Religion
അവസരങ്ങളുടെ വസന്തമാണിത്
വിശ്വാസികളുടെ സാന്നിധ്യം ഇല്ലാതെ ശൂന്യമായി കിടക്കുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മസ്ജിദുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച്, “ഒപ്പമാരുമില്ലാത്ത റമസാന്‍” എന്നാണ് ഈ വര്‍ഷത്തെ റമസാന്‍ മാസത്തെ കുറിച്ച് ന്യൂയോര്‍ക്ക് ടൈംസ് എഴുതിയത്. ഇതുവരെ നമുക്ക് അപരിചിതമായിരുന്ന ഒരു ജീവിത ചുറ്റുപാടിലൂടെയാണ് നാം കടന്നുപോകുന്നത്. ശീലിച്ചു വന്ന സാമൂഹിക ചിട്ടകളും ശൈലികളും മാറ്റിവെച്ച് നിര്‍ബന്ധിതമായി വീട്ടില്‍ കഴിയേണ്ടി വന്നിരിക്കുകയാണ്. എല്ലാവരുടെയും ശീലങ്ങളുടെ താളം തെറ്റി. എന്നാല്‍ ഒരു വിശ്വാസി ഏതൊരു സാഹചര്യത്തിലും അനുവര്‍ത്തിക്കേണ്ട ചില ബാധ്യതകളും കടപ്പാടുകളുമുണ്ട്. ചുറ്റുപാടിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് അവ എങ്ങനെ പ്രാവര്‍ത്തികമാക്കണം എന്ന് കൂടി മതം പറഞ്ഞു വെക്കുന്നുണ്ട്. സാധാരണ ദിവസങ്ങളിലെ കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ സവിശേഷതകളേറെയുള്ള റമസാന്‍ മാസത്തിലെ കാര്യം പറയേണ്ടതില്ലല്ലോ. നിസ്വാര്‍ഥമായി റമസാനെ ക്രിയാത്മകമാക്കുന്നവന് പാപമുക്തിയും സ്വര്‍ഗ പ്രവേശവുമാണ് പ്രതിഫലമെന്ന് സ്വഹീഹായ ഹദീസുകള്‍ സംവദിക്കുന്നുണ്ട്. ആയതിനാല്‍ ലോക്ക്ഡൗണ്‍ കാലത്ത് വിശുദ്ധ റമസാനെ സക്രിയമാക്കുന്ന രീതികളെ കുറിച്ചുള്ള ആലോചനയും പ്രായോഗികവത്കരണവും വളരെയേറെ പ്രധാനപ്പെട്ടതാണ്.
മതം സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുഷ്ഠാനങ്ങളില്‍ ആനുകൂല്യങ്ങള്‍ അനുവദിച്ച് തരുന്നുണ്ട്. നിബന്ധനകള്‍ പ്രകാരമുള്ള യാത്രക്കാരന് നാല് റക്അത്തുള്ള ഫര്‍ളു നിസ്‌കാരം രണ്ട് റക്അത്തായി ചുരുക്കിയും (ഖസ് ര്‍) രണ്ട് നേരങ്ങളിലെ നിസ്‌കാരങ്ങളെ ഒരു നേരത്ത് ചേര്‍ത്ത് നിസ്‌കരിച്ചും (ജംഅ്) അവസരത്തെ പ്രയോജനപ്പെടുത്താനുള്ള സാഹചര്യം മതം നല്‍കുന്നു. വെള്ളമില്ലാത്ത ഘട്ടത്തിലും വെള്ളം ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയിലും മണ്ണുപയോഗിച്ച് ശുദ്ധീകരണം നടത്താനുള്ള അനുമതി നല്‍കുന്നു.
അധിക സമയവും വീട്ടില്‍ ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് അധികമാളുകളും. പഠനവും ജോലി തിരക്കും അതിനുള്ള അവസരം നല്‍കാറില്ല. എന്നാല്‍ ലോക്ക്ഡൗണോട് കൂടി സാമൂഹിക അകലം പാലിച്ച് വീട്ടില്‍ ചെലവഴിക്കേണ്ട അവസ്ഥയിലെത്തി. ഇതൊരു അവസരമായി കാണണം. വീട്ടില്‍ കുടുംബാംഗളുമായി ചേര്‍ന്ന് ജമാഅത്ത് നിസ്‌കരിക്കണം. സംസ്‌കരണത്തിന്റെ ആദ്യപടി വീട്ടില്‍ നിന്നാണല്ലോ തുടങ്ങേണ്ടത്. അതിലുപരി കുട്ടികളെ മതനിയമങ്ങള്‍ പഠിപ്പിക്കുന്നതിനും ചിട്ടയോടെ പരിപാലിക്കുന്നതിനും ഫലപ്രദമായി ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണ്. ജീവിതത്തിലെ ഭൂരിഭാഗവും വീട്ടില്‍ ചെലവഴിക്കുന്ന സ്ത്രീകളുടെ മാനസികാവസ്ഥയും സംഘര്‍ഷങ്ങളും മനസ്സിലാക്കാനും അവരെ ഉള്‍ക്കൊള്ളാനും സഹായിക്കാനുമുള്ള അവസരം ഈ സാഹചര്യത്തിലൂടെ ലഭിക്കുന്നതാണ്.
സാമ്പത്തിക കാര്യങ്ങളെ കരുതലോടെ കാണാനുള്ള വലിയൊരു പാഠം ലോക്ക്ഡൗണ്‍ കാലം നല്‍കുന്നുണ്ട്. സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുന്നതിനെ മതം വിലക്കുന്നില്ല. വിശ്വാസത്തെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ അവ സഹായിക്കുമെന്ന് മഹാന്മാര്‍ പഠിപ്പിക്കുന്നു. സാത്വികനായ പണ്ഡിതന്‍ സുഫിയാനുസ്സൗരി(റ) പറഞ്ഞു: മരിക്കുന്നതുവരെ ജീവിക്കാനാവശ്യമായ 400 ദിര്‍ഹം ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ജനങ്ങളുടെ വാതില്‍ക്കല്‍ പോയി യാചിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നില്ല. ദാരിദ്ര്യം ഈമാനിന് ക്ഷതമേല്‍പ്പിക്കുമോ എന്ന് ഞാന്‍ ഭയക്കുന്നു(മിനനുല്‍ കുബ്‌റ 123). കരുതല്‍ ധനം ഉണ്ടായിരിക്കുന്നത് നല്ലതാണെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. മാത്രമല്ല ചെലവുകളില്‍ മിതത്വം പാലിക്കുകയും വേണം. വിവാഹം പോലുള്ള ചടങ്ങുകള്‍ വളരെ ലളിതമായി നടത്താന്‍ കഴിയും എന്ന് സമകാലിക സാഹചര്യം നമ്മെ പഠിപ്പിക്കുന്നു. മിതത്വം പാലിക്കുന്നവര്‍ ദരിദ്രരാകുകയില്ല എന്ന് തിരുവചനം സാക്ഷ്യപ്പെടുത്തുന്നു. മാത്രമല്ല മിതമായി ചെലവഴിക്കുന്നത് സജ്ജനങ്ങളുടെ അടയാളമായി വിശുദ്ധ ഖുര്‍ആന്‍ എണ്ണുന്നുമുണ്ട്. സാമ്പത്തിക ഭീഷണിയുടെ കാലത്ത് കൂടുതല്‍ കരുതലോടെ മതം അനുശാസിക്കുന്ന സാമ്പത്തിക നയങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുക. ഒപ്പം സാമ്പത്തിക അവശത അനുഭവിക്കുന്നവരെ സഹായിക്കാനുള്ള സന്മനസ്സ് കൂടി ആര്‍ജിച്ചെടുക്കണം. കുടുംബക്കാരിലും അയല്‍വാസികളിലും നമ്മുടെ സഹായഹസ്തങ്ങള്‍ എത്തണം. നബി(സ) റമസാനില്‍ ദാനധര്‍മങ്ങള്‍ അധികരിപ്പിക്കുമായിരുന്നു.
സമയം കിട്ടുന്നില്ല എന്ന പരാതിക്ക് സ്ഥാനമില്ലാത്ത സാഹചര്യത്തിലെ ഏറ്റവും വലിയ വെല്ലുവിളി സമയത്തെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നതാണ്. വിശുദ്ധ റമസാനിലെ ഓരോ സമയവും അമൂല്യമാണ്. സുന്നത്തുകള്‍ അധികരിപ്പിക്കുക. റമസാനില്‍ മഹാന്‍മാര്‍ നിര്‍ദേശിച്ച ദിക്‌റും തസ്ബീഹും ശീലമാക്കുക. റമസാന്‍ വിശുദ്ധ ഖുര്‍ആന്റെ മാസമാണല്ലോ. പരമാവധി ഖുര്‍ആന്‍ ഖതം ചെയ്യുക. രാത്രിയിലെ നിസ്‌കാരം അല്ലാഹുവിന് പ്രിയങ്കരമാണ്. റമസാന്‍ മാസത്തില്‍ നബി(സ) നിശാനിസ്‌കാരം വര്‍ധിപ്പിക്കുമായിരുന്നു.
കാലില്‍ നീരുകെട്ടുന്ന രൂപത്തില്‍ നബി(സ) രാത്രി നിന്ന് നിസ്‌കരിച്ച ഹദീസ് പ്രസിദ്ധമാണല്ലോ. തറാവീഹും വിത്‌റുമുള്‍പ്പെടെ രാത്രിയില്‍ നിന്ന് നിസ്‌കരിക്കാനും ആരാധനാ കര്‍മങ്ങള്‍ വര്‍ധിപ്പിക്കാനും ശ്രമിക്കണം. അങ്ങേയറ്റം ഇഖ്‌ലാസ് ഉള്ളവര്‍ക്കേ അത് ചെയ്യാന്‍ കഴിയൂ.
അനുനിമിഷവും പ്രതിഫലാര്‍ഹമാക്കാനും നേരിടുന്ന പരീക്ഷണങ്ങളെ നീക്കണേയെന്ന് അല്ലാഹുവിനോട് പ്രാര്‍ഥിക്കാനുമൊക്കെ വിശ്വാസികള്‍ക്ക് അവസരമുള്ള റമസാനാണിത്.