Connect with us

Articles

കൊറോണാനന്തര ലോക പരിസ്ഥിതി

Published

|

Last Updated

കൊവിഡ് 19 എന്ന മഹാമാരി ലോകക്രമത്തെയും ലോക ജീവിതത്തെയും കൊറോണക്ക് മുമ്പ് കൊറോണക്ക് ശേഷം എന്ന നിലയില്‍ വിഭജിക്കും. ലോകം ഇതുവരെ കാണാത്തതും കേള്‍ക്കാത്തതുമായ നിബന്ധനകളും നിഷ്‌കര്‍ഷകളും നിയമങ്ങളും ഉള്‍ക്കൊണ്ടുള്ള ഒരു ജീവിതമേ ഈ ഭൂമിയില്‍ ഇനിയങ്ങോട്ട് സാധ്യമാകൂ എന്ന കാര്യം ഉറപ്പാണ്. കൊറോണ വൈറസ് പത്തൊമ്പത് ജനിതക മാറ്റങ്ങള്‍ക്ക് വിധേയമാകുകയും വിവിധ രാജ്യങ്ങളില്‍ രോഗം കാറ്റുപോലെ വ്യാപിക്കുകയും ചെയ്തതോടെ ഭൂമിയിലെ മനുഷ്യന്റെ ജീവിത ശൈലി തന്നെ മാറ്റി മറിക്കപ്പെട്ടിരിക്കുന്നു. വാക്‌സിനോ രോഗവ്യാപനം തടയുന്നതിന് ശരിയായ മരുന്നോ ലഭ്യമല്ലാത്തതിനാല്‍ ലോകം ഭയാശങ്കയിലാണ്. മരുന്ന് എന്ന് വിപണികളില്‍ എത്തുമെന്നതിന് ഒരു എത്തുംപിടിയുമില്ല. വൈറസിനെ പ്രതിരോധിക്കാന്‍ എല്ലാവരും വീടുകളില്‍ തന്നെ കഴിയണം എന്ന നില വന്നതോടെ വാഹനങ്ങള്‍ നിരത്തിലിറങ്ങാതെയായി, വിമാന സര്‍വീസ് നിലച്ചു, തീവണ്ടി ഗതാഗതം നിര്‍ത്തി വെച്ചു, തൊഴിലും തൊഴില്‍ശാലകളും നിന്നു, നിര്‍മാണമേഖല അടഞ്ഞു കിടന്നു, വ്യവസായ ശാലകള്‍ പ്രവര്‍ത്തനം നിര്‍ത്തി, കഴിഞ്ഞ രണ്ട് മാസത്തോളമായി എല്ലാം അക്ഷരാര്‍ഥത്തില്‍ നിശ്ചലമായിരിക്കുന്നു. ഇതിന്റെ ഗുണകരമായ ഒരു മാറ്റം മനുഷ്യന്റെ പ്രകൃതിയിലേക്കുള്ള കടന്നു കയറ്റത്തിന് താത്കാലികമെങ്കിലും ഒരു വിരാമം ഉണ്ടായിരിക്കുന്നു. കുന്നിടിക്കല്‍, പാറപൊട്ടിക്കല്‍, നിലം നികത്തല്‍, ഖനനങ്ങള്‍, പുഴ – കായല്‍ കൈയേറ്റം, വന നശീകരണം, തടി – വന്യജീവി കടത്ത്, മണ്ണ്, പാറ, ചെങ്കല്ല് വില്‍പ്പന എന്നിവക്കെല്ലാം ഇടക്കാല ഒഴിവ് കിട്ടിയിരിക്കുന്നു. ഇതിന്റെയെല്ലാം അനന്തര ഫലങ്ങള്‍ നമുക്ക് കാണാന്‍ കഴിഞ്ഞിരിക്കുന്നു. ചൈനയില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നൈട്രജന്‍ ഡൈയോക്സൈഡ് 2020ല്‍ 40 ശതമാനം കുറവാണ്. അത് 1,92,000 കാറുകളില്‍ നിന്ന് പുറംതള്ളുന്ന നൈട്രജന്‍ ഡൈയോക്സൈഡിന് തുല്യമാണ്.

അമേരിക്കയിലും ബ്രിട്ടനിലും അന്തരീക്ഷ മലിനീകരണം സാരമായി കുറഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നാല് പ്രധാനപ്പെട്ട കാര്യങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റവും പ്രധാനപ്പെട്ടത് വായുവിന്റെ ഗുണനിലവാരത്തില്‍ വന്ന മാറ്റമാണ്. നാല് പതിറ്റാണ്ടിനിടയില്‍ പല നഗരങ്ങളിലും അന്തരീക്ഷ കാര്‍ബണ്‍ഡൈയോക്സൈഡ് സാധാരണ നിലയില്‍ എത്തിയിരിക്കുന്നു. ഡല്‍ഹിയില്‍ മാത്രം 2019നെ അപേക്ഷിച്ച് 2020ല്‍ 30 ദശലക്ഷം ടണ്‍ കാര്‍ബണ്‍ഡൈയോക്സൈഡ് എമിഷന്‍ കുറഞ്ഞിരിക്കുന്നു. ഡല്‍ഹിയിലെ വായു മലിനീകരണത്തെ തുടര്‍ന്ന് രൂപം കൊണ്ട പുകമഞ്ഞിനോടനുബന്ധിച്ച് ഡല്‍ഹി പലപ്പോഴും നിശ്ചലമായിരുന്നു. 2014ല്‍ ന്യൂഡല്‍ഹി ലോകരോഗ്യ സംഘടനയുടെ റാങ്കിംഗില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട നഗരമായിരുന്നു. എയര്‍ പൊലൂഷന്‍ ഇന്‍ഡക്‌സ് (എ പി ഐ) ശരാശരി 200 ആയിരുന്നു. അത് 900 വരെ പോലും എത്തിയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലത്ത് അത് വെറും 20ല്‍ എത്തിയിരിക്കുന്നു എന്നത് വലിയ കാര്യമാണ്. പൊടിപടലങ്ങളുടെ അളവ് 60 ശതമാനം കുറഞ്ഞിരിക്കുന്നു.

ആകാശം നീല നിറം കൈവന്നിരിക്കുന്നു. നഗരവാസികള്‍ക്ക് ശബ്ദകോലാഹലം കുറഞ്ഞതോടെ പക്ഷികളുടെ ശബ്ദം കേള്‍ക്കാനാകുന്നുണ്ട്. ആസ്ത്മയും ശ്വാസകോശ രോഗങ്ങളും കുറഞ്ഞിരിക്കുന്നു. രണ്ടാമത്തെ മാറ്റം കൊല്‍ക്കത്തയിലൂടെ ഒഴുകുന്ന ഗംഗ നദിയിലെ മലിനീകരണത്തിനാണ്. നഗരം നിശ്ചലമാകുകയും വ്യവസായ ശാലകള്‍ അടഞ്ഞു കിടക്കുകയും ചെയ്തതോടെ വെള്ളത്തിന്റെ ഗുണനിലവാരത്തില്‍ വലിയ മാറ്റം വന്നു. ഏഷ്യന്‍ പുഴകളില്‍ മാത്രം കണ്ടുവന്നിരുന്ന വംശനാശ ഭീഷണി നേരിടുന്ന ഡോള്‍ഫിനുകള്‍ 30 വര്‍ഷത്തിന് ശേഷം കൊല്‍ക്കത്തയിലെ ഗംഗയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മൂന്നാമതൊന്ന് നവി മുംബൈയില്‍ പ്രത്യക്ഷപ്പെട്ട കൊക്ക് ഇനത്തില്‍പ്പെട്ട ആയിരക്കണക്കിന് ഫ്‌ളെമിംഗോ എന്ന ദേശാടന പക്ഷികളുടെ വരവാണ്. അനേകം വര്‍ഷങ്ങളായി ഫ്‌ളെമിംഗോയുടെ വരവ് നിലച്ചതായിരുന്നു. ദേശാടന പക്ഷികളെ തിരികെ എത്തിക്കാന്‍ മാത്രം മാറ്റം മുംബൈയുടെ പ്രകൃതിയില്‍ വന്നിരിക്കുന്നു. നാലാമത്തെ സംഭവം ഹരിദ്വാറിലെ ഗംഗയാണ്. വെറും ഒരു ക്ലോറിനേഷന്‍ മതി ഇപ്പോള്‍ ഗംഗാ ജലം കുടിവെള്ളമാക്കാം എന്ന അവസ്ഥയിലാണ്. അത്രകണ്ട് മലിനീകരണം കുറഞ്ഞിരിക്കുന്നു.

മലിനീകരണം കുറഞ്ഞതോടെ ആശുപത്രികളില്‍ കൊവിഡ് ചികിത്സ മാറ്റിനിര്‍ത്തിയാല്‍ രോഗികള്‍ നന്നേ കുറഞ്ഞിരിക്കുന്നു. പലര്‍ക്കും മരുന്നില്ലാതെ ജീവിക്കാനാകും എന്ന നിലയിലാണ്. മനുഷ്യരെ ഭയപ്പെടുത്തി നടത്തിയിരുന്ന ചികിത്സകളും ഓപ്പറേഷനുകളും കുറഞ്ഞു. നിരത്തുകളിലെ കോലാഹലങ്ങള്‍ കുറഞ്ഞതോടെ പ്രഷറിനും പ്രമേഹത്തിനും കുറവുണ്ടെന്നാണ് പ്രായമായവര്‍ അഭിപ്രായപ്പെടുന്നത്.
മനുഷ്യന്‍ വീടുകളില്‍ ഒതുങ്ങിയപ്പോള്‍ മൃഗങ്ങള്‍ ചില പട്ടണങ്ങള്‍ കീഴടക്കിയതായി വാര്‍ത്തയുണ്ട്. ചിലിയിലെ സാന്റിയാഗോ പട്ടണത്തില്‍ പുലിയോട് സാദൃശ്യമുള്ള പ്യൂമ ഇറങ്ങിയിരുന്നു. സ്‌പെയിനില്‍ മയിലുകളും കാട്ടാടുകളും തെരുവിലേക്കിറങ്ങിയത്രേ! വായു മലിനീകരണം കുറഞ്ഞതോടെ പഞ്ചാബിലെ ജലന്ധറില്‍ നിന്ന് ഹിമാലയ സാനുക്കള്‍ കാണാനാകുന്നു. ലാങ്താങ് മലനിരകള്‍ നേപ്പാളിലെ കാഠ്മണ്ഡുവില്‍ നിന്നും പാരീസിലെ ഈഫല്‍ ടവര്‍ കിലോമീറ്റര്‍ അകലെയുള്ള സെന്റ് ക്ലൗഡില്‍ നിന്നും കാണാമത്രേ. ഫിലിപ്പൈന്‍സിലെ മനിലയില്‍ അന്തരീക്ഷ മലിനീകരണത്തില്‍ 180 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലിനീകരണം കുറഞ്ഞതോടെ സാധാരണ വടക്കേ ഇന്ത്യയില്‍ കാണാറുള്ള താപതരംഗം ഇല്ലാതെ 2020ലെ വേനല്‍ കടന്നുപോകുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങളും കുറഞ്ഞു. ജനങ്ങള്‍ വീടുകളില്‍ കുടുങ്ങിയതോടെ ഫാസ്റ്റ് ഫുഡ് സംസ്‌കാരത്തില്‍ നിന്ന് പരമ്പരാഗത ഭക്ഷണ ശീലത്തിലേക്ക് തിരികെ പോയിരിക്കുന്നു. വിമാന സര്‍വീസ് കുറഞ്ഞതോടെ നൈട്രജന്റെ ഓക്സൈഡുകള്‍ അന്തരീക്ഷത്തില്‍ കുറഞ്ഞിരിക്കുന്നു. അതോടൊപ്പം മൊത്തത്തില്‍ അന്തരീക്ഷ മലിനീകരണത്തില്‍ കുറവ് വന്നത് കാരണം ഓസോണ്‍ പാളിയിലെ വിള്ളല്‍ ഏതാണ്ട് അടയുന്ന ലക്ഷണമാണ് കാണിക്കുന്നത്. ഭൂമിയിലെ ജീവന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സൂര്യനില്‍ നിന്നുള്ള മാരക രശ്മികള്‍ ഓസോണ്‍ പാളി തടഞ്ഞു നിര്‍ത്തിക്കൊള്ളും.
കൊവിഡ് 19 ലോകരാജ്യങ്ങളില്‍ സാരമായ മാറ്റങ്ങള്‍ക്ക് വഴിവെക്കും. ഫോസില്‍ ഇന്ധനങ്ങള്‍ക്ക് പകരം പാരമ്പര്യേതര ഊര്‍ജ സ്രോതസ്സുകള്‍ക്ക് ഇനി വലിയ ഡിമാന്‍ഡ് ആയിരിക്കും. ആരോഗ്യ മേഖലയില്‍ കൂടുതല്‍ മുതല്‍ മുടക്കുണ്ടാകും. വികസന കാഴ്ചപ്പാടുകളില്‍ മാറ്റം പ്രതീക്ഷിക്കാം. ഇനി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും റോബോട്ടിക്സും എല്ലാ തരം ജോലികളിലും ഉണ്ടാകും. സീറോ വേസ്റ്റ് എന്നത് വ്യക്തിയില്‍ നിന്ന് കുടുംബത്തിലേക്കും കുടുംബത്തില്‍ നിന്ന് സമൂഹത്തിലേക്കും സമൂഹത്തില്‍ നിന്ന് സംസ്ഥാനത്തേക്കും തുടര്‍ന്ന് രാജ്യത്തേക്കും പിന്നെ ലോകത്തേക്കും വന്നു ചേരും.
ശുദ്ധ വായു, ശുദ്ധ ജലം, നല്ല മണ്ണ് എന്നിവയൊക്കെ മനുഷ്യന്റെ ജന്മാവകാശമാണ്. അതുകൊണ്ട് മലിനീകരണവും അത് വഴിയുള്ള ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും ഒഴിവാക്കാനുള്ള ഉദ്യമങ്ങള്‍ക്ക് ലോക രാജ്യങ്ങള്‍ മുന്‍ഗണന നല്‍കി ഏറ്റെടുക്കണം. പുതിയ രോഗങ്ങള്‍ നിര്‍മാര്‍ജനം ചെയ്യപ്പെടണം. ഏറ്റവും കുറവ് പ്രകൃതി വിഭവ ചൂഷണമാണ് സുസ്ഥിര പരിസ്ഥിതി നിലനില്‍പ്പിനും മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിനും അത്യാവശ്യമായിട്ടുള്ളത്. കൊറോണ മൂലം മരണമടഞ്ഞ ആയിരങ്ങളോടുള്ള ആദരവ് പുതിയ ലോകക്രമ സൃഷ്ടിയിലൂടെ നടത്താന്‍ ജീവിച്ചിരിക്കുന്നവര്‍ പ്രതിജ്ഞാബദ്ധരാകണം. കൊറോണാനന്തര ലോക പരിസ്ഥിതി മനുഷ്യ സൗഹൃദമെങ്കിലും ആകണം.

Latest