Ramzan
ബദ്ർ; അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പ്
ചരിത്രത്തിൽ എന്നും ആദരവോടെ സ്മരിക്കപ്പെടുന്ന സംഭവമാണ് ബദ്ർ യുദ്ധം. ഒരു യുദ്ധം ഇത്രമാത്രം ആദരിക്കപ്പെടുന്നതായും തലമുറകളായി സ്മരിക്കപ്പെടുന്നതായും ചരിത്രത്തിലെവിടെയും കണ്ടിട്ടില്ല. അവിടെയാണ് ബദ്ർ വ്യതിരിക്തമാകുന്നത്. ബദ്ർ കേവലം ഒരു യുദ്ധമായിരുന്നില്ല. മറിച്ച് അടിച്ചമർത്തപ്പെടുന്ന ഒരു വിഭാഗത്തിന്റെ ഉയിർത്തെഴുന്നേൽപ്പായിരുന്നു. പീഡനങ്ങൾക്കെതിരെയുള്ള പ്രതിരോധമായിരുന്നു. വലിയ നാശനഷ്ടങ്ങൾ വരുത്തിവെക്കുന്ന യുദ്ധങ്ങൾക്കപ്പുറം നൽകുന്ന കാലാതീതമായ പാഠങ്ങളാണ് ബദ്‌റിനെ ആദരണീയമാക്കുന്നത്.
ജന്മനാടായ മക്കയിലെ അസഹ്യമായ പീഡനങ്ങൾ മൂലമാണ് നബി (സ) യും അനുചരൻമാരും മദീനയിലേക്ക് പലായനം ചെയ്യുന്നത്.
വീടും നാടും വിട്ട് അന്യദേശത്തേക്ക് ജീവിതം പറിച്ചു നടണമെങ്കിൽ ആ ജനതയനുഭവിച്ചത് അത്രയും ക്രൂരമായിരിക്കണം. ത്വാഇഫിന്റെ തെരുവിൽ നിന്ന് പരിഹാസങ്ങളും കല്ലേറുകളും ഏറ്റുവാങ്ങി തിരിച്ചുവരുന്ന നബിയുടെ അടുത്തേക്ക് ജിബിരീൽ (അ) വന്ന് പറഞ്ഞു. നബിയേ അങ്ങുദ്ദേശിക്കുന്നത് ചെയ്യാൻ എനിക്ക് നാഥന്റെ നിർദേശം വന്നിരിക്കുന്നു. മക്കയിലെ രണ്ട് പർവതങ്ങൾ അവർക്ക് മീതെ വീഴ്ത്താൻ അങ്ങുദ്ദേശിക്കുന്നുവെങ്കിൽ അതിനും തയ്യാറാണ്. തിരുനബി (സ) മറുപടി പറഞ്ഞു. അരുത്, അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരെ അവരുടെ പരമ്പരയിൽ നിന്ന് അല്ലാഹു നൽകുമെന്നാണ് എന്റെ പ്രത്യാശ (സീറത്തു സയ്യിദുൽ ബശർ 88). ഇതൊരു സംഭവം മാത്രമല്ല. ഇങ്ങനെ നിരവധി ഘട്ടങ്ങളിൽ നബിയും അനുചരൻമാരും പലവധിത്തിലുള്ള പീഡനങ്ങൾ ഏറ്റുവാങ്ങുകയും അതിനെതിരെ പ്രതിരോധിക്കാതെ, പ്രതിഷേധിക്കാതെ ക്ഷമാശീലരാവുകയും ചെയ്തിട്ടുണ്ട്.
കാലങ്ങൾ കഴിഞ്ഞിട്ടും അക്രമത്തിന് യാതൊരറുതിയും വന്നില്ല. മദീനയിലേക്ക് പലായനം ചെയ്തു. അവിടെയെത്തിയിട്ടും നബിയെ ശത്രുക്കൾ വെറുതെ വിട്ടില്ല.
പീഡനങ്ങൾ തുടർന്നു. മക്കയിൽ മുസ്‌ലിംകൾ ഉപേക്ഷിച്ചുപോയ അവരുടെ സമ്പാദ്യങ്ങളെല്ലാമെടുത്ത് കച്ചവടം ചെയ്ത് മുസ്‌ലിംകൾക്കെതിരെ സൈനിക സന്നാഹത്തിനൊരുങ്ങുകയാണ് ശത്രുക്കൾ. ഇതറിഞ്ഞാണ് അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള കച്ചവട സംഘത്തെ ഉപരോധിക്കാനായി നബി (സ) യും സ്വഹാബത്തും ഇറങ്ങിത്തിരിച്ചത്. തുടർക്കഥയാകുന്ന പീഡനങ്ങൾക്ക് അറുതിവരുത്തണമെന്ന ലക്ഷ്യമായിരുന്നു അതിന് പിന്നിൽ. തീർത്തും സമാധാനപരമായ സമരത്തിന് നിരായുധരായിറങ്ങിയ സംഘത്തെ യുദ്ധത്തിലേക്ക് വഴിനടത്തിയത് ഖുറൈശികളുടെ അഹങ്കാരമായിരുന്നു. കച്ചവട സംഘം രക്ഷപ്പെട്ട് പോയതറിഞ്ഞിട്ടും ഖുറൈശികൾ യുദ്ധക്കൊതിയിൽ നിന്ന് പിൻമാറിയില്ല. മുസ്‌ലിംകൾക്കെതിരെ അക്രമം ശക്തിപ്പെടുത്തി അധീശത്വം സ്ഥാപിക്കാനുള്ള അവസരമായി അവരതിനെ കണ്ടു. അതേസമയം പിന്തിരിഞ്ഞ് പോകുന്നത് മദീനയിലും തങ്ങളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാകുമെന്നും മുസ്‌ലിംകൾക്ക് തന്നെ ആത്മവിശ്വാസത്തിൽ കളങ്കം വരുമെന്നും മനസ്സിലാക്കി യുദ്ധം അനിവാര്യമായി വരികയായിരുന്നു.
ആ സന്ദർഭം അല്ലാഹുവിന്റെ കൽപ്പന ഇറങ്ങുകയും ചെയ്തു. യുദ്ധത്തിന് ഇരയാകുന്നവർക്ക് അനുമതി നൽകപ്പെട്ടിരിക്കുന്നു. കാരണം അവർ മർദിക്കപ്പെട്ടവരാണ്. അന്യായമായി തങ്ങളുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ടവരാണവർ. അവരെ സഹായിക്കാൻ അല്ലാഹു കഴിവുറ്റവനാകുന്നു. ഞങ്ങളുടെ നാഥൻ അല്ലാഹു ആണെന്ന് പറഞ്ഞതല്ലാതെ മറ്റൊന്നും അവർ ചെയ്തിട്ടില്ല. (സുറത്തുൽ ഹജ്ജ് 39, 40). അങ്ങനെയാണ് ഒന്നര പതിറ്റാണ്ടായി അടിച്ചമർത്തപ്പെട്ടവരുടെ ഉയിർത്തെഴുന്നേൽപ്പിന് കളമൊരുങ്ങുന്നത്. ഭൂരിപക്ഷമാകുന്ന ശത്രുപക്ഷത്തിനെതിരെ വിശ്വാസത്തിന്റെ ആത്മബലത്താൽ ന്യൂനപക്ഷം അണിനിരന്നപ്പോൾ അവർക്ക് മേൽ അല്ലാഹുവിന്റെ സഹായം പെയ്തിറങ്ങുകയായിരുന്നു.