Connect with us

Articles

രാഷ്ട്രീയ പകക്ക് ലോക്ക്ഡൗണില്ല

Published

|

Last Updated

ആഗോളമാസകലമുള്ള കൊവിഡ് വ്യാപനത്തിന്റെ പര്യവസാനം എങ്ങനെയായിരിക്കുമെന്നതിനെ സംബന്ധിച്ച് ആര്‍ക്കും ഒരു നിശ്ചയവുമില്ല. അടുത്തകാല ചരിത്രത്തിലൊന്നും നേരിടേണ്ടി വന്നിട്ടില്ലാത്ത ഒരു മഹാപ്രതിസന്ധിക്ക് മുന്നില്‍ ലോക രാഷ്ട്രങ്ങള്‍ക്കൊപ്പം ഇന്ത്യയും വലിയ പോരാട്ടത്തില്‍ തന്നെയാണ്. ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന ലോക്ക്ഡൗണ്‍ ഇന്ത്യയിലെ തൊഴിലാളികളും കര്‍ഷകരുമെല്ലാമടങ്ങുന്ന സാധാരണക്കാരുടെ ജീവിതത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. ഭീകരമായ സാമ്പത്തിക നഷ്ടമാണ് വരും ദിവസങ്ങളില്‍ രാജ്യത്തിന് നേരിടേണ്ടി വരിക എന്നാണ് സാമ്പത്തിക രംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നത്. വലിയൊരു വിഭാഗം ജനങ്ങള്‍ അക്ഷരാര്‍ഥത്തില്‍ പട്ടിണിമരണത്തെ ഭയന്നുകൊണ്ടാണ് ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നത്. എല്ലാ തരം വിയോജിപ്പുകള്‍ക്കുമപ്പുറം രാജ്യത്തെ മുഴുവന്‍ ജനങ്ങളും വിവിധ സര്‍ക്കാറുകളുമെല്ലാം ഒന്നിച്ച് നില്‍ക്കേണ്ട ഈ ഘട്ടത്തിലും ഇന്ത്യയിലെ സംഘ്പരിവാര്‍ ഭരണകൂടം അവരുടെ രാഷ്ട്രീയ അജന്‍ഡകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്നത് അങ്ങേയറ്റം ഖേദകരമായ വസ്തുതയാണ്.

ഒരു മഹാമാരിക്ക് മുന്നില്‍ നമ്മുടെ രാജ്യം നിശ്ചലാവസ്ഥയിലായപ്പോഴും ഭരണകൂടം ആ സാഹചര്യത്തെ മുതലെടുത്തുകൊണ്ട് രാഷ്ട്രീയ പ്രതികാരങ്ങള്‍ നടത്തുകയാണെന്ന് വ്യക്തമാക്കുന്നതാണ് ലോക്ക്ഡൗണ്‍ കാലത്തെ നരേന്ദ്ര മോദി സര്‍ക്കാറിന്റെ നീക്കങ്ങള്‍. അതിനേറ്റവും വലിയ ഉദാഹരണമാണ് ഇന്ത്യയിലെ പ്രമുഖ അക്കാദമിസ്റ്റും ദളിത് മാര്‍ക്സിസ്റ്റ് ചിന്തകനും അംബേദ്കര്‍ കുടുംബാംഗവുമായ ആനന്ദ് തെല്‍തുംദെയും പ്രമുഖ പത്രപ്രവര്‍ത്തകനായ ഗൗതം നവ്്ലാഖും കഴിഞ്ഞ ദിവസം പോലീസിന് കീഴടങ്ങേണ്ടി വന്ന സംഭവം. കൊവിഡ് വ്യാപനത്തിന്റെ സാധ്യത കുറക്കുന്നതിനായി രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാരില്‍ ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളവരെയെല്ലാം ജാമ്യവ്യവസ്ഥയില്‍ വിട്ടയക്കണമെന്ന് കോടതി നിര്‍ദേശം നിലവിലുണ്ടായിരുന്നു. എന്നിട്ടും ഭീമ കൊറേഗാവ് സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സംശയത്തിന്റെ പേരില്‍ മാത്രം പ്രതിചേര്‍ക്കപ്പെട്ട ആനന്ദ് തെല്‍തുംദെയെയും ഗൗതം നവ്്ലാഖിനെയും ജയിലിലടക്കാന്‍ ധൃതി കാണിക്കുകയായിരുന്നു കേന്ദ്ര ഭരണകൂടം. 2018 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷങ്ങളുടെ ആസൂത്രകരാണെന്നാരോപിച്ച് ഇന്ത്യയിലെ പ്രഗത്ഭരായ അഭിഭാഷകരും പത്രപ്രവര്‍ത്തകരുമടങ്ങുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ നേരത്തേ തന്നെ കേന്ദ്രം ജയിലിലടച്ചിരുന്നു. ഈ കേസില്‍ തന്നെയാണ് ആനന്ദ് തെല്‍തുംദെയും ഗൗതം നവ്്ലാഖും ഇപ്പോള്‍ എന്‍ ഐ എയുടെ കസ്റ്റഡിയിലായിരിക്കുന്നത്.

സമാനമായ സമീപനം തന്നെയാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും ദ വയറിന്റെ എഡിറ്ററുമായ സിദ്ധാര്‍ഥ് വരദരാജന്‍, മുന്‍ ഐ എ എസ് ഉദ്യോഗസ്ഥനായ കണ്ണന്‍ ഗോപിനാഥന്‍, പ്രമുഖ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍, കശ്മീരില്‍ നിന്നുള്ള ഫോട്ടോ ജേണലിസ്റ്റായ മസ്റത്ത് സഹ്റ, ജെ എന്‍ യു മുന്‍ വിദ്യാര്‍ഥി യൂനിയന്‍ നേതാവ് ഉമര്‍ ഖാലിദ്, ജാമിഅ മില്ലിയ്യ യൂനിവേഴ്സിറ്റിയിലെ നിരവധി വിദ്യാര്‍ഥികള്‍, ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളിലെ എന്‍ ആര്‍ സി വിരുദ്ധ പ്രക്ഷോഭകര്‍, ഡല്‍ഹി കലാപത്തിന്റെ ഇരകളായ മുസ്‌ലിംകള്‍ എന്നിവരോടെല്ലാം ഈ ലോക്ക്ഡൗണ്‍ കാലത്ത് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ മുന്‍കൈയില്‍ നടന്ന രാമനവമി ആഘോഷത്തെക്കുറിച്ച് “ദ വയര്‍” പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അയോധ്യ പോലീസ് സിദ്ധാര്‍ഥ് വരദരാജനെതിരെ കേസെടുത്തിരിക്കുന്നത്. അയോധ്യയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എട്ടംഗ പോലീസ് സംഘം സിദ്ധാര്‍ഥ് വരദരാജന്റെ വീട്ടിലെത്തി ഉടന്‍ അയോധ്യ പോലീസിന് മുന്നില്‍ ഹാജരാകണമെന്ന തരത്തില്‍ നോട്ടീസ് നല്‍കുകയായിരുന്നു. അതേസമയം, കണ്ണന്‍ ഗോപിനാഥിനെതിരെയും പ്രശാന്ത് ഭൂഷണെതിരെയും കേസെടുത്തിരിക്കുന്നത് ഗുജറാത്ത് പോലീസാണ്. രാമായണത്തെയും മഹാഭാരതത്തെയും അപമാനിച്ചുകൊണ്ട് മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ ട്വീറ്റ് ചെയ്തു എന്നതാണ് പ്രശാന്ത് ഭൂഷണ് നേരെയുള്ള ആരോപണമെങ്കില്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഉപയോഗിച്ച് സോഷ്യല്‍ മീഡിയ വഴി ആളുകളെ തെറ്റിദ്ധരിപ്പിച്ചു എന്നതാണ് കണ്ണന്‍ ഗോപിനാഥന് നേരെ ചുമത്തിയിരിക്കുന്ന കുറ്റം. ലോക്ക്ഡൗണിനിടയിലും കേന്ദ്രം തുടര്‍ന്നുവരുന്ന യു എ പി എ ദുരുപയോഗത്തിന്റെ ഇരയായിരിക്കുകയാണ് കശ്മീരില്‍ നിന്നുള്ള വനിതാ മാധ്യമ ഫോട്ടോഗ്രാഫറായ മസ്റത്ത് സഹ്റ. സോഷ്യല്‍ മീഡിയയില്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ മഹത്വവത്കരിക്കുന്ന തരത്തില്‍ പോസ്റ്റുകള്‍ ചെയ്തു എന്ന കുറ്റം ചുമത്തി മസ്റത്ത് സഹ്റക്കെതിരെ യു എ പി എ പ്രകാരം എന്‍ ഐ എ കേസെടുത്തിരിക്കുകയാണ്. “പൊതു സമാധാനത്തിന് എതിരായ കുറ്റകൃത്യങ്ങള്‍ക്ക് യുവാക്കളെ പ്രോത്സാഹിപ്പിക്കാനുള്ള ക്രിമിനല്‍ ഉദ്ദേശ്യത്തോടെയാണ് സഹ്‌റ ദേശവിരുദ്ധ പോസ്റ്റുകള്‍ അപ്‌ലോഡ് ചെയ്യുന്നത്” എന്നാണ് പോലീസ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്. ഡല്‍ഹി കലാപാസൂത്രണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് ജെ എന്‍ യു വിദ്യാര്‍ഥി യൂനിയന്‍ മുന്‍ നേതാവായ ഉമര്‍ ഖാലിദിനെതിരെ ഡല്‍ഹി പോലീസും യു എ പി എ പ്രകാരം കേസെടുത്തിരിക്കുന്നു.

ഇവിടെയൊന്നും തീരുന്നില്ല കേന്ദ്രത്തിന്റെ രാഷ്ട്രീയ പകപോക്കലുകള്‍. രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടാം സ്ഥാനത്തുള്ള സ്ഥലമാണ് ഡല്‍ഹി. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ ദിവസങ്ങളിലും ഡല്‍ഹി പോലീസ് ധൃതി കാണിക്കുന്നത് എന്‍ ആര്‍ സി വിരുദ്ധ പ്രക്ഷോഭവുമായും ഡല്‍ഹി കലാപവുമായും ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് കസ്റ്റഡിയിലെടുക്കുന്നതിന് വേണ്ടിയാണ്. പൗരത്വ നിയമ വിരുദ്ധ സമരത്തില്‍ പ്രധാന പങ്കുവഹിച്ച മുസ്‌ലിം വിദ്യാര്‍ഥി നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ഡല്‍ഹി കലാപത്തിന്റെ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്യുകയാണ് പോലീസ്.

ജാമിഅ മില്ലിയ്യയിലെ പി എച്ച് ഡി വിദ്യാര്‍ഥിയും ആര്‍ ജെ ഡിയുടെ യുവജന വിഭാഗം ഡല്‍ഹി യൂനിറ്റ് പ്രസിഡന്റുമായ മീരാന്‍ ഹൈദറിനെയും ജാമിഅ കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ (ജെ സി സി) മീഡിയ കോ ഓഡിനേറ്ററും ജാമിഅയില്‍ പി എച്ച് ഡി വിദ്യാര്‍ഥിയുമായ സഫൂറ സര്‍ഗാറിനെയും ലോക്ക്ഡൗണ്‍ സമയത്ത് പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു സഫൂറ സര്‍ഗാര്‍. ഇരുവര്‍ക്ക് നേരെയും ചുമത്തിയിരിക്കുന്നതും യു എ പി എ തന്നെയാണെന്നാണ് ഔട്ട് ലുക്ക്‌ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റനേകം വിദ്യാര്‍ഥികള്‍ക്കും ഉടന്‍ പോലീസിന് മുന്നില്‍ ഹാജരാകണമെന്ന തരത്തില്‍ ഡല്‍ഹി പോലീസില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റിയവരില്‍ ജാമിഅ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗങ്ങളും ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകരും ഫെമിനിസ്റ്റ് സംഘടനയായ പിഞ്ചറ തോഡ് അംഗങ്ങളും ഡല്‍ഹി യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥികളുമെല്ലാം ഉള്‍പ്പെട്ടിട്ടുണ്ട്. ഉമര്‍ ഖാലിദും സുഹൃത്തുക്കളും ചേര്‍ന്നാണ് ഡല്‍ഹി കലാപം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് പോലീസിന്റെ എഫ് ഐ ആറില്‍ പറയുന്നു. ജാഫറാബാദ് മെട്രോ സ്റ്റേഷനില്‍ പൗരത്വ വിരുദ്ധ സമരം സംഘടിപ്പിക്കുകയും അതുവഴി കലാപത്തിന് കാരണക്കാരിയാകുകയും ചെയ്തു എന്നതായിരുന്നു സഫൂറക്ക് നേരെ ചുമത്തിയ മുഖ്യ കുറ്റം. എന്‍ ആര്‍ സി വിരുദ്ധ സമരത്തില്‍ സജീവമായുണ്ടായിരുന്ന ഡല്‍ഹി സ്വദേശികളെയും പോലീസ് ഈ ദിവസങ്ങളില്‍ വേട്ടയാടുന്നുണ്ട്. സീലംപൂര്‍, ജാമിഅ നഗര്‍, ശഹീന്‍ബാഗ് എന്നിവിടങ്ങളിലെ നിരവധി ചെറുപ്പക്കാരെ ഇതിനകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജാമിഅ നഗറിലെയും ശഹീന്‍ബാഗിലെയും മുസ്‌ലിം ചെറുപ്പക്കാര്‍ക്ക് പോലീസ് ഇടപെടല്‍ കാരണം ലോക്ക്ഡൗണ്‍ കാലത്തെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ ദുഷ്‌കരമാകുകയാണ്. പൗരത്വ വിരുദ്ധ സമരത്തില്‍ പങ്കെടുത്തവരുടെ പ്രൊഫൈലിംഗ് പോലീസ് നടത്തിയത് കാരണം ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടാം എന്ന അവസ്ഥയില്‍ കഴിയുകയാണ് ഇവിടെയുള്ള ഭൂരിഭാഗം ആളുകളും.

ഇതിനേക്കാളെല്ലാം വിരോധാഭാസമാണ് ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പോലീസ് ഇപ്പോള്‍ നടത്തിവരുന്ന നീക്കങ്ങള്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നടന്നിട്ടുള്ള നിരവധി അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അനേകം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതില്‍ മുസ്‌ലിംകള്‍ പ്രതികളാക്കപ്പെട്ട കേസുകളില്‍ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് നടക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. ചാന്ദ്ബാഗില്‍ നിന്നും മുസ്തഫാബാദില്‍ നിന്നും നിരവധി മുസ്‌ലിംകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.

രാജ്യമിപ്പോള്‍ ഒരു വലിയ ആരോഗ്യ അടിയന്തരാവസ്ഥയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇതിനിടയിലൂടെ ഒരു രാഷ്ട്രീയ അടിയന്തരാവസ്ഥയുടെ സാഹചര്യങ്ങള്‍ രൂപപ്പെടുത്തി തങ്ങളുടെ അജന്‍ഡകള്‍ നടപ്പാക്കാനാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇക്കാര്യങ്ങളില്‍ നിന്നെല്ലാം വ്യക്തമാണ്. സര്‍ക്കാറിന്റെ തെറ്റായ നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാനോ തെരുവിലിറങ്ങാനോ സമരം ചെയ്യാനോ ജനങ്ങള്‍ക്ക് സാധ്യമല്ലാത്ത ഒരു സാഹചര്യത്തെ മുതലെടുത്തുകൊണ്ട് രാഷ്ട്രീയ പകപോക്കലുകള്‍ നടത്താനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ ജനാധിപത്യപരവും രാഷ്ട്രീയപരവുമായ പ്രതിരോധങ്ങള്‍ ഉയരേണ്ടതുണ്ട്.

മാധ്യമപ്രവർത്തകൻ

---- facebook comment plugin here -----

Latest