Connect with us

Ramzan

കൊവിഡ് കാലത്തെ ദാനധര്‍മം

Published

|

Last Updated

വിശുദ്ധിയുടെ നാളുകളാണ് നമ്മിലൂടെ കടന്നുപോകുന്നത്. കൊറോണ കാലമായതിനാല്‍ നോമ്പിന്റെ ക്ഷീണത്തോടൊപ്പം സാമ്പത്തിക ക്ഷീണവും നാം അനുഭവിക്കുന്നു. ഗള്‍ഫില്‍ നിന്നുള്ള വരവും നാട്ടില്‍ നിന്നുള്ള മിച്ചവും ലോക്ക്ഡൗണില്‍ ലോക്കായിരിക്കുകയാണ്. ഇത്തരം സാഹചര്യത്തില്‍ ഏത് കോണില്‍ നിന്ന് സഹായം ലഭിച്ചാലും ആളുകള്‍ സന്തോഷത്തോടെ സ്വീകരിക്കും. എന്നാല്‍, പ്രയാസം മറച്ചുവെച്ച് “മാന്യന്മാരായി” ജീവിക്കുന്ന ഒട്ടേറെ പേര്‍ ഈ കൊറോണ കാലത്ത് നമുക്ക് ചുറ്റുമുണ്ട്. അവരെ കണ്ടെത്തി സഹായിക്കാനുള്ള ഒരു വലിയ മനസ്സ് ഈ പുണ്യമാസത്തില്‍ നമുക്കുണ്ടാകണം.

ജനിച്ചത് മുതല്‍ വിശപ്പെന്തെന്നറിയാതെ എല്ലാ ഭൗതിക സുഖങ്ങളും ആസ്വദിച്ചു ജീവിക്കുന്ന ഒട്ടേറെ പേര്‍ സമൂഹത്തിലുണ്ട്. നേരിയ വിശപ്പ് പോലും അസഹനീയമായി തോന്നുന്ന ഈ വരേണ്യ വര്‍ഗത്തിന് അതിന്റെ തനതായ രുചി ആസ്വദിക്കാന്‍ വ്രതം അവസരമൊരുക്കുന്നു. വിശപ്പും ദാഹവും കൊണ്ട് കഷ്ടപ്പെടുന്ന സമൂഹത്തിലെ ദുര്‍ബലരെ ഓര്‍ക്കാനും അവരെ സഹായിക്കാനും വ്രതം സമ്പന്ന വര്‍ഗത്തെ പാകപ്പെടുത്തുന്നു. ഇതൊരു സാമൂഹിക ഉത്തരവാദിത്വവും കടപ്പാടും ആയതിനാല്‍ വ്രതനാളുകള്‍ വര്‍ഷാവര്‍ഷം ആവര്‍ത്തിച്ച് കടന്നുവരികയാണ്.

പാവപ്പെട്ടവന്റെ കണ്ണീരൊപ്പുന്നവര്‍ക്ക് ഇസ്‌ലാം നല്‍കിയ പ്രോത്സാഹനം ലോകത്തൊരു മതവും പ്രസ്ഥാനവും നല്‍കിയിട്ടില്ല. നബി(സ) പറയുന്നു: ദരിദ്രരുടെ ക്ഷേമത്തിനും വിധവകളുടെ സംരക്ഷണത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്ന ധീര യോദ്ധാക്കളാണ് (ബുഖാരി, മുസ്‌ലിം).

അനാഥകളെ ഏറ്റെടുക്കുന്നവര്‍ നാളെ സ്വര്‍ഗത്തില്‍ എന്റെ കൂടെ ഇരിപ്പിടം ഉറപ്പിച്ചവരാണ്(ബുഖാരി). ഇമാം ബുഖാരി നിവേദനം ചെയ്ത മറ്റൊരു ഹദീസില്‍ കാണാം, നബി(സ) പറഞ്ഞു: തന്റെ സഹോദരന്റെ ബുദ്ധിമുട്ടുകള്‍ നീക്കിക്കൊടുക്കുന്നവന് പരലോകത്തെ പ്രയാസങ്ങള്‍ അല്ലാഹു നീക്കിക്കൊടുക്കും. ഒരാള്‍ തന്റെ സഹോദരന്റെ ആവശ്യം നിറവേറ്റിക്കൊടുത്താല്‍ അല്ലാഹു അവന്റെ ആവശ്യവും നിറവേറ്റിക്കൊടുക്കും(ഹദീസ്). ജീവിതം സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും നീക്കിവെച്ച എല്ലാവര്‍ക്കുമുള്ള സന്തോഷവാര്‍ത്തയാണ് നബി(സ)യില്‍ നിന്ന് നാം കേട്ടത്.

നോമ്പ് കാലം ആരാധനകള്‍ക്ക് പതിന്മടങ്ങ് പ്രതിഫലം ലഭിക്കുന്ന സന്ദര്‍ഭമായതിനാല്‍ നമ്മുടെ നല്ലൊരു സമയം ഈ മേഖലയിലേക്ക് തിരിക്കണം. അരിയും പഞ്ചസാരയും മാത്രമല്ല, ഓരോരുത്തരുടെയും ആവശ്യങ്ങള്‍ എന്താണെന്ന് കണ്ടറിഞ്ഞ് നാം സഹായിക്കണം. സാമ്പത്തിക പിന്‍ബലം മാത്രമല്ല മാനസിക പിന്തുണയും വലുതാണ്. എപ്പോള്‍ വേണമെങ്കിലും വിളിച്ചോളൂ ഞങ്ങള്‍ കൂടെയുണ്ട് എന്നിങ്ങനെയുള്ള ആശ്വാസ വാക്കുകള്‍ സമൂഹത്തിലെ ദുര്‍ബലര്‍ക്ക് ഏറ്റവും വലിയ സന്തോഷമാണ്. പക്ഷേ, അര്‍ഹരെ പിന്തള്ളി അനര്‍ഹര്‍ രംഗം കീഴടക്കുന്ന കാഴ്ചയാണ് നാം പലയിടത്തും കാണുന്നത്. നമ്മുടെ റമസാന്‍ കിറ്റുകളും ഭക്ഷ്യ വിഭവങ്ങളും യഥാര്‍ഥ അവകാശികളിലേക്കെത്തിക്കാന്‍ ശ്രമിക്കണം.
സാമ്പത്തിക ശേഷിയുള്ളവരില്‍ നിന്ന് സാന്ത്വന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് നാം കണ്ടെത്തണം. സമ്പത്ത് കൊണ്ട് ധൂര്‍ത്തടിക്കുന്നവര്‍ സമൂഹത്തിലേറെയുണ്ട്. സമ്പത്തിന്റെ യഥാര്‍ഥ ഉറവിടവും അതിന്റെ ലക്ഷ്യവും മനസ്സിലാക്കാത്തവരാണവര്‍. യഥാര്‍ഥത്തില്‍ സമ്പത്ത് ഒരു പരീക്ഷണ വസ്തുവാണ്. അതിന്റെ കൈകാര്യ കര്‍ത്താക്കള്‍ നാമാണെങ്കിലും സമൂഹത്തിലെ പലരും അതിന്റെ അവകാശികളും പങ്കാളികളുമാണെന്ന് നാം മറക്കറുത്. ആര്‍ത്തിപൂണ്ട് സമ്പത്ത് മറ്റുള്ളവര്‍ക്ക് നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ പരാജിതരാണ്. അല്ലാഹു പറയുന്നു: ആര് സ്വന്തം മനസ്സിന്റെ ആര്‍ത്തിയില്‍ നിന്ന് സുരക്ഷിതമാക്കപ്പെടുന്നുവോ അവര്‍ തന്നെയാണ് വിജയികള്‍(തഗാബുന്‍). വീണ്ടും അല്ലാഹു പറയുന്നു: നിങ്ങള്‍ എന്ത് ചെലവഴിക്കുകയാണെങ്കിലും അല്ലാഹു നിങ്ങള്‍ക്കതിന് പകരം നല്‍കും (സബഅ്).
പിശുക്ക് അല്ലാഹുവിന് തീരെ ഇഷ്ടപ്പെടാത്ത കാര്യമാണ്. അല്ലാഹു നല്‍കിയ സമ്പത്ത് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നതില്‍ നമുക്ക് അഭിമാനവും സന്തോഷവും ഉണ്ടാകണം. നബി(സ) പറഞ്ഞു: നീ സമ്പത്ത് കെട്ടിപ്പൂട്ടി വെക്കരുത്. അങ്ങനെ നീ ചെയ്താല്‍ അല്ലാഹു നിന്റെ നേരെയും അങ്ങനെ ചെയ്യും(ബുഖാരി, മുസ്‌ലിം). ഒരിക്കല്‍ സ്വഹാബിമാര്‍ പറഞ്ഞു: നബിയേ, ഞങ്ങള്‍ ഞങ്ങളുടെ സ്വത്തിനെ ഏറ്റവും ഇഷ്ടപ്പെടുന്നവരാണ്. അപ്പോള്‍ നബി(സ) പ്രതികരിച്ചു: നിങ്ങള്‍ ചെലവഴിച്ചതാണ് നിങ്ങളുടെ യഥാര്‍ഥ ധനം. എടുത്ത് വെച്ചത് അനന്തരാവകാശികളുടെ ധനവുമാകുന്നു(ബുഖാരി). ധന വിനിയോഗത്തില്‍ ഏറ്റവും സൂക്ഷ്മത പുലര്‍ത്താനും നാം ശ്രദ്ധിക്കണം. ധനസമ്പാദനത്തെ പോലെ അതിന്റെ വിനിയോഗവും നാളെ പരലോകത്ത് ചോദ്യം ചെയ്യപ്പെടും. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ചെലവ് ചെയ്യുമ്പോള്‍ അമിതമാക്കുകയോ പിശുക്ക് കാണിക്കുകയോ ചെയ്യാതെ രണ്ടിനുമിടയിലുള്ള മിതമായ നിലപാട് സ്വീകരിക്കുന്നവരാണ് സത്യവിശ്വാസികള്‍(അല്‍ഫുര്‍ഖാന്‍). അമിതവ്യയം ചെയ്യുന്നവന്‍ പിശാചിന്റെ കൂട്ടുകാരനാണെന്നും ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്വന്തം കാര്യം സിന്ദാബാദ് എന്ന് വിളിക്കുന്നവനല്ല മുസ്്ലിം. മറിച്ച് സ്വന്തത്തേക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന കൊടുക്കുന്നവനാണവന്‍. ഖുര്‍ആന്‍ പറയുന്നു: സ്വത്തിന് ആവശ്യമുണ്ടെങ്കില്‍ പോലും തങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കും (ഹശ്്ർ). സഹജീവി സ്‌നേഹം വിശ്വാസിയുടെ മുഖമുദ്രയാണ്. സ്വഹാബി വര്യനായ അബൂസഈദില്‍ ഖുദ്‌രി (റ) പറയുന്നു: ഒരിക്കല്‍ നബി(സ) തങ്ങളോടു കൂടി ഞങ്ങള്‍ യാത്ര ചെയ്യുകയായിരുന്നു. അപ്പോള്‍ ഒരാള്‍ വാഹനത്തിലേറി വന്നു. എന്നിട്ടയാള്‍ ഇടതും വലതും ഭാഗങ്ങളിലേക്ക് നോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ നബി(സ) പറഞ്ഞു: ആര്‍ക്കെങ്കിലും കൂടുതല്‍ വാഹനമുണ്ടെങ്കില്‍ വാഹനമില്ലാത്തവര്‍ക്ക് കൊടുത്തുകൊള്ളട്ടെ. കൂടുതല്‍ ഭക്ഷണം കൈവശമുള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുത്തുകൊള്ളട്ടെ. അങ്ങനെ വിവിധയിനം സമ്പത്തുകളെ സംബന്ധിച്ച് നബി(സ) ഇതു തന്നെ പറഞ്ഞു. അങ്ങനെ മിച്ചമുള്ള ഒന്നിലും ഞങ്ങള്‍ക്ക് അവകാശമില്ലെന്ന് ഞങ്ങള്‍ക്ക് തോന്നിപ്പോയി (മുസ്‌ലിം).

സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി

Latest