Ramzan
ജീവിതത്തെ നന്മകൊണ്ട് അടയാളപ്പെടുത്തുക
ഐഹിക ജീവിതം നശ്വരമാണ്. മരണ ശേഷം സമൂഹത്തിൽ നമ്മെ അടയാളപ്പെടുത്തുന്നത് ജീവിത കാലത്തെ നമ്മുടെ പ്രവർത്തനങ്ങളാകും. ജീവിതത്തെ അടയാളപ്പെടുത്തുന്നതിൽ ആളുകൾ വ്യത്യസ്തരാണ്. തിന്മയെ അടയാളപ്പെടുത്തുന്ന വിഭാഗവും ഹലാലായ മാർഗത്തിൽ നന്മയെ അടയാളപ്പെടുത്തുന്ന വിഭാഗവും നമുക്കിടയിലുണ്ട്. രണ്ട് പ്രവർത്തനത്തിനുള്ള അവസരവും നമുക്ക് മുമ്പിൽ തുറക്കപ്പെട്ടതാണ്. ജനം പ്രയോജനപ്പെടുത്തിയും പ്രകീർത്തിച്ചും നന്മകൾ ഇവിടെ നിലനിൽക്കും. അത് അല്ലാഹുവിന്റെ അടുക്കൽ പ്രതിഫലാർഹമാകും. അതേസമയം, തിന്മകൾ അവശേഷിക്കുന്നത് ജനങ്ങളുടെ ശാപവാക്കുകളിലൂടെയായിരിക്കും. അത് അല്ലാഹുവിന്റെ അപ്രീതിക്ക് കാരണമാകും.
സമൂഹം എക്കാലത്തും സ്മരിക്കുന്നതിനും അല്ലാഹുവിന്റെ അടുക്കൽ മഹത്തായ പ്രതിഫലം ലഭിക്കുന്നതിനും നിദാനമാകുന്ന കർമം മറ്റുള്ളവർക്ക് സഹായ സഹകരണങ്ങൾ ചെയ്യുകയെന്നതാണ്. സാമൂഹിക, സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാവലാണ്. കുടുംബത്തിന്റയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മക്കായി അവന്റെ സമ്പത്തും സമയവും ത്യജിക്കലുമാണ്. നബി (സ) പറഞ്ഞു: ജനങ്ങൾക്ക് ഉപകാരപ്പെടുന്നവരാണ് ജനങ്ങളിൽ ഏറ്റവും ഉത്തമർ. സാമൂഹിക പ്രവർത്തനങ്ങൾ സ്‌നേഹ സൗഹൃദ ബന്ധങ്ങളെ ശക്തിപ്പെടുത്തും. പരസ്പര സഹായവും സഹവർതിത്വവും വളർത്തിയെടുക്കും. അപ്പോൾ സമൂഹം ഒരൊറ്റ ശരീരം പോലെയാകും. അത്തരം സമൂഹത്തെ നബി (സ) വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. പരസ്പര കാരുണ്യത്തിന്റെയും സഹായ സഹകരണത്തിന്റെയും കാര്യത്തിൽ വിശ്വാസികൾ ഒരൊറ്റ ശരീരം പോലെയാണ്. ശരീരത്തിലെ ഏതെങ്കിലുമൊരവയവത്തിന് പ്രയാസം വന്നാൽ അത് ശരീരത്തെ മുഴുവനായി ബാധിക്കും.
പൊതുമുതൽ സംരക്ഷിക്കലും രാജ്യത്തിന്റെ വിഭവങ്ങളെ പരിപോഷിപ്പിക്കലും രാജ്യത്തിന് കരുത്ത് പകരലും സന്നദ്ധ പ്രവർത്തനങ്ങളുടെ ഭാഗമാണ്. സാമൂഹിക സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഇഹപര ഫലങ്ങൾ ലഭിക്കുന്നതിന് രണ്ട് കാര്യങ്ങൾ അനിവാര്യമാണ്. ഒന്ന് ആത്മാർഥത. രണ്ട് സത് സ്വഭാവം. പ്രവർത്തനങ്ങൾ അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചുകൊണ്ടായിരിക്കണം. ആ പ്രവർത്തനങ്ങളിൽ നന്മ കൈവരിക്കാനാകും. ആത്മാർഥതയുണ്ടെങ്കിൽ ഫലം നേടുന്നതിനുള്ള എല്ലാ തടസ്സങ്ങളും ഒഴിഞ്ഞുമാറും. വഴികളെല്ലാം എളുപ്പമാകും. ബുദ്ധിമുട്ടുകളെ നേരിടാനും പ്രതിബന്ധങ്ങളെ മറികടക്കാനും ആത്മാർഥതക്ക് സാധിക്കും. സത് സ്വഭാവം ജനങ്ങളുടെ ഹൃദയങ്ങളെ തുറക്കും. സ്വീകാര്യത വർധിക്കും. അല്ലാഹു പറയുന്നു: നബിയേ താങ്കൾ പറയുക, നിങ്ങൾ പ്രവർത്തിച്ചുകൊള്ളുക. അല്ലാഹുവും അവന്റെ റസൂലും സത്യവിശ്വാസികളും നിങ്ങളുടെ പ്രവർത്തനങ്ങളെ കാണും. ദൃശ്യവും അദൃശ്യവും അറിയുന്നവന്റെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുന്നതും നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി അപ്പോൾ അവൻ നിങ്ങളെ വിവരമറിയിക്കുന്നതുമാണ് (തൗബ 105).