Connect with us

Malappuram

നാടുകാണി ചുരത്തിനും പറയാനുണ്ട് ഒരു കഥ...

Published

|

Last Updated

നാടുകാണി ചുരംപാത താണ്ടുന്ന യാത്രക്കാര്‍ക്ക് പ്രകൃതിയെ അടുത്തറിയാനുള്ള അവസരത്തോടൊപ്പം കാഴ്ചയുടെ സ്വര്‍ഗീയാനുഭൂതി സമ്മാനിക്കുന്നു. കാഴ്ചയുടെ വസന്തം സമ്മാനിച്ചും വികസനത്തിന്റെ തേര്‍ തെളിച്ചും ചുരം പാത അതിവേഗം കുതിക്കുമ്പോള്‍ ഇതിന് പിന്നില്‍ ഓര്‍മിക്കേണ്ട ഒരു ചരിത്രമുണ്ട്. നീലഗിരി ജൈവ സംരക്ഷണ മേഖലയിലുള്‍പ്പെടുന്ന ഈ പ്രദേശം അപൂര്‍വ ഇനം സസ്യങ്ങളുടെയും ശലഭങ്ങളുടെയും ജീവജാലങ്ങളുടെയും സങ്കേതം കൂടിയാണ്. ഇന്ന് കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന നാടുകാണി ചുരം പാത മലബാറുകാരുടെ ജീവിതത്തിന്റെ ഭാഗമാണ്. നീലഗിരിയിലേക്കുള്ള യാത്ര സുഗമമാക്കിയ പാത കണ്ടെത്തിയതിന് പിന്നിലുള്ളത് രസകരമായ കഥയുണ്ട്.

1800കളില്‍ വഴിക്കടവ് ആനമറിയിലെ ചെക്ക് പോസ്റ്റ് വരെയാണ് ജനസഞ്ചാരം. ഇന്നത്തെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന ഭാഗങ്ങളിലേക്ക് പോകാന്‍ ചുരം പാത തേടിയുള്ള ബ്രിട്ടീഷുകാരനായ വില്യം കാംബെല്ലിന്റെ യാത്രയാണ് നാടുകാണിയെ നമുക്ക് സമ്മാനിച്ചത്. ബ്രിട്ടീഷ് സര്‍ക്കാറിന്റെ പൊതുമരാമത്ത് വകുപ്പില്‍ ഓഫീസറായിരുന്ന വില്യം കാംബെല്‍ 1864ല്‍ ഈ ചുരം പാത കണ്ടെത്തിയതെന്നാണ് ചരിത്രം പറയുന്നത്. ചുരം പാത കണ്ടെത്താന്‍ അദ്ദേഹത്തിന് വഴികാട്ടിയായി ഒരു ആദിവാസിയും കൂടെ ഒരു നായയും ഉണ്ടായിരുന്നു. ഇന്നത്തെ തമിഴ്‌നാട്, കര്‍ണാടക സംസ്ഥാന ഭാഗങ്ങളിലേക്ക് പോകാന്‍ ചുരം പാത തേടിയുള്ള ഇവരുടെ യാത്രക്കിടെ വനാന്തരത്തില്‍ അകപ്പെട്ടതോടെ ആദിവാസി അവരുടെ തനതായ ഭാഷാ ശൈലിയില്‍ “നാടുകാണി” എന്ന് പറഞ്ഞെന്നും അങ്ങനെയാണ് ചുരത്തിന് ആ പേര് വന്നതെന്നും പറയപ്പെടുന്നു.

യാത്രക്കിടെ വില്യം കാംബെലിനും ആദിവാസിക്കും മലമ്പനി പിടിപെട്ടു. ബ്രിട്ടീഷുകാര്‍ ചികിത്സാര്‍ഥം കാംബെല്ലിനെ ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഈ സമയം വഴികാണിക്കാന്‍ സഹായിച്ച ആദിവാസിയെയും നായയെയും ബ്രിട്ടീഷുകാര്‍ വനത്തില്‍തന്നെ ഉപേക്ഷിച്ചുവെന്നാണ് പറയപ്പെടുന്നത്. ഈ അസുഖത്തില്‍ വില്യം കാംബെല്‍ മരിച്ചു. കര്‍ത്തവ്യ നിര്‍വഹണത്തിനിടയില്‍ മൃത്യു വരിച്ച വില്യം കാംബെല്ലിന്റെ സ്മരണക്കായാണ് നാടുകാണി ചുരം പാതയിലെ അണ്ണാനഗറില്‍ ബ്രിട്ടീഷുകാര്‍ സ്മാരകം നിര്‍മിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ സെക്രട്ടറിയുടെ പ്രത്യേക ഉത്തരവിന്‍ പ്രകാരമായിരുന്നു ഇതിന്റെ നിര്‍മാണമെന്ന് ശിലാഫലകത്തില്‍ ആലേഖനം ചെയ്തിട്ടുണ്ട്. പിന്നീട് തമിഴ്‌നാട് സര്‍ക്കാര്‍ ഈ ചരിത്ര സ്മാരകത്തെ അവഗണിച്ചു. 1828 ഒക്ടോബര്‍ ആറിന് ജനിച്ച വില്യം കാംബെല്‍ 1864 ഏപ്രില്‍ അഞ്ചിന് അസുഖം പിടിപെട്ട് മരിച്ചെന്നാണ് ശിലാഫലകത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളത്. ഇതിന് തൊട്ടടുത്തായി ഇദ്ദേഹത്തിന് വഴികാട്ടിയായി വന്ന ആദിവാസിയുടേതെന്ന് കരുതുന്ന ശവകുടീരത്തില്‍ സ്ഥാപിച്ച കല്ലും കാണാം.

ബ്രിട്ടീഷ് ഭരണകാലത്താണ് നാടുകാണി ചുരം പാതയുടെ നിര്‍മാണം യാഥാര്‍ഥ്യമായത്. പലവട്ടം കയറി ഇറങ്ങുമ്പോഴും കാഴ്ചകള്‍ കാണിച്ച് കൊതിപ്പിച്ചുകൊണ്ടേയിരിക്കുന്ന ഈ മനോഹരമായ ചുരം പാത ഇന്ന് മലപ്പുറത്തുകാരുടെ ജീവിതത്തിന്റെ ഭാഗമാണ്.

Latest