Connect with us

Malappuram

ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളുണർത്തുന്ന പോത്തുവെട്ടിപ്പാറ

Published

|

Last Updated

btr

കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്തിൽ പോത്തുവെട്ടിപാറ എന്നൊരു പ്രദേശമുണ്ട്. ഈ പ്രദേശത്തിന് ഇങ്ങനെയൊരു സ്ഥലനാമം എങ്ങനെ സംഭവിച്ചു. മൊറയൂരിനും നെടിയിരുപ്പിനും ഇടയിലാണ് പോത്തുവെട്ടിപ്പാറ എന്ന പ്രദേശം. കാലാന്തരങ്ങളിൽ സംഭവിച്ച ചില യാദൃച്ഛിക സംഭവങ്ങളാണ് ഇതിനുപിന്നിലെന്ന് പഴമക്കാരുടെ നാട്ടുപുരാണങ്ങൾ.
ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സായുധ സമരം സംഘടിപ്പിച്ച ഖിലാഫത്ത് സമരനായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവ് മൊയ്തീൻകുട്ടി ഹാജിയുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് പോത്തുവെട്ടിപ്പാറ എന്ന സ്ഥലനാമം കൈവന്നത്. 1866ൽ മൊയ്തീൻകുട്ടി ഹാജിയെ ബ്രിട്ടീഷ് പട്ടാളം അന്തമാൻ നിക്കോബാർ ദ്വീപിലേക്ക് നാടുകടത്തി. അവിടെവെച്ച് തന്നെ അദ്ദേഹം ഇഹലോകവാസം വെടിയുകയും ചെയ്തു. വാരിയംകുന്നത്ത് കുടുംബങ്ങൾ മൊറയൂരിലായിരുന്നു താമസിച്ചിരുന്നത്. കുഞ്ഞഹമ്മദാജിയെയും മറ്റും അവർ സംരക്ഷിക്കുകയും വിവാഹം കഴിപ്പിക്കുകയും ചെയ്തു.

മൊയ്തീൻകുട്ടി ഹാജിയും മകൻ കുഞ്ഞഹമ്മദ് ഹാജിയും എല്ലാം പോത്ത് വണ്ടിയിലായിരുന്നു ബിസിനസ് നടത്തിയിരുന്നത്. 60ഓളം പോത്തുവണ്ടികൾ കോഴിക്കോട് -പാലക്കാട് റൂട്ടിൽ സ്ഥിരമായി സർവീസ് നടത്തിക്കൊണ്ടിരുന്നു. വഴിമധ്യേ ധാരാളം പാറക്കെട്ടുകളുള്ള പോത്തുവെട്ടിപ്പാറ ആയിരുന്നു വിശ്രമകേന്ദ്രമായി തിരഞ്ഞെടുത്തിരുന്നത്.

60 വണ്ടികൾക്ക് 120 പോത്തുകൾ ഉണ്ടാകും. ഇവർക്ക് വെള്ളവും പുല്ലും വൈക്കോലും കൊടുക്കാൻ ഇവിടെയുള്ള പാറക്കൂട്ടങ്ങളിൽ കെട്ടിയിടാറായിരുന്നു പതിവ്. പോത്തുകളുടെ കാലുകളിൽ ലാടം തറക്കുന്നതും ഇവിടെ വെച്ചായിരുന്നു. വിശ്രമം കഴിഞ്ഞ് പോത്ത് വണ്ടികളിൽ ചരക്കുകളുമായി പാലക്കാട്ടേക്ക് പോകുമ്പോൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള പാട്ടുകളും ബൈത്തുകളും ഈണത്തിൽ മുഴങ്ങും. 60 പോത്ത് വണ്ടികൾ അടുപ്പിച്ചടുപ്പിച്ച് നിരനിരയായി പോകുന്നത് വഴിയോര കാഴ്ചയായിരുന്നു.

45-50 വർഷം മുമ്പുവരെ ഇത്തരം പോത്തുവണ്ടികൾ നമ്മുടെ നിരത്തുകൾ കൈയടക്കിയിരുന്നു. പോത്തുകളെ കെട്ടിയിടുന്ന പാറ എന്ന് ലോപിച്ചാണ് പിന്നീട് പോത്തുവെട്ടിപ്പാറ എന്ന നാമം ഈ പ്രദേശത്തിന് സിദ്ധിച്ചത്.
ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർക്ക് വാരിയംകുന്നത്ത് മൊയ്തീൻകുട്ടി ഹാജിയും മകൻ കുഞ്ഞഹമ്മദ് ഹാജിയും വിശ്രമിച്ച് പോത്തുകളെ കെട്ടിയിട്ട് പാറകൾ ഇപ്പോഴും കാണാവുന്നതാണ്. കോഴിക്കോട് തളി ആസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂതിരി രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശങ്ങൾ.

Latest