍ കവിഞ്ഞ ഇബാദത്തുകളൊന്നും അദ്ദേഹത്തില്‍ കാണാന്‍ കഴിഞ്ഞില്ല. ഒടുവില്‍ അദ്ദേഹം തന്നെ തന്റെ വിജയ രഹസ്യം വെളിപ്പെടുത്തി. “എന്റെ ഹൃദയത്തില്‍ ഒരാളോടും വെറുപ്പില്ല” നോക്കൂ, ഹൃദയ വിശുദ്ധിയുടെ പ്രതിഫലം.
കോപം വിശ്വാസിക്ക് ചേര്‍ന്നതല്ല. മുആവിയ(റ)യോട് തിരുനബി(സ്വ) അരുളി: “നീ കോപിക്കാതിരിക്കുക. കറ്റുവാഴ നീര് തേനിനെ കെടുത്തുന്നത് പോലെ കോപം വിശ്വാസത്തെ കെടുത്തിക്കളയും.” ക്ഷമിക്കാനും സഹിക്കാനും മറ്റുള്ളവര്‍ക്ക് മാപ്പു കൊടുക്കാനുമാണ് വിശ്വാസിയുടെ ഹൃദയം തുടിക്കുക. ശത്രുവിനു പോലും മാപ്പു നല്‍കിയ തിരുനബി(സ്വ)യുടെ ഹൃദയവിശാലത നോക്കൂ. എത്ര മഹത്തരമാണത്.

ഇമാം യാഫിഈ(റ) ഒരു പുണ്യാത്മാവിന്റെ കഥ പറയുന്നു: അദ്ദേഹത്തിന് ഒരു ആടുണ്ടായിരുന്നു. നല്ല ശരീരപുഷ്ടിയും ആരോഗ്യവുമുള്ള ആട്. ഒരിക്കല്‍ ആടിന്റെ കാലുകളില്‍ ഒന്ന് കാണുന്നില്ല. ഒരുപാട് തിരഞ്ഞു നടന്നെങ്കിലും നഷ്ടപ്പെട്ട കാല്‍ കണ്ടെത്താനായില്ല. ആരാണത് മുറിച്ചു കൊണ്ടുപോയതെന്നും പിടികിട്ടിയില്ല. ഒടുവില്‍ പ്രതിയെ കിട്ടി. സ്വന്തം അടിമ തന്നെയാണ് ഈ വേലയൊപ്പിച്ചത്. അവന്‍ അത് മുറിച്ച് പാകംചെയ്ത് അകത്താക്കിയിരിക്കുന്നു. എന്തിനാണ് ഈ പണി ചെയ്തതെന്ന് യജമാനന്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു: അങ്ങയെ ക്രുദ്ധനാക്കാന്‍ വേണ്ടി ചെയ്തതാണ്. ഒരിക്കലും കോപിക്കാത്ത അങ്ങയെ കോപിതനാക്കാനുള്ള എന്റെ ശ്രമമായിരുന്നു അത്. യജമാനന്‍ ശാന്തമായി പറഞ്ഞു: ആ വേല നടപ്പില്ല. എന്റെ കോപം നിന്നോടല്ല; നീ ചെയ്ത തിന്മയോടാണ്. അതിനാല്‍ ഇന്നു മുതല്‍ നീ സ്വതന്ത്രനാണ്. നിനക്ക് പോകാം. (ഇര്‍ശാദുല്‍ ഇബാദ്)

ഒരാള്‍ തിരുനബി(സ്വ)യുടെ ചാരെ സദുപദേശം തേടിയെത്തി. നബി(സ്വ) പറഞ്ഞു: നീ കോപിക്കരുത്. അയാള്‍ മൂന്ന് തവണ ചോദ്യം ആവര്‍ത്തിച്ചപ്പോഴും നീ കോപിക്കരുത് എന്നായിരുന്നു നബി(സ്വ)യുടെ പ്രതികരണം.
പ്രതിസന്ധികളില്‍ ക്ഷമിക്കാനും വേദനിപ്പിക്കുന്നവര്‍ക്ക് മാപ്പു കൊടുക്കാനുമുള്ള മനുഷിക നന്മ കുറഞ്ഞു വരുന്ന കാലമാണിത്. ഹൃദയ വിശുദ്ധിയുള്ള വിശ്വാസികള്‍ക്ക് മാത്രമേ അതിന് കഴിയൂ. ക്ഷമ വിശ്വാസത്തിന്റെ പാതിയാണ്. ക്ഷമിച്ചവര്‍ക്ക് വിജയമുണ്ട്.

പ്രിന്‍സിപ്പല്‍ ഇമാം ബുഖാരി ദഅവാ കോളേജ്, കൊണ്ടോട്ടി