Connect with us

Malappuram

പാങ്ങ്: പണ്ഡിത ജ്യോതിസ്സുകൾക്ക് ജന്മം നൽകിയ നാട്

Published

|

Last Updated

വള്ളുവനാട്ടിലെ മലകളാൽ ചുറ്റപ്പെട്ട വിസ്തൃതമായ ഉൾനാടൻ ഗ്രാമമായ പാങ്ങിന് ഈ നാമം നൽകപ്പെട്ടതിന് പിന്നിൽ ഭൂമിശാസ്ത്രപരമായ പ്രത്യേകതയുണ്ട്.
എന്നാൽ ഈ നാടിനെ കേരളത്തിന് സുപരിചിതമാക്കിയ രണ്ട് മഹാരഥന്മാരുണ്ട്. വൈജ്ഞാനിക പ്രഭ പരത്തിയ പാങ്ങിൽ അഹ്്മദ്കുട്ടി മുസ്‌ലിയാർ, എ സി എസ് ബീരാൻ മുസ്‌ലിയാർ എന്നീ പണ്ഡിത കേസരികൾക്ക് ജന്മം നൽകിയ നാടെന്ന പെരുമയാണ് പാങ്ങിന് പറയാനുള്ളത്. സമസ്തയെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച പണ്ഡിതനായ പാങ്ങിൽ അഹ്്മദ് കുട്ടി മുസ്‌ലിയാരുടെയും ഇസ്‌ലാമിനെ തനതായ ശൈലിയിൽ പ്രബോധനം ചെയ്യാൻ പുരുഷായുസ്സ് നീക്കിവെച്ച സമസ്തയുടെ മുബല്ലിഗായിരുന്ന എ സി എസ് ബീരാൻ മുസ്‌ലിയാരുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമാണ് പാങ്ങ്.

എസ് കെ പൊറ്റക്കാടിന്റെ സൃഷ്ടികളിൽ ഇടം നേടിയ ഈ മനോഹര ഗ്രാമം മൂന്നര പതിറ്റാണ്ട് മുമ്പ് വരെയും ചികിത്സ, പഠനം, വ്യാപാരം, ഗതാഗതം തുടങ്ങിയ രംഗങ്ങളിൽ പുറം ലോകവുമായി വേറിട്ട് നിൽക്കുകയായിരുന്നു. എന്നാൽ നൂറ്റാണ്ട് കാലം മുമ്പ് തന്നെ പണ്ഡിത സാന്നിധ്യം കൊണ്ട് ധന്യമായിരുന്നു പാങ്ങും പരിസര പ്രദേശങ്ങളും. ഈ ഗ്രാമത്തിലെ വിശ്വാസികൾ ബഹുഭൂരിപക്ഷവും ഈ പണ്ഡിത ശിരോമണികൾ പകർന്ന് നൽകിയ ആശയ വഴിയിൽ ജീവിക്കുന്നവരാണ്.
പാങ്ങിൽ അഹ്്മദ്കുട്ടി മുസ്‌ലിയാരെ കുറിച്ചുള്ള ഹ്രസ്വമായ ചരിത്രം മദ്‌റസകളിലെ ചരിത്ര പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയതിലൂടെ ഈ നാടിനെ കുറിച്ചും ആത്മീയ നേതൃത്വം നൽകിയ പണ്ഡിത മഹത്തുക്കളെ കുറിച്ചും വിദ്യാർഥികളും മനസ്സിലാക്കി. ഇപ്പോൾ ഈ പ്രദേശം കൂടുതൽ വികസിച്ച് പാങ്ങ്-ചേണ്ടി എന്ന പേരിൽ വലിയ അങ്ങാടിയുണ്ട്. ടെലിഫോൺ എക്‌സ്‌ചേഞ്ച്, സർക്കാർ ആശുപത്രി, എന്നിവയുമുണ്ട്.


1885ൽ പാങ്ങിൽ ജനിച്ച അഹ്്മദ് കുട്ടി മുസ്‌ലിയാർ മാതാപിതാക്കളിൽ നിന്ന് അറിവിന്റെ ആദ്യാക്ഷരം നുകരുകയും ശേഷം സ്വദേശത്തെ ദർസിൽ ചേർന്ന് പതിനാലാം വയസ്സ് വരെ പഠനം തുടരുകയും ചെയ്തു. പിന്നീട് ഉപരിപഠനം നടത്തി. ആറോളം വിജ്ഞാന ശാഖകളിൽ അവഗാഹം നേടി. കരിമ്പനക്കൽ അഹ്്മദ് മുസ്‌ലിയാർ, കാപ്പാട് മുഹമ്മദ് മുസ്‌ലിയാർ, കട്ടിലശ്ശേരി അലി മുസ്‌ലിയാർ തുടങ്ങിയവരിൽ നിന്ന് ശിഷ്യത്വം സ്വീകരിച്ചു. തമിഴ്, ഉർദു, ഫാർസി ഭാഷകൾ സ്വായത്തമാക്കിയ അഹ്്മദ് കുട്ടി മുസ്‌ലിയാർ മുഫ്തി, കവി, പ്രഭാഷകൻ, സംഘാടകൻ, ഗ്രന്ഥകർത്താവ് തുടങ്ങിയ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമറിയിച്ചു. 1942ൽ പാങ്ങിൽ ജനിച്ച ബീരാൻ മുസ്്ലിയാര്‍ മലബാറിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും തമിഴ്‌നാട്, കർണാടക അതിർത്തി പ്രദേശങ്ങളിലും കടലോര മേഖലകളിലെല്ലാം ആശയപ്രചരണ ദൗത്യവുമായി കടന്നുചെന്നു.

ആരാധനാകാര്യങ്ങളെ കുറിച്ച് കേട്ട് കേൾവിയില്ലാത്ത മതവിദ്യാഭ്യാസത്തിന്റെ കണിക പോലും സ്വായത്തമാക്കാത്ത അന്നത്തെ സമൂഹത്തിന് അറിവ് പകർന് നൽകി. മതരംഗത്തെ സേവനങ്ങൾക്ക് പ്രതിഫലം ഇഷ്ടപ്പെടാതിരുന്ന മഹാൻ എസ് വൈ എസിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. തന്റെ നേതൃത്വത്തിൽ സംഘടനക്ക് 3000ലേറെ യൂനിറ്റുകളാണ് അദ്ദേഹം സ്ഥാപിച്ചത്. ആത്മീയ പ്രൗഢി കാത്തുസൂക്ഷിക്കുന്ന ഈ നാട്ടുകാർക്ക് പറയാനുള്ളത് മഹാരഥന്മാരുടെ ആത്മീയ പിൻബലമാണ് ഇതിന് കാരണമെന്നാണ്. 1946ൽ വഫാത്തായ പാങ്ങിൽ അഹ്്മദ് കുട്ടി മുസ്‌ലിയാരും 1996 വഫാത്തായ എ സി എസ് ബീരാൻ മുസ്‌ലിയാരും പാങ്ങ് വലിയ ജുമുഅത്ത് പള്ളിയുടെ ഖബർസ്ഥാനിൽ അന്ത്യവിശ്രമം കൊള്ളുന്നു. ഇവരുടെ ആണ്ട് ദിനങ്ങളോട് അനുബന്ധിച്ച് വിപുലമായ അനുസ്മരണ പരിപാടികൾ മുടക്കമില്ലാതെ നാട്ടുകാർ നടത്തി വരുന്നു.

Latest