Ramzan
ഹോട്ട്‌സ്‌പോട്ട്
ഇഅ്തികാഫിനെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. ഇഅ്തികാഫെന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ഓടിവരുന്ന രസകരമായതും എന്നാൽ ചിന്തിക്കേണ്ടതുമായ ഒരു സംഭവം ആദ്യം പറയാം. രണ്ട് വർഷം മുമ്പ് ഒരു റമസാനിൽ കൂട്ടുകാരായ കുട്ടികളെ പള്ളിയിൽ ഇഅ്തികാഫിരിക്കാൻ ക്ഷണിച്ചു. അവരുടെ പ്രതികരണം ഇങ്ങനെയായിരുന്നു. “മോല്യാരേ ഹോട്ട്‌സ്‌പോട്ട് ഓണാക്കിത്തരുമോ ? എന്നാൽ ഞങ്ങൾ ഇഅ്തികാഫിന് വരാം”. പുതിയ കാലത്തെ കുട്ടികൾ ഇങ്ങനെയാണ്.
അല്ലാഹുവിന്റെ സാമീപ്യം പ്രതീക്ഷിച്ച് പ്രത്യേക നിയ്യത്തോടെ പള്ളിയിൽ കഴിച്ച്കൂട്ടുന്നതിനാണ് ഇഅ്തികാഫ് എന്ന് പറയുന്നത്. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ഒരു ദിവസം ഇഅ്തികാഫിരുന്നാൽ അവന്റെയും നരകത്തിന്റെയും ഇടയിൽ അല്ലാഹു പ്രപഞ്ചത്തിന്റെ രണ്ടറ്റങ്ങൾക്കിടയിലുള്ളത്ര അകലമുള്ള മൂന്ന് കിടങ്ങുകൾ തീർക്കുന്നതാണ്. (ത്വബ്‌റാനി).
നിയ്യത്തില്ലാതെ പള്ളിയിൽ സമയം ചെലവിട്ടാൽ ഈ പുണ്യം ലഭിക്കുകയില്ല. “ഈ പള്ളിയിൽ അല്ലാഹുവിന് വേണ്ടി ഇഅ്തികാഫ് ഇരിക്കാൻ ഞാൻ കരുതി” എന്ന നിയ്യത്ത് വേണം. അപ്പോഴാണ് ഇഅ്തികാഫിന്റെ പ്രതിഫലം ലഭിക്കുക. നിയ്യത്ത് ചെയ്യുകയും മറ്റു സത്കർമങ്ങളൊന്നും ചെയ്യാതിരുന്നാലും ഈ പ്രതിഫലം ലഭിക്കും.
കിടന്നുറങ്ങിയാൽ വരേ പ്രതിഫലം ലഭിക്കുന്ന ഒരു കർമമാണിത്. എന്നാൽ ഇഅ്തികാഫോട് കൂടി ഖുർആൻ പാരായണം, ദിക്‌റ്, സ്വലാത്ത്… തുടങ്ങിയ സത്കർമങ്ങളിൽ ഏർപ്പെട്ടാൽ കണക്കില്ലാത്ത പുണ്യമാണ് ലഭിക്കുന്നത്. നിയ്യത്തോടെ ഇരിക്കുകയും അനാവശ്യകാര്യങ്ങളിൽ ഏർപ്പെടുകയും ചെയ്താൽ ശിക്ഷ ലഭിക്കുന്നതിന് കാരണമാകും. ഏത് ദിവസത്തിലും ഏത് സമയത്തും ഇഅ്തികാഫ് ഇരിക്കാവുന്നതാണ്. അമലുകൾക്ക് പ്രത്യേക പ്രതിഫലം ലഭിക്കുന്ന റമസാനിൽ അതിന് ഏറെ പ്രതിഫലവും നേട്ടങ്ങളുമുണ്ട്. അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു: നബി(സ്വ) എല്ലാ റമസാനിലും പത്ത് ദിവസം ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു. വഫാതായ വർഷത്തെ റമസാനിൽ അവിടുന്ന് ഇരുപത് ദിവസം ഇഅ്തികാഫിലായിരുന്നു (ബുഖാരി).
തെറ്റുകുറ്റങ്ങളിൽ നിന്നെല്ലാം അകന്ന് മനസ്സ് സ്ഫുടം ചെയ്‌തെടുക്കുന്ന ഈ പുണ്യമാസത്തിൽ പുറത്തിറങ്ങുന്ന ഒരാൾക്ക് അറിയാതെ പല കുറ്റങ്ങളും വന്നുപോകുന്നു. എന്നാൽ ഇഅ്തികാഫിരിക്കുന്നത് മനുഷ്യനെ പൂർണമായും തെറ്റുകളിൽ നിന്ന് മുക്തനാക്കുന്നു. നബി(സ) പറഞ്ഞു: ഇഅ്തികാഫ് ഇരിക്കുന്നവന് കുറ്റകൃത്യങ്ങളെ തടഞ്ഞു നിർത്താൻ സാധിക്കുന്നു. മുഴുവൻ സത്കർമങ്ങളും ചെയ്യുന്നവനെ പോലെ തന്റെ പേരിൽ ധാരാളം സത്കർമങ്ങൾ എഴുതപ്പെടാൻ അത് കാരണമാകുകയും ചെയ്യും.