Connect with us

Articles

വൈറസിനു മുന്നില്‍ എല്ലാവരും സമം

Published

|

Last Updated

ജനകീയ ആരോഗ്യ രംഗത്ത് ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ വി ആര്‍ രാമന്‍, ദില്ലി സയന്‍സ് ഫോറത്തിന്റെ ഭാഗമായി കൊവിഡ് പ്രതിരോധത്തില്‍ സജീവമായി പങ്കെടുക്കുന്ന ആളാണ്. സിസ്റ്റംസ് ആന്‍ഡ് പോളിസി എക്‌സ്‌പെര്‍ട് ആയി രണ്ടരപതിറ്റാണ്ട് പ്രവൃത്തി പരിചയം അദ്ദേഹത്തിനുണ്ട്. ദേശീയ സാക്ഷരതാ മിഷന്‍, ആരോഗ്യ മിഷന്‍, സ്വഛ് ഭാരത് മിഷന്‍ എന്നീ ബൃഹത് പദ്ധതികളില്‍ സാരമായ സംഭാവന ചെയ്ത വിദഗ്ധനാണ്. അദ്ദേഹം യൂനിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ കേപ്പില്‍ നിന്ന് പബ്ലിക് ഹെല്‍ത്ത് പോളിസിയില്‍ പരിശീലനവും ഡോക്ടറേറ്റും നേടി. ഇപ്പോള്‍ വാട്ടര്‍ എയിഡ് ഇന്ത്യയുടെ ഹെഡ് ഓഫ് പോളിസി ആണ്. അദ്ദേഹം ഡല്‍ഹിയിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ വിലയിരുത്തിക്കൊണ്ട് സംസാരിച്ചത് കേള്‍ക്കാനിടയായി. കൊവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി പരാജയപ്പെടുന്നുവോ? എന്ന് ദില്ലിദാലിയില്‍ പോഡ്കാസ്റ്റ് വിത്ത് എസ് ഗോപാലകൃഷ്ണന്‍/മെയ് 9, 2020 എന്ന സംഭാഷണമാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.
ദേശീയ തലസ്ഥാനമായ ഡല്‍ഹി സംസ്ഥാനമാണോ അല്ലയോ എന്ന് സുനിശ്ചിതമായി പറയാന്‍ പറ്റാത്ത രീതിയിലാണ് ഭരിക്കപ്പെടുന്നത് എന്ന് വി ആര്‍ രാമന്‍ പറയുന്നു. പല വകുപ്പുകളും പല ആരോഗ്യ പരിപാലന സംവിധാനങ്ങളും ഡല്‍ഹി സര്‍ക്കാറിന് കീഴിലല്ല. പതിനൊന്ന് ജില്ലകളും മൂന്ന് മുനിസിപ്പാലിറ്റികളുമുള്ള ഡല്‍ഹിയില്‍ ദേശീയ തലസ്ഥാനം അടങ്ങുന്ന ദില്ലി മുനിസിപ്പല്‍ കൗണ്‍സില്‍, സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള കന്റോണ്‍മെന്റ് എന്നിവയെല്ലാമുള്‍പ്പെടുന്നു. ഏഴ് ലോക്‌സഭാംഗങ്ങള്‍ ദേശീയ ഭരണകക്ഷിയില്‍ പെട്ടവരും എം എല്‍ എമാര്‍ ഡല്‍ഹി ഭരണകക്ഷിയില്‍ പെട്ടവരുമാണ്. 135 നഗരഗ്രാമങ്ങളും പുറമെ ഗ്രാമീണ മേഖലകളും അടങ്ങുന്ന 362 ലാല്‍ ദോര പ്രദേശങ്ങള്‍ ഡല്‍ഹിയിലുണ്ട്. ഇപ്രകാരം സങ്കീര്‍ണമായ ഒരു ഭരണാധികാര വ്യവസ്ഥയുള്ള ഡല്‍ഹിയില്‍ എല്ലാം നിയന്ത്രിക്കാന്‍ കഴിയുന്ന വിധത്തില്‍ ആരോഗ്യ രംഗത്തിന് പ്രവര്‍ത്തിക്കാനാകുന്നില്ല എന്നാണ് ഡോക്ടര്‍ വി ആര്‍ രാമന്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി കൃത്യമായ നിരീക്ഷണങ്ങള്‍ അദ്ദേഹം നടത്തുന്നുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പ്രസക്തമെന്ന് തോന്നിയ ഒരു നിരീക്ഷണം ഇപ്രകാരമാണ്.

എസ് ഗോപാലകൃഷ്ണന്‍: ഡല്‍ഹിയില്‍ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട സര്‍വലന്‍സ് – നിരീക്ഷണ സംവിധാനങ്ങള്‍ എങ്ങനെയുണ്ട്?
ഡോക്ടര്‍ വി ആര്‍ രാമന്‍: ഈ ചോദ്യം വളരെ പ്രധാനപ്പെട്ടതാണ്. ഇവിടെ കൃത്യമായിട്ട് ഒരു സര്‍വലന്‍സ് ഇല്ല എന്നു തന്നെ പറയേണ്ടി വരും. ഒന്ന്, കേന്ദ്ര സര്‍ക്കാര്‍ സര്‍വലന്‍സിനു വേണ്ടി കൊടുത്തിട്ടുള്ള ഗൈഡ്‌ലൈന്‍സ് ഒരു നല്ല സര്‍വലന്‍സിനു വേണ്ടി സഹായിക്കുന്നുണ്ട് എന്നെനിക്കു തോന്നുന്നില്ല. രണ്ട് ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വലന്‍സ് എന്നു പറയുന്ന ഒരു വലിയ, ഇന്ത്യയിലൊട്ടാകെ ബാധകമായ (ഇന്ത്യയിലെവിടെയായാലും ശ്രദ്ധിക്കേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്ന), ഒരു മഹാരോഗം പൊട്ടിപ്പുറപ്പെടുമ്പോള്‍ അതിന്റെ വിശദാംശങ്ങള്‍ അനലൈസ് ആന്‍ഡ് ഫോര്‍കാസ്റ്റ് ചെയ്ത് (മുന്‍കൂട്ടി കണ്ടും മുന്നറിയിപ്പുകള്‍ നല്‍കിയും) അതിനു വേണ്ട മുന്നൊരുക്കങ്ങള്‍ ചെയ്ത് ആരോഗ്യവ്യവസ്ഥയെ സജ്ജമാക്കുന്ന ഇന്റഗ്രേറ്റഡ് ഡിസീസ് സര്‍വലന്‍സ് പ്രോഗ്രാം നമുക്കുണ്ട്. പക്ഷേ, കഴിഞ്ഞ ഫെബ്രുവരി 23 മുതല്‍ ഐ ഡി എസ് പി എന്നു പറയുന്ന ഈ പ്രോഗ്രാമിന്റെ ഡാറ്റ പൊതുമണ്ഡലത്തില്‍ ഇല്ല എന്നുള്ളത് നമുക്ക് പലര്‍ക്കും അറിയുക പോലുമില്ല. ഡല്‍ഹി ചെയ്ത മറ്റൊരു ബ്ലണ്ടര്‍ എന്നു വേണമെങ്കില്‍ പറയാവുന്നത് ഇന്ത്യയിലൊട്ടാകെ നിര്‍മിക്കപ്പെട്ടിട്ടുള്ള മുസ്‌ലിം വിരുദ്ധ പൊതുബോധത്തിന്റെ കെണിയില്‍ ഡല്‍ഹിയിലെ ആരോഗ്യ സംവിധാനങ്ങള്‍ വീണു പോയി എന്നുള്ളതാണ്. അപ്പോള്‍, ഈ തബ്‌ലീഗ് ജമാഅത്ത് നടത്തിയ ഒരു യോഗവുമായി ബന്ധപ്പെട്ടുണ്ടായ ഒരു വലിയ പ്രചാരണം മുസ്‌ലിം വിഭാഗങ്ങള്‍ക്കെതിരെ വന്നപ്പോള്‍ ഡല്‍ഹി സര്‍ക്കാര്‍ അവരുടെ മുഴുവന്‍ സര്‍വലന്‍സും തബ്‌ലീഗ് ജമാഅത്തുമായി ബന്ധപ്പെട്ട കേസുകളുടെ നിരീക്ഷണത്തിലേക്ക് മാത്രമായി കേന്ദ്രീകരിക്കുന്ന ഒരു സ്ഥിതിയുണ്ടായി. അങ്ങനെ വന്നപ്പോള്‍ മറുവശത്ത് കേസുകള്‍ കൂടിവരുന്ന സ്ഥിതിയാണ് നമ്മള്‍ കൂടുതലും കണ്ടത്. (കൊവിഡ് പ്രതിരോധത്തില്‍ ഡല്‍ഹി പരാജയപ്പെടുന്നുവോ? – ദില്ലിദാലി പോഡ്കാസ്റ്റ് വിത്ത് എസ് ഗോപാലകൃഷ്ണന്‍, മെയ് 9, 2020)

ഈ ലേഖനം എഴുതുന്ന മെയ് പതിനെട്ടാം തീയതിയിലെ കണക്ക് കാണിക്കുന്നത്, ഇന്ന് മാത്രം ഡല്‍ഹിയില്‍ 299 പുതിയ പോസിറ്റീവ് കേസുകള്‍ വന്നിട്ടുണ്ട് എന്നാണ്. ഇന്ന് നടന്നത് പന്ത്രണ്ട് മരണങ്ങള്‍. ഇതുവരെയുള്ള ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 10,054. ആകെ മരണം 241. മരണ നിരക്ക് 2.40 ശതമാനം. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങള്‍ക്കു തൊട്ടു പുറകിലായാണ് ചെറു സംസ്ഥാനമായ ഡല്‍ഹിയുടെ സ്ഥാനമെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ തമിഴ്‌നാടിന് കേസുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനമുണ്ടെങ്കിലും മരണ നിരക്ക് കുറവാണ്. (0.71 ശതമാനം). ഇതില്‍ നിന്ന് മനസ്സിലാകുന്നത്, എല്ലാ സൗകര്യങ്ങളും വേണമെങ്കില്‍ ഒരുക്കാമായിരുന്ന ഡല്‍ഹി എന്ന തലസ്ഥാന നഗര സംസ്ഥാനത്ത് പ്രതിരോധം പാടെ പാളിപ്പോയിരിക്കുന്നു എന്നാണ്. ഇതിന് പല കാരണങ്ങളുമുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ല. അതിനെക്കുറിച്ച് മനസ്സിലാക്കണമെങ്കില്‍ മേല്‍ക്കാണിച്ച പോഡ്കാസ്റ്റ് കേട്ടാല്‍ മതിയാകും. ഇവിടെ പ്രസക്തമായ വിഷയങ്ങളിലൊന്ന്, സമൂഹത്തിന്റെ പൊതുബോധത്തിലേക്ക് കടത്തിവിട്ട വര്‍ഗീയവും വംശീയവുമായ വെറുപ്പിന്റെ ദുഷ് പ്രചാരണം, ആ പ്രചാരണം ലക്ഷ്യമാക്കിയ വിഭാഗത്തിനു പുറത്തുള്ളവരെ എങ്ങനെ ബാധിച്ചു എന്ന വിചിത്രമായ പ്രതിസന്ധിയാണ്.

ഇതിനോട് സമാനതകളുള്ള ഒരു സംസ്ഥാനമോ പ്രതിരോധപ്രവര്‍ത്തനമോ അല്ല കേരളത്തിന്റെ കാര്യമെത്തുമ്പോള്‍ നാം കാണുന്നതും അനുഭവിക്കുന്നതും എന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, നാം ആദ്യ ഘട്ടങ്ങളില്‍ ആര്‍ജിച്ച മികവുറ്റ വിജയങ്ങള്‍ അട്ടിമറിക്കപ്പെടാന്‍ സാധ്യതയുള്ള ദുഷ്പ്രചാരണങ്ങള്‍ ഇവിടെയും സജീവമായുണ്ടെന്നും അത് ചിലരെയെങ്കിലും ബാധിച്ചാലോ എന്ന സംഭ്രമം മറച്ചുവെക്കാനാകുന്നില്ല എന്നതു കൊണ്ടുമാണ് ഈ ലേഖനം എഴുതുന്നത്. അത് മറ്റൊന്നുമല്ല. കേരളത്തിലെ സര്‍ക്കാര്‍ നേതൃത്വം കൊടുക്കുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം വെറും പി ആര്‍ വര്‍ക്ക് മാത്രമാണെന്നും എല്ലാം തള്ളാണെന്നും ഉള്ള പ്രതിപക്ഷത്തിന്റെ നിരന്തരമായ പ്രചാരണപ്പെരുമഴയുടെ സ്വാധീനത്തെ നാം കാണാതിരുന്നു കൂടാ.

അടച്ചിടലും യാത്രാവിലക്കുകളും കാരണം, നമ്മുടെ തൊട്ടടുത്ത പ്രദേശങ്ങളില്‍ പോലും കൊവിഡ് ആര്‍ക്കെങ്കിലും വന്നിട്ടുണ്ടെങ്കില്‍ തന്നെ അത് പരമ്പരാഗത/നവമാധ്യമങ്ങളിലൂടെ അറിയുക എന്നല്ലാതെ അത് ആരും നേരിട്ട് അനുഭവിക്കുന്നില്ല. മാത്രമല്ല, രോഗം പിടിപെട്ടവര്‍ തന്നെ ആരോഗ്യപ്രവര്‍ത്തകരുടെ മികച്ച ശ്രദ്ധ കാരണം അവരെല്ലാം സുഖപ്പെടുകയും ചെയ്യുന്നു. അതിനാല്‍ ഈ മഹാമാരിയുടെ മാരകത്വം കേരളീയരിലൊരു വിഭാഗത്തിന് പൊതുവേ ബോധ്യപ്പെടുന്നില്ല എന്ന് നിരീക്ഷിച്ചാലും തെറ്റു പറയാനാകില്ല. ഇവര്‍ക്കിടയിലേക്കു കൂടിയാണ്; മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനങ്ങള്‍ വെറും തള്ളാണ്, എല്ലാം രാഷ്ട്രീയ നാടകമാണ് എന്നും പ്രവാസികളും ഇതര സംസ്ഥാനങ്ങളിലുള്ളവരുമായ കേരളീയരെ ഇങ്ങോട്ട് വരാന്‍ അനുവദിക്കുന്നില്ല എന്ന പച്ചക്കള്ളവും നിരന്തരമായി പ്രചരിപ്പിക്കുന്നത്.

അവിടെയും നില്‍ക്കുന്നില്ല. വാളയാറില്‍ പാസ്സില്ലാതെ എത്തിയ ഇരുനൂറോ മുന്നൂറോ ആളുകളെ, ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ അടുത്തു പെരുമാറിയും സമരത്തിന് പ്രേരിപ്പിച്ചും ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധികള്‍ കാണിച്ചു കൂട്ടിയ കാര്യങ്ങള്‍.

പ്രതിരോധത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്നതൊക്കെ തള്ളും പ്രഹസനങ്ങളുമാണെന്ന പ്രതീതി ഇവര്‍ സൃഷ്ടിക്കുകയും അവര്‍ തന്നെ ആ പ്രചണ്ഡപ്രചാരണങ്ങളില്‍ വീണു പോകുകയും ചെയ്തില്ലേ എന്നു സംശയിക്കാവുന്നതാണ്. അതുകൊണ്ടാണ്, കൊവിഡ് സ്ഥിരീകരിച്ച രോഗിയുമായി അടുത്തിടപഴകുന്ന സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തതിനു ശേഷം, ആശുപത്രികളില്‍ പോയി നഴ്‌സുമാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുമായി അടുത്തിടപഴകുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ചില എം പിമാര്‍ നിര്‍വഹിച്ചത്. ഇത്തരമൊരു ഘട്ടത്തില്‍ ഇതില്‍ കൂടുതല്‍ പ്രത്യക്ഷ രാഷ്ട്രീയം എഴുതുന്നത് ശരിയായിരിക്കില്ല. പക്ഷേ, നാം ജാഗ്രത കൈവിടരുത്. സംസ്ഥാനത്തെ 40 ശതമാനത്തോളം തദ്ദേശ ഭരണവാര്‍ഡുകളുടെയും ഡിവിഷനുകളുടെയും പ്രതിനിധികള്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ പെട്ടവരാണ്. അവരുടെ കൂടി നിതാന്തമായ പരിശ്രമത്തിന്റെ ഭാഗമായാണ് നമുക്കിതുവരെ എത്താനായത്. അവരെക്കൂടി ചേര്‍ത്തുപിടിക്കുക, അവരെയും കൈവിടാതിരിക്കുക.