Connect with us

Articles

മഹാമാരികള്‍ വരും പോകും, പക്ഷേ..

Published

|

Last Updated

2014ന് ശേഷമുള്ള ഇന്ത്യ 2014ന് മുമ്പുള്ള ഇന്ത്യയുടെ ഒരു തുടര്‍ച്ചയല്ല. വളരെ സംക്ഷിപ്തമായി പറഞ്ഞാല്‍, നിരവധി ജനാധിപത്യ വിരുദ്ധതകളുടെ ഒരു ഘോഷയാത്രയുടെ സന്ദര്‍ഭമായി ഇന്ത്യന്‍ രാഷ്ട്രീയം 2014ന് ശേഷം മാറിയെന്ന് ആ കാലയളവിലെ ഇന്ത്യയില്‍ നടന്ന സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഭവ വികാസങ്ങളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ ആര്‍ക്കും വ്യക്തമാകും. ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ തകര്‍ക്കപ്പെടുകയും ന്യൂനപക്ഷങ്ങളും ദളിതരും ദരിദ്രരും തൊഴില്‍രഹിതരും എല്ലാം പലതരത്തിലുള്ള പ്രതിസന്ധികള്‍ക്ക് വിധേയമാകുകയും ചെയ്ത സാഹചര്യം. അതുവരെ ഇന്ത്യ അഭിമുഖീകരിക്കാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയും സാംസ്‌കാരിക പ്രതിസന്ധിയും അനുഭവിച്ചു കൊണ്ടിരിക്കുന്ന സമയം. ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെ വളരെ കൃത്യമായി വമ്പിച്ച ബഹുജന പ്രക്ഷോഭങ്ങള്‍ നടക്കുന്ന ആ സമയത്താണ് ഇന്ത്യയിലേക്ക് കൊറോണ വ്യാപനം ഉണ്ടാകുന്നത്. കൃത്യമായി പറഞ്ഞാല്‍ 2014ന് ശേഷമാണ് കശ്മീരിന് സംസ്ഥാന പദവി നഷ്ടപ്പെടുന്നത്, കശ്മീരിലെ ജനാധിപത്യ അവകാശങ്ങള്‍ എടുത്തുമാറ്റപ്പെടുന്നത്, പൗരത്വം ചോദ്യ ചിഹ്നമാകുന്നത്, ന്യൂനപക്ഷ സമൂഹങ്ങളാകെ ആക്രമിക്കപ്പെടുന്നത്, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നടക്കുന്നത്. ഇത്തരമൊരു സന്ദര്‍ഭത്തിലാണ് കൊറോണ ഇന്ത്യയിലും വരവറിയിച്ചത്. അതോട് കൂടി ഇന്ത്യയില്‍ വലിയൊരു അട്ടിമറി സംഭവിച്ചു. ജനാധിപത്യ നിരാകരണത്തിനെതിരെ വമ്പിച്ച പ്രതിഷേധങ്ങള്‍ ഇന്ത്യയില്‍ നടക്കുകയും ലോകം അത് ശ്രദ്ധിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ മഹാമാരിയെ മനുഷ്യാവകാശ ലംഘനത്തിനുള്ള മറയാക്കി മാറ്റാന്‍ ഇന്ത്യന്‍ ഫാസിസത്തിന് കഴിഞ്ഞു. അക്കാര്യത്തിലവര്‍ ഏറെ മുന്നോട്ടുപോയി എന്നതാണ് ഇന്ത്യന്‍ സാഹചര്യത്തിലെ വലിയ നടുക്കമുണ്ടാക്കുന്ന രാഷ്ട്രീയ യാഥാര്‍ഥ്യം. ഇന്ത്യന്‍ തലസ്ഥാന നഗരിയില്‍ നടന്ന സംഘ്പരിവാറിന്റെ നേതൃത്വത്തിലുള്ള വംശഹത്യയില്‍ ഇരകളായവരെ ഈ മഹാമാരി നിലനില്‍ക്കുന്ന അവസരത്തില്‍ പോലും പീഡിപ്പിക്കാനാണ്, അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. അതേസമയം, ഡല്‍ഹിയിലെ മുസ്‌ലിം വേട്ടക്ക് പരസ്യമായി ആഹ്വനം ചെയ്ത ഇന്ത്യന്‍ ഫാസിസത്തിന്റെ നേതാക്കന്‍മാര്‍, കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ ആരും ഒരു നിയമ നടപടിയും നേരിടുന്നില്ല. ആ അര്‍ഥത്തില്‍ മഹാമാരി ജനാധിപത്യ മൂല്യങ്ങളെ മറിച്ചിടാനുള്ള ഒരു സന്ദര്‍ഭമായി ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ കൃത്യമായി ഉപയോഗപ്പെടുത്തി. ഡല്‍ഹിയിലെ ന്യൂനപക്ഷ കമ്മീഷന്റെ ചെയര്‍മാന്‍ ഇന്ത്യയില്‍ നടക്കുന്ന വംശഹത്യക്കെതിരെ പ്രതികരിച്ചതിന്റെ പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുകയാണ്. ജാമിഅ മില്ലിയ്യയിലെയും ജെ എന്‍ യുവിലെയും ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയ വിദ്യാര്‍ഥികൾ അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. വളരെ സംക്ഷിപ്തമായി പറഞ്ഞാല്‍ ഇന്ത്യക്കകത്ത് നടക്കുന്ന എല്ലാ അഭിപ്രായ വ്യത്യാസങ്ങള്‍ക്കുമപ്പുറം ഒരു മഹാമാരിക്കെതിരെ ഒരു ജനതയെയാകെ ഐക്യപ്പെടുത്തേണ്ടതിന് നേതൃത്വം നല്‍കേണ്ട സര്‍ക്കാര്‍ തന്നെ വിഭജന പ്രവര്‍ത്തനം തുടരുകയാണ്. ഒരു ഘട്ടത്തില്‍ കൊറോണ വൈറസിനെ തന്നെ ലൗ ജിഹാദ് മാതൃകയില്‍ മതവത്കരിക്കാനുള്ള ശ്രമവും നടന്നു. തബ് ലീഗ് സമ്മേളനം തീര്‍ച്ചയായും കൊറോണ പശ്ചാത്തലത്തില്‍ നടക്കാന്‍ പാടില്ലായിരുന്നു. അതിന് സര്‍ക്കാര്‍ അനുവാദം കൊടുത്തതും കൊറോണ മഹാമാരിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ആ അനുവാദത്തിന്റെ അടിസ്ഥാനത്തില്‍ ഒത്തുകൂടിയതും ശരിയായ നടപടിയായില്ല. എന്നാല്‍ കൊറോണ വൈറസിനെ തബ് ലീഗ് സമ്മേളനവുമായി കൂട്ടിച്ചേര്‍ത്ത് ഉത്തരേന്ത്യയില്‍, പ്രത്യേകിച്ചും ഉത്തര്‍ പ്രദേശിലും ഹരിയാനയിലും പഞ്ചാബിലുമെല്ലാം മുസ്‌ലിംകള്‍ക്കെതിരെ വലിയ ആക്രമണം സംഘടിപ്പിക്കാന്‍ സങ്കുചിത ഫാസിസ്റ്റുകള്‍ ശ്രമിച്ചുവെന്നത് കൊറോണ കാലം കഴിഞ്ഞാലും ജനാധിപത്യ വാദികള്‍ക്ക് മറക്കാന്‍ സാധിക്കില്ല.

പ്രശസ്ത ചെറുകഥാകൃത്ത് പി കെ പാറക്കടവ് എഴുതിയ ഒരു കുറിപ്പിന്റെ തലക്കെട്ട് പശുവില്‍ നിന്ന് പച്ചക്കറിയിലേക്ക് എന്നായിരുന്നു. കൊറോണ പശ്ചാത്തലത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എസ് ഹരീഷ് നടത്തിയ ഒരു നിരീക്ഷണമാണ് ആ കുറിപ്പിന് ആമുഖമായി നല്‍കിയത്. അതില്‍ എസ് ഹരീഷ് പറയുന്നത്, ലോകത്തെല്ലായിടത്തും കൊറോണക്കെതിരെ വലിയ പ്രതികരണങ്ങളും പ്രതിരോധങ്ങളും ഉണ്ടാകുമ്പോള്‍ ഇന്ത്യ പോലുള്ള രാജ്യത്ത് ഈ കൊറോണ കാലത്ത് പോലും സങ്കുചിത കാഴ്ചപ്പാടുകളാണ് ശക്തിപ്പെടുന്നത് എന്നായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ പശുക്കളുടെ പേരിലാണ് കൂട്ടക്കൊല നടന്നിരുന്നത്. എന്നാല്‍ കൊറോണ കാലത്ത് മുസ്‌ലിംകളുടെ കടയില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങരുത് എന്ന പ്രചാരണം വരെ ഉണ്ടായി. അതാണ് പശുവില്‍ നിന്ന് പച്ചക്കറിയിലേക്ക് എന്ന തലക്കെട്ടിന്റെ അടിസ്ഥാനം.

ഒരുകാര്യം കൂടി ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഓര്‍മിക്കേണ്ടതുണ്ട്. കൊവിഡ് 19 ഇന്ത്യയില്‍ പുതിയ ദരിദ്രരെയും പുതിയ തൊഴില്‍ രഹിതരെയും സൃഷ്ടിച്ചിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെ ലോക്ക്ഡൗണ്‍ എന്നുള്ളത് ഇന്ത്യയിലെ പശ്ചാത്തലത്തില്‍ ഒരു കേവല പരിഹാരമല്ല. ഏറ്റവും സുശക്തമായ ഒരു ഭക്ഷ്യ ശൃംഖല ഇന്ത്യയില്‍ വികസിപ്പിക്കേണ്ടതുണ്ട്. കൊറോണ ദരിദ്രരാക്കിയ പുതിയ ദരിദ്രരുടെയും കൊറോണ തൊഴില്‍രഹിതരാക്കിയ പുതിയ തൊഴില്‍ രഹിതരുടെയുമൊക്കെ ജീവിത സുരക്ഷ ഉറപ്പ് വരുത്തേണ്ടതുണ്ട്.

ഭക്ഷണം തന്നെയാണ് ഏറ്റവും വലിയ മരുന്ന്. ബാക്കിയുള്ള മരുന്നുകളെല്ലാം പ്രവര്‍ത്തിക്കണമെങ്കില്‍ ആദ്യം ജനത ഭക്ഷണം കഴിച്ചിരിക്കണം എന്ന കാര്യം കൃത്യമായി ഓര്‍മിക്കപ്പെടേണ്ടതുണ്ട്. 2020 ഏപ്രില്‍ 18 ഈ സന്ദര്‍ഭത്തില്‍ മറക്കാനാകാത്ത ഒരു തീയതിയാണ്. അന്നാണ് ജംല എന്ന 12കാരിയായ പെണ്‍കുട്ടി ആവശ്യത്തിന് ഭക്ഷണമില്ലാത്തത് കൊണ്ട് നടക്കുന്നതിനിടയില്‍ കുഴഞ്ഞുവീണ് മരിച്ചത്. മുന്നൊരുക്കമില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് തെലങ്കാനയിലെ മുളക് പാടത്ത് നിന്ന് സ്വന്തം പ്രദേശമായ ഝാര്‍ഖണ്ഡിലേക്ക് നടക്കുന്നതിനിടെയാണ് ആ പെണ്‍കുട്ടി മരിച്ചുവീഴുന്നത്. മരിക്കുകയാണെങ്കില്‍ അത് സ്വന്തം വീട്ടിലാകട്ടെ എന്ന് കരുതിയാണ് 12കാരിയായ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് നടക്കുന്നതും വീട്ടിലെത്താന്‍ ഏതാനും കിലോമീറ്ററുകള്‍ ബാക്കിയുള്ളപ്പോള്‍ മരിച്ചുവീഴുന്നതും. കുടുംബത്തിന്റെ ഏക പ്രതീക്ഷയായ ജംലക്ക് അല്‍പം വെള്ളമോ ഭക്ഷണമോ കിട്ടിയിരുന്നെങ്കില്‍ അവരുടെ പ്രാണന്‍ നഷ്ടപ്പെടില്ലായിരുന്നു. അതുകൊണ്ട് ഭക്ഷണം ഉറപ്പ് വരുത്തുക എന്നത് പ്രധാനമാണ്.

എന്നാല്‍ സര്‍ക്കാര്‍ ഡല്‍ഹി നഗരം പുനര്‍ നിര്‍മിക്കാന്‍ 20,000 കോടി രൂപയാണ് ഈ മഹാമാരിയുടെ സമയത്തും നീക്കിവെക്കുന്നത്. ഈ പദ്ധതി സത്യത്തില്‍ ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതാനുള്ള പ്രവര്‍ത്തനത്തിന്റെ കൂടി ഭാഗമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. അതേ കുറിച്ചുള്ള സംവാദങ്ങള്‍ തത്കാലം മാറ്റിവെച്ചാലും ഈ മഹാമാരിയുടെ കാലത്ത് തന്നെ വേണോ ഒരു നഗരം മോടിപിടിപ്പിക്കല്‍. ഡല്‍ഹിയില്‍ പ്രതിദിനം വായുമലിനീകരണം മൂലം 80 പേര്‍ മരിച്ചുവീഴുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ട സാഹചര്യത്തില്‍ പ്രത്യേകിച്ചും. ഡല്‍ഹിയിലെ കുട്ടികളുടെ മരണത്തിന് 45 ശതമാനവും കാരണമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വായുമലിനീകരണമാണ്. അത്തരമൊരു സാഹചര്യത്തില്‍ വായുമലിനീകരണം ഇല്ലാതാക്കാനാണ് ഈ പണം മാറ്റിവെക്കുന്നതെങ്കില്‍ അത് മഹാമാരിയെ തുരത്തുന്നതിന് കൂടി സഹായകരമായിരുന്നു. അതിന് പകരം ചരിത്ര സ്മരണകള്‍ ഇരമ്പുന്ന, നൂറ്റാണ്ടുകളുടെ ഓര്‍മകള്‍ ഘനീഭവിച്ചുകിടക്കുന്ന മ്യൂസിയങ്ങളും ആര്‍ക്കൈവ്‌സുകളും പാര്‍ലിമെന്റ് മന്ദിരവും എല്ലാം പൊളിച്ച് നീക്കാനാണ് ഭരണകൂടത്തിന്റെ താത്പര്യം. ഈ ശ്രമം നിരുപദ്രവകരമോ നിഷ്‌കളങ്കമോ ആയി കാണാനാകില്ല.

ലോകത്ത് പൊതുവിലും, ഇന്ത്യയില്‍ പ്രത്യേകിച്ചും നടന്നുകൊണ്ടിരിക്കുന്ന കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഒറ്റവാചകത്തില്‍ ഒതുക്കിയാല്‍, കോര്‍പറേറ്റ് കമ്പോള യുക്തിക്കോ സങ്കുചിത ദേശീയ യുക്തിക്കോ മഹാമാരിയെ അഭിമുഖീകരിക്കാനോ അതിജീവിക്കാനോ കഴിയില്ല. അതിനപ്പുറമുള്ള ജനാധിപത്യ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ മുഴുവന്‍ ജനങ്ങളുടെയും പിന്തുണയോടെ നടന്നുകൊണ്ടിരിക്കുന്ന മഹാമാരിക്കെതിരെയുള്ള പ്രതിരോധ നടപടികള്‍ ഏറെക്കുറെ പ്രതീക്ഷ നല്‍കുന്നുണ്ട്. പട്ടിണി കിടക്കുന്ന ഒരാളും ഉണ്ടാകരുതെന്ന് ഉറപ്പ് വരുത്തേണ്ടത് ഭക്ഷണം കഴിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്വമാണ്. ഈ നിലയിലേക്ക് കേരളീയ സമൂഹം ഉയര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് ആവേശകരമാണ്. എന്നാല്‍ ഇന്ത്യയുടെ പല ഭാഗത്തും ഇതില്‍ നിന്ന് ഭിന്നമായ കാഴ്ചകളാണ് കണ്ടുകൊണ്ടിരിക്കുന്നത്.

പിന്‍കുറിപ്പ്:

മഹാമാരികള്‍ വരും, പോകും. പക്ഷേ, മനുഷ്യത്വം നിരന്തരം വന്നുകൊണ്ടിരിക്കുകയല്ലാതെ അത് ഒരിക്കലും കോര്‍പറേറ്റ്, ഫാസിസ്റ്റ് ജീര്‍ണ അഴുക്കുചാലുകളിലേക്ക് താഴ്ന്നുപോകാന്‍ പാടില്ല.

Latest