Connect with us

Articles

സ്വാഗതം, ജന്മദേശത്തേക്ക്

Published

|

Last Updated

കേരളത്തിന്റെ കാത്തിരിപ്പിന് അറുതിയാകുകയാണ്. പ്രവാസികളുടെ തിരിച്ചുവരവിന് കളമൊരുങ്ങിയിരിക്കുന്നു. കൊവിഡ് 19 വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതല്‍ വിവിധ കോണുകളില്‍ നിന്നുയര്‍ന്ന ആവശ്യമായിരുന്നു വിദേശ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരെ തിരിച്ചെത്തിക്കണം എന്നത്. വൈകിയെങ്കിലും അത് സാധ്യമാകുന്നു എന്നത് സന്തോഷമുള്ള കാര്യമാണ്. ഇതിനു മുന്‍കൈയെടുത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളെ അഭിനന്ദിക്കുന്നു.

പ്രവാസികള്‍ നമ്മുടെ രാജ്യത്തിന്റെ സമ്പത്താണ്. അവര്‍ കേരളത്തിന്റെ മക്കളാണ്. അവരുടെ കൈത്താങ്ങിലാണ് നമ്മുടെ നാട് സാമൂഹികമായും സാമ്പത്തികമായും നിവര്‍ന്നു നിന്നതെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. ജനസാന്ദ്രത കൂടിയ, അതേസമയം അതിന് ആനുപാതികമായ തൊഴിലവസരങ്ങള്‍ ഇല്ലാത്ത രാജ്യമാണ് നമ്മുടേത്. അതുകൊണ്ട് കൂടിയാണ് മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം അനിവാര്യതയായി മാറിയത്. ആദ്യകാലങ്ങളില്‍ സിംഗപ്പൂരിലേക്കും ശ്രീലങ്കയിലേക്കുമൊക്കെയാണ് ഇന്ത്യയില്‍ നിന്ന് ജോലി തേടിപ്പോയിരുന്നത്. പില്‍ക്കാലത്ത് അത് ഗള്‍ഫ് രാഷ്ട്രങ്ങളായി മാറി. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് തൊഴില്‍ തേടിയുള്ള യാത്രകള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും അറബ് രാഷ്ട്രങ്ങളിലേക്കുണ്ടായത് പോലെ ഒരൊഴുക്ക് മറ്റൊരിടത്തേക്കും ഉണ്ടായിട്ടില്ല.
വിദഗ്ധരെന്നോ അവിദഗ്ധരെന്നോ വേര്‍തിരിവില്ലാതെ എല്ലാവരെയും സ്വീകരിക്കാനുള്ള അറബ് രാഷ്ട്രങ്ങളുടെ കനിവും കരുതലും കൊണ്ടാണ് ആളുകള്‍ കൂടുതലായി അവിടേക്ക് ആകര്‍ഷിക്കപ്പെട്ടത്. കേരളത്തില്‍ നിന്ന് മാത്രം ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴിലെടുക്കുന്നത് 30 ലക്ഷത്തോളം മലയാളികളാണ്. സംസ്ഥാനത്തിന്റെ ആഭ്യന്തര മൊത്ത ഉത്പാദനത്തിന്റെ 15 ശതമാനവും പ്രവാസികളുടെ പണത്തില്‍ നിന്നുള്ളതാണ്. കടല്‍ കടന്ന മലയാളികള്‍ അവിടെ നിന്ന് സമ്പാദിക്കുന്നത് അവിടെ ധൂര്‍ത്തടിക്കുകയായിരുന്നില്ല; ഇങ്ങോട്ടയക്കുകയായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് മാത്രമല്ല ആ പണം ഉപയോഗിക്കപ്പെട്ടത്, നാടിനും സമൂഹത്തിനും അത് പ്രയോജനപ്പെട്ടു. സംസ്ഥാനത്തിന്റെ വികസനത്തിലും സാമൂഹിക പുരോഗതിയിലും ഗള്‍ഫ് പണം വലിയ പങ്കുവഹിച്ചു.

ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോള്‍ പോലും കേരളത്തിന് പിടിച്ചുനില്‍ക്കാനായത് പ്രവാസികളുടെ പിന്‍ബലത്തിലാണ്. ആ ഘട്ടത്തിലും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികള്‍ വലിയ വെല്ലുവിളി നേരിട്ടിട്ടില്ല. കേരളത്തോട് അറബ് ലോകത്തെ ഭരണാധികാരികള്‍ കാണിക്കുന്ന സ്‌നേഹവും കാരുണ്യവും അതിലൊരു ഘടകമായിട്ടുണ്ട്. അത് അനുഭവിച്ചറിയാന്‍ പലപ്പോഴും അവസരമുണ്ടായിട്ടുണ്ട്. പ്രാചീനകാലം മുതല്‍ കേരളത്തിനും അറബ് രാജ്യങ്ങള്‍ക്കുമിടയില്‍ നടന്ന കൊടുക്കല്‍ വാങ്ങലുകളുടെ ബാക്കിപത്രം പോലെ, ആ പാരസ്പര്യം ഇന്നും നിലനില്‍ക്കുന്നു. പക്ഷേ, മുമ്പെങ്ങുമില്ലാത്ത വിധം പ്രതിസന്ധിയിലേക്ക് ഗള്‍ഫ് രാജ്യങ്ങളും നീങ്ങുന്നു എന്നതാണ് കൊവിഡ് കാലത്തെ ദുഃഖകരമായ യാഥാര്‍ഥ്യം. ലക്ഷക്കണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. സ്വദേശികളോടെന്ന പോലെ വിദേശികളോടും കരുതല്‍ കൈക്കൊള്ളാന്‍ ഈ സമയത്തും ഗള്‍ഫ് രാഷ്ട്രങ്ങളിലെ ഭരണാധികാരികള്‍ ഇപ്പോഴും ശ്രമിക്കുന്നുണ്ട്. എങ്കില്‍ പോലും കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന ഘട്ടത്തില്‍ വിദേശികള്‍ കൂടുതലായി അവിടെ തങ്ങാതിരിക്കുകയാണ് അഭികാമ്യം. ഭീകരമായൊരു പ്രതിസന്ധിയുടെ കാലത്ത് ആ രാജ്യങ്ങള്‍ക്ക് അധികഭാരം നല്‍കുന്നത് നല്ല പ്രവണതയല്ലല്ലോ. അത് മനസ്സിലാക്കി കൂടിയാണ് പ്രവാസി മലയാളികള്‍ നാട്ടിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. ആ ആവശ്യം ന്യായവുമാണ്.
ജീവസന്ധാരണത്തിനു വേണ്ടി നാടുവിട്ടവരാണ് പ്രവാസികള്‍. അവിടെ അവര്‍ അധ്വാനവും ആയുസ്സും സമര്‍പ്പിച്ചത് നമുക്ക് വേണ്ടിയാണ്; നാടിനു വേണ്ടിയാണ്. വീടിനേക്കാള്‍ നാടിനെ ശ്രദ്ധിച്ചവരാണ് ഗള്‍ഫ് മലയാളികള്‍. അവരോട് നന്ദിയുള്ളവരാകാന്‍ നമുക്ക് ബാധ്യതയുണ്ട്. ഇന്നോളം നേരിട്ടിട്ടില്ലാത്ത പരീക്ഷണങ്ങളുടെ മുഖത്തു നിന്നാണ് അവര്‍ തിരിച്ചെത്തുന്നത്. അവര്‍ അന്യരല്ല, നമ്മുടെ കൂടപ്പിറപ്പുകളാണ്. അവര്‍ നമുക്ക് ആരോ അല്ല, എല്ലാമെല്ലാമാണ്. ആ പരിഗണനയും സ്‌നേഹവും അവര്‍ക്ക് നല്‍കാന്‍ നമ്മള്‍ മറന്നുപോകരുത്. നാടിന്റെ തണലും കുളിരും തേടിയാണ് അവര്‍ മടങ്ങിവരുന്നത്. ഗള്‍ഫ് നാടുകളില്‍ നിന്ന് മാത്രമല്ല, മാലദ്വീപ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരും തിരിച്ചുവരികയാണ്. എല്ലാവരെയും ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യാം നമുക്ക്. നിറഞ്ഞ മനസ്സോടെ അവരെ വരവേല്‍ക്കാം.

അതേസമയം, തിരിച്ചെത്തുന്ന പ്രവാസികളും അവരെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ലോകത്തെയാകെ പിടിച്ചുകുലുക്കുന്ന മഹാവ്യാധിയുടെ നാളുകളിലാണ് പ്രവാസികള്‍ തിരിച്ചുവരുന്നത്. സര്‍ക്കാറിന്റെ നിയന്ത്രണങ്ങളും നിരീക്ഷണവും ഉണ്ടാകുന്നത് സ്വാഭാവികം. അതിനോട് പൂര്‍ണമായി സഹകരിക്കണം. അക്കാര്യത്തില്‍ വീഴ്ചയോ വഴുതിമാറലോ ഉണ്ടായിക്കൂടാ. നിയന്ത്രണങ്ങള്‍ സാമൂഹിക നന്മക്ക് വേണ്ടിയാണ്. വ്യാപന നിരക്ക് കൂടിയ വൈറസാണ് കൊവിഡ് 19. നമ്മുടെ ജാഗ്രതക്കുറവ് കൊണ്ട് ഒരാള്‍ക്കും രോഗം പകരരുത്, സമൂഹ വ്യാപനം ഉണ്ടാകരുത് എന്ന നിഷ്‌കര്‍ഷ തിരിച്ചുവരുന്ന പ്രവാസികള്‍ക്കും അവരെ പ്രതീക്ഷിച്ചിരിക്കുന്ന കുടുംബങ്ങള്‍ക്കും വേണം. മഹാവ്യാധിയെ പ്രതിരോധിക്കുന്നതില്‍ കേരളം കൈവരിച്ച നേട്ടം സര്‍ക്കാറും സമൂഹവും ഒരുമിച്ചു നിന്നതിന്റെതാണ്. അതിനിയും തുടരണം. ഏതെല്ലാം നിയന്ത്രണങ്ങള്‍ സര്‍ക്കാറും ആരോഗ്യപ്രവര്‍ത്തകരും നിര്‍ദേശിക്കുന്നുവോ അത് പൂര്‍ണമായും പാലിക്കപ്പെടണം; അത് എത്ര ദിവസങ്ങള്‍ നീണ്ടാലും.

തിരിച്ചെത്തുന്ന പ്രവാസി സുഹൃത്തുക്കളോട് പറയട്ടേ; നാളെ എന്ത് എന്നതിനെക്കുറിച്ചുള്ള ആകുലതകള്‍ മാറ്റിവെക്കുക. തൊഴില്‍, ജീവസന്ധാരണം, വരുമാനമാര്‍ഗം, തിരിച്ചുപോക്ക്.. ഇതേ കുറിച്ചൊന്നും വേവലാതിപ്പെടാതിരിക്കുക. പടച്ചവന്റെ കാരുണ്യത്തില്‍ പ്രതീക്ഷ നഷ്ടപ്പെടാതിരിക്കുക. പ്രതിസന്ധികള്‍ ഒഴിയുമ്പോള്‍ പുതിയ ലോകം പിറക്കും, പുതിയ അവസരങ്ങളുണ്ടാകും. തിരിച്ചു വരുന്ന പ്രവാസികള്‍ ആശങ്കപ്പെടുകയേ വേണ്ട. നിങ്ങള്‍ പതിറ്റാണ്ടുകള്‍ കൊണ്ട് വിളയിച്ചെടുത്ത കേരളം ഇന്ന് സമ്പദ് സമൃദ്ധമാണ്. ഇവിടെ വ്യാവസായിക, വാണിജ്യ, കൃഷി സംരംഭങ്ങള്‍ക്ക് അനുയോജ്യമായ മണ്ണാണ്. സ്വയംപര്യപ്ത സംസ്ഥാനം എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ടു വെച്ചിട്ടുണ്ട്. ഈ ആശയത്തിനൊപ്പം നിന്ന് നമുക്ക് ഒന്നിച്ചു മുന്നേറാം. ആരോഗ്യ പരിരക്ഷയും രോഗപ്രതിരോധവുമാണ് ഇപ്പോള്‍ മുഖ്യം. അതില്‍ ശ്രദ്ധയൂന്നുക.

കേരള മുസ്‌ലിം ജമാഅത്തും എസ് വൈ എസ് സാന്ത്വനവും തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് സാധ്യമാകുന്ന എല്ലാ സഹായവും ചെയ്യാന്‍ ഒരുങ്ങിക്കഴിഞ്ഞു. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചും വിവിധ ജില്ലകളിലും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ വഴി അവര്‍ക്കാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യും. പ്രവാസികള്‍ ഈ നാടിനു വേണ്ടിയാണ് വിദേശ രാജ്യങ്ങളില്‍ കഷ്ടപ്പെട്ടതെന്ന വലിയ ബോധ്യം വീണ്ടും വീണ്ടും നമുക്കുണ്ടാകേണ്ട അത്യപൂര്‍വ സന്ദര്‍ഭമാണിതെന്ന് എല്ലാവരെയും ഞാന്‍ ഉണര്‍ത്തട്ടെ. സര്‍വശക്തന്റെ കരുണയും കാവലും നമ്മുടെ നാടിനും ലോകത്തിനാകെയും സദാ ലഭ്യമാകട്ടെ എന്ന് മനമുരുകി പ്രാര്‍ഥിക്കുക.

Latest