Connect with us

Covid19

പ്രവാസികളുമായി രണ്ട് വിമാനം കൂടി എത്തി; ജലാശ്വ ഞായറാഴ്ച തീരമണയും

Published

|

Last Updated

കൊച്ചി/ കോഴിക്കോട് | കൊവിഡ് ഭീതിയുടെ ദുരിതകാലം പിന്നിട്ട്, കൈമോശം വരാത്ത ആത്മവിശ്വാസവുമായി നാടിന്റെ തണലിലേക്ക് രണ്ടാം ദിനവും കടൽ കടന്ന് അവരെത്തി. പിറന്ന മണ്ണിന്റെ കരുതലിലേക്ക് ഇന്നലെ രണ്ട് വിമാനങ്ങളിലായാണ് അവർ പറന്നിറങ്ങിയത്. സഊദി അറേബ്യയിലെ റിയാദിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ബഹ്‌റൈനിൽ നിന്നുള്ള ആദ്യ എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിൽ കൊച്ചിയിലേക്കുമാണ് അവരെത്തിയത്.

റിയാദിൽ നിന്നുള്ള എ ഐ 922 വിമാനത്തിലാണ് 152 യാത്രക്കാർ ഇന്നലെ രാത്രി എട്ട് മണിയോടെ കരിപ്പൂരിലിറങ്ങിയത്. ഇവരിൽ ഇരുപത് പേർ കോഴിക്കോട്ടുകാരും 48 പേർ മലപ്പുറം സ്വദേശികളുമാണ്. കർണാടക, തമിഴ്‌നാട് സ്വദേശികളായ പത്ത് പേരും എത്തിയവരിലുണ്ട്. കഴിഞ്ഞ ദിവസത്തേതിൽ നിന്ന് വ്യത്യസ്തമായി ഗർഭിണികളും ചികിത്സാവശ്യാർഥം വന്നവരുമായതിനാൽ വിമാനത്താവളത്തിന് പുറത്ത് കൂടുതൽ ആംബുലൻസുകൾ സജ്ജീകരിച്ചിരുന്നു.
ബഹ്‌റൈനിൽ നിന്നുള്ള 182 പേരാണ് ഇന്നലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മടങ്ങിയെത്തിയത്. ഇന്നലെ രാത്രിയോടെ എയർ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഐ എക്‌സ് 474 നമ്പർ വിമാനത്തിലാണ് ഇവരെത്തിയത്. മടങ്ങിയെത്തിയവരിൽ 152 മുതിർന്നവരും 25 കുട്ടികളും അഞ്ച് കൈക്കുഞ്ഞുങ്ങളുമാണുണ്ടായിരുന്നത്.

പ്രവാസികളെ കൊണ്ടുവരുന്നതിന് ഇന്നലെ ഉച്ചയോടെ എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനം തിരുവനന്തപുരത്ത് നിന്നാണ് ബഹ്‌റൈനിലേക്ക് പോയത്. ബഹ്‌റൈൻ സമയം വൈകീട്ട് 4.30 നാണ് വിമാനം മടങ്ങിയത്. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പേ വിമാനത്താവളത്തിൽ എത്തിച്ചേരണമെന്നാണ് എംബസി അധികൃതർ നിർദേശം നൽകിയിരുന്നത്. പക്ഷേ, നാട്ടിലേക്ക് മടങ്ങാൻ പന്ത്രണ്ട് മണിക്ക് മുമ്പ് തന്നെ യാത്രക്കാർ വിമാനത്താവളത്തിലെത്തി കാത്തുനിൽക്കുകയായിരുന്നു.

രോഗലക്ഷണമുണ്ടോയെന്നറിയാൻ തെർമൽ സ്‌കാനർ ഉപയോഗിച്ചാണ് ഇവരെ പരിശോധിച്ചത്. ഇവർക്ക് റാപ്പിഡ് ടെസ്റ്റ് നടത്താനായില്ല.
സാമൂഹിക അകലം പാലിക്കാൻ വിമാനത്തിൽ സീറ്റ് ഒഴിച്ചിടുന്നത് പ്രായോഗികമല്ലെന്ന വിലയിരുത്തലിനെ തുടർന്ന് മുമ്പിലെയും പിന്നിലെയും ഒമ്പത് സീറ്റ് ഒഴിച്ചിടുകയാണ് ചെയ്തത്. യാത്രക്കാരിൽ ആർക്കെങ്കിലും ശാരീരിക അസ്വാസ്ഥ്യമുണ്ടായാൽ പരിചരണം നൽകാനായിരുന്നു ഇത്.

മാലദ്വീപിൽ നിന്ന് 732 പേർ

ഓപറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി ഐ എൻ എസ് ജലാശ്വയിൽ മാലദ്വീപിൽ നിന്ന് കേരളത്തിലേക്ക് വരുന്ന ആദ്യ കപ്പൽ നാളെ രാവിലെ പത്തോടെ കൊച്ചി തുറമുഖത്തെത്തും. 19 ഗർഭിണികളും 14 കുട്ടികളും ഉൾപ്പെടെ 732 യാത്രക്കാരുമായി വരുന്ന കപ്പലിനെ സ്വീകരിക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും തയ്യാറായി. മാലദ്വീപിലുള്ള ഇന്ത്യക്കാർ ബോട്ടുകളിലും ബസുകളിലുമായാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് തുറമുഖത്തേക്ക് എത്തിയത്. ഐ എൻ എസ് ജലാശ്വക്ക് പുറമേ ഐ എൻ എസ് മഗർ എന്ന കപ്പലും ഇവിടെ നിന്ന് ഇന്ത്യക്കാരുമായി എത്തും.

എല്ലാ യാത്രക്കാരിൽ നിന്നും നാവികസേന വിവര ശേഖരണം നടത്തും. കൂടാതെ യാത്രക്കാരെ കൊവിഡ്- 19 പരിശോധനക്കും വിധേയരാക്കും. രോഗലക്ഷണമുള്ള യാത്രക്കാരെ ആദ്യം ഇറക്കും. തുടർന്ന് ജില്ല തിരിച്ച് അമ്പത് പേരുടെ ബാച്ചുകളായി മറ്റു യാത്രക്കാരും ഇറങ്ങും. രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ജില്ലാ ഭരണകൂടമാണ് ആംബുലൻസ് ക്രമീകരിക്കുക. രോഗലക്ഷണങ്ങളുള്ള യാത്രക്കാർക്ക് പ്രത്യേക മേഖലയും ടെർമിനലിൽ നീക്കി വെച്ചിട്ടുണ്ട്.
കപ്പലിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സാമുദ്രിക ക്രൂയിസ് ടെർമിനലിനുള്ളിൽ തുടർ പരിശോധനകൾക്ക് വിധേയരാക്കും. പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ നടത്തുന്ന സെൽഫ് ഡിക്ലറേഷൻ ഫോം പരിശോധനയും ഇവിടെയാണ്. യാത്രക്കാർക്ക് ബി എസ് എൻ എൽ സിം കാർഡ് നൽകും. ജില്ലാ ഭരണകൂടവും പോലീസും മാർനിർദേശം നൽകിയതിന് ശേഷമായിരിക്കും ഇമിഗ്രേഷൻ, കസ്റ്റംസ് പരിശോധനയും ബാഗേജ് സ്‌കാനിംഗും. പരിശോധനകൾക്ക് ശേഷം കെ എസ് ആർ ടി സി ബസുകളിൽ അതാത് ജില്ലകളിലേക്ക് അയക്കും. ഒരു ബസിൽ മുപ്പത് യാത്രക്കാരെയാണ് അനുവദിക്കുക. മാനദണ്ഡങ്ങളനുസരിച്ച് സ്വകാര്യ വാഹനങ്ങളും അനുവദിക്കും. സന്ദർശകരെ ടെർമിനൽ പരിസരത്തേക്ക് അനുവദിക്കില്ല.

---- facebook comment plugin here -----

Latest