Connect with us

Ramzan

കുടുംബത്തിന്റെ ഐശ്വര്യം

Published

|

Last Updated

മനുഷ്യരാശിയെ ധാർമികവത്കരിക്കുന്നതിന് ഇസ്‌ലാം രൂപപ്പെടുത്തിയിട്ടുള്ള സ്വഭാവ സംസ്‌കരണം സമഗ്രമാണ്. ഖുർആനിന്റെ മധുരിതമായ വാക്കുകളും നബി (സ) യുടെ സ്വഭാവ മഹിമയുമാണ് അറബികൾക്കിടയിൽ ഇസ്‌ലാമിന് പ്രചുരപ്രചാരം നേടിക്കൊടുത്തത്. നമ്മുടെ സംസ്‌കാരത്തെയും സ്വഭാവത്തെയും നിർണയിക്കുന്നതിൽ മുഖ്യഘടകമാണ് സംസാരം. അലക്ഷ്യവും അശ്ലീലവുമായ സംസാരങ്ങൾ വൻ പ്രത്യാഘാതങ്ങൾ വരുത്തിവെച്ചേക്കും.
നല്ല വാക്കുകൾ അനുഗ്രഹത്തിന്റെ കേദാരമായ സ്വർഗത്തിലേക്കുള്ള പിടിവള്ളിയാണ്. കാരണം അത് ആരാധനയുടെ ഫലം ചെയ്യും. നല്ല വചനത്തെ അല്ലാഹു ഉപമിച്ചത് നല്ല വൃക്ഷത്തോടാണ്. “നല്ല വചനം നല്ല വൃക്ഷം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചതും ശാഖകൾ ആകാശത്തിലുമാകുന്നു. തന്റെ റബ്ബിന്റെ കൽപ്പന പ്രകാരം അത് എക്കാലത്തും ഫലം നൽകിക്കൊണ്ടിരിക്കുന്നു. ആളുകൾ മനസ്സിരുത്തി ചിന്തിക്കുന്നതിന് വേണ്ടി അല്ലാഹു അവർക്ക് ഉപമകൾ വിവരിച്ചു കൊടുക്കുകയാണ്” (സൂറത്തു ഇബ്റാഹിം 24,25).

അശ്ലീല സംസാരങ്ങൾ അല്ലാഹുവിന്റെ പ്രീതിയും സ്നേഹവും നഷ്ടപ്പെടുന്നതിന് കാരണമാകും. അപക്വമായ സംസാരങ്ങളുടെ ഫലം ശത്രുത മാത്രമായിരിക്കും. എത്ര മാതാപിതാക്കളുടെയും സന്താനങ്ങളുടെയും ഇടയിലാണ് മോശമായ സംസാരം ദുരന്തം തീർത്തത്. ഭാര്യാ ഭർത്താക്കൻമാർക്കിടയിലുള്ള സ്നേഹവും കാരുണ്യവും തകർത്തെറിഞ്ഞത്. ജ്യേഷ്ഠാനുജൻമാർക്കിടയിൽ ശത്രുത സൃഷ്ടിച്ചത്. സുഹൃത്തുക്കൾക്കിടയിൽ അനൈക്യത്തിന്റെ വിത്തുപാകിയത്. അതുകൊണ്ട് തന്നെ മോശമായ സംസാരത്തെ ഖുർആൻ ഉദാഹരിച്ചത് പ്രയോജന ശൂന്യമായ മരത്തിനോടാണ്. ഉടമക്ക് യാതൊരു പ്രയോജനവും അത് നൽകുന്നില്ല. ഫലമോ തിന്മ മാത്രമായിരിക്കും. ഖുർആൻ പറയുന്നു. “ഭൂമിയുടെ മുകളിൽ നിന്ന് പിഴുതെടുക്കപ്പെട്ട ഒരു ദുഷിച്ച വ്യക്ഷത്തൈ പോലെയാണ് മോശം വചനത്തിന്റെ ഉപമ. അതിനൊരു നിലനിൽപ്പുമുണ്ടാകില്ല. (ഇബ്റാഹീം 26)

വീടുകളുടെ സുരക്ഷിതത്വം നല്ല സംസാരത്തിന്റെ ഗുണഫലമാണ്. ഭർത്താവ് നല്ല വാക്കുകൾ സംസാരിക്കുമ്പോൾ കുടുംബത്തിൽ സ്നേഹവും കാരുണ്യവും തളം കെട്ടുന്നു. ഭാര്യ തന്റെ വാക്കുകളിൽ സൂക്ഷ്മത പുലർത്തിയാൽ ആശ്വാസകരമായ കുടുംബത്തെ കെട്ടിപ്പടുക്കാൻ സാധിക്കും. മനുഷ്യർ വിടുതി ചെയ്തു കൊടുക്കുന്നുണ്ടെങ്കിൽ അതേറ്റവും കൂടുതൽ ചെയ്തു കൊടുക്കേണ്ടത് ഭാര്യ ഭർത്താക്കൻമാർക്കിടയിലാണ്. അതുകൊണ്ട് തന്നെ നിങ്ങളുടെ സഹോദരന് നിങ്ങൾ എഴുപത് തവണ മാപ്പ് നൽകുക. നിങ്ങളുടെ ഭാര്യക്ക് നിങ്ങൾ 700 തവണ മാപ്പ് ചെയ്യുക. അതാണ് നല്ല സംസ്‌കാരമെന്ന് പണ്ഡിതർ പറയുന്നു.

മാതാപിതാക്കൾക്കിടയിലെ ബന്ധം ശിഥിലമാകുന്നതിന്റെ പ്രധാന കാരണം നല്ലതല്ലാത്ത സംസാരങ്ങളാണ്. അത് ചിലപ്പോൾ ഭാര്യയിൽ നിന്നാകാം ചിലപ്പോൾ ഭർത്താവിൽ നിന്നാകാം. തമ്മിൽ വേർപിരിയലിലാണ് അതെല്ലാം കലാശിക്കുന്നത്. അതോടെ കുടുംബം ചിതറുന്നു അരാജകത്വം വർധിക്കുന്നു. സന്താനങ്ങൾ അലക്ഷ്യരായിത്തീരുന്നു. സന്തോഷം കളിയാടേണ്ട വീട്ടിടങ്ങൾ സങ്കടപ്പെയ്ത്തുകളാകുന്നു. കാരുണ്യം വിളയേണ്ടിടത്ത് വിദ്വേഷം വളരുന്നു. സ്നേഹം പൂത്തുലയേണ്ടിടത്ത് വെറുപ്പ് മുളപൊട്ടുന്നു. ഒരു ഹദീസിൽ കാണാം: മൗനം പാലിച്ചവന് അല്ലാഹു കരുണ ചെയ്യും. അവൻ രക്ഷപ്പെട്ടവനും ഐശ്വര്യവാനുമായിരിക്കുന്നു.

സബ് എഡിറ്റർ, സിറാജ്

Latest