Connect with us

Ramzan

അനുഗ്രഹത്തിന്റെ ദിനരാത്രങ്ങൾ

Published

|

Last Updated

ഞങ്ങളുടെ കൂടെ ഹജ്ജിന് വരാൻ നിനക്ക് എന്താണ് തടസ്സം ? അൻസാരികളിൽ പെട്ട സ്ത്രീയോട് നബി (സ്വ) ചോദിച്ചു. അവൾ പറഞ്ഞു: ഞങ്ങൾക്ക് ഒരു ഒട്ടകമുണ്ട്. അതിന്മേൽ ഇന്ന് പിതാവും മകനും യാത്ര പുറപ്പെട്ടു. മറ്റൊരു ഒട്ടകത്തെ അദ്ദേഹം ഉപേക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഞങ്ങൾ കൃഷി നനക്കുന്നത്. നബി(സ) പറഞ്ഞു: എങ്കിൽ റമസാൻ മാസത്തിൽ നീ ഉംറ ചെയ്യുക. നിശ്ചയം റമസാനിലെ ഒരു ഉംറ ഒരു ഹജ്ജിന് തുല്യമാണ്. (ബുഖാരി).

പുണ്യങ്ങളുടെ പൂക്കാലമാണ് റമസാൻ. ചെയ്യുന്ന സത്കർമങ്ങൾക്കെല്ലാം ഇരട്ടിയാണ് പ്രതിഫലം. സുന്നത്തിന് ഫർളിന്റെ പ്രതിഫലവും ഫർളിന് 70 ഇരട്ടി പ്രതിഫലവും ലഭിക്കും. തെറ്റ്കുറ്റങ്ങളിൽ നിന്നകന്ന് അല്ലാഹുവിന്റെ അനുഗ്രഹം കരസ്തമാക്കാനുള്ള ദിനരാത്രങ്ങളാണ് ഇനിയുള്ളത്. റമസാനിനെ അതിന്റെ പവിത്രതയോടെയും മാഹാത്മ്യത്തോടെയും ഉൾക്കൊള്ളാൻ വിശ്വാസിക്കാകണം. അല്ലെങ്കിൽ അവൻ സർവനാശത്തിലായിരിക്കും. റമസാൻ വന്നുപോയിട്ടും അതിനെ യഥാവിധി ഉപയോഗിക്കാതെ, പാപങ്ങൾ പൊറുക്കപ്പെടാതെ ഒരു വിശ്വാസി കടന്നുപോയാൽ അവന് നാശമുണ്ടാകട്ടെ എന്ന് ജിബ്‌രീൽ (അ) പ്രാർഥിച്ചു. പ്രാർഥനക്ക് ആമീൻ പറഞ്ഞത് നബി (സ്വ) യാണ്. റമസാൻ ഒരു നോമ്പിന്റെ മാത്രം മാസമല്ലെന്നും അത് വിശ്വാസിക്ക് നൽകുന്ന പാപ മോചനവും ആത്മ വിശുദ്ധിയും എത്രത്തോളം ഗൗരവപ്പെട്ടതാണെന്ന് ബോധ്യപ്പെടുത്തുകയുമാണ് ഈ സംഭവം. അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം: നബി(സ) പറഞ്ഞു: നോമ്പ് പരിചയാണ്. നോമ്പുകാരൻ തെറ്റായ കാര്യങ്ങൾ ചെയ്യാതിരിക്കുകയും വിവരക്കേട് പറയാതിരിക്കുകയും വേണം. ആരെങ്കിലും അവനോട് തർക്കിക്കുകയോ ശകാരിക്കുകയോ ചെയ്താൽ അവൻ നോമ്പുകാരനാണെന്ന് പറയണം. എന്റെ ആത്മാവിനെ നിയന്ത്രിക്കുന്ന അല്ലാഹുവാണ് സത്യം. നോമ്പുകാരന്റെ വായയുടെ മണം അല്ലാഹുവിന് കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണ്. അല്ലാഹു പറയുന്നു: അവൻ അവന്റെ ഭക്ഷണ പാനീയങ്ങളും ദേഹേച്ഛയും എനിക്കുവേണ്ടിയാണുപേക്ഷിച്ചിരിക്കുന്നത്. നോമ്പ് എനിക്കുള്ളതാണ്. ഞാനാണ് അതിന് പ്രതിഫലം നൽകുക. ഓരോ നന്മക്കും പത്തിരട്ടിയാണ് പ്രതിഫലം. (ബുഖാരി). മറ്റൊരു ഹദീസിൽ കാണാം. വല്ലവനും കളവ് പറയലും അതു പ്രവർത്തിക്കലും ഉപേക്ഷിക്കാത്ത പക്ഷം അവൻ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.

വിശ്വാസിയുടെ ആത്മീയ പരിവർത്തനത്തിനൊപ്പം ജീവിത വിശുദ്ധിയും ആരോഗ്യ സുരക്ഷിതത്വവും ഇസ്‌ലാം മുന്നോട്ടുവെക്കുന്നു. രക്തത്തിലെ ഗ്ലൂക്കോസിനേയും രക്തസമ്മർദത്തെയും ശരീര ഭാരത്തെയും ശരിയായ രൂപത്തിൽ നിലനിർത്താൻ നോമ്പ് സഹയകമാകുന്നു. നോമ്പനുഷ്ഠിച്ച ഒരാൾക്ക് അന്നപാനിയങ്ങളിൽ നിന്നുള്ള ഊർജം ലഭിക്കാതെ വരും. അപ്പോൾ ശരീരം കരളിലും പേശിയിലും സംഭരിച്ച ഗ്ലുകോസ് പുറത്തെടുക്കുന്നു. ഭക്ഷണം ദഹിച്ചതിനു ശേഷമുള്ള എട്ട് മണിക്കൂറിനുള്ളിൽ ഈ പ്രക്രിയ ആരംഭിക്കും. ഇതുമൂലം ഭാരം കുറയുമെന്നും പല പഠനങ്ങളും തെളിയിക്കുന്നു. ഈ പുണ്യമാസം മനുഷ്യന് നൽകുന്ന ആരോഗ്യകരമായ നേട്ടങ്ങളും അതിലേറെ ആത്മീയമായ പ്രതിഫലങ്ങളും മുതലെടുത്ത് റമസാനെ യാത്രയാക്കാൻ നമുക്കാകണം.

സബ് എഡിറ്റർ, സിറാജ്