Ongoing News
'ചങ്കാണ്' ഈ ചങ്കുവെട്ടി
ദേശപ്പേരിനൊപ്പം ആരോ നെഞ്ചിടിപ്പിന്റെ മുദ്ര പിടിപ്പിച്ച പേരാണ് ചങ്കുവെട്ടി. മലപ്പുറം ജില്ലയിലെ പേര് കേട്ട കോട്ടക്കലിന്റെ തൊട്ടടുത്ത നാട്. തൃശൂർ-കോഴിക്കോട് ദേശീയപാത കടന്നുപോകുന്ന ഈ ദേശത്തിന്റെ നാമവിശേഷമറിയുമ്പോൾ ഏതൊരാളും സ്വന്തം ചങ്കായി നെഞ്ചേറ്റും ചങ്കുവെട്ടിയെ. ദേശപ്പേര് കേട്ടറിഞ്ഞ് നെഞ്ച് പിടഞ്ഞവർ അനുഭവങ്ങളുടെ കെട്ടഴിക്കുമ്പോൾ ചങ്കിടറുന്നതാണ് ചങ്കുവെട്ടിയുടെ ചരിത്രം.
ദേശഭാഷക്കപ്പുറം ദിനംപ്രതി പലരും കടന്നുപോകുകയും ചികിത്സക്കും വിദ്യാഭ്യാസത്തിനും തൊഴിൽ തേടിയും എത്തുന്ന നിരവധി ആളുകളുടെ സുരക്ഷിതദേശം കൂടിയാണിന്ന് ചങ്കുവെട്ടി. ടിപ്പുവിന്റെ പടയോട്ട കാലത്തെ ധീരതയുടെ ചവിട്ടടി ഏറ്റുവാങ്ങിയതാണ് നാട്.
വെള്ളപ്പട്ടാളത്തെ തുരത്താനിറങ്ങിയ പടയാളികളുടെ വിയർപ്പുകണങ്ങൾ ഇവിടെ ഉറ്റി വീണിട്ടുണ്ട്. വള്ളുവനാട് രാജവംശത്തിന്റെ ഭരണകാലത്ത് കുറ്റവാളികളെ ഇവിടെ എത്തിച്ച് കഴുത്തറുത്തിരുന്നു വെത്രെ.
പണ്ടുകാലത്ത് കാൽനടയാത്രക്കാർക്കും ചുമട്ട് തൊഴിലാളികൾക്കും വിശ്രമമൊരുക്കിയിരുന്ന സ്ഥലം കൂടിയാണിവിടെ. ചങ്കുവെട്ടിയുടെ വിളിപ്പാടകലെ ചുമട് ഏറ്റിയിരുന്നവർക്ക് ഇറക്കിവെക്കാനായി വെച്ചിരുന്ന അത്താണിയുണ്ടായിരുന്നു. കാലം അത്താണിക്ക് ചരമ കുറിപ്പെഴുതിയപ്പോൾ ആ നാമവും മണ്ണടിഞ്ഞു. പക്ഷേ ചങ്കുവെട്ടി ചരിത്രത്തിൽ പരിണാമങ്ങളുടെ കഥ പറഞ്ഞ് അവശേഷിച്ചു.
ചങ്കുവെട്ടിയുടെ നാമചരിത്രമറിയാൻ സമീപനാടുകളെ കൂടി അറിയേണ്ടതുണ്ട്.
വള്ളുവനാട് രാജവംശക്കാലത്ത് കുറ്റവിചാരണയും ശിക്ഷകളും നടപ്പിലാക്കിയിരുന്നത് മന്ത്രിയായിരുന്നു. കുറ്റവാളികളെ തൂക്കിലേറ്റാനായി കൊണ്ടുപോയിരുന്ന സമീപപ്രദേശമാണ് തോക്കാംപാറ.
നേരത്തെ ഇത് തൂക്കാം പാറയായിരുന്നു. പിന്നീട് കാലം മാറ്റിയിട്ട നാമമാണ് തോക്കാംപാറ. കുറ്റവാളികളെ കഴുത്ത് വെട്ടി കൊന്നിരുന്ന സ്ഥലമാണത്രെ ചങ്കുവെട്ടി. കാടിനാൽ ചുറ്റപ്പെട്ട പ്രദേശമായിരുന്നു ഇവിടെ എന്നും പഴമക്കാർ സാക്ഷ്യം പറയുന്നു. ചങ്കുവെട്ടിക്കും കോട്ടക്കലിനുമിടയിൽ നാടോടികളായ സംഘം താമസിച്ചിരുന്നു. ശംഖും കുഴലും ഊതിയായിരുന്നു ഇവർ ഉപജീവനം കഴിച്ചിരുന്നത്. ഇവരുടെ ശംഖ് വീണുടഞ്ഞ പ്രദേശം എന്ന പേരിൽ ശംഖ്‌പ്പെട്ടിയായി. പിന്നീടത് ചങ്കുവെട്ടിയായെന്നും ചിലർ പറയുന്നു. ചരിത്ര അന്വേഷികൾക്ക് ഇനിയും പിടികൊടുക്കാത്ത ദേശമാണ് ചങ്കുവെട്ടി. പരിസരദേശങ്ങളുടെ നാമങ്ങൾ പഠനവിധേയമാക്കുമ്പോൾ സ്ഥലനാമത്തിന്റെ യഥാർഥചിത്രം വ്യക്തമാകും.
ക്ലാരിയും എടരിക്കോടും ടിപ്പുസുൽത്താൻ റോഡുമെല്ലാം ചരിത്രത്തിലേക്ക് വിരൽചൂണ്ടുന്ന നാമങ്ങളാണ്. ബ്രിട്ടീഷ് വിരോധത്തിന്റെ പേരിൽ രംഗത്തിറങ്ങിയവരുടെ ചരിത്രങ്ങൾ കലാപങ്ങളാക്കി മാറ്റിയവർ പക്ഷേ, ചങ്കുവെട്ടിക്ക് നെഞ്ചിടിപ്പിച്ച മുദ്ര ഇടക്കാലത്ത് ചാർത്തിവെച്ചിട്ടുണ്ട്. ഇതര ജില്ലകളിൽ ഭീകരനാമമായും അത്തരം ദുഷ്ടമനസ്‌കർ പ്രചരിപ്പിച്ചിട്ടുണ്ട്. പക്ഷേ, അടുത്തറിയുന്നവർക്ക് ഈ ദേശപ്പേര് സ്വന്തം ചങ്ക് മാത്രമാണ്. പഴമക്കാർ സ്നേഹത്തിൽ പൊതിഞ്ഞ് വെച്ച ദേശപ്പേർ പുത്തൻ തലമുറയുടെ ഇഷ്ടവിശേഷത്തിന്റെ വിളിപ്പേരായി തീർന്നതും ചങ്കുവെട്ടിയുടെ ഹൃദയം പറിച്ചുവെച്ച നാമമാണ്.