Ramzan
പാപമോചനത്തിന്റെ കവാടങ്ങള്‍
നൂറാളുകളെ കൊന്നതിനു ശേഷം അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങിയ തന്റെ അടിമക്ക് പടച്ചവന്‍ പൊറുത്തു കൊടുത്ത ചരിത്രം നബി (സ) അവിടുത്തെ അനുചരന്മാരെ പഠിപ്പിക്കുന്നുണ്ട്. പശ്ചാത്തപിച്ച് മടങ്ങാനുള്ള കൊലയാളിയുടെ ദൃഢനിശ്ചയമാണ് അദ്ദേഹത്തിന് സന്മാര്‍ഗദര്‍ശനം നല്‍കിയത്. പശ്ചാത്തപിച്ചു മടങ്ങുന്ന അടിമ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവനാണ്.
മനുഷ്യന്റെ ആഗ്രഹങ്ങളുടെ ലിസ്റ്റ് വലുതായിരിക്കും. ആഗ്രഹങ്ങളുടെ കൂട്ടത്തില്‍ ശരിതെറ്റുകളുണ്ടാകാം. പാപങ്ങള്‍ ചെയ്യാനും തെറ്റുകള്‍ക്ക് അടിപ്പെടാനുമുള്ള അവസരങ്ങള്‍ മനുഷ്യസഹജമാണെന്ന് ചുരുക്കം. ഇങ്ങനെ സാഹചര്യങ്ങള്‍ക്കടിപ്പെട്ട് തെറ്റുകള്‍ ചെയ്യുന്നവരുടെ മുമ്പില്‍ രക്ഷയുടെ കവാടം തുറന്നു വെച്ചിരിക്കുകയാണ് പ്രപഞ്ചനാഥന്‍. തിന്മകളിലേക്ക് വഴുതി വീഴാന്‍ സാധ്യതയുള്ള രീതിയില്‍ മനുഷ്യനെ സൃഷ്ടിച്ച നാഥന്‍ ആ പാപത്തില്‍ നിന്ന് മോചനം നേടാനുള്ള വഴികളും മനുഷ്യരുടെ മുന്നില്‍ തുറന്നു വെച്ചിരിക്കുന്നു. “പകല്‍ പാപം ചെയ്തുപോയവരുടെ പശ്ചാത്താപം സ്വീകരിക്കാന്‍ രാത്രിയും രാത്രിയില്‍ പാപം ചെയ്തുപോയവരുടെ പശ്ചാത്താപം സ്വീകരിക്കാന്‍ പകലും അല്ലാഹു തയ്യാറാണ്. സൂര്യന്‍ പടിഞ്ഞാറ് നിന്ന് ഉദിക്കുന്ന ദിനം വരെ ഈ അവസ്ഥ തുടരും” (മുസ്‌ലിം) എന്ന് തിരുനബി(സ) നമ്മെ പഠിപ്പിക്കുന്നു. പാപികളായ അടിമകള്‍ക്ക് ആശ്വാസം നല്‍കുന്ന നിരവധി ഹദീസുകള്‍ ഇത്തരത്തില്‍ നമുക്ക് കാണാന്‍ കഴിയും.
പാപങ്ങള്‍ ചെയ്തു പോയാല്‍ പശ്ചാത്തപിക്കാന്‍ വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു നമ്മെ പ്രേരിപ്പിക്കുന്നു. “സത്യവിശ്വാസികളെ, നിങ്ങള്‍ വിജയികളാകാന്‍ വേണ്ടി അല്ലാഹുവിലേക്ക് പശ്ചാത്തപിച്ചു മടങ്ങുക” (സൂറത്തുനൂര്‍). ഇവിടെയൊക്കെ ദയാലുവും കാരുണ്യക്കടലുമായ, അടിമകളുടെ ഗുണം മാത്രം കാംക്ഷിക്കുന്ന ഒരു രക്ഷിതാവിനെയാണ് കാണുന്നത്.
തന്നെ ധിക്കരിച്ച് ഒളിച്ചോടിപ്പോയ മകന്‍ നല്ല മനസ്സോടെ തിരിച്ചു വന്നാല്‍ ഒരു പിതാവിനുണ്ടാകുന്ന സന്തോഷം എത്രയായിരിക്കും. നിയമങ്ങള്‍ ധിക്കരിച്ച് അധ്യാപകര്‍ക്കും വിദ്യാലയത്തിനും നിരന്തരം തലവേദനയാകുന്ന ഒരു വിദ്യാര്‍ഥി തന്റെ തെറ്റുകള്‍ ഏറ്റുപറഞ്ഞ് നന്മ നിറഞ്ഞ ഒരു ജീവിതത്തിനൊരുങ്ങിയാല്‍ അധ്യാപകര്‍ക്ക് ഉണ്ടാകുന്ന സന്തോഷമെത്രയായിരിക്കും.. ഇതിലുമെത്രയോ സന്തോഷമായിരിക്കും പാപികളായ അടിമകള്‍ പശ്ചാത്തപിച്ചു മടങ്ങിയാല്‍ സ്രഷ്ടാവിനുണ്ടാകുക.
പശ്ചാത്താപ പ്രാര്‍ഥനകളില്‍ വെച്ച് ഏറ്റവും പൂര്‍ണവും മഹത്വമേറിയതുമാണ് സയ്യിദുല്‍ ഇസ്തിഗ്ഫാര്‍. സയ്യിദുല്‍ ഇസ്തിഗ്ഫാറിന്റെ ആശയം ഇപ്രകാരമാണ്: അല്ലാഹുവേ, നീയാണ് എന്റെ രക്ഷിതാവ്. നീയല്ലാതെ ഒരു ആരാധ്യനുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചിരിക്കുന്നത്. ഞാന്‍ നിന്റെ അടിമയാണ്. ഞാന്‍ എന്റെ കഴിവനുസരിച്ച് നിന്നോടുള്ള കരാറും നിന്നില്‍ നിന്നുള്ള വാഗ്ദാനവും അനുസരിച്ച് നിലകൊള്ളുന്നു. ഞാന്‍ ചെയ്തതിന്റെ ദോഷത്തില്‍ നിന്ന് നിന്നോട് രക്ഷ തേടുന്നു. നീയെനിക്ക് ചെയ്തു തന്ന അനുഗ്രഹങ്ങളും ഞാന്‍ ചെയ്ത പാപങ്ങളും നിന്നോട് ഞാന്‍ സമ്മതിക്കുന്നു. അതിനാല്‍ നീയെനിക്ക് പൊറുത്തുതരണേ.
തീര്‍ച്ചയായും നീയല്ലാതെ പൊറുത്തു തരുന്നവനായി മറ്റാരുമില്ല. അല്ലാഹുവിന്റെ പരമാധികാരത്തെ അംഗീകരിച്ചു കൊടുത്ത് പ്രപഞ്ചനാഥനു മുന്നില്‍ സര്‍വം സമര്‍പ്പിച്ച് പാപങ്ങള്‍ ഏറ്റുപറഞ്ഞ് പൊറുക്കലിനെ തേടുന്നുവെന്നതാണ് സയ്യിദുല്‍ ഇസ്തിഗ്ഫാറിന്റെ പ്രത്യേകത. പശ്ചാത്താപത്തിന്റെ നിരവധി സുവര്‍ണാവസരങ്ങളാണ് വിശുദ്ധ റമസാന്‍ നമുക്ക് മുമ്പില്‍ തുറന്നു തരുന്നത്. എത്ര വലിയ പാപിയാണെങ്കിലും വ്രതശുദ്ധിയില്‍ മനസ്സറിഞ്ഞ് നാഥനിലേക്കുയര്‍ത്തുന്ന കൈകള്‍ അല്ലാഹു തട്ടുകയില്ല. ആമുഖത്തില്‍ സൂചിപ്പിച്ചതു പോലെ നൂറാളുകളെ കൊന്നതിനു ശേഷം ഹൃദയം പൊട്ടി അല്ലാഹുവിലേക്ക് ഉയര്‍ത്തിയ കൈകള്‍ തട്ടിമാറ്റാത്ത പ്രപഞ്ച നാഥന്റെ കരുണ എത്രയോ മഹത്തരമാണ്.