Articles
മതാധ്യാപനത്തോടൊപ്പം സേവന പ്രവർത്തനവും
മത-സാമൂഹിക-വിദ്യാഭ്യാസ-ആത്മീയ രംഗത്തെ തിളങ്ങുന്ന വ്യക്തിത്വമായിരുന്നു മാട്ടൂൽ ഹാമിദ് കോയമ്മ തങ്ങൾ. പള്ളിയുടെ നാല് ചുമരുകൾക്കുള്ളിൽ ഒതുങ്ങിക്കൂടാതെ, താൻ സേവനമനുഷ്ഠിച്ച പ്രദേശങ്ങളിലൊക്കെയും നാടിന്റെ മതപരവും സാമൂഹികവുമായ വളർച്ചക്കായി അക്ഷീണം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ദേലമ്പാടിയിൽ തങ്ങൾ ദർസ് നടത്തുന്ന ഘട്ടത്തിൽ, അവിടുത്തെ സ്‌കൂളിൽ കുട്ടികൾ കുറവായത് കാരണം ഡിവിഷൻ നഷ്ടപ്പെടുന്ന അവസ്ഥ വന്നപ്പോൾ തങ്ങളവർകൾ തന്റെ ദർസിലെ കുട്ടികളെ സ്‌കൂളിലയച്ചു കൊടുത്ത് കൊണ്ടാണ് അതിന് പരിഹാരം കണ്ടത്. നാട്ടുകരുടെ മറ്റ് പ്രശ്‌നങ്ങളിലും തങ്ങൾ സജീവമായി ഇടപെടുകയും നേതൃത്വം നൽകുകയും ചെയ്തു. അക്കാലത്ത് കാസർക്കോട് ജില്ലാ ഖാസിയായിരുന്ന മർഹും ഇ കെ ഹസൻ മുസ്‌ലിയാരുടെ നേതൃത്വത്തിൽ ഖത്വീബുമാർക്ക് വേണ്ടി രൂപവത്കൃതമായ “ജംഇയ്യത്തുൽ ഖുത്വബാഇസ്സുന്നിയ്യീൻ” എന്ന സംഘടനക്ക് വേണ്ടി മലയോര മേഖലയിലെ സംഘാടകനായിരുന്നു തങ്ങൾ.
പുളിങ്ങോമിൽ മുദരിസായിരിക്കെ, അവിടുത്തെ ജുമാ മസ്ജിദിന്റെയും, അഗതി-അനാഥ മന്ദിരത്തിന്റെയും നിർമാണത്തിൽ തങ്ങളുടെ പങ്ക് നിസ്തുലമായിരുന്നു. 1978-ൽ കുടിയവകാശ നിയമം നിലവിൽ വന്നത്തിനെ തുടർന്ന് ജനങ്ങൾ അവിഹിതമായി സ്വത്ത് കൈവശപ്പെടുത്താൻ തുടങ്ങിയപ്പോൾ തങ്ങൾ കാലോചിതമായ വില കൊടുത്ത് ഭൂസ്വത്ത് വാങ്ങുകയും ജനങ്ങളെ അതിന് ഉപദശിക്കുകയും ചെയ്തുകൊണ്ട് സാമ്പത്തിക രംഗത്ത് വിശുദ്ധി നിലനിർത്താൻ ജനങ്ങൾക്ക് അദ്ദേഹം പ്രേരണ നൽകുകയുണ്ടായി.
മാട്ടൂൽ മൻശഇന്റെ നട്ടെല്ലായിരുന്നു തങ്ങൾ. 1986-ൽ മാട്ടൂൽ പഞ്ചായത്ത് എസ് വൈ എസിന്റെ കീഴിൽ ചെറിയ തോതിൽ ആരംഭിച്ച മൻശഅ് ഇന്ന് ഇരുപതോളം സ്ഥാപനങ്ങൾ ഉൾക്കൊള്ളുന്ന മികച്ചൊരു വിദ്യാഭ്യാസ സ്ഥാപനമയി വളർന്നതിന് പിന്നിൽ തങ്ങളുടെ അക്ഷീണയത്‌നമുണ്ട്. മാട്ടൂലിലെ ജാറംമഖാം ഇന്ന് കാണപ്പെടുന്ന രീതിയിൽ പുനരുദ്ധരിക്കുകയും അതിന് സമീപമുള്ള നിസ്‌കാരപ്പള്ളി ജുമാമസ്ജിദായി ഉയർത്തുകയും ചെയ്തത് തങ്ങളുടെ നേതൃത്വത്തിലാണ്. മൻശഇന്റെ പ്രഥമ സ്ഥാപനമായ മാട്ടൂൽ യതീംഖാന ഉന്നതിയിലേക്കെത്തിച്ചത് ഹാമിദ് കോയമ്മ തങ്ങളുടെ നിസ്വാർഥ കരങ്ങൾ കൊണ്ടായിരുന്നു. മാട്ടൂൽ നിവാസികളുടെ സ്വന്തം തങ്ങളുസ്താദ് കൂടിയാണ് വിടപറഞ്ഞിരിക്കുന്നത്.
ഏത് പ്രശ്നങ്ങൾക്കും അവർ ആദ്യം ചെന്ന് കണ്ടത് തങ്ങളേയായിരുന്നു. എന്തെങ്കിലും ഒരു പരിഹാരം തങ്ങൾ നിർദേശിക്കുമായിരുന്നു. രോഗശമനത്തിന് മന്ത്രിക്കാനും വീട് വെക്കാനും പുതിയ വീടുദ്ഘാടനത്തിനും സ്ഥാപനങ്ങൾ തുടങ്ങുന്നതിനും എല്ലാം അവർക്ക് തങ്ങളുടെ സാന്നിധ്യം വേണമായിരുന്നു. കണ്ണൂർ ജില്ലയിലെയും അയൽ ജില്ലകളിലേയും വിവിധ പ്രദേശങ്ങളിൽ ആത്മീയ മജ്‌ലിസുകൾക്ക് മാട്ടൂൽ തങ്ങൾ നേതൃത്വം നൽകിയിരുന്നു. വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് ചെയ്യുന്ന നിസ്തുല സേവനങ്ങളെ പരിഗണിച്ച് 2016ൽ അദ്ദേഹത്തിന് മാട്ടൂൽ പഞ്ചായത്ത് ഐ സി എഫ് അബുദാബി കമ്മിറ്റി താജുൽ ഉലമ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
സി എം എ ഹകീം