Connect with us

Ongoing News

ചുരത്തിൽ ആത്മീയ ചൈതന്യം പകർന്ന് നാടുകാണി മഖാം

Published

|

Last Updated

ഇടതൂർന്ന വനം, ഇരുവശങ്ങളിലും കാട്ടാനകളുടെ നടപ്പാത, കോരിച്ചൊരിയുന്ന മഴയിലും നട്ടുച്ചക്കും ഇരുട്ട് പരന്ന അന്തരീക്ഷം. ആൾത്താമസമില്ലാത്ത ഈ വനപാതക്ക് ചാരേ ഒരു മഖ്ബറ കാണാം. കോഴിക്കോട്-ഊട്ടി സംസ്ഥാന പാതയിലെ പ്രസിദ്ധമായ നാടുകാണി ചുരത്തിലെ പാതയോരത്താണിത്. ഫഖീർ മുഹമ്മദ് സ്വാലിഹ് എന്നവരാണ് അവിടെ അന്തിയുറങ്ങുന്നത് എന്നതാണ് തലമുറകളിലൂടെ കൈമാറി കിട്ടിയ വിവരം.

പാറക്കെട്ടുകൾക്കിടയിൽ നിന്ന് ഊർന്നിറങ്ങുന്ന ജലധാരക്കരികെ വനത്തിനുള്ളിൽ ഒരു ആശ്രയ കേന്ദ്രം. മഖ്ബറ വനത്തിലുള്ളിലായതിനാൽ ആവശ്യമായ പരിചരണത്തിന് അസൗകര്യമുണ്ടെങ്കിലും സാധ്യമാംവിധം പരിചരിച്ചുവരുന്നുണ്ട്. ചുരം റോഡിൽ ഇടക്കിടെ വികസന പ്രവർത്തനങ്ങൾ നടക്കുന്നുവെങ്കിലും ബ്രിട്ടീഷ് കാലത്തും അതിനുശേഷവും നടന്ന എല്ലാ വികസന പ്രവർത്തനങ്ങളും മഖ്ബറയുടെ സംരക്ഷണം ഉറപ്പാക്കിക്കൊണ്ടാണ് നടന്നത്.
യമനിൽ നിന്ന് ഏകദേശം 600 വർഷങ്ങൾക്ക് മുമ്പ് ഇസ്‌ലാമിക പ്രബോധനത്തിനായി ഇന്ത്യയിലെത്തിയ സംഘം. കോഴിക്കോട് നിന്ന് മലമ്പാത വഴി ബെംഗളൂരുവിലേക്കുള്ള വഴിയിൽ നാല് പേർ നിലമ്പൂരിനടുത്ത നാടുകാണിയിൽ വെച്ച് മരണപ്പെട്ടുവെന്നാണ് ചരിത്രം പറയുന്നത്.

ഇതിൽ ശൈഖ് മുഹമ്മദ് സ്വാലിഹ് (റ)ന്റെ മഖ്ബറയാണ് പാതയോരത്തായി സ്ഥിതി ചെയ്യുന്നത്. മഹാനവർകളുടെ സഹാചാരികളിൽപ്പെട്ട മൂന്ന് മഹാന്മാരുടെ ഖബറുകൾ ഈ വനത്തിലുള്ളിൽ തന്നെ രണ്ടിടങ്ങളിലായിയുണ്ട്. അവയിൽ രണ്ടെണ്ണത്തിന്റെ സ്ഥാനം കൃത്യമായി നിർണയിക്കപ്പെട്ടിട്ടില്ല. ഇവിടങ്ങളിലെല്ലാം സിയാറത്ത് നടന്നുവരുന്നുണ്ട്.

മടവൂർ സി എം വലിയുല്ലാഹി (റ) ഈ മഖ്ബറയുടെ പരിസരത്ത് ഏകാന്തവാസം അനുഷ്ഠിച്ചതായി പഴമക്കാർ പറയാറുണ്ട്. ഇപ്പോൾ പ്രസ്തുത ഖബറുകൾ പരിചരിച്ചുവരുന്നത് ഹൈദർ എന്നയാളാണ്. ഇദ്ദേഹത്തിന്റെ പിതാവായിരുന്നു നേരത്തെ മഖ്ബറ പരിചാരകൻ.
വഴിക്കടവ് നിന്ന് ഊട്ടിയിലേക്കും തിരിച്ച് ഊട്ടിയിൽ നിന്ന് വഴിക്കടവിലേക്കുമുള്ള യാത്രക്കിടയിൽ പ്രാർഥനക്കായി നിരവധി പേർ സന്ദർശിക്കുന്നു. ഇതിനിടെ നജ്ദിയൻ സിദ്ധാന്തം തലക്ക് പിടിച്ച ചിലർ മൂന്ന് തവണ നാടുകാണി ജാറം തകർക്കാൻ ശ്രമിച്ചു. 2009 ഏപ്രിൽ എട്ടിനാണ് ആദ്യസംഭവം നടന്നത്. രാത്രിയുടെ മറവിൽ മഖ്ബറ തകർത്ത് ആരുമറിയാതെ രക്ഷപ്പെടാനായിരുന്നു ശ്രമം. എന്നാൽ അന്ന് വഴിക്കടവ് പോലീസിന്റെ പട്രോളിംഗ് സംഘം അതുവഴി വരികയും പ്രതികൾ പിടിയിലാകുകയും ചെയ്തു. തമിഴ്‌നാടും കേരളവും അതിർത്തി പങ്കിടുന്ന പ്രദേശത്തെ ഈ മഖ്ബറ തകർക്കപ്പെടുകയും പ്രതികൾ അറിയപ്പെടാതിരിക്കുകയും ചെയ്താൽ അതിന്റെ പ്രത്യാഘാതം ഗുരുതരമാകുമായിരുന്നു.
2017 സെപ്തംബർ ആറിനാണ് രണ്ടാമത്തെ ശ്രമം നടന്നത്. ഇതിൽ മഖാമിന്റെ ഒരു ഭാഗം തകർക്കുകയും നേർച്ചപ്പെട്ടിയും സംഭാവനപെട്ടിയും പൊളിച്ച് പണം മോഷണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 2017 സെപ്തംബർ 28ന് വ്യാഴാഴ്ച രാത്രി മഖ്ബറ ഭാഗികമായി പൊളിച്ചത്.

പുണ്യാത്മാക്കളുടെ മഖ്ബറ തകർക്കൽ ഇസ്ലാമിലെ തിരുത്തൽവാദികളുടെ മുഖ്യ അജൻഡയാണെങ്കിലും വിരോധാഭാസമെന്ന് പറയട്ടെ. ഇവരുടെ നിയന്ത്രണത്തിലുള്ള എടവണ്ണ വലിയ ജുമുഅത്ത് പള്ളിയിലെ മജ്നൂൻ തങ്ങളുടെ മഖ്ബറ ഇപ്പോഴും പൊളിക്കപ്പെടാതെ കിടപ്പുണ്ട്. എടവണ്ണയിലെ വഹാബിവത്കരണത്തതിന്റെ ഭാഗമായി ഈ മഖ്ബറയും പൊളിച്ചുനീക്കിയെന്നാണ് ഇവർ പുറമേ പറയുന്നതെങ്കിലും ആ മഖ്ബറ ഇപ്പോഴും അവശേഷിക്കുന്നുവെുന്നതാണ് വസ്തുത. ഇരുട്ടിന്റെ മറവില്‍ തകർക്കാനുള്ള ശ്രമം മഖാമിനെ ഏറെ പ്രശസ്തമാക്കിയിരിക്കുകയാണ്.

Latest