Gulf
മാനസിക സമ്മർദത്താലുള്ള ഹൃദയാഘാതം: പ്രവാസി മലയാളികളുടെ മരണത്തിൽ വർധന
തൃശൂർ | കൊവിഡ് 19 ബാധിച്ച് വിദേശ നാടുകളിൽ മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുന്നതിന് പിന്നാലെ ഹൃദയാഘാതം മൂലം മരിക്കുന്ന പ്രവാസികളുടെ എണ്ണവും ആശങ്കാജനകമാം വിധം ഉയരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ മാത്രം പത്തിലേറെ പ്രവാസി മലയാളികളാണ് വിവിധ വിദേശ നാടുകളിൽ ഹൃദയാഘാതം മൂലം മരിച്ചത്. ദിവസത്തിൽ ശരാശരി രണ്ട് പേർ എന്ന തോതിലാണിപ്പോൾ ഹൃദയാഘാതം മൂലമുള്ള മരണ നിരക്ക്.
മാനസിക സമ്മർദം ഇരട്ടിച്ചതാണ് പ്രവാസി മലയാളികൾക്കിടയിൽ ഹൃദയാഘാതമുൾപ്പെടെ ഉയരാനിടയാക്കിയിരിക്കുന്നതെന്ന് സന്നദ്ധ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മാനസിക സമ്മർദവും ആവശ്യത്തിന് വിശ്രമവും വ്യായാമ മില്ലായ്മയുമെല്ലാമായി നേരത്തേ തന്നെ പ്രവാസികൾക്കിടയിൽ ഹൃദയാഘാതം മൂലം മരിക്കുന്നവർ ഏറിയിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് 70 ശതമാനമായിരുന്നു ഈ നിരക്ക്. ഇതിന് പുറമെ കൊവിഡ് വരുത്തിയ തൊഴിലില്ലാതായതും വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തിയതോടെ സ്വന്തം രാജ്യത്തിലേക്ക് മടങ്ങാൻ കഴിയാത്തതുമെല്ലാം പ്രവാസികൾക്കിടയിൽ മാനസിക സമ്മർദമുയരാനിടയാക്കിയതായും ഇവർ പറയുന്നു.
ഈ മാസം 12ന് ദുബൈയിൽ മരിച്ച എറണാകുളം മഹാരാജാസ് കോളജിലെ റിട്ട. പ്രൊഫസർ എം ശ്രീകുമാർ(70) ഒഴികെ ഹൃദയാഘാതം മൂലം ഈ കാലയളവിൽ വിദേശത്ത് മരിച്ച വരെല്ലാം 60 വയസ്സിന് താഴെയുള്ളവരാണ്. ഭൂരിഭാഗവും യുവാക്കൾ. 12ന് തന്നെ ഖത്വറിൽ പത്തനംതിട്ട കോട്ടനോൻപാറ സീതത്തോട് പറൂർ വീട്ടിൽ ബിജു മാത്യു ജേക്കബ്(49)വും ഹൃദയാഘാതം മൂലം മരിച്ചിരുന്നു.
15 ന് മലപ്പുറം കൊണ്ടോട്ടി പോത്തു വെട്ടിപ്പാറ സ്വദേശിയായ പുതിയൊടി ഇബ്റാഹിം (വീരാൻ കുട്ടി- 49) സഊദി യിലും തൃശൂർ അണ്ടത്തോട് പരൂർ തളികശ്ശേരി വീട്ടിൽ പരേതനായ കുഞ്ഞുമോന്റെ മകൻ ഫൈസൽ (41) മലേഷ്യയിലും മരിച്ചു. 16ന് കൊല്ലം പുനലൂർ കരവല്ലൂർ സ്വദേശി ബിജു പിള്ള(55) സഊദിയിലെ തബൂക്കിലും 19ന് മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി ശിഹാബുദ്ദീൻ (38) ദോഹയിലും 20ന് സഊദിയിൽ മലപ്പുറം ചെമ്മാട് സ്വദേശി ഒളളക്കൻ മുഹമ്മദലി ഹാജി(57)യും കോഴിക്കോട് പയ്യാനക്കൽ സ്വദേശി രാജേഷ് കൊച്ചുവിലതെക്കേത്തി(42)ലും 23ന് കൂത്തുപറമ്പ് പാനുണ്ട സ്വദേശി പി കെ ഷഗിനേഷ് (33) കാലിഫോർണിയയിലും പത്തനംതിട്ട പന്തളം തോന്നല്ലൂർ സ്വദേശി പരീതുകുഞ്ഞ് ജസീൻ(58) റിയാദിലെ ബത്ഹയിലും കണ്ണൂർ ഇരിട്ടി സ്വദേശി കിട്ടാവിണ്ടാവിട്ട അബ്ദുൽ അസീസ് (60) സഊദിയിലും അങ്കമാലി കറുകുറ്റി സ്വദേശി ദേവസി വർഗീസ് (55) മസ്‌കത്തിലും 26ന് സഊദിയിലെ ജുബൈലിൽ കൊല്ലം കടമ്പനാട് പുത്തനമ്പലം സ്വദേശി ജിനു(36), അബൂദബിയിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദർ(53) എന്നിവരും കഴിഞ്ഞ മൂന്നാഴ്ചക്കിടെ ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളികളിൽ ചിലർ മാത്രമാണ്.
ഹൃദയാഘാത മരണങ്ങൾക്ക് പുറമെ മാനസിക സംഘർഷങ്ങളും വിദേശ രോഗികളുടെ എണ്ണം കൂട്ടുന്നതായി പ്രവാസികൾ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവർക്കും ഇവരുടെ സമ്പർക്കത്തിലുള്ളവർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കുമെല്ലാം കൗൺസിലിംഗിലൂടെയും മറ്റുമായി മാനസിക പിന്തുണ നൽകുമ്പോൾ പ്രവാസി മലയാളികൾക്ക് ഇത് വേണ്ടത്ര ലഭിക്കുന്നില്ല. മാനസിക സംഘർഷം ഒഴിവാക്കാൻ സന്നദ്ധ സംഘടനകളും നോർക്കയുമെല്ലാം ടോൾ ഫ്രീ നമ്പറിലൂടെയും മറ്റുമായി കൗൺസിലിംഗ് സേവനം മുന്നോട്ടു വെക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇത് പ്രയോജനപ്പെടുത്തുന്നുമില്ല. ശരിയായ ബോധവത്കരണവും കൗൺസിലിംഗും കൂടുതൽ ശക്തമാക്കുകയും തിരികെ എത്തുന്നവർക്കായി പുനരധിവാസത്തിനുള്ള പദ്ധതികൾ പ്രഖ്യാപിച്ചും മാനസിക പിന്തുണ നൽകാൻ ഭരണാധികാരികളും നാട്ടിലെ സന്നദ്ധ സംഘടനകളും മുന്നോട്ട് വരണമെന്നാണ് പ്രവാസി സംഘടനകളുടെ ആവശ്യം.